Saturday, July 15, 2023

അസ്വസ്ഥപ്പെടാൻ എന്തിരിക്കുന്നു? നിന്നെ ആർക്കും മനസ്സിലാവുന്നില്ല എന്നതോ?

തുന്നൽ സൂചിയുടെത് പോലെ 

ഉയർന്ന ബോധവും ചിന്തയും ആത്മീയതയും. 


തുന്നൽ സൂചിയുടേത് പോലെ 

സ്വാതന്ത്ര്യം.

നിന്നിടത്ത് നിൽക്കാതെ. 


വീണ്ടും വീണ്ടും 

പുതിയ ഇടം ഉണ്ടാക്കും, കണ്ടെത്തും 

സൂചി തന്നെയായ 

സ്വാതന്ത്ര്യവും ആത്മീയതയും.


തുന്നൽ സൂചി അതുണ്ടാക്കിയ, 

തുന്നൽ സൂചി തന്നെ കണ്ടെത്തിയ 

പുതിയ ഇടത്തിൽ 

സ്വയം പിടിച്ചുനിൽക്കാതെ, 

പിന്നെയും പിന്നെയും 

സ്വയം മുന്നോട്ട് പോവും, 

വീണ്ടും വീണ്ടും പുതിയ ഇടം 

ഉണ്ടാക്കുക, കണ്ടെത്തും. 


അതാണ് 

സ്വാതന്ത്ര്യവും ആത്മീയതയും.


ഇത് തുടർന്ന് കൊണ്ടേയിരിക്കുക, 

ഇത് തുടർന്ന് പോവുക,

ഇടതടവില്ലാതെ പോവുക. 

സൂചിയുടെ ബോധം.


ആത്മീയത സ്വാതന്ത്ര്യമാണ്. 

സ്വാതന്ത്ര്യം നിരാശ്രയത്വമാണ്. 

നിരാശ്രയത്വം അരക്ഷിതത്വമാണ്. 


നിന്നിടത്ത് നിൽക്കലല്ല,

നിന്നിടത്ത് തന്നെ നില്ക്കുന്നതിൻ്റെ സുരക്ഷിതത്വമല്ല 

ആത്മീയതയും സ്വാതന്ത്ര്യവും.


ശാരീരികമായ അർത്ഥത്തിൽ അല്ല;

ബുദ്ധിപരമായ അർത്ഥത്തിൽ.

നിന്നിടത്ത് നിൽക്കായ്ക.


നിന്നിടത്ത് നിൽക്കാത്ത 

ആത്മീയതയും സ്വാതന്ത്ര്യവും

ഫലത്തിൽ, ശാരീരികമായി പറഞാൽ 

ആലസ്യമാണ്. 


ശരിയാണ്.

സൂചിക്ക് പിന്നിലും ഒരു കൈയുണ്ട്...


ആലസ്യത്തെയും ചലിപ്പിക്കുന്ന പ്രാപഞ്ചികതയുടെ കൈ, 

ജീവിതത്തിൻ്റെ കൈ. 


അതിനാലും അല്ലേലും 

സൂചി നിന്നിടത്ത് നിൽക്കുന്നില്ല...


എന്തിന്?


നൂലുകൾക്ക് താവളമാകാൻ, 

നൂലുകൾക്ക്  സങ്കേതം ഒരുക്കാൻ.


സൂചികൾ പുതിയ വഴികൾ 

ഉണ്ടാക്കിക്കൊണ്ടേയിരിക്കും.

********

അറിവില്ലായ്മ 

അറിവില്ലായ്മയിലൂടെ തന്നെ 

യാത്ര ചെയ്യുക.

അതാണ് ആത്മീയത. 

അതാണ് ജീവിതം.


ദേശാടനക്കിളികളെ പോലെ.


അറിയാത്ത വഴികളിലൂടെ 

അറിയാത്തവനായി 

അറിയപ്പെടാത്തവാനായി 

യാത്ര ചെയ്യുന്ന ദേശാടനക്കിളികൾ.

ജീവിതം.

*******


എല്ലാവരും 

അവനവൻ അകപ്പെട്ട അവസ്ഥയിൽ 

കുരുങ്ങി നിസ്സഹായരായി തന്നെയാണ്. 

ജീവിതം തന്നെയും...

കുടുംബസ്ഥരും ഭക്തരും 

സന്യാസികളും ദാർശനികരും 

കവികളും അധികാരികളും ഒക്കെയായി. 


എല്ലാവരും 

സ്വയം രക്ഷപ്പെടാനുള്ള 

പുകമറയെ, ഒളിച്ചോട്ടത്തെ 

ആവരണമാക്കുകയാണ്,

ആഭരണമാക്കുകയുമാണ്. 

സ്ഥാനവും മാനവും ആക്കുകയാണ്.

******

മണ്ണ് പൂവാവുന്ന ദൂരം തന്നെ

പൂവ് മണ്ണാവുന്ന ദൂരം. 

ജീവിതം ജീവിതത്തിനെടുക്കുന്ന ദൂരം.


നീയില്ലാതെ 

ജീവിതം മാത്രമായി 

പല പുനർജന്മങ്ങളായി 

തുടരുന്ന ദൂരം. 

ദൂരമല്ലാത്ത ദൂരം.

വെളിച്ചത്തിൽ നിന്ന് നോക്കിയാൽ

എല്ലാം ഒരു ബിന്ദു മാത്രമാകുന്ന,

ബിന്ദുവിൽ മാത്രമുള്ള ദൂരം 


മാനം തന്ന മറ 

അപ്പുറത്തെ ഇപ്പുറത്ത് നിന്നും 

കാണാതാക്കുന്നു.

*****

അസ്വസ്ഥപ്പെടാൻ എന്തിരിക്കുന്നു?

നിന്നെ ആർക്കും മനസ്സിലാവുന്നില്ല എന്നതോ?

പിന്നാലെ നടന്നത് കൊണ്ട് മാത്രം 

സ്വന്തമായ ഒരിടം അഭയമായി കിട്ടിയ 

നൂലുകൾക്ക്, 

അവയ്ക്ക് അഭയസ്ഥാനം നൽകിയ 

സൂചികളെ അംഗീകരിക്കാനും മനസ്സിലാക്കാനും സാധിക്കുന്നില്ല. 

പിന്നെയാണോ നിന്നെ?

ഏറെ കഴിവുള്ളത് 

ഏറെ അവഗണിക്കപ്പെടുക എന്നത് 

മിന്നേറുകൾ കാണിച്ചു തരുന്ന പാഠം. 


ആർക്കും നിന്നെ മനസ്സിലാവുന്നില്ല 

എന്നതാണ് നിൻ്റെ മഹത്വം.


നിന്നെ അവഗണിക്കുന്നതും 

അവഗണിക്കേണ്ടി വരുന്നതുമാണ് 

നിനക്കുള്ള പരിഗണന, അംഗീകാരം.


മിന്നേറുകളെ ആർക്ക് പരിഗണിക്കാൻ സാധിക്കും? 


മിന്നേറുകളെ ആർക്ക്  കുടിയിരുത്താനും കൊണ്ടുനടക്കാ നും കഴിയും. 

മിന്നേറുകൾ വരുമ്പോൾ 

കണ്ണ് തുറന്നുവെക്കാൻ സാധിക്കാത്തത്, 

അതിനാൽ തന്നെ പരിഗണിക്കാൻ സാധിക്കാത്തത് 

അവരുടെ കഴിവുകേട് മാത്രം. 

യോഗ്യതയല്ല.


എത്ര വലിയ വെളിച്ചവും 

ഊർജസ്രോതസ്സുംമായിട്ടും 

അവഗണിക്കപ്പെട്ട് മണ്ണിൽ അമർന്നുപോവുക 

മിന്നേറുകളുടെ വിധി.


നട്ടുച്ച സൂര്യൻ്റെ വെളിച്ചവും ചൂടും 

തങ്ങളുടെ എല്ലാ കാര്യങ്ങളും 

നിർവ്വഹിക്കാൻ ഉപയോഗപ്പെടുത്തുന്നവരും 

അതേ സൂര്യനിലേക്ക് കണ്ണ് തുറന്ന് നോക്കാൻ 

സാധിക്കാതെ തന്നെ,  തയ്യാറാവാതെ തന്നെ.


ചെറിയ പാത്രത്തിൽ വലിയ പാത്രം പോകില്ല.

വലിയ പത്രം എന്തിന് അസ്വസ്ഥപ്പെടണം?

ചെറിയ പാത്രത്തെ 

വലിയ പത്രം ഉൾക്കൊള്ളുക മാത്രം വഴി. 


താഴെ നിന്നും മുകളിലോട്ട് ഒന്നും ഒഴുകില്ല. 

അതിനാൽ അവർ നിന്നിലേക്ക് എത്താത്തതിൽ എന്താശ്ചര്യപ്പെടാൻ? 

നിനക്ക് താഴേക്ക് പോകുകയും അവരിലേക്ക് എത്തുകയും ഏറെ എളുപ്പം.

No comments: