പ്രാപഞ്ചികത വല്ലാതെ വലുതും മഹാവിസ്മയവും തന്നെ.
ഭൂമിയും നമ്മളും വളരേ നിസ്സാരരും ചെറുതും തന്നെ.
ഇതൊക്കെ ഏതൊരുത്തനും ബോധ്യപ്പെടുന്നുണ്ട്.
പക്ഷേ ആ ബോധ്യത കൊണ്ടൊന്നും സ്വന്തം വേദനയും വിഷമവും ചോദ്യവും ഇല്ലാതാവില്ല, നിസ്സരമാവില്ല.
എല്ലാവർക്കും അവനവൻ്റെ വേദനയും വിഷമവും ചോദ്യവും തന്നെ ഏറ്റവും വലുത്.
എല്ലാവരും അവനവൻ്റെ ഉള്ളിൽ കുരുങ്ങിക്കിടക്കുന്നു.
*******
വേറൊരാളുടെ നാവിൽ വെക്കുന്ന പഞ്ചസാരക്ക് നമ്മുടെ നാവിലനുഭവിക്കുന്ന മധുരമാണോ എന്ന് പോലും അറിയില്ല.
എന്നിരിക്കെയാണോ അങ്ങെവിടെയോ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ബുദ്ധനേയും മുഹമ്മദിനെയും യേശുവിനേയും കൃഷ്ണനെയും അവരുടെ ചിന്തകളെയും ഇങ്ങ് ദൂരേനിന്ന് മനസ്സിലാക്കണമെന്നും പിന്തുടരണമെന്നും നിർബന്ധിക്കുന്നത്?
*******
അല്ലെങ്കിലും ഏതോ ഭാഷയിലും ഗ്രന്ഥത്തിലും സ്ഥലത്തിലും വ്യക്തിയിലും കാലത്തിലും മാത്രമായി ചുരുങ്ങുന്നവനോ ദൈവം?
അങ്ങനെ ഏതെങ്കിലും ഏതോ പ്രത്യേക ഭാഷയിലും ഗ്രന്ഥത്തിലും സ്ഥലത്തിലും വ്യക്തിയിലും കാലത്തിലും പിറകോട്ട് വന്ന് കൊണ്ടുതന്നെ തന്നെ വന്നുകണ്ട് താനെന്ന ദൈവത്തെ മനസ്സിലാക്കണമെന്ന് വാശിപിടിക്കുന്ന ദൈവമോ?
********
പഞ്ചസാരയും അതിൻ്റെ മധുരവും ഒരുപമ മാത്രം.
അടുത്തിരിക്കുന്നവൻ അറിയുന്ന മധുരം മറ്റേയാൾ, സ്വന്തം ഭാര്യയും മക്കളും കാമുകിയും ആയിരുന്നാലും, അറിയാത്തത്ര ദൂരം എല്ലാവർക്കുമിടയിൽ ഉണ്ട്.
എന്നിരിക്കെ എന്നോ ആരോ പറഞ്ഞുവെന്ന് പറഞ്ഞും പ്രചരിപ്പിച്ചും വിശ്വസിപ്പിച്ചും ആളുകളെ അതിൻ്റെ പേരിൽ കൂട്ടിയും സംഘടിപ്പിച്ചും നടക്കുന്ന മതങ്ങളുടെയും മാതവിശ്വാസികളുടെയും ഒരു കാര്യം....
*******
ജനിക്കും മുന്‍പ് നീയുണ്ടായിരുന്നില്ല.
അത് നിനക്ക് മനസിലാവും.
പക്ഷേ, മരണത്തോടെ നീയില്ലാതാവും.
അത് നിനക്ക് ഉള്‍കൊള്ളാനാവില്ല.
അഹങ്കാരം അതിനനുവദിക്കില്ല.
********
വിശ്വാസിയും വിശ്വാസകാര്യങ്ങളും അങ്ങനെയാണ്.
99 ശതമാനം ജനങ്ങളും വീണുകിട്ടിയത് തന്നെ കൊണ്ടുനടക്കും.
ഉപബോധമനസ്സിനെ മാത്രം പിന്തുടരും.
എന്ത് വന്നാലും കുട്ടിപ്രായത്തിൽ വിഴുങ്ങിയത് തുപ്പില്ല.
എത്ര ന്യായമില്ലേലും വിശ്വാസം തിരുത്തില്ല.
*******
യാത്ര തുടങ്ങാൻ ഒരുപാട് പേരെ കൂടെ കിട്ടിയെന്നിരിക്കും.
പക്ഷേ യാത്രയുടെ തുടർച്ചയിൽ കൂടെയുള്ളവരിലധികവും പിരിഞ്ഞുപോയിരിക്കും, നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും.
അരിച്ചരിച്ചവസാനം നീ മാത്രമാവും.
ഒടുക്കം നീ മാത്രം.
നീയും നീയെന്ന തോന്നലും ഇല്ലാതാവുന്നത്രയും ഇല്ലാതാവുംവരെയും നീ മാത്രം.
*********
ജീവിതം ഇങ്ങനെയാണ്.
മരണമെന്ന മെത്തയിലാണ് ജീവിതം കിടന്നുറങ്ങുന്നത്.
No comments:
Post a Comment