അതിജീവിക്കുക,
അതിജീവനത്തെ ആവുന്നത്ര
ആഘോഷമാക്കുക.
ഇതിനപ്പുറം എന്ത് ജീവിതം?
ഇതിനപ്പറം എന്തർത്ഥം
ആര് കണ്ടു, ആര് നൽകി
ജീവിതത്തിന്?
ബാക്കിയെല്ലാം സാങ്കൽപ്പികം.
നമുക്ക് ബോധ്യപ്പെടാത്തത്,
നമുക്ക് ബാധകമാവാത്തത്.
ബാക്കിയെല്ലാം
പ്രാപഞ്ചികത എന്ന ദൈവം
ദൈവത്തിന് കണ്ട അർത്ഥം.
******
വിശപ്പ് മാറ്റാനും വീട് വെക്കാനും കുട്ടികളെ വളർത്താനും വേണ്ടി പഠിച്ച് ജോലി ചെയ്യുന്നത്രയൊന്നും ആത്മാർഥതയോടെ ആരും ദൈവത്തെയും സത്യത്തെയും അന്വേഷിച്ച് നടക്കുന്നില്ല.
ദൈവവും സത്യവും ഓരോരുത്തനും ഏറെക്കുറെ ജനിച്ചപ്പോൾ മാതാപിതാക്കളിൽ നിന്ന് പറഞ്ഞ് കേട്ടതും വീണുകിട്ടിയതും പോലെ തന്നെ. അക്കാര്യത്തിൽ അന്ധതയും അനുകരണവും പ്രധാന വഴി.
******
'ഖബറിൽ ഒറ്റയ്ക്ക് കിടക്കേണ്ടേ ദൈവമേ!'
മരിച്ചാലും താൻ ബാക്കിയുണ്ടെന്നും ഒറ്റക്കാവുമെന്നും കരുതുന്നവന്‍
പേടിച്ച് പറയുന്നു.
അല്ലെങ്കിൽ തന്നെ ഒറ്റയായ, ഒറ്റക്കായ ദൈവം എന്ത് പറയാൻ?
******
വിശ്വാസികളായ ഓരോരുവനെയും നോക്കുക.
അവർ ആകെമൊത്തം പേടിയിലാണ്.
ദൈവത്തെ പേടിക്കുന്നു. നരകത്തെ പേടിക്കുന്നു.
എത്ര പ്രാർത്ഥിച്ചാലും ആ പ്രാർത്ഥനയും ദൈവം കേൾക്കുമോ സ്വീകരിക്കുമോ എന്ന് പേടിക്കുന്നു.
പേടി മാത്രം കൊണ്ടു നടക്കുന്നവർ പേടി മാത്രം പരത്തുന്നു.
കുട്ടികളിൽ വരെ.
പേടിയാണ് അവരുടെ വിശ്വാസം.
No comments:
Post a Comment