Wednesday, December 13, 2023

നല്ല സൗഹൃദം നിന്നെ സംരക്ഷിക്കും. നല്ല സുഹൃത്ത് നിൻ്റെ ജ്യേഷ്ഠനും അനുജനും അടുത്ത ബന്ധുവും.

നല്ല സൗഹൃദം നിന്നെ സംരക്ഷിക്കും.

നല്ല സൗഹൃദം മാത്രം നിന്നെ സംരക്ഷിക്കും.

ജീവിതം മുന്നോട്ട് പോകുന്നത് നല്ല സൗഹൃദം കൊണ്ട്.

ജീവിതം പുതുമ തേടി പരസ്പരം സംരക്ഷിക്കുന്ന പ്രക്രിയ സൗഹൃദം.

നിസ്സാര കാര്യങ്ങളിൽ തർക്കിച്ചു നഷ്ടപ്പെടുത്താനുള്ളതല്ല നല്ല സുഹൃത്ത്.

യഥാർഥത്തിൽ ഒരു തർക്കവും കൊണ്ട് നഷ്ടപ്പെടാത്തത് നല്ല സുഹൃത്ത്.

അഞ്ച് പൈസക്ക് വേണ്ടി തർക്കിക്കേണ്ട സാമ്പത്തിക തയിൽ അല്ല സൗഹൃദം. അഞ്ച് ബില്യണും അതിനപ്പുറവും നഷ്ടപ്പെടുത്തും പോലെയാണ് നിസ്സാര കാര്യങ്ങളിൽ തർക്കിച്ചു നല്ല സുഹൃത്തിനെ നഷ്ടപ്പെടുtത്തുക എന്നത്.  

നല്ല സുഹൃത്താണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തും സമ്പത്തും.

നിനക്കില്ലെങ്കിലും ഉണ്ടെങ്കിലും നിന്നോടൊപ്പം നിലനിൽക്കുന്നത് നിൻ്റെ സൗഹൃദം

നല്ല സൗഹൃദം ഏത് പോലെ നിന്നെ സംരക്ഷിക്കുമെന്നറിയുമോ?

കുഞ്ഞിനെ മടിയിലും തൊട്ടിലിലും വെച്ച് സംരക്ഷിക്കുന്നത് പോലെ തന്നെ ഫലത്തിൽ നല്ല സൗഹൃദം നിന്നെ സംരക്ഷിക്കും. 

നീയും മറ്റാരും അതറിയാത്ത വിധം. 

നല്ല സൗഹൃദം നിന്നെ പൊതിഞ്ഞ് സംരക്ഷിക്കും. നിൻ്റെ നഗ്നതയും മാന്യതയും അവൻ്റെ കൂടി നഗ്നതയും മാന്യതയും ആവും വിധം. 

കാരണം: 

നല്ല സൗഹൃദം ഉപചാരങ്ങൾക്കും ആചാരങ്ങൾക്കും അത് തരുന്ന വസ്ത്രങ്ങൾക്കും അപ്പുറമാണ്. 

നല്ല സൗഹൃദം എല്ലാ പ്രതീക്ഷകൾക്കും അപ്പുറമാണ്.

നല്ല സൗഹൃദം വെറുതെ വന്ന് രജിസ്റ്ററിൽ ഒപ്പിട്ട് പോകുന്നതല്ല.

നല്ല സൗഹൃദം കണക്കുകൂട്ടലുകൾ ഇല്ലാത്തതാണ്.

നല്ല സൗഹൃദം വിത്തായി വീണ് നിനക്ക് മുളച്ച് തളിർക്കാനുള്ള മണ്ണും വിണ്ണും.

സൗഹൃദത്തെ കുറിച്ച് ഈ പറയുന്നത് കുറച്ച് കൂടിപ്പോയെന്നും, കുറച്ച് കൂടിപ്പോകുന്നുവെന്നും തോന്നുന്നുണ്ടോ?

പക്ഷേ, ഇത് അനുഭവം ഭാഷയാക്കി പറയുന്നതാണ്. ജീവിതം ന്യായമാക്കി പറയുന്നതാണ്.

അനുഭവങ്ങൾ ഭാഷയിൽ വരില്ലെന്ന പരിമിതി ഇത് പറയുമ്പോഴും ഉണ്ട്.

സ്വയം ബാധ്യതപ്പെട്ടും സ്വയം കടപ്പെട്ടും സംരക്ഷിക്കുന്നത്രയാണ് അത്തരം ചില സൗഹൃദങ്ങൾ.

അത്തരം ചില നല്ല സുഹൃത്തുക്കളാണുണ്ടാവേണ്ടത്; ജീവിതത്തിന് അതുവരെ ഇല്ലത്ത അർത്ഥം ഉണ്ടാവാൻ. ജീവിതത്തിന് ഇനിയും ഉണ്ടായേക്കാവുന്ന അർത്ഥം തിരയാൻ.

വെറും ബന്ധുക്കളും ബന്ധങ്ങളും അല്ല ഉണ്ടാവേണ്ടത്. അത്തരം ബന്ധങ്ങളും ബന്ധുക്കളും കീറിയഴിഞ്ഞുപോകുന്ന വസ്ത്രം

സുഹൃത്താണ് ഏറ്റവും നല്ല ബന്ധു.

അപരിചിതത്വത്തിൽ, അതിൻ്റെ അരക്ഷിതത്വത്തിൽ, അത് നൽകുന്ന പുതുമയിൽ നിനക്ക് പരിചയും സംരക്ഷണവും ആകുന്ന ബന്ധു നല്ല സുഹൃത്ത്

വെറുമൊരു ബന്ധു നല്ലൊരു സുഹൃത്ത് കൂടി ആയിക്കൊള്ളണമെന്നില്ല.

വെറുമൊരു ബന്ധു നല്ല സുഹൃത്ത് കൂടി ആകുമ്പോഴാണ് നല്ല ബന്ധു കൂടി ആവുന്നത്

അല്ലാത്ത ബന്ധങ്ങൾ മുഴുവൻ ഔപചാരികം. കണക്കുകൂട്ടലിലും വീമ്പുപറച്ചിലിലും പെരുമ്പറ കൊട്ടലിലും മാത്രം. 

സുഹൃദം കൂടിയല്ലാത്ത ബന്ധങ്ങൾ, കുടുംബബന്ധങ്ങൾ വരെ, പലപ്പോഴും ഏറെ മസിലുപിടിച്ചു കൊണ്ട്. 

നീയുമായുള്ള അവൻ്റെ ബന്ധം അവൻ നൽകുന്ന എന്തോ ഒരൗദാര്യമെന്ന് തോന്നിപ്പിക്കും വിധം. 

പല ബന്ധങ്ങളും ഇവ്വിധം അവരവർ അഹങ്കാരം പണിയായുധമാക്കി സ്വയമുണ്ടാക്കിയ കോട്ടക്കുള്ളിൽ കെണിഞ്ഞും തടഞ്ഞും ശ്വാസം മുട്ടുന്നത്. ശുദ്ധ അഭിനയങ്ങളിൽ, കാപട്യത്തിൽ. 

പേരിന് കുറേ. ഫലത്തിൽ ഒന്നുമില്ലാതെ. 

പൊങ്ങ് പോലെ. ബലൂൺ പോലെ. 

മുള്ള് മാത്രം മതി ഇല്ലാതാവാൻ. 

വെളിച്ചവും ചൂടും മതി സ്വന്തം ബലഹീനത കൊണ്ട് തന്നെ അവ തകരാൻ.

കല്യാണത്തിനും മരിച്ചാലും, പിന്നെ ജന്മദിനാഘോഷങ്ങൾക്കും വേണ്ടി മാത്രം ഉണ്ടാവുന്ന വെറും ബന്ധങ്ങൾ. 

സുഹൃദങ്ങൾ കൂടിയല്ലാത്ത ബന്ധങ്ങൾ അത്രക്ക് ഉപരിതലത്തിൽ മാത്രം.

ബന്ധങ്ങൾ അധികവും രജിസ്റ്ററിൽ ഒപ്പിട്ട് ബോധ്യപ്പെടുത്താൻ ദൂരം കടന്ന് വരും. രോഗശയ്യയിൽ വരെ ശല്യമാകുന്ന വെറും ഉപചാരങ്ങൾ പോലെ. എന്തിന് വന്നു, വരുന്നുവെന്ന് വരുന്നവന് ബോധ്യപ്പെടാത്തത്ര ഉപചാരം.

അവകാശവാദങ്ങളും പെരുമ്പറയും മാത്രം ഉപചാരം മാത്രമായ ബന്ധങ്ങൾ, ബന്ധുത്വം.

നീയൊരു കുടുംബ പുരോഹിതനും പ്രമാണിയും ആണെങ്കിൽ സഹായവുമായും വരും ഇത്തരം ഉപചാരം മാത്രമായ രജിസ്റ്ററിൽ ഒപ്പിടുന്ന ബന്ധങ്ങൾ, ബന്ധുത്വം.

ജ്യേഷ്ഠനാവട്ടെ, അനുജനാവട്ടെ, അമ്മയാവട്ടെ, അച്ഛനാവട്ടെ, പെങ്ങളാവട്ടെ, മക്കളാവട്ടെ മറ്റേത് അടുത്തതും അകന്നതുമായ ബന്ധുവും ആവട്ടെ. 

സുഹൃത്തിനെ പോലെയായാൽ മാത്രം നല്ലത്.

അല്ലെങ്കിൽ നല്ല സുഹൃത്താവും നിൻ്റെ ജ്യേഷ്ഠനും അനുജനും അടുത്തതും അകന്നതുമായ ബന്ധുവും സ്വന്തവും..

No comments: