ഇന്ത്യൻജനത പൊതുവേ നിരാശയിലാണ്, നിരാശപ്പെട്ടവരാണ്.
നിരാശയിലും നിരാശപ്പെട്ടവരിലും എളുപ്പമുണ്ടാകുന്നതും ഉണ്ടാക്കാനാവുന്നതുമാണ് അസൂയയും വെറുപ്പും.
നിരാശയെയും അസൂയയെയും വെറുപ്പിനെയും വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കുറേ കളവുകൾ വേണം.
കളവുകൾ വേണ്ടതുപോലെ വിതരണം ചെയ്താൽ ഒരുങ്ങുന്ന ഇടത്തിൽ പെട്ടന്ന് നടത്താവുന്ന കൃഷിയാണ് വർഗ്ഗീയത, ഭീകരത, തീവ്രവാദം, കലാപങ്ങൾ.
അക്കാര്യത്തിൽ പ്രാവീണ്യമുള്ളവർ അതുപയോഗിച്ച് അധികാരം നേടുന്നു, നിലനിർത്തുന്നു..
********
അംബേദ്ക്കർ അംബേദ്ക്കർ എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞാൽ സ്വർഗ്ഗം കിട്ടുമോ എന്നറിയില്ല.
പക്ഷെ, മോദി മോദി എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞാൽ എന്തായാലും സ്വർഗ്ഗം കിട്ടുമായിരിക്കും, അല്ലേ?
അതിനാൽ, മോദി സെൽഫി പോയിൻ്റുകൾ ഇപ്പോഴും സജീവം തന്നെയല്ലേ?
മൂപ്പര് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പേരിലുണ്ടാക്കിയ സ്റ്റേഡിയവും സജീവം തന്നെയല്ലേ?
*********
ശ്രീരാമൻ ജനിച്ചത് ത്രേതായുഗത്തിൽ.
എങ്കിൽ എത്ര ലക്ഷം വർഷങ്ങൾക്ക് മുൻപ്?
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപെന്ന് പറയപ്പെടുന്ന ത്രേതായുഗത്തിലെ കഥയും ചരിത്രവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ?
അവ രേഖപ്പെടുത്താൻ ത്രേതായുഗത്തിൽ മനുഷ്യരായ ആരെങ്കിലും ഉണ്ടായിരുന്നുവോ?
രണ്ടായിരം വർഷങ്ങൾക്ക് മുൻപിലേക്ക് കാര്യമായ എഴുതപ്പെട്ട ചരിത്രം ഇല്ലാത്ത നമുക്ക് ത്രേതായുഗത്തിലെ ആ കഥയും ചരിത്രവും തെളിവ് സഹിതം പറയാൻ ആരെ, എങ്ങിനെ കിട്ടും?
തീർത്തും കാല്പനികമായ കഥപുസ്തകത്തിലൂടെ മാത്രമല്ലാതെ.
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ത്രേതായുഗത്തിൽ ജനിച്ചുവെന്ന് പറയപ്പെടുന്ന രാമൻ്റെ പേര് പോലും പൂർണമായും മഹാഭൂരിപക്ഷത്തിനും (ഒരുപക്ഷേ ആർക്കും തന്നെ) അറിയില്ല, അറിയാനിടയില്ല.
പക്ഷെ അക്രമോത്സകരാവാൻ അവരൊക്കെയും ജയ് ശ്രീരാം എന്ന് വിളിച്ചുപറയുന്നു.
"ശ്രീ രാമൻ" ഹിന്ദുക്കളുടെ മുഴുവൻ ദൈവമോ ദൈവസങ്കല്പമോ ആണോ?
അറിയില്ല.
"ജയ് ശ്രീരാം" ഈയടുത്തകാലത്ത് മാത്രം ഹിന്ദുക്കളെ ഒരു ഏകശിലാത്മക സമൂഹമായി മാറ്റിയെടുക്കാൻ ഉണ്ടാക്കിയ രാഷ്ട്രീയമുദ്രാവാക്യം മാത്രമല്ലേ?
ആണെന്ന് തോന്നുന്നു.
ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ ഉള്ള വാചകമാണോ "ജയ് ശ്രീരാം".
അല്ല.
ഹിന്ദുമതവും വിശ്വാസവുമായി വല്ല ബന്ധവുമുണ്ടോ "ജയ് ശ്രീരാം" എന്ന മുദ്രാവാക്യത്തിന്?
ഉള്ളതായി അറിവില്ല.
ഹിന്ദുമതം എന്ന പേരും പ്രയോഗവും തന്നെ ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ ഉണ്ടോ?
ഇല്ല.
ഹിന്ദുക്കൾ എന്നത് തന്നെയുണ്ടോ?
ഇല്ല.
പിന്നെ ഇവിടെ ഉണ്ടെന്ന് പറയുന്ന ഹിന്ദുക്കൾക്ക് ഹിന്ദുക്കൾ എന്ന് പേര് വന്നത്?
ഒരു കാര്യവും ഇല്ലാതെ.
മുസ്ലിമും ക്രിസ്ത്യാനിയും മാറ്റ് മതസ്ഥരും അല്ലാതിരുന്ന കുറേ വ്യത്യസ്ത വിശ്വാസങ്ങൾ ഉള്ള ഒരേകുറേ കൂട്ടങ്ങളെ വിളിച്ച പേര് മാത്രം ഹിന്ദു, ഹിന്ദുക്കൾ.
*******
പള്ളികൾക്കടിയിൽ ക്ഷേത്രങ്ങളും ക്ഷേത്രങ്ങൾക്കടിയിൽ ബുദ്ധ-ജൈന മഠങ്ങൾ ഉണ്ടെന്നും വാദിച്ച് കലാപങ്ങൾ ഉണ്ടാക്കാമോ ഈ നാട്ടിൽ?
ദൈവങ്ങൾ കെട്ടിടങ്ങളുടെ കീഴിൽ കുടുങ്ങിപ്പോകുന്നത്ര നിസ്സാരരായിപ്പോകുന്നുവോ ഈ നാട്?
പള്ളികൾ തകർക്കുന്നവർ അറിയാതെ പോകുന്ന കാര്യം.
പള്ളികൾ ഉളളത് കൊണ്ടല്ല ഇസ്‌ലാം.
പകരം, ഇസ്‌ലാം ഉളളത് കൊണ്ട് പള്ളികൾ ആണ്.
മുസ്‌ലിംകൾക്ക് നിസ്കരിക്കാൻ പള്ളികൾ തന്നെ വേണ്ടതുണ്ടോ?
ഇല്ല.
മുസ്‌ലിംകൾക്ക് ഭുമിയിൽ എവിടെവെച്ചും നിസ്കരിക്കാം, ദൈവത്തെ വിളിക്കാം, പ്രാപിക്കാം.
No comments:
Post a Comment