Sunday, December 10, 2023

കടം മരണം കൊണ്ട് ഇല്ലാതാകുന്നില്ല.

മരണം ഒരാളെ ഇല്ലാതാക്കും. 

ശരിയാണ്. 

പക്ഷേ, മരണം ഒരാളെ നന്നാക്കുമോ? 

പിന്നെന്തുകൊണ്ട് മരിച്ചാൽ മാത്രം നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നു? 

പിന്നെങ്ങിനെ അതുവരെ ഇല്ലാതിരുന്ന നന്മകൾ മരിച്ചുകഴിഞ്ഞാൽ ഉണ്ടാവുന്നു, പറയപ്പെടുന്നു? 

ബാധ്യതയാവാത്തതും ചിലവില്ലാത്തതുമാണ് മരിച്ചുകഴിഞ്ഞാലുള്ള പറച്ചിൽ എന്നതുകൊണ്ടാണോ?

*******

മതവിശ്വാസപ്രകാരം തന്നെ പറയാം. എപ്പോഴാണ് ദൈവം മനുഷ്യനെ ശിക്ഷിക്കുമെന്ന് പറയുന്നത്? 

മരണത്തിന് ശേഷം. 

എന്താണതിനർത്ഥം? 

മരണം ആരെയും പ്രത്യേകിച്ച് നല്ലതാക്കുന്നില്ലെന്ന്. 

മരണത്തെ ന്യായമാക്കി ഒരാളെയും ദൈവം നല്ലതാക്കില്ലെന്ന്. 

മരിച്ചു കഴിഞ്ഞാൽ മാത്രം നല്ലത് പറയുന്നത് ശുദ്ധകാപട്യമാണെന്ന്.

*******

വല്ലാത്തൊരൽഭുതം. കടം മരണം കൊണ്ട് ഇല്ലാതാകുന്നില്ല.

ബന്ധപ്പെട്ടവർ ആരെങ്കിലും കടം ഏറ്റെടുത്ത് അടച്ചാൽ മാത്രമേ ആശുപത്രി പോലും മരിച്ചവൻ്റെ ശവശരീരം വിട്ടുകൊടുക്കൂ.

പണമിടപാട് സ്ഥാപനങ്ങളും ചെയ്യുന്നത് അങ്ങനെ തന്നെ. 

ജാമ്യമായി വെച്ച കടക്കാരൻ്റെ സ്വത്ത്, അവൻ്റെ മരണശേഷമായാലും, ബാങ്കിന് കിട്ടാനുള്ള കടത്തിന് പകരമായി എടുക്കുന്നു, വിൽക്കുന്നു, വസൂലാക്കുന്നു.

ഒരു മതം എന്ന നിലക്ക് ഇസ്ലാംമതവും ചെയ്യുന്നതും കരുതുന്നതും മറിച്ചല്ല. 

മരിച്ചവനെ മരിച്ചു എന്നത് കൊണ്ട് കടബാധ്യതകളിൽ നിന്നും ഒഴിവാക്കുന്നില്ല. 

മരിച്ചവൻ്റെ ശവസംസ്കാരം നടത്തണമെങ്കിൽ ആദ്യം കടം തീർക്കണം. 

അല്ലെങ്കിൽ മരിച്ച ആളുടെ സ്വന്തത്തിൽ പെട്ട ആരെങ്കിലും മരിച്ച ആളുടെ പേരിലുള്ള കടബാധ്യതകൾ പരസ്യമായി ഏറ്റെടുക്കണം.

മരണം ആരെയും, മരിച്ചു എന്ന ഒരോട്ടക്കാരണം വെച്ച് നല്ലവൻ ആക്കുന്നില്ല എന്നർത്ഥം.

1 comment:

Waheed said...

Well said... Only a living person would need a good certificate. Death isnt at someone's mercy.