Monday, December 16, 2024

കോഴികളുടെയും ആടുകളുടെയും ജനാധിപത്യം, ഭരണഘടന, രാഷ്ട്രം ആരുണ്ടാക്കിക്കൊടുക്കും?

കോഴികളുടെയും ആടുകളുടെയും ജനാധിപത്യം, ഭരണഘടന, രാഷ്ട്രം ആരുണ്ടാക്കിക്കൊടുക്കും?

ഒരു സംശയവും വേണ്ട. 

കുറുക്കന്മാരും ചെന്നയ്ക്കളും ഉണ്ടാക്കിക്കൊടുക്കും.

കോഴികളും ആടുകളും സംഘടിക്കുന്നതും കൂടുണ്ടാക്കുന്നതും കുറുക്കന്മാർക്കും ചെന്നായ്ക്കൾക്കും അങ്ങേയറ്റം താല്പര്യമുള്ള കാര്യങ്ങളാണ് എന്ന് കുറുക്കന്മാരും ചെന്നയ്ക്കളും ഘോരഘോരം പറയുന്നത് കോഴികളും ആടുകളും വിശ്വസിക്കണം. 

എന്നല്ല, ആടുകളുടെയും കോഴികളുടെയും താൽപര്യങ്ങൾക്ക് നേർവിപരീതമായി സംഘടിക്കുന്നതും ശക്തരാവുന്നതും കോഴികളും ആടുകളും തന്നെയാണെന്ന് കുറുക്കൻമാരും ചെന്നായ്ക്കളും ന്യായപ്രമാണം പറയുന്നത് കോഴികളും ആടുകളും കേൾക്കാതെ പോകുന്നതാണ് പലപ്പോഴും കോഴികൾക്കും ആടുകൾക്കും അപകടങ്ങൾ വിളിച്ചുവരുത്തുന്നത് പോലും എന്ന് കുറുക്കൻമാരും ചെന്നായ്ക്കളും പലപ്പോഴും പ്രസ്താവിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ കോഴികളും ആടുകളും സ്വയം സംഘടിക്കുന്നതും ശക്തരാവുന്നതും സ്വസംരക്ഷണത്തിനായി കൂടുകളുണ്ടാക്കുന്നതും എന്ന് കുറുക്കൻമാരും ചെന്നായ്ക്കളും തെളിവ് നിരത്തുമ്പോൾ  കോഴികളും ആടുകളും വിശ്വസിക്കേണ്ടതാണ്.

കുറുക്കൻമാരും ചെന്നായ്ക്കളും ആണ് കോഴികൾക്കും ആടുകൾക്കും വേണ്ട ജനാധിപത്യ തത്വങ്ങളും അവകാശരേഖകളും ഉണ്ടാക്കേണ്ട, പറയേണ്ട സത്യസന്ധരായ വിശാരദൻമാർ, പ്രവാചകന്മാർ.

കോഴികൾക്കും ആടുകൾക്കും വേണ്ട രാഷ്ട്രത്തിൻ്റെയും ഭരണഘടനയുടെയും കെട്ടുറപ്പിനെ കുറിച്ച് കുറുക്കൻമാരും ചെന്നായ്ക്കളും വല്ലാതെ മനസ്സിലാക്കുന്നുണ്ട്, അതവർ വാതോരാതെ സംസാരിക്കും.

കോഴികൾക്കും ആടുകൾക്കും വേണ്ട ഊടും പാവുമുള്ള രാഷ്ട്രത്തിൻ്റെയും അത്തരം രാഷ്ട്രനിർമ്മാണത്തിൻ്റെയും പദ്ധതികൾ കുറുക്കൻമാരും ചെന്നായ്ക്കളും ഉണ്ടാക്കിക്കൊടുക്കും. 

എന്നിട്ടോ ?

ആ കുറുക്കൻമാരും ചെന്നായ്ക്കളും തന്നെ ആടുകളെയും കോഴികളെയും പാടിപ്പറഞ്ഞുണർത്തും: ആടുകളുടെയും കോഴികളുടെയും കൂടുകൾ തന്നെയായ രാഷ്ട്രത്തെയും അതിൻ്റെ വേലികളെയും ഇക്കാലമത്രയും തകർത്തതും ഇപ്പോഴും തകർത്തുകൊണ്ടിരിക്കുന്നതും കോഴികളും ആടുകളും തന്നെയാണെന്ന്.  

കുറുക്കൻമാരും ചെന്നായ്ക്കളും നടത്തുന്ന സത്യസന്ധമായ ആ വേദവായനയും ഭരണഘടനാവായനയും കോഴികളും ആടുകളും കേട്ട് വിശ്വസിച്ചുകൊള്ളണം 

ആടുകളെയും കോഴികളെയും ഇക്കാലമത്രയും കൊന്നുതിന്നതും ഇപ്പോഴും കൊന്നുതിന്നുന്നതും കോഴികളും ആടുകളും തന്നെയാണെന്ന് കുറുക്കൻമാരും ചെന്നായ്ക്കളും പറയുന്നതും കോഴികളും ആടുകളും വിശ്വസിച്ചുകൊള്ളണം.

കുറുക്കന്മാർക്കും ചെന്നായ്‌ക്കൾക്കും ഈയിടെയായി യഥാർത്ഥത്തിൽ കോഴികളുടെ ജനാധിപത്യത്തിലും ഭരണഘടനയിലും രാഷ്ട്രസംരക്ഷണത്തിലും വല്ലാത്ത വിശ്വാസമാണ്, ആത്മാർഥതയാണ് എന്ന് കോഴികളും ആടുകളും മനസ്സിലാക്കാതിരുന്നാൽ അതിനെക്കാൾ വലിയ ദുരന്തം കോഴികൾക്കും ആടുകൾക്ക് സംഭവിക്കാനില്ല.

ചെന്നായ്ക്കളും കുറുക്കൻമാരുമാണ് കോഴികളുടെയും ആടുകളുടേയും രാജ്യത്തിൻ്റെ സത്യന്ധരായ കാവൽക്കാരാവാൻ ശരിക്കും യോഗ്യതയുള്ളവർ. 

ചെന്നായ്ക്കളും കുറുക്കൻമാരുമാണ് യഥാർത്ഥ ആട് - കോഴി രാജ്യസ്നേഹികൾ. 

സ്വന്തം രാജ്യമായ കൂട് തകർത്ത് സ്വയം കൊഴികളേയും ആടുകളെയും തിന്നുതീർക്കുന്നത് കോഴികളും ആടുകളും മാത്രം തന്നെയെന്ന് കുരുക്കൻമാരും ചെന്നായ്ക്കളും പടച്ചുവിടുന്ന വാർത്തകൾ കോഴികളും ആടുകളും അറിയാതെപോകരുത്. 

എന്ത് ത്യാഗം സഹിച്ചും ആ വാർത്തകൾ കോഴികളേയും ആടുകളെയും അറിയിച്ചുകൊടുക്കുന്ന ദൗത്യം എത്ര ഭംഗിയായി ഏറ്റെടുത്തവരാണ് ഈ പാവം ചെന്നായ്ക്കളും കുറുക്കൻമാരും!!!

ആടുകളും കോഴികളും തന്നെയാണ് ആടുകളുടെയും കൊഴികളുടെയും ശത്രു, 

ആടുകളും കോഴികളും തന്നെയാണ് ആടുകളുടെയും കൊഴികളുടെയും രാജ്യത്തെ തകർക്കുന്ന ശത്രു. 

ആടുകളും കോഴികളും തന്നെയാണ് കൊഴികളേയും ആടുകളെയും സ്വയം തിന്നുന്ന ശരിയായ ശത്രു. 

ആടുകളും കോഴികളും തന്നെയാണ് അവരുടെ രാജ്യത്തേയും ഭരണഘടനയേയും തകർക്കുന്ന

രാജ്യദ്രോഹികൾ എന്ന് ചെന്നായ്ക്കളും കുറൂക്കൻമാരും ഒരിയിട്ട് കരഞ്ഞുപറയുന്നത് ആടുകളും കോഴികളും കേൾക്കാതെപോകരുത്.

ആടുകളോടും കോഴികളോടുമുള്ള കുറുക്കൻമാരുടെയും ചെന്നായ്ക്കളുടെയും ആത്മാർഥതയും സത്യസന്ധതയും വല്ലാത്തതാണ്, ആഴമുള്ളതാണ്, ചാരിത്രപ്രസിദ്ധമാണ്.

കുറുക്കൻമാരുടെയും ചെന്നായ്ക്കളുടെയും ആടുകളോടും കോഴികളോടുമുള്ള ആത്മാർഥതയും സത്യസന്ധതയും വാനോളം പുകഴ്ത്തപ്പെടേണ്ടതാണ്. 

ആടുകളോടും കോഴികളോടുമുള്ള കുറുക്കൻമാരുടെയും ചെന്നായ്ക്കളുടെയും ആത്മാർഥതയും സത്യസന്ധതയും നീണാൾ വാഴണം, നീണാൾ വാഴട്ടെ...

No comments: