Thursday, July 27, 2023

നിസ്സഹായത തുറന്ന് പറയണം.

നിസ്സഹായത തുറന്ന് പറയണം..

നിന്നോട് തന്നെ ഞാനത് തുറന്ന് പറയണം.

കെണിഞ്ഞ മാനത്തിൽ പിടിച്ച് നിൽക്കാനുള്ള ശ്രമം മാത്രമോ ജീവിതം?

കുടുങ്ങിയ മാനത്തിനപ്പുറം എന്താണെന്നറിയാത്തത് കൊണ്ടുള്ള മരണഭയമോ ജീവിതം?

മാനം കടന്നുപോയാലുള്ളത്, എല്ലാ മാനങ്ങളും കടന്നുപോയാലുള്ളത് സ്വർഗ്ഗം, മോക്ഷം ?

ഒരു മാനവും ബാധകമല്ലാത്ത നീ അതറിയുന്നു.

മാനം നിശ്ചയിച്ചത് പോലുള്ളതല്ലാത്തൊരറിവ്.

തലച്ചോറ് വേണ്ടാത്ത അറിവ്.

എന്നതറിയാത്തത് കൊണ്ടുളള പേടി തന്നെ മാനത്തിനുള്ളിലെ ജീവിതം?


എന്ത് പറയാൻ?

മാനത്തിനുള്ളിൽ കുടുങ്ങിയവൻ മാനത്തിനുള്ളിൽ കുടുങ്ങിത്തന്നെ.

അവൻ നന്മയും തിന്മയും കാണുന്നു, നിശ്ചയിക്കുന്നു.

അവൻ ശരിയും തെറ്റും വാദിക്കുന്നു.

അവൻ രോഗമെന്നും ആരോഗ്യമെന്നും കാണുന്നു.

അവൻ ജനനവും മരണവും കാണുന്നു.

******

കഴിക്കുമ്പോൾ ഭക്ഷണം നല്ലത്, പുണ്യം.

അതേ ഭക്ഷണം തിരിച്ചുവരുമ്പോഴോ?

ഛർദ്ദി. മോശം. തിന്മ.


ഇത്രയേ ഉള്ളൂ, ഇത്രക്കേ ഉള്ളൂ 

മാനം നിശ്ചയിക്കുന്ന നന്മ തിന്മകൾ.

ഒന്ന് മറ്റൊന്നാവാൻ ഒരു പ്രയാസവുമില്ല. 

മാനം മാറിനോക്കിയാൽ ഇതൊന്നും ഇല്ലെന്നും വരും.


ചളിയാണ്. 

തിന്മയെന്ന് തോന്നും.

വളമായിക്കണ്ടാൽ നന്മ.

വളർത്തുന്ന വെളിച്ചം കരിച്ചുകളയുന്ന വെളിച്ചവുമാകും.


മാനം നിശച്ചയിച്ച നന്മയും തിന്മയും.

മാനം കടന്ന് നോക്കിയാൽ നന്മ തിന്മയെന്നത്  പറയാൻ സാധിക്കാതെ. 


ഓരോ മാനവും കടന്ന് കടന്ന് അവസാനമില്ലാ അവസാനത്തിൽ, മാനമില്ലാ മാനത്തിൽ എത്തുമ്പോഴോ? 

മാനം നിശ്ചയിച്ച ഒന്നും ഒന്നുമല്ലെന്ന്.

*******

ആരും യഥാർഥത്തിൽ അറിഞ്ഞ് വിശ്വസിക്കുന്നില്ല. 

ആരും യഥാർഥത്തിൽ അറിഞ്ഞ് നിഷേധിക്കുന്നില്ല. 

ആർക്കും ഒന്നുമറിയില്ല. 

അതിനാൽ ആകയാൽ സാധിക്കുന്നത് സമർപ്പണം മാത്രം. 

ഒന്നുമറിയില്ലെന്ന് സമ്മതിച്ചുകൊണ്ടുള്ള സമർപ്പണം.

പ്രാപഞ്ചികത തന്നെയായ ദൈവത്തിനുള്ള സമർപ്പണം.

നിഷേധിച്ചാലും വിശ്വസിച്ചാലും ബാക്കിയാവുന്നതിനുള്ള സമർപ്പണം.

******

ഉള്ളുതുറന്ന് പറയട്ടെ.

എനിക്ക് നിന്നെ അറിയില്ല. 

എനിക്ക് എന്നെയും അറിയില്ല. 


എനിക്ക് എന്നെ ഞാനെന്നും 

നിന്നെ നീയെന്നും വിളിക്കാനുള്ള 

അറിവും ധൈര്യവും ഉറപ്പുമില്ല.


എന്നെ ഞാനാക്കുന്നതൊന്നും

ഞാനല്ല, എൻ്റേതല്ല.


എന്നെ ഞാനാക്കുന്നതൊന്നും

എൻ്റെ നിശ്ചയവും കണ്ടെത്തലുമല്ല.


നിന്നെ നീയാക്കുന്നതൊന്നും

എനിക്കറിയില്ല.


നിന്നെ നീയാക്കുന്നതൊന്നും

എനിക്ക് നിശ്ചയിക്കാനും അറിയില്ല.


എന്തൊക്കെയോ കൊണ്ട്, 

ഏറെക്കുറെ അറിവില്ലായ്മ കൊണ്ട്, 

നിസ്സഹായത കൊണ്ട്,

എന്നിൽ എനിക്ക് പൂർണ്ണതയും 

കാരണവും അധികാരവും 

കാണായ്‌ക കൊണ്ട്,

നിന്നെ നീയെന്നും 

എന്നെ ഞാനെന്നും 

ഞാൻ വിളിക്കുന്നു.


ഉണ്ടെങ്കിൽ ഉളളത് പോലെയുള്ള നീ 

നിന്നെ അറിയും, അറിയണം. 


ഉണ്ടെങ്കിൽ ഉളളത് പോലെയുള്ള നീ 

എന്നെയും അറിയും, അറിയണം. 


എനിക്ക് നിന്നെ അറിയില്ലെന്നും 

അറിയാനാവില്ലെന്നും 

നീ അറിയും, അറിയണം. 


എൻ്റെ കഴിവും കഴിവുകേടും 

പരിമിതികളും ദൗർബല്യങ്ങളും വെച്ച് തന്നെ 

നീ എന്നെ അറിയും, അറിയണം.


എൻ്റെ കഴിവും കഴിവുകേടും 

പരിമിതികളും ദൗർബല്യങ്ങളും 

എൻ്റെ തന്നെ നിശ്ചയങ്ങളോ 

നിർമ്മിതികളോ അല്ലെന്നും 

നീ അറിയും, അറിയണം.


നിന്നെ ഞാൻ വിളിക്കുന്ന 

നീയെന്നും പിന്നെ പലതായുമുള്ള 

നിൻ്റെ പേരുകൾ പോലും 

എൻ്റെ നിർമ്മിതിയല്ല, 

എൻ്റെ കണ്ടെത്തലല്ല,

നി എന്നെ നേരിട്ട് വിളിച്ചറിയിച്ചതല്ല. 


എവിടെ നിന്നോക്കെയോ 

വീണുകിട്ടിയത് മാത്രം 

നീയെന്ന നിൻ്റെ പേര്. 

ഞാനെന്ന എൻ്റെ തോന്നൽ.


അല്ലാതെ, 

നീ മാത്രമുള്ള ലോകത്ത്, 

നീ മാത്രമായ ലോകത്ത്, 

നീ തന്നെയായ ലോകത്ത് 

നിനക്കെന്ത് പേര്, 

നിനക്കെങ്ങിനെ പേര്?


ഞാൻ 

എൻ്റെ മാനത്തിൻ്റെ തടവറയിൽ.


ഞാൻ 

തലച്ചോറിൻ്റെയും ഇന്ദ്രിയങ്ങളുടെയും

തടവറയിൽ.


ഞാനല്ലാതെ ഒരായിരം

ഉള്ളതിനാൽ മാത്രം ഞാൻ. 


ഇന്ദ്രിയങ്ങളും തലച്ചോറും 

ചുറ്റുപാടുള്ളതും വിളിച്ചറിയിച്ചു

പറഞ്ഞുതരുന്നത് പോലെ

എനിക്കെൻ്റെ ഞാൻ, ലോകം.


ഞാനകപ്പെട്ട എൻ്റെ മാനം.


ആ മാനം മുറിച്ച് നിന്നിലേക്ക് 

ഞാൻ എത്തുന്നതായും 

എത്താനാവുന്നതായും  

ഞാൻ അറിയുന്നില്ല. 


ഒരുപക്ഷേ, 

സർവ്വമാനങ്ങൾക്കും ഉടമസ്ഥനായി, 

സർവ്വമാനങ്ങളും തന്നെയായി, 

സർവ്വമാനങ്ങൾക്കും 

ഉള്ളിലും പുറത്തുമായ 

നിനക്ക് എന്ത് ഉടമസ്ഥത? 

എന്ത് മാനം?


എൻ്റെ മാനത്തിലേക്ക് വരിക 

നിനക്ക് ഒരു പണിയേ അല്ലായിരിക്കും. 

വരിക എന്നതും പോലുമില്ലാതെ.


അപ്പോഴും ഞാൻ അറിയില്ല 

നീ എന്നോടൊപ്പം 

എൻ്റെയടുത്ത് 

എന്നെ അറിഞ്ഞും തലോടിയും 

എൻ്റെ മാനത്തിൽ തന്നെ,

ഞാനായി തന്നെ ഉണ്ടെന്ന്. 


എന്നെ നീ കാണുമ്പോഴും 

എന്നെ നീ കേൾക്കുമ്പോഴും തലോടുമ്പോഴും

ഞാൻ നിന്നെ അറിയാതെ, കേൾക്കാതെ.


അപ്പോഴും, 

ഞാൻ അസ്വസ്ഥപ്പെടുന്നത് 

നിന്നിലേക്ക് എൻ്റെ ഭാഷ്യവും 

തോന്നലും വികാരവും 

എത്തിക്കുക എങ്ങിനെയെന്ന്. 


ഞാൻ കരുതുന്നത് പോലെ, 

ഞാൻ പറയുന്നത് പോലെ 

എൻ്റെ ഭാഷ്യവും തോന്നലും വികാരവും  

നിന്നിലേക്ക് എത്തുന്നുണ്ടോ എന്ന്. 


എന്തെല്ലാം 

അവകാശവാദങ്ങളും വലുപ്പവും

നടിച്ചാലും പറഞ്ഞാലും

സംശയിച്ചു പോകുന്നു.


ഒരുപക്ഷേ, 

എൻ്റെ ചിന്തകളും തോന്നലുകളും 

നിനക്ക് മൂർത്തമായ കാഴ്ചകൾ തന്നെയാവാം. 


എൻ്റെ മാനത്തിൽ നിന്ന് 

ഞാൻ വൃക്ഷങ്ങളും മലകളും 

ഉറുമ്പും ആനയും കാണുന്നത് പോലെ 

നിനക്കെൻ്റെ ചിന്തകളും തോന്നലുകളും

കാഴ്ചകളാവുന്നുണ്ടാവാം.


കാഴ്ചകൾ, കേൾവി, അറിവുകൾ

ഇപ്പറയുന്നതൊക്കെയും

എൻ്റെ തന്നെ മാനത്തിനുള്ളിലെ

പരിമിതികളുടെ കാര്യങ്ങൾ, വാക്കുകൾ.

No comments: