Thursday, December 21, 2023

നീ എന്തെങ്കിലും ഒരർത്ഥം എൻ്റെ ജീവിതത്തിന് കണ്ടുവോ എന്നും എനിക്കറിയില്ല

ഉണ്ടെങ്കിൽ ഉള്ള ദൈവമേ....,

നീ കണ്ട അർത്ഥമല്ലാതെ മറ്റൊരർത്ഥം  ജീവിതത്തിനും ജീവിക്കുന്നവനും ആര് കണ്ടു?

ആരും കണ്ടില്ല.

നീ അങ്ങനെ എന്തെങ്കിലും ഒരർത്ഥവും ലക്ഷ്യവും ജീവിതത്തിമും ജീവിക്കുന്നവനും കണ്ടുവോ എന്നും ആരറിഞ്ഞു? 

ആരുമറിഞ്ഞില്ല, ആർക്കുമറിയില്ല

നീ വല്ല അർത്ഥവും ലക്ഷ്യവും ജീവിതത്തിനും ജീവിക്കുന്നവനും കണ്ടെങ്കിൽ ആ കണ്ട അർത്ഥമോ, ആരറിയാൻ? 

ആരും അറിയുന്നുമില്ല. 

ആർക്കെങ്കിലും മനസ്സിലാവും വിധം അവരെ അവരുടെ ജീവിതത്തിനും അവർക്കും നീ കണ്ട അർത്ഥവും ലക്ഷ്യവും ബോധ്യപ്പെടുത്താൻ നിനക്ക് സാധിച്ചുവോ?

ഇല്ല.

ജീവിതത്തിന് നീ എന്തെങ്കിലും അർത്ഥവും ലക്ഷ്യവും കണ്ടെങ്കിൽ ആ കണ്ട അർത്ഥവും ലക്ഷ്യവും എന്തിന്, എങ്ങിനെ ജീവിക്കുന്ന ആർക്കെങ്കിലും ബാധ്യതയും ഭാരവും ആകണം?

ഒരോരുവൻ്റെയും, പിന്നെ ഒരോരുവൻ്റെ ജീവിതത്തിൻ്റെയും അർത്ഥവും ലക്ഷ്യവും നീ തന്നെ സാധിക്കുന്ന, സംഭവിപ്പിക്കുന്ന, സാധിക്കേണ്ട, സംഭവിപ്പിക്കേണ്ട കാരൃം മാത്രമായിരിക്കേണ്ടതല്ലെ?

അതേ.

ജീവിതവും ജീവിക്കുന്നവനും ആ നീ കണ്ട ലക്ഷ്യവും അർത്ഥവും അറിയുമോ അറിയേണ്ടതുണ്ടോ?

ഇല്ല.

ഉണ്ടാക്കിയതിൻ്റെയും ഉച്ചരിച്ചതിൻ്റെയും അർത്ഥവും ലക്ഷ്യവും  ഉണ്ടാക്കിയവനും ഉച്ചരിച്ചവനും മാത്രമറിയുന്നു. 

ഉണ്ടെങ്കിൽ ഉള്ള ദൈവമേ നീ ചെയ്തതിനും ചെയ്യുന്നതിനും, നീ സംഭവിപ്പിച്ചതിനും സംഭവിപ്പിക്കുന്നതിനും നീ മാത്രമല്ലാതെ മറ്റാര് ഉത്തരവാദി?

ആരും ഉത്തരവാദിയല്ല.

എന്തോ എങ്ങിനെയോ സംഭവിച്ചത് കൊണ്ട് ആരൊക്കെയോ എന്തൊക്കെയോ ആയി എന്ന് മാത്രം ജീവിക്കുന്നവർ അറിയുന്നു, ജീവിതമറിയുന്നു. 

അത്രമാത്രം 

ഉണ്ടെങ്കിൽ ഉള്ള ദൈവമേ, നീ കണ്ട, നിനക്ക് വേണ്ട ജീവിതത്തിൻ്റെയും ജീവിക്കുന്നവൻ്റെയും അർഥത്തിനും ലക്ഷ്യത്തിനും വേണ്ടി ജീവിതവും ജീവിക്കുന്നവനും എന്തിന് കഷ്ടപ്പെടണം? 

ഉണ്ടെങ്കിൽ ഉള്ള ദൈവമേ, നീയല്ലാതെ മറ്റാരെങ്കിലും യഥാർഥത്തിൽ സ്വതന്ത്രാസ്തിത്വത്തിൽ ഉണ്ടോ?

ഇല്ല. 

അങ്ങനെ ഇല്ലെന്ന് വരുമ്പോൾ പ്രത്യേകിച്ചും പിന്നെയാര് എന്തിന് എങ്ങിനെ ഉത്തരവാദപ്പെടണം, കഷ്ടപ്പെടണം? 

ഉണ്ടെങ്കിൽ ഉള്ള ദൈവമേ, ജീവിതത്തിനും ജീവിക്കുന്നവനും നീ കണ്ട അർത്ഥവും ലക്ഷ്യവും ജീവിക്കുന്ന ഒരോരുവനും അവന് വേണ്ടിയും അവൻ്റെ ജീവിതത്തിന് വേണ്ടിയും നിന്നിൽ നിന്നും ചോദിച്ച് വാങ്ങിയതും, നീ അങ്ങനെ അവന് വേണ്ടി അവൻ ആവശ്യപ്പെട്ടത് പ്രകാരം ഉണ്ടാക്കിയതും നൽകിയതും ആണോ? 

അല്ല.

അങ്ങനെ തങ്ങളുടെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ചോദിച്ചുവാങ്ങാൻ മാത്രം നീയല്ലാത്ത മറ്റാരെങ്കിലും യഥാർഥത്തിൽ സ്വതന്ത്രമായി സ്ഥിരമായി നിലകൊള്ളുന്നുണ്ടോ?

ഇല്ല.

എങ്കിൽ നീ കണ്ട ആ അർഥത്തിൻ്റെയും ഉദ്ദേശലക്ഷ്യങ്ങളുടെയും പേരിൽ ആര് എന്തിന് ഉത്തരവാദപ്പെടണം, ചോദ്യം ചെയ്യപ്പെടണം?

ശരിയും തെറ്റും നിൻ്റെത് മാത്രം, നീ മാത്രം ചെയ്യുന്നു.

ശരിയും തെറ്റും നീ മാത്രം എന്നായിരിക്കെ.

No comments: