Tuesday, July 18, 2023

രണ്ട് മൂന്ന് മരണങ്ങൾ വെച്ച്.

രാജ്യത്തിലെ പാവങ്ങളുടെ ചിലവിൽ 

സൗജന്യമായി മാത്രം, 

കട്ടും മുടിച്ചും ജീവിച്ച, 

സുഖഭോഗം നടത്തിയ,

തലമുറകൾക്കുള്ളത് സമ്പാദിച്ച 

രാഷ്ട്രീയനേതാവ് മരിച്ചാൽ 

അതേ രാജ്യത്തിലെ പാവങ്ങളായ 

ഉടുതുണിക്ക് മറുതുണി ഇല്ലാത്ത 

ജനങ്ങൾ പറയും:


തീരാനഷ്ടമെന്ന്, 

നല്ല ആളായിരുന്നുവെന്ന്. 

പ്രണാമം, ആദരാഞ്ജലി എന്ന്. 


ജനങ്ങൾ

എന്ത് നേരിൽ കണ്ടിട്ടും അറിഞ്ഞിട്ടും

ഇങ്ങനെയൊക്കെ പറയുന്നു? 


ഒന്നും മനസ്സിലാവുന്നില്ല.

ജനാധിപത്യത്തിൻ്റെ പേരിൽ 

ജനങ്ങൾ പറ്റിക്കപ്പെടുന്ന രീതി 

എന്ന് മാത്രമല്ലാതെ.

*******

ഒരു പാർട്ടിയും യഥാർഥത്തിൽ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. 

എല്ലാ പാർട്ടികളും അവരുടെ മാത്രം ലാഭത്തിനു വേണ്ടി ഒരു വ്യാപാരസ്ഥാപനം പോലെ, കച്ചവടസ്ഥാപനം പോലെ, ലാഭവും നഷ്ടവും നോക്കി മാത്രം നടക്കുന്ന കമ്പനികൾ പോലെ പ്രവർത്തിക്കുന്നു.

ജനങ്ങളെ അവർ അവർക്ക് മുകളിലേക്ക് പോകാനുള്ള കോണിയും ചവിട്ടുപടിയും മാത്രമാക്കുന്നു.

നല്ല ആശയം കൊണ്ടും പ്രവർത്തി കൊണ്ടും ഇന്ന് ഇന്ത്യയിലുള്ള ഒരു പാർട്ടിയും നേതാവും യഥാർഥത്തിൽ ആരെയും ആകർഷിക്കുന്നില്ല. 

ഇവിടെയുള്ള പാർട്ടികളുടെയും നേതാക്കളുടെയും ഏക മഹത്വം അവർക്കുള്ള അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും മാത്രം. 

അതുകൊണ്ട് തന്നെ അവർ അധികാരം ഉപയോഗിച്ച് സമ്പത്തുണ്ടാക്കുന്നു, സമ്പത്ത് ഉപയോഗിച്ച് അധികാരമുണ്ടാക്കുന്നു.

********

രണ്ട് മൂന്ന് മരണങ്ങൾ വെച്ച്. 

മരിച്ച ആ രണ്ട് മൂന്ന് പേരെ വെച്ച്

ഒന്നും തുലനം ചെയ്തുകൂടാ. 

ശരിയാണ്.


എന്നാലും ചിലത് പറയട്ടെ. 

പറഞ്ഞുപോകുന്നത് കൊണ്ട് മാത്രം

ചിലത് പറയട്ടെ.


ഈയടുത്ത് 

രണ്ട് മൂന്ന് പേരുകേട്ടവർ മരിച്ചു. 


കോടിയേരിയും 

അറ്റ്‌ലസ് രാമചന്ദ്രനും 

ഉമ്മൻ ചാണ്ടിയും. 


അല്ലാത്ത ഒരുകുറേ പേരും 

നടന്മാരും സാധാരണക്കാരും മരിച്ചു. 


പതിവുപോലെ. 

ജീവിതം മരണത്തിലും 

മരണം ജീവിതത്തിലും

വളവും വിളയും 

കണ്ടെത്തുന്നത് പോലെ.


ജീവിതത്തിനും മരണത്തിനും

എല്ലാ ജീവിതങ്ങളും ഒരുപോലെ

എന്നതിനാൽ.


എന്നിരിക്കെ, എന്ത്കൊണ്ടോ,

ചില സാധാരണക്കാരുടെയും 

ചില ഹാസ്യനടന്മാരുടെയും,

പിന്നെ, പ്രത്യേകിച്ചും

അറ്റ്‌ലസ് രാമചന്ദ്രൻ്റെയും 

മരണങ്ങൾ 

മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. 


അറ്റ്‌ലസ് രാമചന്ദ്രൻ്റെ തന്നെ 

നല്ല കുറച്ച് സിനിമകളും, 

അയാൾ തന്നെ അഭിനയിച്ച 

ചില മുഹൂർത്തങ്ങളും പരസ്യങ്ങളും 

അയാളുടെ സഹൃദയത്വവും, 

അയാളിലെ നല്ല സ്വർണ്ണ കച്ചവടക്കാരനും, 

ജനങ്ങളെയാരേയും ബുദ്ധിമുട്ടിക്കാതെ 

അയാൾ ജീവിച്ച ജീവിതവും 

ചെറിയതല്ലാത്ത വലിയ ചെറിയ 

മുറിവേല്പിച്ചു.... ശരിക്കും വേദനിപ്പിച്ചു.


മറുഭാഗത്തെ രാഷട്രീയനേതാവായ കോടിയേരിയുടെയും ഉമ്മൻ ചാണ്ടിയുടെയും മരണം ഒരു ഭാവഭേദവും വിഷമവും ദുഃഖവും ഉണ്ടാക്കിയില്ല. 

വെറും നിസ്സംഗത മാത്രമല്ലാതെ. 

നാടാകെ അവർക്ക് വേണ്ടി 

ഹർത്താൽ നടത്തിയെങ്കിലും 

അവരുണ്ടാക്കിയ സ്വാധീനം 

യഥാർഥത്തിൽ എന്തെന്ന് 

എത്ര ആലോചിച്ചിട്ടും 

പരതിനോക്കിയിട്ടും 

മനസ്സിലായില്ല.


ചിന്ത കൊണ്ടും 

വാക്ക് കൊണ്ടും 

നോക്ക് കൊണ്ടും.

******

അധികാരത്തിന് വേണ്ടി 

എന്തൊക്കെയോ ചെയ്തവരെ 

അധികാരവും എന്തൊക്കെയോ ആക്കി 

എന്നുമാത്രം തോന്നി.


അധികാരമുള്ളിടത്ത് മഴപ്പാറ്റകൾ 

ആത്മനാശത്തിന് വേണ്ടിയെന്നറിയാതെ

അഗ്നിയിലേക്ക് ആഞ്ഞടുക്കും പോലെ

 ജനങ്ങളും ഇവരിലേക്ക് നടന്നടുക്കുന്നു.


അത്തരം ജനങ്ങളെയും

മഴപ്പാറ്റ്കളെയെന്ന പോലെ

വിറകാക്കി കത്തിച്ച്

ഇവർ സ്വന്തം അധികാരത്തെ 

കൂടുതൽ കൂടുതൽ ആളിക്കത്തിച്ച് 

വലുതാക്കുന്നു.

******

ഒരു പാർട്ടിയെ നയിച്ചിട്ടും 

ആ പാർട്ടിയും താനും 

യഥാർഥത്തിൽ എന്തിന് വേണ്ടിയെന്ന് 

ആരേയും മനസിലാക്കിക്കൊടുക്കാൻ 

സാധിക്കാത്ത ആളുകളായി മാറി അവർ.


എന്തിനൊക്കെയോ വേണ്ടിയാരുന്നു 

തങ്ങളുടെ പാർട്ടി എന്ന് തോന്നിപ്പിച്ച 

ഒരു പാർട്ടിയെ, 

ഒന്നിനും വേണ്ടിയല്ല, 

പകരം ഈ പാർട്ടിയും 

മറ്റേതൊരു പാർട്ടിയെയും പോലെ 

വെറും അധികാരത്തിനും 

സമ്പാദ്യത്തിനും വേണ്ടി മാത്രമാണെന്ന് 

ഒരളവോളം തോന്നിപ്പിച്ചു 

ഇവർ ഇവരുടെ കാലയളവിൽ.

******

ഇന്ത്യൻ രാഷ്ടീയ നേതൃത്വം 

ജനങ്ങളുടെ പൈസ മാത്രം തിന്നു, തിന്നുന്നു. 


ജനങ്ങളുടെ ചിലവില്‍ 

മൂന്നും നാലും അഞ്ചും ആറും 

പെന്‍ഷനും ശമ്പളവും ആനുകൂല്യങ്ങളും 

വാങ്ങി, വാങ്ങുന്നു. 


ഇതൊന്നും ജനങ്ങൾക്ക് വേണ്ടി 

വേണ്ടെന്ന് വെച്ചില്ല, വെക്കുന്നുമില്ല. 


ഇവരാണോ 

ജനങ്ങളെ നയിച്ചത്, നയിക്കേണ്ടത്?


No comments: