Monday, July 10, 2023

ഭരണകൂടം ഏതായാലും, രാജ്യത്തിന് നന്മ വരണം. തിരിച്ചും മറിച്ചും കാഴ്ചപ്പാടുകൾ ഉണ്ടാവണമല്ലോ?

ഒരതിർത്തിയും ഭൂപ്രദേശവും 

ഒരു പ്രത്യേക സത്യവും ശരിയും 

ഉണ്ടാക്കുന്നില്ല. 

ജീവിതത്തിനാസകലം ബാധകമായത് 

എവിടവും എപ്പോഴും ഒന്ന്. 


എന്നിരുന്നാലും 

നിലവിലുള്ള യാഥാർത്ഥ്യമായ, 

മനുഷ്യാതിജീവനത്തിൻ്റെയും 

സുരക്ഷിതത്വത്തിൻ്റെയും 

സംഘടിതവഴിയായ 

രാജ്യമെന്ന സങ്കല്പത്തിൽ നിന്ന് മാത്രം 

നാം പറയാനുള്ളത് പറയണം.

******

തിരിച്ചും മറിച്ചും ഒക്കെ കാഴ്ചപ്പാടുകൾ ഉണ്ടല്ലോ, ഉണ്ടാവണമല്ലോ?

ഒന്നുണ്ടായി, അതിനെ ചോദ്യംചെയ്തു തിരുത്തി മറ്റൊന്നുണ്ടായി, ആ മറ്റൊന്ന് വീണ്ടും പുതിയ ഒന്നായി, അതിനെയും ചോദ്യംചെയ്തു തിരുത്തി വീണ്ടും മറ്റൊന്നുണ്ടായി, അങ്ങനെ ഒന്ന് മാത്രമല്ലാത്ത പലതുണ്ടായി, കാലവും ജനതയും സംസ്കാരവും ജനാധിപത്യവും സാങ്കേതികവിദ്യയും ശാസ്ത്രവും ഒക്കെ അങ്ങനെയങ്ങനെയാണല്ലോ മാറി മാറി പുരോഗമിച്ച് ഇവിടെവരെ എത്തിയത്?

അല്ലാതെ എല്ലാ കാലത്തേക്കും വേണ്ടി ഒരെയോരൊന്ന്, ഒരേയൊരു പാർട്ടി, രീതി എന്നതല്ലല്ലോ?മാറി പുരോഗമിച്ച് ഇവിടെവരെ എത്തിയത്?

ഇന്ത്യയെ സ്നേഹിക്കുന്നതിൻ്റെ ഭാഗമായി തന്നെ ഇന്ത്യക്ക് ദോഷമായി ഭവിക്കുന്ന എന്തുണ്ടെങ്കിലും അത് ചൂണ്ടിക്കാണിച്ച് പറയണമല്ലോ?

രാജ്യവും രാജ്യത്തിൻ്റെ നൻമയും ആണല്ലോ വലുത്?

രാജ്യമെന്നാൽ ഭരണകൂടമല്ലല്ലോ?

രാജ്യമെന്നാൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുമല്ലല്ലോ?

ഭരണകൂടം ഏതായാലും, രാജ്യത്തിന് നന്മ വരണം.  

നന്മ വരുന്നില്ലെങ്കിൽ അത് തുറന്ന് കാണിക്കണം, പറയണം. 

അതാണ് രാജ്യസ്നേഹം.

ഭരണകൂടം ഏതായാലും, ശരിയും തെറ്റും ചെയ്തുപോകും. തെറ്റ് പറ്റുക എന്നത് മാനുഷികമായതിനാൽ.

ആ പറ്റുന്ന തെറ്റ് തെറ്റാണെന്ന് പറഞ്ഞ് തന്നെ ചൂണ്ടിക്കാണിക്കണം. 

ശരിയെ അംഗീകരിക്കണം. 

രാജാവ് നഗ്നനെങ്കിൽ നഗ്നനെന്ന് തന്നെ ഒരു കുട്ടിയായി മാറിയെങ്കിലും പറയണം.

ഭരണകൂടം എപ്പോഴും ശരി മാത്രമേ ചെയ്യൂ എന്ന് കരുതുന്നത് ഭരണകൂടത്തെ ദുഷിപ്പിക്കുക മാത്രമല്ലേ ചെയ്യുക? 

ജനാധിപത്യത്തിൽ ജനങ്ങൾ തന്നെ ഭരണകൂടത്തെ കൃത്യമായി വിലയിരുത്തി വിമർശിച്ച് തിരുത്തുന്ന പ്രതിപക്ഷമായി ഭവിക്കണം.

മനസ്സാക്ഷിയോട് നീതി പുലർത്തിക്കൊണ്ട്.

ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങൾക്കും നിൽക്കാതെ.

ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങളും രാജ്യതാൽപര്യം സംരക്ഷിക്കുന്നതിൽ തടസ്സമാവാതെ.

ശുദ്ധ ഭാരതീയനായി നിന്ന് കൊണ്ട്. 

ശുദ്ധ ഭാരതീയതയിൽ വിശ്വസിച്ച് കൊണ്ട്.

*****

എല്ലാ കാലത്തും എല്ലാ സർക്കാരുകളും എല്ലാവരും അങ്ങനെ തന്നെയാണല്ലോ ചെയ്യുക. ആലോചിച്ചും പഠിച്ചും കൊണ്ട്. ഉപദേശം നേടിയും തേടിയും കൂടിയാലോചിച്ചും ഒക്കെ. 

ഒറ്റക്ക്, ഒരു സുപ്രഭാതത്തിൽ ഉറങ്ങുന്നിടത്ത് നിന്ന് എഴുന്നേറ്റ് തോന്നിയത് പോലെയല്ലല്ലോ ഒരു മന്ത്രിയും പ്രധാനമന്ത്രിയും ചെയ്യുക?

ശരിയാണ്.

എന്നിട്ടും തെറ്റ് പറ്റിയിട്ടുണ്ട് പലർക്കും.... പലപ്പോഴും...

റഷ്യ പോലുള്ള വൻശക്തി രാജ്യത്തിൻ്റെ പ്രസിഡണ്ട് പുട്ടിൻ ഉക്രൈനെ ആക്രമിച്ചത് ഇത് പോലെ തന്നെ പഠിച്ചും പലരുമായും ആലോചിച്ചു കൊണ്ടും തന്നെയായിരിക്കുമല്ലോ? 

എന്നിട്ടും തെറ്റിയില്ലേ? 

എന്നിട്ടും വിചാരിച്ചത് പോലെ നടന്നില്ലല്ലോ?

രണ്ട് ദിവസം കൊണ്ട് തീരുമെന്ന് കരുതിയത് ഒരു വർഷം കഴിഞ്ഞിട്ടും നീളുന്നു...

ലോകത്ത് മുഴുവൻ അതിൻ്റെ പ്രയാസം...

സാമ്പത്തിക മാന്ദ്യവും...

*****

തെറ്റിദ്ധരിക്കരുത്.

എന്നും എപ്പോഴും ശുദ്ധ ഭാരതീയനും ഭാരതീയതയിൽ മാത്രം സർവ്വം കാണുന്നവനും മാത്രമാണ്. ജന്മം കൊണ്ട് കിട്ടിയ സാമുദായിക മത വിശ്വാസത്തെ കൃത്യമായും സ്ഥിരമായും തിരസ്കരിച്ചുകൊണ്ടും ചോദ്യം ചെയ്തുകൊണ്ടും.

പക്ഷേ ഇവിടെ നടമാടുന്ന രാഷ്ട്രീയം വേറെ തന്നെയാണല്ലോ? 

രാഷ്ടീയ പാർട്ടിക്ക് എപ്പോഴും പിഴവ് സംഭവിക്കാമല്ലോ? 

രാഷ്ടീയ പാർട്ടിക്കും നേതൃത്വത്തിനും പല കാരണങ്ങളാൽ അങ്ങനെ പിഴവ് സംഭവിക്കില്ല എന്ന് പറയാൻ പാടില്ലല്ലോ? 

അങ്ങനെ പിഴവ് പറ്റിയെന്ന് തോന്നിയെങ്കിൽ അത് ഉണർത്തുകയും തിരുത്താൻ ശ്രമിക്കുകയുമാണല്ലോ യഥാർത്ഥ രാജ്യസ്നേഹികളുടെ ധർമ്മവും കർമ്മവും?

രാജ്യവും അവിടത്തെ ജനങ്ങളും ആണല്ലൊ മുഖ്യം?

No comments: