Sunday, July 9, 2023

മണിപ്പൂർ: എന്തായിരിക്കും സംഭവിച്ചത്?

മണിപ്പൂർ: 

ആരാണ് മെയ്ത്തികൾ? 

ഗോത്രവർഗ്ഗക്കാർ തന്നെ. 

പക്ഷേ, മണിപ്പൂരിലെ ഭൂരിപക്ഷ സമുദായം. മൊത്തം ജനസംഖ്യയുടെ 53 ശതമാനത്തിന് മുകളിൽ വരുന്ന വിഭാഗം.

താഴ്വാരങ്ങളിൽ കഴിയുന്നവർ. 

പ്രധാനമായും ഇക്കാലത്തെ ഹിന്ദുക്കൾ എന്ന് കരുതപ്പെടുന്നവർ. അഥവാ ഇക്കാലത്തെ ഹിന്ദുക്കളായി മാറിയവർ.

******

ആരാണ് കുക്കികളും നാഗന്മാരും?

ഗോത്രവർഗ്ഗക്കാർ തന്നെ. 

മണിപ്പൂരിലെ ന്യൂനപക്ഷ സമുദായങ്ങൾ. പ്രധാനമായും ഇക്കാലത്തെ ക്രിസ്ത്യാനികൾ എന്ന് കരുതപ്പെടുന്നവർ.

മലമുകളിൽ കഴിയുന്നവർ. 

*****

എന്താണ് മണിപ്പൂരിൽ ഈയടുത്ത് സംഭവിച്ചത്?

കൃത്യമായും വ്യക്തമല്ല. 

എന്നാലും നിലനിൽക്കുന്ന ഒരു സംശയം.

മെയത്തികൾ കുക്കികൾക്കും നാഗന്മാർക്കും എതിരേ തിരിഞ്ഞു.

എന്തായിരിക്കും എതിരെ തിരിയാൻ മെയ്ത്തികളെ പ്രേരിപ്പിച്ചത്?

അധികാരനേട്ടം മാത്രം ലക്ഷ്യമാക്കി ഇന്ത്യയിൽ ആകെമൊത്തം തന്നെ ഉണ്ടാക്കാനും, വളർത്താനും കത്തിജ്വലിപ്പിക്കാനും ഉദ്ദേശിച്ച, ഉദ്ദേശിക്കുന്ന അതേ വിചാരവും വികാരവും പദ്ധതിയും മണിപ്പൂരിൽ വിജയിച്ചതോ? 

കൃത്യമായും മതാടിസ്ഥാനത്തിലുള്ള വർഗീയധ്രുവീകരണവും ചേരിതിരിവും തന്നെ നടന്നതോ?

ഒരുതരം വല്ലാത്ത വിഭജനവും വികാരവും വെറുപ്പും പേടിയും മണിപ്പൂരിൽ ഭൂരിപക്ഷസമുദായമായ മെയ്ത്തികളിൽ അങ്ങനെ ഉണ്ടാക്കി വിജയിച്ചതോ ഇപ്പോൾ നാം കാണുന്ന ദുരന്തം?

ആ വിഭജനവും വികാരവും വെറുപ്പും പേടിയും വിജയിച്ചുണ്ടായ കലാപവും നാശവും മാത്രമോ ഇക്കാണുന്നതൊക്കെയും?

എന്നാലും പറയട്ടെ, സംഗതികൾ കൃത്യമായും വ്യക്തമല്ല. 

*******

എന്താണ് ഭൂരിപക്ഷ സമുദായമായ മെയ്ത്തികളിൽ ആരൊക്കെയോ ബോധപൂർവ്വം ഉണ്ടാക്കിയ, അല്ലെങ്കിൽ അവരിൽ സ്വയം ഉണ്ടായ ആ വിഭജനവും വികാരവും വെറുപ്പും പേടിയും?

"നമ്മുടെ (മെയ്ത്തികളുടെ) സംസ്കാരവും പാരമ്പര്യവും വിശ്വാസവും അപകടത്തിലാണ്.

നമ്മുടെ (മെയ്ത്തികളുടെ) ജനസംഖ്യാനുപാതം ഭീകരമായി കുറയുന്നു.

മറ്റുള്ളവരുടെ ജനസംഖ്യാനുപാതം ഭീകരമായി കൂടുന്നു."

ഇന്ത്യയിൽ ആകെമൊത്തം 85 ശതമാനത്തിന് മുകളിൽ വരുന്ന ഹിന്ദുവിൻ്റെ സംസ്കാരവും പാരമ്പര്യവും വിശ്വാസവും ന്യൂനപക്ഷം കാരണം അപകടത്തിലാണ്, ഇന്ത്യയിൽ മഹാഭൂരിപക്ഷ സമുദായമായ ഹിന്ദുവിൻെറ ജനസംഖ്യാനുപാതം ഭീകരമായി കുറയുന്നു, എല്ലാം വെറും ന്യൂനപക്ഷം കാരണം. 

എന്നത് പോലെ ചിലത് തന്നെ മണിപ്പൂരിലും സംഭവിച്ചുവോ? 

******

ഫലത്തിൽ എന്തായി? 

മണിപ്പൂരിൽ ഇങ്ങനെയൊക്കെയായി. പലരുടെയും മൗനാനുവാദത്തോടെയും പിന്തുണയോടെയും ആണോ അല്ലയോ ഇതൊക്കെയും എന്ന് വ്യക്തമായും പറയാൻ സാധിക്കാതെ.

ഭാവിയിൽ ഇന്ത്യയിൽ മുഴുക്കെയും ഇതേ വാദവും വികാരവും തുടർന്നാൽ, ഇതുപോലെ പടർന്ന് പന്തലിച്ചാൽ ഇങ്ങനെയൊക്കെ തന്നെയാകാം സംഗതികൾ എന്ന സൂചനയും മുന്നറിയിപ്പും പോലെ.

*****

തമ്മിലടിപ്പിച്ച് മാത്രമേ ഇന്ത്യൻ ഭരണം നേടാനാവൂ എന്ന് വരരുത് ഒരു ഇന്ത്യൻ രാഷ്ട്രീയപാർട്ടിയുടെയും ഗതികേട്. 

ഇന്ത്യയിൽ രാഷ്ട്രീയപാർട്ടികൾ ഭരണം നേടുന്നെതും തങ്ങളുടെ ഭരണകൂടത്തെ അതിജീവിപ്പിക്കുന്നതും നാട്ടുകാരെ ബലികൊടുക്കും വിധം പരസ്പരം അകറ്റിക്കൊണ്ടും പോരടിപ്പിച്ച് കൊണ്ടും മാത്രമെന്നത് എത്രവലിയ നാണക്കേടാണ്?

*******

യഥാർത്ഥ ദുരന്തങ്ങൾ വരുന്നത് കാലേക്കൂട്ടി കാണാനും മനസ്സിലാക്കാനുമുള്ള ബോധവും ബുദ്ധിയും കാണില്ല, മനസ്സിലാവില്ല.

ആർക്ക്?

മതതീവ്രതയും വർഗീയതയും മാത്രം പറയുന്നവർക്ക്.

അസഹിഷ്ണുത മാത്രം ആയുധമാക്കുന്നവർക്ക്, ശത്രുത മാത്രം വളർത്തുന്നവർക്ക്. 

പ്രത്യേകിച്ചും പൗരോഹിത്യത്തിനും അധികാരം മാത്രം ലക്ഷ്യമാക്കുന്ന അധികാരവർഗ്ഗത്തിനും.

അഥവാ മനസ്സിലായാലും അവർ അവരുടെ നിക്ഷിപ്ത താൽപര്യത്തിന് മാത്രം മുൻതൂക്കം നൽകി അതൊക്കെയും അറിയാത്തത് പോലെയും അറിയേണ്ടാത്തത് പോലെയും അഭിനയിക്കും.

******

നല്ല ഭരണാധികാരികൾ നാട്ടിലെ കുഴപ്പങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കും. 

നല്ല ഭരണാധികാരികൾ നാട്ടിലെ കുഴപ്പങ്ങൾ ഇല്ലാതാക്കി വളരും, നാടിനെ വളർത്തും. 

വളരേ ചുരുക്കം ചില മോശം ഭരണാധികാരികൾ നാട്ടിൽ കുഴപ്പങ്ങൾ മാത്രം ഉണ്ടാക്കും. 

അത്തരം ചില ഭരണാധികാരികൾ വളരുന്നതും നിലനിൽക്കുന്നതും കുഴപ്പങ്ങൾ കൊണ്ട് മാത്രം, നാടിനെ നശിപ്പിച്ച് കൊണ്ട് മാത്രം. 

കൊതുകിന് അഴുക്കുചാൽ പോലെ അത്തരം ഭരണാധികാരികൾക്ക് നാടും നാട്ടിലെ കുഴപ്പവും നാട്ടുകാരുടെ നാശവും.

*******

ചോദ്യം: ഇറോം ശർമ്മിളയെ ഓർമ്മയില്ലേ? 

ആ മഹതി ഒരു കുറേകാലം നിരാഹാര സമരം ചെയ്തതും ഇത്തരമൊരു അവസ്ഥ അവിടെ ഉണ്ടായിരുന്നത് കൊണ്ടല്ലേ?

ഉത്തരം: ഇറോം ശർമ്മിള ഈയൊരു കാര്യവുമായി ബന്ധപ്പെട്ടോ ഇത്തരമൊരു കാരവുമായി ബന്ധപ്പെട്ടോ അല്ല നിരാഹാര സമരം ചെയ്തത്.

വളരേ ക്രൂരമായ നിലക്ക്, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത വിധം പട്ടാളനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടണ് ഇറോം ശർമിള നിരാഹാര സമരത്തിന് ദീർഘകാലം പോയത്? 

പട്ടാളനിയമം നടപ്പാക്കിയതോ north eastern (വടക്ക് കിഴക്കൻ) സംസ്ഥാനങ്ങളിൽ പൊതുവേയുള്ള ഇന്ത്യാവിരുദ്ധ മനോഭാവവും സമരവും പേടിച്ച്ത് കൊണ്ടും. 

ഇപ്പോഴത്തേത് വെറും പരസ്പരമുള്ള ചേരിതിരിഞ്ഞുള്ള തമ്മിൽതല്ലും വർഗ്ഗീയലഹളയും കൊള്ളയും കൊള്ളിവെപ്പും മാത്രമല്ലേ?

No comments: