Tuesday, February 20, 2024

അക്കരെ നോക്കുമ്പോഴുള്ള പച്ച അക്കരെ മാത്രമേ ഉള്ളൂ.

നിലനിൽക്കാൻ ശ്രമിക്കുക, 

പരസ്പരം നിലനിൽപ്പിക്കാൻ ശ്രമിക്കുക. 


ജീവിക്കാൻ ശ്രമിക്കുക, 

പരസ്പരം ജീവിപ്പിക്കാൻ ശ്രമിക്കുക. 

മനുഷ്യനും സകലതും ആകെമൊത്തം മുഴുകിയിരിക്കുന്നത് ഇങ്ങനെ. 


മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങൾ മുഴുവൻ ഇങ്ങനെ ഉണ്ടായത്, ഇതിന് വേണ്ടി ഉണ്ടായത്.

*******

അക്കരെ നോക്കുമ്പോഴുള്ള പച്ച. 

അത് മാറ്റിനിർത്തിയാൽ നാമറിയുന്ന ഒന്നിനുമല്ലാതെ നീങ്ങുന്നത് മാത്രം ജീവിതം.  

അക്കരെ നോക്കുമ്പോഴുള്ള പച്ച അക്കരെ നോക്കുമ്പോൾ മാത്രം. 

നമ്മിൽ കൊതിയുണ്ടാക്കി ജീവിതം നമ്മെ കൈപിടിച്ച് നടത്തി ജീവിപ്പിക്കുന്നത് ഈ അക്കരപ്പച്ചയെ ആയുധമാക്കി മാത്രം.

********

പ്രത്യേകിച്ച് ഒരർത്ഥം ആരും ജീവിതത്തിന് കണ്ടില്ല, അറിഞ്ഞില്ല. 

എന്നിട്ടും മരണത്തെ ഭയക്കുന്നു. 

മരിക്കാൻ മടിക്കുന്നു. 

ഞാനും നീയും ഇല്ലാതായിപ്പോകുന്നതിനെ ഉൾകൊള്ളാൻ സാധിക്കുന്നില്ല. 

ഞാനും നീയും ഉണ്ട്, ഉണ്ടാവണം, എപ്പോഴുമെപ്പോഴും ഉണ്ടാവും എന്ന് തന്നെ കരുതിപ്പോകുന്നു. 

സ്വന്തം മക്കൾ തനിക്ക് മുൻപേ മരിച്ചില്ലാതാവുമ്പോൾ,

സ്വന്തം മക്കൾ രോഗം മൂലം വേദനിക്കുമ്പോൾ, 

അങ്ങേയറ്റം വേദനിച്ചുപോകുന്നു. 

എന്തിനെന്നോ എന്തുകൊണ്ടെന്നോ ഇല്ലാതെ.

No comments: