നിസ്സഹായത തുറന്ന് പറയണം.
ദൈവമേ നിന്നോട് തന്നെ ഞാനത് തുറന്ന് പറയണം.
കെണിഞ്ഞ മാനത്തിൽ പിടിച്ച് നിൽക്കാനുള്ള ശ്രമം മാത്രമോ ജീവിതം?
കുടുങ്ങിയ മാനത്തിനപ്പുറം എന്താണെന്നറിയാത്തത് കൊണ്ടുള്ള മരണഭയമോ ജീവിതം?
മാനം കടന്നുപോയാലുള്ളതോ,
എല്ലാ മാനങ്ങളും കടന്നുപോയാലുള്ളതോ സ്വർഗ്ഗം, മോക്ഷം ?
ഒരു മാനവും ബാധകമല്ലാത്തവൻ അതറിയുന്നു.
മാനം നിശ്ചയിച്ചത് പോലുള്ളതല്ലാത്തൊരറിവ്.
തലച്ചോറ് വേണ്ടാത്ത അറിവ്.
എന്നതറിയാത്തത് കൊണ്ടുളള പേടി തന്നെ മാനത്തിനുള്ളിലെ ജീവിതം?
എന്ത് പറയാൻ?
മാനത്തിനുള്ളിൽ കുടുങ്ങിയവൻ മാനത്തിനുള്ളിൽ കുടുങ്ങിത്തന്നെ.
അവൻ നന്മയും തിന്മയും കാണുന്നു, നിശ്ചയിക്കുന്നു.
രോഗമെന്നും ആരോഗ്യമെന്നും കാണുന്നു.
ജനനവും മരണവും കാണുന്നു.
******
കഴിക്കുമ്പോൾ ഭക്ഷണം നല്ലത്, പുണ്യം.
അതേ ഭക്ഷണം തിരിച്ചുവരുമ്പോൾ
ഛർദ്ദി. മോശം. തിന്മ.
ഇത്രയേ ഉള്ളൂ ഇത്രക്കേ ഉള്ളൂ
മാനം നിശ്ചയിക്കുന്ന നന്മ തിന്മകൾ.
ഒന്ന് മറ്റൊന്നാവാൻ ഒരു പ്രയാസവുമില്ല.
മാനം മാറി നോക്കിയാൽ ഇതൊന്നും ഇല്ലെന്നും വരും.
ചളിയാണ്.
തിന്മയെന്ന് തോന്നും.
വളമായിക്കണ്ടാൽ നന്മ.
വളർത്തുന്ന വെളിച്ചം കരിച്ചുകളയുന്ന വെളിച്ചവുമാകും.
മാനം നിശച്ചയിച്ച നന്മയും തിന്മയും.
മാനം കടന്ന് നോക്കിയാൽ നന്മ തിന്മയെന്നത് പറയാൻ സാധിക്കില്ല.
ഓരോ മാനവും കടന്ന് കടന്ന് അവസാനമില്ലാ അവസാനത്തിൽ, മാനമില്ലാ മാനത്തിൽ എത്തുമ്പോഴോ? മാനം നിശ്ചയിച്ച ഒന്നും ഒന്നുമല്ലെന്നോ?
*******
ആരും യഥാർഥത്തിൽ അറിഞ്ഞ് വിശ്വസിക്കുന്നില്ല.
ആരും യഥാർഥത്തിൽ അറിഞ്ഞ് നിഷേധിക്കുന്നില്ല.
ആർക്കും ഒന്നുമറിയില്ല.
അതിനാൽ ആകയാൽ സാധിക്കുന്നത് സമർപ്പണം മാത്രം.
ഒന്നുമറിയില്ലെന്ന് സമ്മതിച്ചുകൊണ്ടുള്ള സമർപ്പണം.
പ്രാപഞ്ചികത തന്നെയായ ദൈവത്തിനുള്ള സമർപ്പണം.
*******
ശരിയാണ്...
എന്നാലും ചിലത് പറയട്ടെ.
സർവ്വലോകത്തും കാണുന്നതും സർവ്വലോകത്തിനും ബാധകമായത് തന്നെ പാറയണമല്ലോ?
സത്യസന്ധമായ സർപ്പണം തന്നെയാണ് എല്ലാവരും ചെയ്യുന്നത്. ഒരു നിർവ്വാഹവുമില്ലാതെ. ചിലർ നിർവ്വാഹമില്ലായമയെ തിരിച്ചറിഞ്ഞ് അതൊരു തെരഞ്ഞെടുപ്പ് പോലെയാക്കുന്നു എന്ന് മാത്രം.
നിഷേധിക്കുന്നതും വിശ്വസിക്കുന്നതും എല്ലാവരേയും എത്തിക്കുന്നത് പരമമായ സമർപ്പണത്തിലേക്ക്. മറ്റൊരു തെരഞ്ഞെടുപ്പും സാധിക്കാത്ത സമർപ്പണത്തിലേക്ക്.
ആരും യഥാർഥത്തിൽ അറിഞ്ഞ് കൊണ്ട്, അറിയേണ്ടത് പോലെ അറിഞ്ഞ് കൊണ്ട്, ദൈവം ഇല്ലെന്നും ഉണ്ടെന്നും ഉറപ്പോടെ അറിഞ്ഞ്, ദൈവത്തെ നിഷേധിക്കുന്നില്ല.
ഒരാൾക്ക് പോലും സാധാരണ ഗതിയിൽ അങ്ങനെ അറിഞ്ഞു കൊണ്ട് നിഷേധിക്കാൻ തോന്നില്ല, സാധിക്കില്ല.
അല്ലെങ്കിലും, ചുരുങ്ങിയത് ഉണ്ടെന്നറിഞ്ഞു കൊണ്ട് ആരുണ്ട് ബോധപൂർവ്വം ദൈവത്തെ നിഷേധിക്കുന്നത്?
എന്തിന് ആരെങ്കിലും അങ്ങനെ ഉണ്ടെന്നറിഞ്ഞു കൊണ്ട് നിഷേധിക്കണം?
യഥാർത്ഥത്തിൽ എല്ലാവരും (എന്നുവച്ചാൽ മഹാഭൂരിപക്ഷവും) അറിയാത്തത് കൊണ്ട് തന്നെ ദൈവത്തിൽ വിശ്വസിക്കുന്നു, അവരവരനുഭവിക്കുന്ന നിസ്സഹായത വെച്ച്.
അതുപോലെ തന്നെ മഹാ മഹാഭൂരപക്ഷവും അറിയാത്തത് കൊണ്ട് മാത്രം തന്നെ ദൈവത്തെ നിഷേധിക്കുന്നു. അവരവരനുഭവിക്കുന്ന നിസ്സഹായത വെച്ച്.
എന്നുവച്ചാൽ വിശ്വാസവും നിഷേധവും ഒരുപോലെ തന്നെ. അറിയാത്തത് കൊണ്ട്, നിസ്സഹായത കൊണ്ട്. ഒരേ കാര്യം കൊണ്ട് രണ്ട് വ്യത്യസ്തമായ സമീപനം. ഇതിൽ യഥാർഥത്തിൽ സത്യസന്ധമായത് ഏതെന്നത് തർക്കിക്കപ്പെടേണ്ട കാര്യമാണ്.
എന്നിരുന്നാലും, വിശ്വസിക്കുന്നവനും നിഷേധിക്കുന്നവനും ഫലത്തിൽ ചെയ്യുന്നത് ബാക്കിവരുന്ന അവസ്ഥ ഏതാണോ അതിന് സമർപ്പിക്കുക എന്നത്. സ മർപ്പണം എന്ന് പേര് വിളിച്ചാലും ഇല്ലെങ്കിലും സംഭവിക്കുന്നത് ഒന്ന് തന്നെ.
നിഷേധമായാലും വിശ്വാസമായാലും ഫലം ഒന്ന് തന്നെ എന്നർത്ഥം.
സമർപ്പണം മാത്രം.
ഉള്ളതെന്താണോ അത് തന്നെ അംഗീകരിച്ച് സമർപ്പിച്ച് പോകുക.
ഉള്ളതെന്താണോ അതിന് സമർപ്പിച്ചു കൊണ്ട് പോകുക.
അല്ലെങ്കിലും സമർപ്പിക്കുകയല്ലാതെ വേറെന്ത് ചെയ്യും?
അതുകൊണ്ട് തന്നെയാകണം ഇസ്‌ലാം എന്ന സമർപ്പണം.
എന്താണോ സംഭവിക്കുന്നത് അത് വിധിയായിക്കണ്ട് ആ വിധിക്ക് സമർപ്പിക്കുക മാത്രം എല്ലാവർക്കും ഏക തെരഞ്ഞെടുപ്പ്. വിധിയെന്ന് വിളിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് ഇല്ലാത്ത വിധി. ഞാനും നിങ്ങളും ഇങ്ങനെയായതും മറ്റെങ്ങിനെയും ആവാതിരുന്നതും വെറും വിധി.
എൻ്റെ കാതും കണ്ണും തലച്ചോറും മാനവും ഒന്നും എൻ്റെയും നിങ്ങളുടെയും തെരഞ്ഞെടുപ്പല്ല.
മറിച്ച് പറഞാൽ വിശ്വാസികളൊന്നും യഥാർഥത്തിൽ വിശ്വസിക്കുന്നില്ല, നിഷേധികൾ ആരും യഥാർഥത്തിൽ നിഷേധിക്കുന്നില്ല.
ലഹു അസ്ലമ മൻ ഫിസ്സമാവാത്തി വൽ അർളി തൗഅൻ ഔ കർഹ
"നിർബന്ധിതമായോ സ്വമേധയോ എല്ലാവരും അവന് സമർപ്പിച്ചിരിക്കുന്നു."
എന്നു വെച്ചാൽ സമർപ്പിതരായല്ലാതെ ആർക്കും ഒന്നിനും സാധിക്കാത്ത നിർബന്ധിത അവസ്ഥ ഉണ്ടെന്ന് സാരം.
No comments:
Post a Comment