Wednesday, February 21, 2024

മൂക്കാതെ പഴുക്കാതെ കൊഴിഞ്ഞുപോകുന്ന തളിരിലകളോ?

മരണം തരുന്ന വീട്: 

ഞാൻ നീ എന്ന ബോധമില്ലാത്ത നിത്യത എന്ന സർവ്വവുമായ വീട്.

********

മൂത്ത് പഴുത്തുണങ്ങി കൊഴിയുന്ന ഇലകൾ. 

ചുവന്നുതുടുത്ത അസ്തമയ സൂര്യന്മാർ തന്നെ. 

എന്ത് പറയാൻ? 

ഉയരാനും താഴാനും ഇനിയും ആകാശമില്ലാതെ.

നിർവ്വഹവുമില്ലാതെ വെറുമൊരനിവാര്യതയായി അസ്തമിക്കുക തന്നെ. 

പക്ഷേ, മൂക്കാതെ പഴുക്കാതെ  കൊഴിഞ്ഞുപോകുന്ന തളിരിലകളോ? 

ഉയരാനിനിയും ആകാശങ്ങൾ കുറേ ബാക്കിയിരിക്കെ, തുടക്കത്തിൽ തന്നെ, അല്ലേൽ എവിടെയോ വഴിക്ക് വെച്ച് അസ്തമിക്കുന്ന സൂര്യൻമാർ വേദനിപ്പിക്കും. 

ബാക്കിയാവുന്ന, ഒഴിഞ്ഞുകിടക്കുന്ന ആകാശങ്ങൾ ആരുടെയും വേദന മാത്രം. പേടി മാത്രം.

*******

പ്രത്യേകിച്ച് ഒരർത്ഥം ആരും ജീവിതത്തിന് കണ്ടില്ല, അറിഞ്ഞില്ല. 

എന്നിട്ടും മരണത്തെ ഭയക്കുന്നു. 

മരിക്കാൻ മടിക്കുന്നു. 

ഞാനും നീയും ഇല്ലാതായിപ്പോകുന്നതിനെ ഉൾകൊള്ളാൻ സാധിക്കുന്നില്ല. 

ഞാനും നീയും ഉണ്ട്, ഉണ്ടാവണം, എപ്പോഴുമെപ്പോഴും ഉണ്ടാവും എന്ന് തന്നെ കരുതിപ്പോകുന്നു. 

സ്വന്തം മക്കൾ തനിക്ക് മുൻപേ മരിച്ചില്ലാതാവുമ്പോൾ,

സ്വന്തം മക്കൾ രോഗം മൂലം വേദനിക്കുമ്പോൾ, 

അങ്ങേയറ്റം വേദനിച്ചുപോകുന്നു. 

എന്തിനെന്നോ എന്തുകൊണ്ടെന്നോ ഇല്ലാതെ.

No comments: