Thursday, December 14, 2023

ശാപവാക്കുകളോ? ആര്, എവിടെ?

ശാപവാക്കുകളോ?

ആര്, എവിടെ?

വിഷയത്തിൽ കേന്ദ്രീകരിച്ച് ഒന്നും പറയാനില്ലാതിരിക്കുമ്പോഴും പരാജയപ്പെടുമ്പോഴും ആണ് സാധാരണഗതിയിൽ ആളുകൾ കോപിക്കുന്നതും ശാപവാക്കുകളിലേക്കും ആരോപണ ആക്ഷേപ രീതികളിലേക്കും നീങ്ങുന്നതും. 

ഈയുള്ളവന് ഒരിക്കലും അങ്ങനെ ഒരു ഗതികേട് വന്നതായി ഓർമ്മയില്ല. 

അങ്ങനെയൊരു ഗതികേട് ഈയുള്ളവന് എപ്പോഴെങ്കിലും എവിടെയെങ്കിലും ആരോടെങ്കിലും സംഭവിച്ചു എന്ന് തെളിയിക്കാൻ സാധിക്കുമെന്നും തോന്നുന്നില്ല. അങ്ങനെ വല്ലതും ഈയുള്ളവൻ്റെ പക്ഷത്ത് നിന്നും ഉണ്ടെങ്കിൽ അതുണർത്തിയാൽ താങ്കളോടും മറ്റാരോടും ഈയുള്ളവൻ എപ്പോഴും നന്ദിയുള്ളവൻ ആയിരിക്കുകയും ചെയ്യും 

എങ്ങനെയെല്ലാം ആര് എന്ത് പറഞ്ഞാലും വിഷയം സത്യസന്ധമായി പറയുന്നവൻ എന്തിന് കുലുങ്ങണം? 

വിഷയങ്ങളെ വിഷയങ്ങളായി മാത്രം എടുക്കുക. 

വ്യക്തിപരമായ നിലയിൽ എടുക്കാതിരിക്കുക. 

വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ ആളെ വ്യക്തിപരമായ രീതിയിൽ ശത്രുവായി മാറ്റി കൈകാര്യം ചെയ്യാതിരിക്കുക. 

ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും, പകൽ ഒന്നും രാത്രി വേറൊന്നും (നാടൻ ഭാഷയിൽ പറഞാൽ നായിക്കുറുക്കൻ രീതി. പകൽ നായ, രാത്രി കുറുക്കൻ. കേരളത്തിൽ പുറത്ത് പറയാൻ മടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കുറെ കാണുന്നത്) എന്ന രീതി ആരും എടുക്കാതിരുന്നാൽ നല്ലത്. 

ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും പറയുന്നവൻ ഒളിച്ചുകളി നടത്തുന്നത് കൊണ്ട് തന്നെ സ്വയം കുറ്റബോധപ്പെടും. എന്ത് വിഷയം കൃത്യമായി നേരെ പറയുമ്പോഴും അവനെ കുറ്റപ്പെടുത്തുന്നതായി അവനു തോന്നും. അവന് മാത്രം അങ്ങനെ തോന്നും. അയാളെ വ്യക്തിപരമായി ഒന്നും പറയാതെയും അയാൾക്കങ്ങനെ തോന്നും. അങ്ങനെ അയാൾ വ്യക്തിപരമായി എന്ന പോലെ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യും. അതയാളിലെ പൂച്ചയെ ഒന്നുകൂടി പുറത്ത് കൊണ്ടുവരും. അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞ് പിടിക്കപ്പെടും പോലെ അയാൾ വീണ്ടും വീണ്ടും പടിക്കപ്പെടും. അയാളത് അംഗീകരിച്ചാലും ഇല്ലെങ്കിലും, സമ്മതിച്ചാലും ഇല്ലെങ്കിലും. 

അതയാൾക്ക് പറ്റുന്ന അയാളുടെ തന്നെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട കാര്യമെന്ന് (വലിയ അമളിയെന്ന്) അയാൾക്ക് മനസ്സിലാവുകയും ഇല്ല. 

അങ്ങനെ മാനസ്സികാത്തവൻ അതുകൊണ്ട് തന്നെ തൻ്റെ കുറ്റവും അറിവില്ലായ്മയും സ്വയം ഏറ്റെടുക്കാതെ അതിനെ എങ്ങിനെയെങ്കിലും പുറത്ത് ആരിലെങ്കിലും എന്തിനെങ്കിലും ആരോപിച്ച് (മോശം ആശാരി ഉപകരണത്തെ കുറ്റം പറയുന്നത് പോലെ) ഉറഞ്ഞുതുള്ളും. 

ആ വഴിയിൽ അയാൾ അയാളെ തന്നെ മറച്ചുപിടിക്കുകയും അങ്ങനെ യഥാർത്ഥ വിഷയത്തിൽ നിന്നും വെല്ലുവിളിയിൽ നിന്നും ഒളിച്ചോടുകയും ചെയ്യും.

ഒന്നേയുള്ളൂ. വിഷയങ്ങളെ എല്ലാ ദിശയിൽ നിന്നും കാണാൻ ശ്രമിക്കുക. ശരി ഏത് പക്ഷത്തായാലും അംഗീകരിക്കുക. ആർക്കെതിരെയും അവസാനവിധി പറയാതിരിക്കുക. അങ്ങനെ പറയുന്ന നമ്മളും പലരാലും പലതിനാലും തെറ്റായി സ്വാധീനിക്കപ്പെട്ടവരെന്ന് മനസ്സിലാക്കുക. ജനിച്ചു കേട്ടു വളർന്ന ചുറ്റുപാടിനാൽ വരെ. 

ഒന്ന് ശരിയായത് കൊണ്ട് മറ്റേത് എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നതാണെന്ന് ഏകപക്ഷയമായി ആരോപിച്ച് ആക്ഷേപിച്ച് പറയേണ്ടി വരാതിരിക്കുക. 

ഏകപക്ഷയമായി ആക്ഷേപങ്ങളും മുൻവിധികളും നടത്താതിരിക്കുക. അത്രമാത്രം.

ഈയുള്ളവനെ സംബന്ധിച്ചേടത്തോളം താങ്കളൊടും ആരോടും പറയുന്ന വ്യക്തിപരമാല്ലാത്ത ഏത് കാര്യവും മറുപടിയും സർവ്വജനങ്ങളോടും ഒരുപോലെ പറയാൻ കൂടിയുള്ള കാര്യങൾ മാത്രം. അത്രക്ക് വ്യക്തതയും തെളിച്ചവും ഉറപ്പും നിഷ്പക്ഷതയും ഉള്ള കാര്യങ്ങളെ ഈയുള്ളവൻ പറയാറുള്ളൂ..

*******

താങ്കൾ ചോദിക്കുന്ന എന്തുകൊണ്ട് ഹലാൽ , എന്തുകൊണ്ട് പ്രതിമ സ്ഥാപിക്കാൻ സമ്മതിക്കുന്നില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈയുള്ളവനും, അത് ചെയ്യുന്നവരെ ഒരു നിലക്കും ന്യായീകരിക്കാതെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 

വിശ്വാസപരമായ തീവ്രതയും അസഹിഷ്ണുതയും അവർക്കുണ്ട്. 

അവരുടെ ഏകസത്യാവാദവും അവസാനവാദവും തീർത്തും തെറ്റും തീവ്രവാദപരവും അസഹിഷ്ണുത ഉണ്ടാക്കുന്നതും ക്രമേണ ഭീകരതയിലേക്ക് നയിക്കുന്നതും തന്നെയാണ്.

അവയൊക്കെ തെറ്റാണ്, തിരുത്ത്പ്പെടെണ്ടതാണ്. 

അതുകൊണ്ട് മാത്രം ഏല്ലാ ഭീകരതയും അവരുടെ മേൽ ആരോപിക്കാൻ തയ്യാറല്ല എന്ന് മാത്രമാണ് പറഞ്ഞത്. 

ആശയപരവും വിശ്വാസപരവുമായ വിയോജിപ്പ് ആ ഒരു വിഭാഗത്തെ എന്തിനും ഏതിനും കുറ്റം പറയുന്ന കോലത്തിലും വെറുക്കുന്ന കോലത്തിലും അവരോട് അനീതി മാത്രം ചെയ്യുന്ന കോലത്തിലും നമ്മെ ആരെയും നയിക്കരുത്. 

വിശ്വാസത്തെയും ആശയത്തെയും വേറെ തന്നെ ആശയപരമായും വിശ്വാസപരമായും കൈകാര്യം ചെയ്ത് ഇല്ലാതാക്കാനും ലഘൂകരിക്കാനും ശ്രമിക്കണം. 

അല്ലാതെ, തെറ്റായ വിശ്വാസത്തെയും ആശയാത്തെയും തോൽപിക്കാൻ സാധിക്കാത്തത് കൊണ്ട് മറ്റാരോക്കെയോ ചെയ്യുന്ന കുറ്റങ്ങളുടെ പിതൃത്വം അവരുടെ മേൽ വെറും വെറുതെ കെട്ടിയേല്പിക്കുകയല്ല അതിന് പരിഹാരം. 

അവരുടെ വിശ്വാസം തെറ്റായത് കൊണ്ട് അവരോട് എന്ത് അനീതിയും അക്രമവും ചെയ്യാമെന്നും എന്നിട്ട് ആ അക്രമവും അനീതിയും അവർ തന്നെയാണ് ചെയ്തത് എന്ന ആരോപണം ഉണ്ടാക്കാം എന്നതും, അത്തരം ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കണം എന്നതും ന്യായമല്ല, ശരിയല്ല.


No comments: