കേരളത്തേക്കാൾ ഉയർന്ന ബോധനിലവാരം ഉത്തരേന്ത്യക്കില്ലേ?
അതുകൊണ്ടല്ലേ 1977ൽ ഉത്തരേന്ത്യ ഇന്ദിരയെന്ന ഫാസിസ്റ്റ്നെ വോട്ട് ചെയ്ത് പുറത്താക്കിയത്?
കേട്ടാൽ ശരിയല്ലേ ഈ ചോദ്യവും ഈ ചോദ്യം ധ്വനിപ്പിക്കുന്ന ഉത്തരവും എന്ന് ഒരുമാത്ര തോന്നിപ്പോകും.
എന്നല്ല പലർക്കും എപ്പോഴും ഇപ്പോഴും അങ്ങനെയൊരു തോന്നലും വാദവും ഉണ്ട്.
ഉത്തരേന്ത്യൻ ജനതക്ക് ഫാസിസം ജനാധിപത്യം എന്ന വാക്കുകളും അവയുടെ അർത്ഥവും മനസ്സിലാക്കാനുള്ള നിലവാരവും വകതിരിവും അന്നും ഇന്നും ഇല്ല.
ഏകദേശം അമ്പത് വർഷങ്ങൾക്ക് മുൻപ്, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തിലുള്ള ഉത്തരേന്ത്യൻ ജനതക്ക് തീരെ ഇല്ലായിരുന്നു.
ഇന്നത്തെ ഉത്തരേന്ത്യൻ ജനതയുടെ ബോധനിലവാരം വെച്ച് തന്നെ അളന്നും തുലനം ചെയ്തും ഇത് മനസ്സിലാക്കാവുന്നതാണ്.
എങ്കിൽ അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരയെ പുറത്താക്കാൻ വോട്ട് തിരിച്ചുകുത്തിയത് ഇതേ ഉത്തരേന്ത്യൻ ജനതയല്ലേ എന്ന ചോദ്യം നമ്മെ ഞെട്ടിക്കും.
ഈ മേൽചോദ്യത്തിന് ഉത്തരം പറയേണ്ടത് അതേ, ആണ് എന്നല്ല.
പകരം ഉത്തരം പറയേണ്ടത് അല്ല എന്ന് തന്നെയാണ്.
തീർച്ചയായും അല്ല എന്ന്.
അഥവാ ഉത്തരേന്ത്യ ഇന്ദിരക്കെതിരെ വോട്ട് തിരിച്ചുകുത്തിയില്ല എന്നത് തന്നെയാണ്.
അതിനുമാത്രം, അങ്ങനെ വോട്ട് തിരിച്ചുകുത്താൻ മാത്രം സ്വാതന്ത്ര്യവും ബോധവും ബോധനിലവാരവും ഉത്തരേന്ത്യൻ ജനങ്ങൾക്ക് അന്നും ഇന്നുമില്ല.
ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ധൈര്യവും അത്തരത്തിലുള്ള ഒന്നും മനസ്സിലാവാത്ത, ബോധവും ബോധനിലവാരവും ഇല്ലാത്ത ഉത്തരേന്ത്യൻ ജനതയാണ്.
ജനാധിപത്യത്തിന് ഒട്ടും പാകമാകാത്ത ഉത്തരേന്ത്യൻ ജനത. കുൽസിത രാഷ്ട്രീയ നേതൃത്വത്തിന് കുരങ്ങ് കളിപ്പിക്കാൻ പറ്റിയ ജനത. ഉത്തരേന്ത്യൻ ജനത.
ഇന്ന് കാണുന്ന ഉത്തരേന്ത്യൻ ജനതയെ കണ്ടിട്ട് ആർക്കെങ്കിലും തോന്നുന്നുണ്ടോ ഏകദേശം അമ്പത് വർഷങ്ങൾ മുൻപുള്ള ഉത്തരേന്ത്യൻ ജനത ബോധപൂർവ്വം നടത്തിയ പരിപാടിയായിരുന്നു ഇന്ദിരാഗാന്ധിയെ, ഫാസിസ്റ്റ് എന്ന് മനസ്സിലാക്കി അടിയന്തരാവസ്ഥക്ക് ശേഷം പുറത്താക്കുംവിധം വോട്ട് ചെയ്തതെന്ന്.
അടിയന്തരാവസ്ഥയിൽ കാര്യമായും ബുദ്ധിമുട്ടിയത് സാധാരണ ജനങ്ങൾ ആയിരുന്നില്ല.
സാധാരണ ജനങ്ങൾക്ക് അടിയന്തരാവസ്ഥയിൽ ഏറെ ഗുണങ്ങളും സുരക്ഷയും സംരക്ഷണവും ആയിരുന്നു കിട്ടിയത്.
അളവും തൂക്കവും വരെ ആദ്യമായി കൃത്യമായി നടപ്പാക്കിയതും, കടകളിൽ ആദ്യമായി വിലവിവരപ്പട്ടിക വന്നതും അടിയന്തരാവസ്ഥക്കാലത്തായിരുന്നു.
അതുകൊണ്ടാണ് മുഴുവൻ ജനങ്ങളും ബോധപൂർവ്വം വോട്ട് ചെയ്യുന്ന ഏക സംസ്ഥാനമായ കേരളത്തിൽ കോൺഗ്രസ്സ് തൂത്തുവാരിയത്.
കേരളം കഴിഞ്ഞാൽ ഏറെക്കുറെ ബോധപൂർവ്വം വോട്ട് ചെയ്യുന്ന ദക്ഷിണ ഇന്ത്യ മൊത്തമായും ഏറെക്കുറെ കോൺഗ്രസിനൊപ്പം തന്നെ ശക്തമായി നിലനിന്നു അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ. എന്തുകൊണ്ട്? അടിയന്തരാവസ്ഥ ജങ്ങളെയോ ജന ജീവിതത്തെയോ വിപരീതമായി ബാധിച്ചിരുന്നില്ല.
പിന്നെ എന്തുകൊണ്ട് ഉത്തരേന്ത്യ അടിയന്തരാവസ്ഥയിൽ വോട്ട് തിരിച്ചുകുത്തിയെന്നും ഇന്ദിര അങ്ങനെ അധികാരത്തിൽ നിന്നും പുറത്തായെന്നും വന്നു?
ഈ ചോദ്യം പ്രത്യക്ഷത്തിൽ വല്ലാത്തൊരു ചോദ്യമാണ്.
ഉത്തരേന്ത്യയിലെ അന്നും ഇന്നും നടമാടുന്ന അടിസ്ഥാന നഗ്നയാഥാർത്ഥ്യം മനസ്സിലാവാത്തവർ സംഗതി ശരിയാണല്ലോ എന്ന് കരുതിപ്പോകും ഇത്തരമൊരു ചോദ്യം കേട്ടാൽ.
ഈ കുറിപ്പിന് ആധാരമായ മുൻപോസ്റ്റ് ( ഉത്തരേന്ത്യൻ ജനങ്ങൾക്കെന്ത് ജനാധിപത്യം? ഭൂരിപക്ഷം ഇന്ത്യയും ജനാധിപത്യത്തിലെത്താൻ ഇനിയും നൂറ്റാണ്ടുകളെടുക്കും. നിലവിൽ ജനാധിപത്യമെന്ന പേര് മതി. വെറുപ്പും വിഭജനവും വിദ്വേഷവും വെച്ച് ജനങ്ങളെ പറ്റിക്കാം. ജനാധിപത്യം ശവമാകുന്നതൊന്നും വിഷയമല്ല. ശവംതീനികൾ മാത്രമായ ഭരണകൂട പാർട്ടികൾക്കും ജനാധിപത്യം ശവമാകുന്നത് തന്നെയാണ് പഥ്യം.) ഇട്ടപ്പോൾ തന്നെ ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നു.
പക്ഷേ അത്തരമൊരു ചോദ്യം ഉയർത്തുന്നത് എല്ലാം മനസ്സിലാവുന്ന ആളുകൾ ആയിരിക്കുമെന്ന് തീരെ വിചാരിച്ചില്ല.
അതും യഥാർത്ഥ ഫാസിസം ഇവിടെ നടപ്പാകുന്ന, നടപ്പാക്കുന്ന ഈ ഘട്ടത്തിൽ അതിന് വഴിയിരുക്കുന്ന, അതേ ഒന്നും മനസ്സിലാവാത്ത, ഇന്നും അന്ധവിശ്വാസങ്ങളിൽ കുടുങ്ങി അടിമകളെ പോലെ ജീവിക്കുന്ന ഉത്തരേന്ത്യയെയും അവിടത്തെ ജനങ്ങളെയും നേരിട്ട് കാണുന്നവർ, അതേ ഉത്തരേന്ത്യയെ ബോധനിലവാരത്തിൻ്റെ യഥാർത്ഥ സൂചികയായി ഉയർത്തിക്കാണിച്ച് കൊണ്ട് ചോദിക്കുമ്പോൾ.
ഉത്തരേന്ത്യയിൽ കാര്യമായും ജനങ്ങൾ വോട്ട് ചെയ്യാറില്ല. അന്നും ഇന്നും എന്നും.
അമ്പത് വർഷങ്ങൾക്ക് മുൻപുള്ള അന്ന് തീരെയും ഇല്ല.
ജനങ്ങളുടെ പേരിൽ ഗുണ്ടകളും ഭൂജന്മികളും ഒക്കെ വന്ന് വോട്ട് ചെയ്യുകയാണ് ഉത്തരേന്ത്യയിൽ പതിവ്. അമ്പത് വർഷങ്ങൾക്ക് മുൻപുള്ള അക്കാലത്ത് പൂർണമായും, ഇക്കാലത്ത് ഏറെക്കുറെയും.
ഈ ഗുണ്ടകളും ഭൂജൻമികളും സാധാരണഗതിയിൽ ഏറെക്കുറെ അതാത് കാലത്തെ ഭരണപക്ഷത്തോടൊപ്പം നിൽക്കുന്നവരാണ്, ആയിരുന്നു. അതാത് കാലത്തെ അധികാരത്തിൻ്റെ ഓരംപറ്റി സുഖവും സംരക്ഷണവും നേടിക്കൊണ്ട്.
അടിയന്തരാവസ്ഥയിൽ പക്ഷേ ഏറെ ബുദ്ധിമുട്ടിയത് ഈ വിഭാഗങ്ങളാണ്. ഇവർക്കുള്ള സുഖവും സംരക്ഷണവും ആണ് അടിയന്തരാവസ്ഥയിൽ കാര്യമായും നഷ്ടമായത്. ഒപ്പം കുറച്ച് എതിർപാർട്ടി നേതാക്കളുടെയും.
അതിനാൽ തന്നെ വോട്ട് ആർക്ക് ചെയ്യണം, ആര് നാട് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ഗുണ്ടകളും ഭൂജന്മികളും അവരെ വിപരീതമായി ബാധിച്ച ഇന്ദിരക്കെതിരെ മൊത്തം ജനങ്ങളുടെയും വോട്ട് തിരിച്ചുകുത്തി.
അത്ര മാത്രം.
ഗുണ്ടകളും ഭൂജന്മികളും അവരെ വിപരീതമായി ബാധിച്ച ഇന്ദിരക്കെതിരെ തിരിച്ചുകുത്തിയപ്പോൾ അത് ഉത്തരേന്ത്യ, അഥവാ അവിടത്തെ ജനങ്ങൾ ഇന്ദിരക്കെതിരെ ബോധപൂർവ്വം വോട്ട് തിരിച്ചുകുത്തിയത് പോലെയായി.
ഇവിടെയുള്ള അഭ്യസ്തവിദ്യർ വരെ ഇപ്പോഴും അതങ്ങനെ തന്നെ വലിയൊരു ന്യായവും തെളിവും പോലെ ധരിക്കുന്നു എന്നത് ശരിക്കും അൽഭുതപ്പെടുത്തുന്നു..
ഇന്നത്തെ ഉത്തരേന്ത്യയുടെയും അവിടത്തെ ഗ്രാമാന്തരങ്ങളിലെ ജനങ്ങളുടെയും അവസ്ഥയും വിവരവും ബോധനിലവാരവും കണ്ടാൽ പോലും ഇക്കാര്യം എളുപ്പം മനസ്സിലാവും.
എന്നിരിക്കെ, ഏകദേശം അമ്പത് കൊല്ലങ്ങൾക്ക് മുൻപുള്ള ഉത്തരേന്ത്യയുടെയും അക്കാലത്തെ ഉത്തരേന്ത്യൻ ജനങ്ങളുടെയും കാര്യത്തിൽ എന്തെങ്കിലും പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ?
*******
വിഭജനവും വെറുപ്പും വിദ്വേഷവും മാത്രം ആയുധമാക്കി ഭരണം നേടുന്ന, ഭരണം നിലനിർത്തി ഈ ഇന്ത്യയിൽ, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ എന്തിനാണ് വിഭജനം എന്ന് ചിലർ ചോദിക്കുമ്പോൾ അത് നിലവിലെ ഭരണകൂട പാർട്ടിയെയും അവരുടെ രാഷ്ട്രീയത്തെയും എങ്ങിനെയെങ്കിലും സംരക്ഷിക്കാനും ന്യായീകരിക്കാനും മാത്രം അവസരവാദം പോലെ, വിഷം ചോക്ലേറ്റ് പൊതിയിൽ വെച്ച് കൊടുക്കുന്നത് പോലെയല്ലെ എന്നൊരു സംശയം.
ഇന്നും നിരക്ഷരത കൊണ്ടും അന്ധവിശ്വാസം കൊണ്ടും ദാരിദ്ര്യം കൊണ്ടും ജാതി മത വെറി കൊണ്ടും പൊറുതിമുട്ടുന്നു ഈ പറഞ്ഞ ഉത്തരേന്ത്യ.
ശൗചാലയം, ഗ്യാസ്, കറൻ്റ് കണക്ഷൻ ഒക്കെ ഇന്നും അവിടെ എന്തോ വലിയ പുതിയ സംഭവങ്ങളാണ്. നല്ല ആശുപത്രി, അതും പാവങ്ങൾക്ക് എന്തോ വലിയ സ്വപ്നമാണ്.
എങ്കിൽ, ഇപ്പോഴും ഇങ്ങനെയാണ് ഉത്തരേന്ത്യയെങ്കിൽ, അമ്പത് വർഷങ്ങൾക്ക് മുൻപ് എന്തായിരിക്കും എങ്ങനെയിരിക്കും ഈ ഉത്തരേന്ത്യ?.
പശുവും മുസ്ലിം വിദ്വേഷവും ജാതി ബോധവും മാത്രം മതി അവിടത്തെ ഗുണ്ടകളും ഭൂജന്മികളും വോട്ട് മറിക്കാൻ.
ഗ്രാമീണ സൗന്ദര്യം മാത്രമല്ല രാഷ്ട്രീയ സാക്ഷരതയും വിദ്യാഭ്യാസ സാക്ഷരതയും ദാരിദ്ര്യമില്ലായ്മയും.
*******
മതവെറിയും ജാതിവിഭജനവും ആൾക്കൂട്ട കൊലപാതകങ്ങളും ദക്ഷിണേന്ത്യയിൽ പേരിന് മാത്രം, പ്രത്യേകിച്ചും കേരളത്തിൽ പേരിന് മാത്രം.
ഉത്തരേന്ത്യയിൽ അവ പൊതുവിൽ...
കേരളമാണല്ലോ കാര്യമായും നമ്മുടെ വിഷയം?
പേരിനുള്ളതിനെ പൊതുവാക്കിയും പൊതുവിലുള്ളതിനെ പേരിനാക്കിയും അവതരിപ്പിക്കുന്ന രീതി വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
********
ഇത് പച്ചയായ കണ്ണു കൊണ്ട് കണ്ടും, കാത് കൊണ്ട് കേട്ടും ജീവിതം കൊണ്ട് അനുഭവിച്ചും എളുപ്പം പറയാനാകും.
മറ്റ് ഒളിഞ്ഞ താൽപര്യങ്ങൾ നമ്മെ അന്ധരാക്കുന്നില്ലെങ്കിൽ.
മനസ്സാക്ഷിയെ വിറ്റിട്ടില്ലെങ്കിൽ ഇത് കാണും കേൾക്കും, അറിയും, അനുഭവിക്കും.
രാജ്യക്ഷേമവും സ്നേഹവും തന്നെയാണ് ഉള്ളിൻ്റെയുള്ളിൽ മുഖ്യഅജണ്ടയെങ്കിൽ...