Tuesday, February 6, 2024

പ്രാർത്ഥിക്കാൻ ഒരു നൂറായിരം ആളുകൾ. പക്ഷേ, പ്രവർത്തിക്കാനോ?

പ്രാർത്ഥിക്കാൻ ഒരു നൂറായിരം ആളുകൾ.

നിങ്ങൾക്ക് ജനങ്ങൾ പ്രയാസമെന്നും രോഗമെന്നും വിചാരിക്കുന്നത് സംഭവിച്ചാൽ പ്രാർത്ഥിക്കാൻ ഒരു നൂറായിരം ആളുകൾ.

എന്നാൽ പ്രവൃത്തിക്കാനോ?

*******

പ്രത്യേകിച്ചും പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയാൻ ഒരു നൂറായിരം ആളുകൾ.

പക്ഷേ പ്രവൃത്തിക്കാനോ?

*******

യഥാർത്ഥത്തിൽ സാധിക്കുന്നത് പോലും ചെയ്യാൻ എത്ര ആളുകളുണ്ട്?

വളരേ വളരേ കുറവ്.

*******

വളരെ ലളിതമായി സാധിക്കുന്നത് പോലും ചെയ്യാതിരിക്കാൻ പ്രാർത്ഥന, പ്രാർത്ഥിക്കുന്നുണ്ട് എന്ന പുറംപൂച്ച് പറച്ചിൽ.

എന്നാലോ, ഇപ്പറഞ്ഞവിധം പ്രാർത്ഥിക്കുമോ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞവരൊക്കെയും? 

********

യഥാർഥത്തിൽ  പ്രാർത്ഥിക്കുന്നുണ്ടോ, പ്രാർത്ഥിക്കുമോ ആരെങ്കിലും? 

പ്രാർത്ഥിക്കുന്നുവൻ പ്രവൃത്തിക്കും. 

പ്രവൃത്തിക്കുന്നവൻ പ്രാർത്ഥിക്കും. 

സാധിക്കുന്നത് ചെയ്യുന്ന പ്രവൃത്തിയിൽ തന്നെയാണ് പ്രാർത്ഥന.

സത്യസന്ധതയിലും ആത്മാർഥതയിലും അതുണ്ടാക്കുന്ന ശ്രമങ്ങളിലും തന്നെയാണ് പ്രാർത്ഥന. 

യഥാർഥത്തിൽ പ്രയത്നിക്കുന്നവനും പ്രയത്നം തന്നെ പ്രാർത്ഥനയാക്കുന്നവനും പ്രാർത്ഥിക്കുന്നുണ്ടെന്ന് പേർത്തും പേർത്തും എടുത്തുപറയേണ്ടി വരില്ല 

*******

അറിയില്ല.

പിന്നെന്താണ് പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയാൻ ഒരു നൂറായിരം ആളുകൾ? 

ആത്മാർഥതയും സത്യസന്ധതയും തൊട്ടുതീണ്ടാത്ത കപടൻമാർക്ക് പ്രാർത്ഥിക്കുക എളുപ്പമാണോ, അതല്ലേൽ പ്രാർത്ഥിക്കുന്നുവെന്ന് പറയുക എളുപ്പമാണോ?

സാധിക്കുന്നത് പ്രവർത്തിക്കാതിരിക്കാനുള്ള ന്യായവും മറയുമാണോ പ്രാർത്ഥന, അഥവാ പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുക?

സാധിക്കുന്നത് പ്രവൃത്തിക്കുന്നതിക്കാൾ, അല്ലെങ്കിൽ സാധിക്കുന്നത് പ്രവൃത്തിക്കാതിരിക്കാൻ എത്രയോ എളുപ്പമാണ് പ്രാർത്ഥന പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുക എന്നത് കൊണ്ടാണോ?

പ്രവൃത്തിക്കാൻ മാത്രം സത്യസന്ധതയും ആത്മാർത്ഥതയും അവർക്കില്ല എന്നത് കൊണ്ടാണോ പുറംപൂച്ച് പോലെ പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയേണ്ടിവരുന്നത്, പറഞ്ഞുപോകുന്നത്?

പ്രാർത്ഥിക്കുന്നുണ്ടോ ഇല്ലേ എന്നത് ആർക്കും മനസ്സിലാവില്ല, ആർക്കും മനസ്സിലാവുന്ന കാര്യമല്ല എന്നത് കൊണ്ട് എളുപ്പം പ്രാർത്ഥിക്കുന്നുണ്ടെന്ന് പുറംപൂച്ച് പറയാം എന്നത് കൊണ്ടാണോ?

താനായി ഒന്നും ഒരു ഭാരവും ഏറ്റെടുക്കുന്നില്ല, ചെയ്യുന്നില്ല, 

എന്തെങ്കിലും ഏറ്റെടുക്കാനും ചെയ്യാനും താൻ തയ്യാറല്ല, 

എന്തെങ്കിലും ഏറ്റെടുക്കാനും ചെയ്യാനും മാത്രം സത്യസന്ധതയും ആത്മാർത്ഥതയും തനിക്കില്ല, 

അതിനാൽ എല്ലാറ്റിനും ഉത്തരവാദിയായ ദൈവം തന്നെ വേണമെങ്കിൽ എന്തെങ്കിലും ചെയ്യട്ടെ എന്നതാണോ പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുന്നവരുടെ ന്യായം? 

******

പ്രവൃത്തിക്കാൻ യഥാർഥത്തിൽ പ്രവർത്തിക്കുക തന്നെ വേണം, 

പ്രവൃത്തിക്ക് വെറും വാക്കുകൾ പോര. 

പ്രവൃത്തിക്കുന്നില്ലെങ്കിൽ എല്ലാവർക്കും മനസ്സിലാവും.  

എന്നതിനാൽ, 

എന്നതൊഴിവാക്കാൻ കപടന്മാരായ മഹാഭൂരിപക്ഷവും പ്രാർത്ഥിക്കുന്നുണ്ടെന്ന് പുറംപൂച്ച് പറയും.

No comments: