ക്രിസ്തുവും കൃഷ്ണനും ബുദ്ധനും രാമനും പോലെയല്ല അല്ലാഹു.
സങ്കല്പം കൊണ്ടും വിശ്വാസം കൊണ്ടും അല്ലാഹു എന്നത് ക്രിസ്തുവും കൃഷ്ണനും ബുദ്ധനും രാമനും പോലെയല്ല.
സിമെൻ്റിലും കല്ലിലും ചിത്രത്തിലും കഥയിലും വിഗ്രഹങ്ങൾ തീർത്താൽ ദൈവങ്ങൾ ആവില്ലെന്നതാണ് അല്ലാഹു എന്ന ദൈവവിശ്വാസ സങ്കല്പത്തിൻ്റെ ഉള്ളും പൊരുളും.
ക്രിസ്തുവും ബുദ്ധനും രാമനും കൃഷ്ണനുമായി ചേർത്തുപറയേണ്ടതല്ല അല്ലാഹു.
പലർക്കും അങ്ങനെ അല്ലാഹുവുമായി ക്രിസ്തുവിനെയും കൃഷ്ണനെയും ബുദ്ധനെയും രാമനെയും ചേർത്തുപറയുന്ന അബദ്ധം പറ്റുന്നത് കാണുന്നുണ്ട്.
യഥാർത്ഥത്തിൽ ഓരോന്നും ഓരോ പേരും ആളും എന്തിനെ സൂചിപ്പിക്കുന്നു, പ്രതിനിധാനം ചെയ്യുന്നു എന്ന് കൃത്യമായും അറിയാത്തതിൻ്റെ പ്രശ്നം കൂടിയാണത്.
അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് പറയും പോലുളള ഒരു ചേർത്തുപറയലാണത്.
ഓരോന്നും വ്യക്തമായി എന്തെന്നറിയാതെ, എന്തിനെ സൂചിപ്പിക്കുന്നു എന്നറിയാതെ, ആരെയൊക്കെയോ സുഖിപ്പിക്കാൻ ഒന്നുമറിയാതെ എന്തൊക്കെയോ എന്തിനെയൊക്കെയോ ചേർത്തുപറയുന്നത് എത്രവലിയ അബദ്ധം!!!!
ഹൽവയും മുളകുപൊടിയും എന്നത് ചേർത്തുപറഞ്ഞാൽ എത്രവലിയ അബദ്ധമാകുമോ അതുപോലുള്ള അബദ്ധമാണ് ഇത്തരം ചേർത്തുപറയൽ ഉണ്ടാക്കുന്ന സൂചനകളും വഴികാട്ടലും.
മംഗലാപുരം എന്ന് പറഞ്ഞ് കൊച്ചി ഉദ്ദേശിക്കുന്നത് പോലെ.
ക്രിസ്തുവും കൃഷ്ണനുമായി ചേർത്തു പറയേണ്ടത് മുഹമ്മതിനെയാണ്.
മുഹമ്മദ് കൃഷ്ണനെയും യേശുവിനെയും ബുദ്ധനെയും രാമനെയും പോലെ ഭൂമിയിൽ ജീവിച്ച ആൾ.
മുഹമ്മദ് കൃഷ്ണനെയും യേശുവിനെയും പോലെ തന്നെ വേറൊരു കോലത്തിൽ (അവതാരം എന്നതിന് പകരം) വെറും മനുഷ്യനായ പ്രവാചകൻ എന്ന് വിശ്വസിക്കപ്പെടുന്ന ആൾ.
കൃഷ്ണനും രാമനും പലർക്കും വെറും കഥാപാത്രം മാത്രമാണെന്ന വാദം ഇപ്പോൾ ഇക്കാര്യത്തിൽ ഉണർത്തിപ്പറയുന്നില്ല. അങ്ങനെ പറയേണ്ടതില്ല.
ക്രിസ്തുവും കൃഷ്ണനും രാമനും ബുദ്ധനും ഏറിവന്നാൽ ഭൂമിയിൽ മനുഷ്യരായി ജീവിച്ചവരും ഇടപെട്ടവരും പിന്നീട് അവതാരപുരുഷന്മാർ എന്ന് പേര് വന്നവരും ആണ്.
അല്ലാഹു അങ്ങനെയല്ല.
ഭൂമിയിൽ ജനിച്ചു ജീവിച്ച ആളുടെ പേരോ അവതാരപുരുഷൻ്റെ പേരോ മനുഷ്യരുടെ ഇടയിൽ മനുഷ്യനായി ജീവിച്ച് ഇടപെട്ട ആളോ അല്ല അല്ലാഹു.
ക്രിസ്തുവും കൃഷ്ണനും ഏതൊരു ഏകമായ പരബ്രഹ്മത്തെ, അല്ലെങ്കിൽ ദൈവത്തെ ആരാധിക്കാൻ പറഞ്ഞുവോ ആ ഏകനായ പരബ്രഹ്മത്തിൻ്റെ, ദൈവത്തിൻ്റെ അറബിയിൽ ഉള്ള മറ്റൊരു പേര് മാത്രമാണ് അല്ലാഹു.
ക്രിസ്തുവും കൃഷ്ണനും അവരെ തന്നെ ആരാധിക്കാൻ പറഞ്ഞവരല്ല, അവരെ മാത്രം ആരാധിക്കാൻ പറഞ്ഞവരും അല്ല.
അല്ലാഹു എന്ന ദൈവം താൻ ഏകനാണെന്നും, ആരാധിക്കപ്പെടാൻ അർഹത ഏകനായ, സർവ്വതിനും ഉടമസ്ഥനും സർവ്വതിനെയും വേണ്ടപ്പോൾ വേണ്ടത് പോലെ നൽകിയും നിഷേധിച്ചും പോറ്റിവളർത്തി സംരക്ഷിക്കുന്നവനുമായ തനിക്ക് മാത്രമാണെന്ന് പറഞ്ഞ ശക്തിയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അങ്ങനെയാണ് അല്ലാഹു എന്ന പരബ്രഹ്മം അവനെ മാത്രം ആരാധിക്കാൻ അയച്ച ദൈവദൂതന്മാർ മാത്രമാണ്, അഥവാ അവതാരങ്ങൾ മാത്രമാണ് കൃഷ്ണനും മുഹമ്മദും യേശുവും രാമനും ഒക്കെ എന്ന് വിശ്വസിക്കപ്പെടുന്നൂ
ക്രിസ്തുവും കൃഷ്ണനുമായി ചേർത്തു പറയേണ്ടത് അതുകൊണ്ട് തന്നെ അല്ലാഹുവിനെയല്ല, പകരം, ഏറിയാൽ മുഹമ്മതിനെയാണ്.
********
പിന്നെയുള്ള വ്യത്യാസം.
എല്ലാ ചരിത്രകാരന്മാരും ഒരുപോലെ സമ്മതിക്കും മുഹമ്മദ് ജീവിച്ചിരുന്ന ചരിത്രപുരുഷനാണെന്ന്.
നമ്മുക്കറിയുന്ന ചരിത്രത്തിൽ മുഹമ്മദുണ്ട്.
ഇടപെട്ട് ജീവിച്ച് മാറ്റങ്ങൾ ഉണ്ടാക്കിയ മുഹമ്മദ് ഉണ്ട്.
ജീവിച്ച, ജീവിക്കേണ്ട എല്ലാ മേഖലകളിലും മാതൃക കാണിച്ച മുഹമ്മദ് ഉണ്ട്.
ഇനി മുഹമ്മദ് കഥാപാത്രം മാത്രമാണെന്ന് തന്നെ വെക്കുക.
ആ മുഹമ്മദ് എന്നയാൾ ആ കഥാപാത്ര സങ്കൽപത്തിലും മുഹമ്മദ് എന്ന വെറും മനുഷ്യനാണ്, മനുഷ്യൻ മാത്രമാണ്, വെറും മനുഷ്യൻ മാത്രമായ പ്രവാചകൻ മാത്രമാണ്.
അവിടെയും മനുഷ്യനായ മുഹമ്മദ് പ്രവാചകൻ മാത്രമാണെന്നും, ആ മുഹമ്മദ് ഏകനായ ദൈവമോ പല ദൈവങ്ങളിൽ ഒരു ദൈവമോ അല്ലെന്നും, ഏകനായ ദൈവത്തെ കുറിച്ച് മാത്രം സംസാരിച്ച പ്രവാചകൻ ആണെന്നും, ആ മുഹമ്മദ് ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ, അനുസരിക്കാവൂ, വണങ്ങാവൂ എന്ന് നിഷ്‌കർഷിച്ച ആളാണെന്നും വരും.
******
ഈ പറഞ്ഞ വിഷയത്തിൻ്റെ മുനമ്പ് അത് മാത്രമാണ്.
അല്ലാഹു എന്നതിനെ കൃഷ്ണനും യേശുവുമായി ചേർത്തുവായിക്കുന്ന, വസ്തുതകൾ വെച്ച് കാര്യം എന്ത്, എന്തെന്ന ധാരണയില്ലായ്മയെ ചൂണ്ടിക്കാണിക്കുക മാത്രം.
അഥവാ ചേർത്തുവായിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ യേശുവും കൃഷ്ണനും ബുദ്ധനും ഒക്കെയായി ചേർത്തുവായിക്കേണ്ടത് മുഹമ്മദിനെ വെച്ചായിരുന്നു എന്ന് മാത്രം.
ബാക്കിയുള്ള വിഷയങ്ങൾ, മുഹമ്മദും വെറും കഥാപാത്രമായിരുന്നുവോ എന്നൊക്കെയുള്ള വിഷയങ്ങൾ, വെറും സാന്ദർഭികമായി ഉരുത്തിരുന്ന ശാഖകൾ മാത്രമായ ചർച്ച.
*******
സിമെൻ്റിലും കല്ലിലും ചിത്രത്തിലും കഥയിലും വിഗ്രഹങ്ങൾ തീർത്താൽ, കഥാപാത്രങ്ങൾ ആയാൽ ദൈവങ്ങൾ ആവില്ലെന്നത് തന്നെയാണ് മുഹമ്മദ് പറഞ്ഞു പ്രചരിപ്പിച്ച അല്ലാഹു എന്ന ദൈവവിശ്വാസ സങ്കല്പത്തിൻ്റെ ഉള്ളും പൊരുളും.
No comments:
Post a Comment