ഒരു പള്ളീലച്ഛനും സന്യാസിയും തന്ത്രിയും മുസ്ലിയാരും പ്രത്യേകിച്ച് ആരെക്കാളും വലിയ പുണ്യവാൻമാരല്ല.
എല്ലാം നന്നാവട്ടെ.
എല്ലാവരും നന്നാവട്ടെ.
നമ്മൾ നല്ലതെന്ന് കണക്കാക്കുന്നത് തന്നെയാണ് നല്ലത് എന്ന അർത്ഥമില്ല, അങ്ങനെ കരുതരുത്..
കുട്ടികൾ അവർക്ക് വേണ്ടി നല്ലതെന്ന് കരുതുന്ന എത്ര കാര്യങ്ങൾ പലപ്പോഴും മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി നല്ലതല്ലെന്ന് വിചാരിക്കറുണ്ട്?
അങ്ങനെ കുട്ടികൾ അവർക്ക് വേണ്ടി നല്ലതെന്ന് കരുതുന്നത് പലപ്പോഴും മാതാപിതാക്കൾ നൽകാറുമില്ല.
നല്ലത് ഉദ്ദേശിച്ച് തെറ്റ് പറഞ്ഞാലും പറഞ്ഞവനെ സംബന്ധിച്ചേടത്തോളം ശരിയാണ്.
അയാളുടെ ഉദ്ദേശം കൊണ്ട് അയാൾ കുറ്റക്കാരനല്ല
പക്ഷേ, ആ ശരി എല്ലാവർക്കും ശരിയായിക്കൊള്ളണമെന്നില്ലെന്ന് അയാൾ മനസ്സിലാക്കിയാൽ നല്ലത്.
മണ്ണിൽ മാവ് കാണുന്ന ശരിയല്ല തെങ്ങ് കാണുന്നത്.
ചെയ്യുന്നു എന്നത് കൊണ്ട് മാത്രം ചെയ്തിയാവില്ല. ചെയ്യാതിരുന്നതിനേക്കാൾ അപകടം ചില ചെയ്തികൾ ഉണ്ടാക്കും.
ശരിയായ അറിവോട് കൂടാതെ ചെയ്യുന്നതും പറയുന്നതും അപകടം തന്നെ ഉണ്ടാക്കിയേക്കും.
നല്ല ഉദ്ദേശം അപകടം വരാതിരിക്കാനുള്ള ന്യായമല്ല.
അപകടം വരാതിരിക്കാൻ അറിവോട് കൂടിയുള്ള ചെയ്തി തന്നെ വേണം.
നല്ല ഉദ്ദേശം ഉണ്ടെന്നത് കൊണ്ട് അറിയാത്ത പണിയെടുക്കാൻ നിന്നാൽ ഏതൊരുവനും അപകടം ഉണ്ടാക്കും. നീന്താൻ അറിയാത്തവന് മുങ്ങുന്നവനെ രക്ഷിക്കാൻ സാധിക്കില്ല.
അവൻ്റെ ശ്രമം അവനെയും മുങ്ങുന്നവനെയും ഒരുപോലെ കൊല്ലും
ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർ അതറിയുന്ന ഡോക്ടർ തന്നെയാവണം.
നല്ല ഉദ്ദേശം വെച്ച് തന്നെ അറിയാത്തവൻ അപകടം വിളിച്ചുവരുത്തും.
സ്വന്തം അമ്മയേക്കാൾ, അച്ഛനെക്കാൾ വലിയ പള്ളീലച്ഛനും സന്യാസിയും തന്ത്രിയും മുസ്ലിയാരും ഇല്ല..
കേൾക്കുന്ന ദൈവം എല്ലാവരെയും ഒരുപോലെ കേൾക്കും. ജാതി-മത വ്യത്യാസമില്ലാതെ. സമയ-സ്ഥാന വ്യത്യാസമില്ലാതെ.
ഏറക്കുറെ എല്ലാവരും അറിയാതെ തന്നെ വിശ്വസിക്കുന്നു.
വിശ്വാസമെന്നതും നിഷേധമെന്നതും അറിവില്ലായ്മ കൊണ്ടാണ്, നിസ്സഹായത കൊണ്ടാണ്. അറിവെന്ന് ധരിക്കുന്ന അറിവില്ലായ്മ കൊണ്ട്.
അറിയുമെങ്കിൽ അറിവാണ്, അറിയുന്നു എന്ന് തന്നെയാണ് പറയുക. വിശ്വസിക്കുന്നു എന്നല്ല.
ജനിച്ചത് കൊണ്ട്, സാഹചര്യവശാൽ വീണുകിട്ടിയത് തന്നെ കൊണ്ടുനടക്കുന്നു എന്ന് നിങ്ങളെ അറിയുന്ന ആ ദൈവം മനസ്സിലാക്കാതിരിക്കില്ല.
ഏറക്കുറെ ദൈവകാര്യത്തിൽ, ആത്യന്തികസത്യവുമായി ബന്ധപ്പെട്ട കാര്യത്തിൽ, അറിവുകേടാണ് എല്ലാവരുടെയും അറിവ്. അത് ആ ദൈവവും മനസ്സിലാക്കാതിരക്കില്ല
നമ്മൾ ഓരോരുത്തരും ഒരുപോലെ വലിയ പള്ളീലച്ഛനും സന്യാസിയും തന്ത്രിയും മുസ്ലിയാരും തന്നെ...
ഒരു പള്ളീലച്ഛനും സന്യാസിയും തന്ത്രിയും മുസ്ലിയാരും പ്രത്യേകിച്ച് ആരെക്കാളും വലിയ പുണ്യവാൻമാരല്ല.
No comments:
Post a Comment