നന്മയെ negativity കൊണ്ട് നേരിട്ടാൽ നന്മ തിന്മയായി മാറും.
നേരേ മറിച്ച് തിന്മയെ positivity കൊണ്ട് നേരിട്ടാൽ തിന്മ നന്മയായും മാറും.
പാലിനെ പുളിയോ ഉപ്പോ കൊണ്ട് നേരിട്ടാൽ ആ പാൽ ചുരുങ്ങിയത് പാൽ അല്ലാതായി മാറുന്നത് പോലെ.
അത്രയേ ഉള്ളൂ നന്മതിന്മകളുടെ കാര്യം.
തിരിച്ചും മറിച്ചും മാറി വരും. പൂവ് ചളിയാവും, ചളി പൂവാവും.
നാം അകപ്പെട്ട ഫ്രെയിമിൽ നിന്ന് നമ്മൾ പുറത്ത് വന്ന് നോക്കിയാൽ നാം തെറ്റെന്ന് വിചാരിച്ച പലതും ശരിയാവും, ശരിയെന്ന് വിചാരിച്ച പലതും തെറ്റുമാവും.
പരിഹാരമെന്ന് കരുതി എടുക്കുന്ന ചില നിലപാടുകൾ പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ ഉണ്ടാക്കും.
അല്ലെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ പരിഹാരം അപ്രത്യക്ഷമാകണം.
പ്രശ്നം പരിഹരിക്കപ്പെട്ടതിന് ശേഷവും ബാക്കിയായി നിൽക്കുന്ന പരിഹാരമാണ് യഥാർഥത്തിൽ വലിയ പ്രശ്നം.
അങ്ങനെ സന്ദർഭവും സാഹചര്യവും തെറ്റി ബാക്കിയായി നിന്ന പരിഹാരമാണ് വലിയ പ്രശ്നങ്ങളായി, തീവ്രവാദവും അസഹിഷ്ണുതയും ഒക്കെയായി മാറിയ വിശ്വാസങ്ങളും മതങ്ങളും
പരിഹാരം സ്വയം പ്രശ്നങ്ങളായി മാറും.
നിന്നിടം കുഴിച്ച് സ്വയം കുഴിയിലാവും.
നിന്നിടം വല നെയ്ത് സ്വയം വലയിൽ കുരുങ്ങും.
അങ്ങനെ വരുമ്പോൾ, നാം സ്വയം ചെയ്തതാണെന്ന് നാം സ്വയം അറിയാതിരിക്കുമ്പോൾ, അല്ലെങ്കിൽ സ്വയമത് നാം അംഗീകരിക്കാതിരിക്കുമ്പോൾ, ആരൊക്കെയോ കുഴിയുണ്ടാക്കി നമ്മെയതിൽ തള്ളിയതാണെന്ന് സ്വയം (ആശ്വസിപ്പിക്കാൻ) നമുക്ക് തോന്നും, നാം അങ്ങനെ ആരോപിക്കും. നാം ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ അഭിരമിക്കും
അത്തരം തോന്നലുകൾ സ്വയംരക്ഷക്ക് വേണ്ടി, ന്യായീകരണമായി നമ്മുടെ മനസ്സ് തന്നെ ഉണ്ടാക്കും.
ആരൊക്കെയോ കൂടി വലയുണ്ടാക്കി നമ്മെയതിൽ കുരുക്കിയതാണെന്നും ഇതുപോലെ തന്നെ തോന്നും, സ്വയം ആരോപിക്കും.
വിഷയം പരിഹരിക്കുകയാണല്ലോ മുഖ്യം?
സമാധാനം കൊണ്ടുവരികയുമാണല്ലോ മുഖ്യം.
നമ്മൾ നമ്മുടെ തന്നെ തടവറയിലാകുന്നത് കൊണ്ട് യഥാർത്ഥ പ്രശ്നം മനസ്സിലാവില്ല.
നമ്മളാണ് നമ്മുടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും മനസ്സിലാവില്ല.
അത് കൊണ്ടാണ്, ചിലപ്പോൾ നമ്മിലേക്ക് ചൂണ്ടി അങ്ങനെ ചില കാര്യങ്ങൾ പലർക്കും പറയേണ്ടി വരുന്നത്.
No comments:
Post a Comment