ബഹുരാഷ്ട്ര കുത്തകകൾക്കെതിരെയും വലിയ വലിയ കമ്പനികൾക്കെതിരെയുന്യും മുതലാളിമാർക്കെതിരിരെയും നാം സംസാരിക്കുന്നു, നിലകൊള്ളുന്നു.
എന്തിന്?
എത്രയോ കാലമായി, തീർത്തും യാന്ത്രികമായി, അങ്ങനെ സംസാരിക്കുകയും നിലകൊള്ളുകയും ഒരു നിർബന്ധ ബാധ്യതയാണെന്ന പോലെ, അല്ലെങ്കിൽ അങ്ങനെയൊക്കെ ധരിച്ചുവശായത് പോലെ നാം സംസാരിക്കുന്നു, നിലകൊള്ളുന്നു.
എന്തുകൊണ്ട്?
എന്ത് കണ്ടിട്ട്?
ഒന്നും കണ്ടിട്ടില്ല.
കൃത്യമായി എന്തെങ്കിലും ബോധ്യപ്പെട്ടത് കൊണ്ടുമല്ല.
ഏറെക്കുറെ നമ്മുടെ തന്നെ അസൂയയെയോ നിസ്സഹായതയെയോ അല്പമായ അറിവിനെയോ പൂർണമായ അറിവില്ലായ്മയേയോ മാത്രം ആയുധമാക്കിക്കൊണ്ട്, മറയാക്കിക്കൊണ്ട്.
യഥാർഥത്തിൽ വലിയ ലോകത്ത്, വലിയ വലിയ കാര്യങ്ങൾ, ഒരു വലിയ സമൂഹത്തിന് മുഴുവൻ വേണ്ടി ചെയ്യാനും വിതരണം ചെയ്യാനും എത്തിക്കാനും വലിയ വലിയ കമ്പനികൾ തന്നെ വേണ്ടേ?
പ്രത്യേകിച്ചും ഈ വലിയ ലോകം മുഴുവൻ ഒന്നായിത്തീർന്ന ഈ ലോകത്ത്, ഇക്കാലത്ത്.
യഥാർഥത്തിൽ ബഹുരാഷ്ട്ര കുത്തകകളും വലിയ വലിയ കമ്പനികളും മുതലാളിമാരും സർവ്വലോകത്തിനും വേണ്ട ചട്ടുകങ്ങളും ഉപകരണങ്ങളും മാത്രമായി പണിയെടുക്കുകയാണ്.
തനിക്കും തനിക്കും വേണ്ടി എന്ന് ഓരോ വലിയ മുതലാളിയും മാനേജരും ചിന്തിച്ച് സർവ്വലോകത്തിനും വേണ്ടത് ചെയ്യുകയും നൽകുകയും മാത്രമാണവർ.
നമ്മുടെ അസൂയയും അറിവില്ലായ്മയും പേടിയും നിസ്സഹായതയും തന്നെയായ, അത്തരം നമ്മുടെ അസൂയയും അറിവില്ലായ്മയും പേടിയും നിസ്സഹായതയും തന്നെ ഉണ്ടാക്കുന്ന, വെറും പുകമറ മാത്രമായ നമ്മുടെ ആദർശം മാറ്റിവെച്ച് നാമൊന്നു ചിന്തിച്ചുനോക്കുക.
സർവ്വലോകത്തെയും കണ്ട് ചിന്തിച്ചുനോക്കുക. മുഴുത്വത്തിൽ നിന്ന്, ഉപരിലോകത്തിൽ നിന്ന് ചിന്തിച്ചുനോക്കുക.
ആരും ഒന്നും കൊണ്ട് വന്നിട്ടില്ലാത്ത, ആരും ഒന്നും കൊണ്ടുപോകാത്ത ഈ ലോകത്ത് എല്ലാവരും എല്ലാവർക്കും വേണ്ടി തന്നെ എല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്.
തനിക്കും തനിക്കും വേണ്ടിയെന്ന ഒരു മരീചികബോധം ശരിയാണെന്ന് തന്നെ ധരിച്ച് എല്ലാവരും എല്ലാവർക്കും വേണ്ടി തന്നെ എല്ലാം ചെയ്ത് മുന്നോട്ട് പോവുകയാണ്.
മുഴുത്വമെന്ന ദൈവത്തിൻ്റെ ഹയർ മാനേജ്മെൻ്റ് അങ്ങനെയാണ്. തനിക്കും തനിക്കും വേണ്ടി എന്ന് ഓരോരുത്തരെക്കൊണ്ടും ചിന്തിപ്പിച്ചുകൊണ്ട് സർവ്വതിനും വേണ്ടത്, സർവ്വർക്കും വേണ്ടത് ചെയ്യിപ്പിക്കുക.
No comments:
Post a Comment