Wednesday, February 14, 2024

പ്രതിബിംബനമാണ് സാക്ഷീഭാവം.

വെറുതേയിരിക്കുമ്പോഴും നടത്തുന്ന പ്രതിബിംബനമാണ് സാക്ഷീഭാവം. 

വെറുതേയിരിക്കുമ്പോഴും നടത്തുന്ന സാക്ഷീഭാവമാണ് പ്രതിബിംബനം.


വെറുതേയെന്ന് തോന്നുന്നത് വെറുതെ.

എല്ലാറ്റിലും കാര്യമുണ്ട്.

എന്തോ വലിയ കാര്യത്തിനാണെന്ന് തോന്നുന്നതും വെറുതെ.

ഒന്നിലും ഒരു കാര്യവുമില്ല.

സാക്ഷീഭാവത്തിൽ പ്രതിബിംബനം സ്വാഭാവികം.

പ്രതിബിംബനം സാക്ഷീഭാവമാകുന്നതും സ്വാഭാവികം.

ത്രാസിൻ്റെ സൂചി സാക്ഷീഭാവത്തിലാണ്. 

സ്വയമായി സ്വാർത്ഥത വെച്ച് ഒന്നും ചെയ്യുന്നില്ല ത്രാസിൻ്റെ സൂചി. 

ബോധപൂർവ്വം എന്ന് കരുതേണ്ടതില്ല ബോധപൂർവ്വമാകാൻ, എന്തെങ്കിലും ചെയ്യപ്പെടാൻ.

എന്നാലോ ബോധപൂർവ്വമല്ലാതെയും ഒരുതരത്തിലും മസിൽപിടിക്കാതെയും തന്നെ ശരിയുടെ ഭാഗത്ത് തൂങ്ങും. ശരി പറഞ്ഞുപോകും. ത്രാസിൻ്റെ സൂചി.

ഭാരം കൂടുതലുള്ള ഭാഗത്ത് തൂങ്ങാതിരിക്കാൻ ത്രാസിൻ്റെ സൂചിക്ക് സാധിക്കില്ല. 

കണ്ണാടിയും അപ്പടി.

അതുപോലെ കണ്ണാടിയുടെ പ്രതിബിംബനവും. 

മുൻപിലുള്ളത് പ്രതിബിംബിക്കാതിരിക്കാൻ കണ്ണാടിക്ക് സാധിക്കില്ല. 

വെറുതെ നിന്നാലും ചെയ്തുപോകുന്നത്. ചെയ്യാതിരിക്കാൻ സാധിക്കാത്തത്.

തൂങ്ങാത്ത ഭാഗം തെറ്റാണെന്ന് പറയാതെ പറയുകയും ചെയ്യും ത്രാസിൻ്റെ സൂചി.

പറഞ്ഞും പറയാതെയും ശരിയും തെറ്റും പറയും സാക്ഷീഭാവത്തിൽ ആരും, പിന്നെ ത്രാസിൻ്റെ സൂചിയും. 

ഒന്നും പറയാതിരിക്കുകയാണ് സാക്ഷീഭാവം എന്നത് അധികാരികൾ അവരുടെ കാര്യലാഭത്തിന് വേണ്ടി ഉണ്ടാക്കിയ നിർവ്വചനം. 

പ്രതികരിക്കുന്നവരെ സുഖിപ്പിച്ച് പ്രതികരിപ്പിക്കാതിരിക്കാനുള്ള, ആ വഴിയിൽ അധികാരം ഒരുനിലക്കും ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള കുടിലതന്ത്രം. 

സ്വാഭാവികമായും നടക്കുന്ന, തെറ്റ് തെറ്റാണെന്ന് കാണിച്ച്, പറഞ്ഞ് നടന്നുപോകുന്ന പ്രതിബിംബനവും സാക്ഷീഭാവവും തടയുന്ന കൃത്രിമ തന്ത്രം.

അല്ലാതെ പറയേണ്ടത് പറയാതിരിക്കലല്ല, പറഞ്ഞുപോകാതിരിക്കലല്ല ത്രാസിൻ്റെ സൂചിയുടെ സാക്ഷീഭാവം. കണ്ണാടിയുടെ ധർമ്മം.

മൗനം സ്വർണ്ണമാണെന്ന നിവ്വചനത്തിൽ കൂടുങ്ങി അഭിനയിച്ചു കഴിയലല്ല ത്രാസിൻ്റെയും കണ്ണാടിയുടെയും സാക്ഷീഭാവം.

പേടിയും അസ്വസ്ഥതയും സ്വാർത്ഥനിക്ഷിപ്ത താൽപര്യവും വെറുപ്പും ഉള്ളിൽ വെച്ച് മിണ്ടാതിരിക്കുന്നതല്ല സാക്ഷീഭാവം.

തനിക്ക് പറ്റിയ ഇടത്ത് മാത്രം മിണ്ടുന്നതും അല്ലാതിരിക്കുമ്പോൾ മിണ്ടാതിരിക്കുന്നതുമല്ല സാക്ഷീഭാവം.

കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരത്തിനും സ്വീകാര്യതക്കും ബഹുമാനത്തിനും വേണ്ടി ബഹുമാനിക്കുന്നവൻ്റെയും അംഗീകരിക്കുന്നവൻ്റെയും അധികാരികളുടെയും നിർവചനത്തിൽ കുടുങ്ങി അഭിനയിച്ച് സ്വയം അടിമയായി സുഖിച്ചിരിക്കലല്ല ത്രാസിൻ്റെ സൂചിയുടെയും കണ്ണാടിയുടെയും സാക്ഷീഭാവം.

അധികാരികളുടെയും ബഹുമാനിക്കുന്നവരുടെയും നെറികേടുകളുടെ നേരെ മിണ്ടാതിരുന്ന് അവരെ സുഖിപ്പിക്കലുമല്ല ഒന്നിൻ്റെയും ആരുടെയും സാക്ഷീഭാവം.

തെളിഞ്ഞ വെള്ളത്തിലും കണ്ണാടിയിലും പ്രതിബിംബനം നടക്കും. 

എല്ലാ പ്രതിബിംബനവും ഒരു വിധത്തിൽ പ്രതികരണമാണ്.

കൊതുക് കടിച്ചാലും മുള്ള് തറച്ചാലും പ്രതികരിക്കുന്നതാണ് സാക്ഷീഭാവം. പ്രതികരിക്കാതിരിക്കുന്നതല്ല സക്ഷീഭാവം

പ്രതിബിംബംനം നടക്കുന്നത് കൊണ്ട് ആ വെള്ളം തെളിഞ്ഞവെള്ളമല്ല, ആ കണ്ണാടി കണ്ണാടിയല്ല എന്നല്ല പറയേണ്ടത്. 

അത് അധികാരികൾ അവരുടെ അധികാരത്തിൻ്റെ കുടിലതന്ത്രം വെച്ച് പറയുന്നതാണെന്നും മനസ്സിലാക്കലാണ് സാക്ഷീഭാവം

അസ്വസ്ഥപ്പെട്ട് കലങ്ങി നിൽക്കുന്നത് കൊണ്ട് പ്രതികരിക്കാതെയും പ്രതി lബിംബനം നടത്താതെയുമിരിക്കുന്നത് കണ്ണാടിയുടെ വെള്ളത്തിൻ്റെയും തെളിച്ചമല്ല, സാക്ഷീഭാവമല്ല. പകരം അവയുടെ കണ്ണാടിത്തവും തെളിമയും നഷ്ടപ്പെട്ട അവസ്ഥയാണത്. 

അതും അധികാരികൾ അവരുടെ അധികാരത്തിൻ്റെ കുടിലതന്ത്രം വെച്ച് പറയുന്നതാണെന്നും മനസ്സിലാക്കലാണ് സാക്ഷീഭാവം

ഉപബോധമനസ്സിൻ്റെ സ്വാധീനം കൊണ്ടും, നിക്ഷിപ്ത സ്വാർത്ഥ താൽപര്യങ്ങളുടെ ചളിപുരണ്ടത് കൊണ്ടും, മറവീണത് കൊണ്ടും പ്രതികരണവും പ്രതിബിംബനവും നടക്കാത്തതല്ല സാക്ഷീഭാവം.

 ചളിപുരണ്ടത് കൊണ്ടും, മറവീണത് കൊണ്ടും പ്രതികരണവും പ്രതിബിംബനവും നടക്കാത്തത് തെളിവായിക്കണ്ട്, അവരുടെ മൗനം കണ്ട്, വെളളവും കണ്ണാടിയും തെളിഞ്ഞതാണെന്നും പറയരുത്, പറയേണ്ടി വരരുത്.

കലങ്ങിയ വെള്ളത്തിലും മറവീണ കണ്ണാടിയിലും പ്രതിബിംബനം നടക്കാത്തതല്ല സാക്ഷീഭാവം, തെളിച്ചം, തിരിച്ചറിവ്, ബോധോദയം.

No comments: