Thursday, December 26, 2024

ശ്രീരാമൻ ജനിച്ചത് എത്ര ലക്ഷം വർഷങ്ങൾക്ക് മുൻപ്?

ശ്രീരാമൻ ജനിച്ചത് ത്രേതായുഗത്തിൽ. 

എങ്കിൽ എത്ര ലക്ഷം വർഷങ്ങൾക്ക് മുൻപ്?

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപെന്ന് പറയപ്പെടുന്ന ത്രേതായുഗത്തിലെ കഥയും ചരിത്രവും എങ്ങിനെ കിട്ടും? എങ്ങനെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവും? 

മനുഷ്യനായിത്തീർന്ന മനുഷ്യവംശത്തെ സംബന്ധിച്ചേടത്തോളം, സങ്കല്പത്തിലും കഥകളിലും കാല്പനികതയിലും ഭാവനകളിലും മാത്രമല്ലാതെ ത്രേതായുഗവും ദ്വാപരയുഗവും എന്നതൊക്കെയുണ്ടോ?

അങ്ങനെയുള്ള, കഥകളിലും സങ്കല്പത്തിലും മാത്രമുളള ഏതെങ്കിലും യുഗത്തിലെ എന്തെങ്കിലും കാര്യങ്ങൾ രേഖപ്പെടുത്താൻ മനുഷ്യരായ ആരെങ്കിലും ഉണ്ടായിരുന്നിരിക്കുമോ? 

രണ്ടായിരവും മൂവായിരവും വർഷങ്ങൾക്ക് മുൻപിലുള്ള കാര്യങ്ങൾക്ക് പോലും കാര്യമായ, എഴുതപ്പെട്ട ചരിത്രം ഇല്ല മനുഷ്യന് എന്ന് വരുമ്പോൾ പ്രത്യേകിച്ചും.

എന്നിരിക്കെ, ത്രേതായുഗത്തിലെയും ദ്വാപരയുഗത്തിലെയും കഥയും ചരിത്രവും തെളിവ് സഹിതം പറയാൻ ആരെ, എങ്ങിനെ, എവിടെ കിട്ടും?

തീർത്തും കാല്പനികമായ കഥാപുസ്തകങ്ങളിലൂടെ മാത്രമല്ലാതെ.

വർത്തമാനകാല മാനങ്ങളും മാനദണ്ഡങ്ങളും അളവുകോലുകളും വെച്ചുണ്ടായ കോടതിയിലും നിയമപരമായും ഈ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും നടന്നുവെന്ന് പറയുന്ന കാര്യങ്ങളെ വെച്ച് അവകാശവാദങ്ങൾ ഉയർത്താമോ?

അങ്ങനെ കോടതിയിലും നിയപരമായും തർക്കിക്കുമ്പോഴും പരിഹാരങ്ങൾ തേടുമ്പോഴും ആശ്ചര്യപ്പെട്ടു പോകുന്നു. 

ഒരു രാജ്യത്തിൻ്റെ ഭാഗധേയം വരെ ത്രേതായുഗ, ദ്വാപരയുഗ കഥകളും സങ്കല്പങ്ങളും നിശ്ചയിക്കുന്നു എന്നാകുമ്പോൾ പ്രത്യേകിച്ചും.

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ത്രേതായുഗത്തിൽ മനുഷ്യന് മനുഷ്യനെന്ന പേര് തന്നെ ഉണ്ടായിരുന്നോ? പിന്നെയല്ലേ വ്യക്തിപരമായ പേരുകളുണ്ടാവുക? 

പിന്നെയല്ലേ ത്രേതായുഗത്തിൽ  ജനിച്ചുവെന്ന് പറയപ്പെടുന്ന ശ്രീ രാമൻ്റെ പേര് പോലും?

പൂർണമായും മഹാഭൂരിപക്ഷത്തിനും (ഒരുപക്ഷേ ആർക്കും തന്നെ) അറിയില്ല, അറിയാനിടയില്ല.).

പേരും വിലാസവും മനുഷ്യനും തന്നെ ഉണ്ടാവാത്ത കാലം ത്രേതായുഗം, ദ്വാപരയുഗം.

എന്നിട്ടും അക്രമോത്സകരാവാൻ അവരൊക്കെയും ജയ് ശ്രീരാം എന്ന് വിളിച്ചുപറയുന്നു.

ത്രേതായുഗത്തിൽ ജനിച്ചു ജീവിച്ച് മരിച്ചു എന്ന് പറയപ്പെടുന്ന "ശ്രീ രാമൻ" ഇന്നും ഹിന്ദുക്കളുടെ മുഴുവൻ ദൈവമോ ദൈവസങ്കല്പമോ ആണോ? 

അറിയില്ല. 

അങ്ങനെ വരുമ്പോൾ കൃഷ്ണ ഭക്തന്മാർക്ക് വേറേതന്നെയായ ദ്വാപരയുഗ കഥകളും ദൈവസങ്കല്പങ്ങളും വേറെയില്ലേ?

"ജയ് ശ്രീരാം" ഈയടുത്തകാലത്ത് മാത്രം ഹിന്ദുക്കളെ ഒരു ഏകശിലാത്മക സമൂഹമായി മാറ്റിയെടുക്കാൻ ഉണ്ടാക്കിയ രാഷ്ട്രീയമുദ്രാവാക്യം മാത്രമല്ലേ?

ആണെന്ന് തോന്നുന്നു. 

ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ ഉള്ള, ചൊല്ലാൻ പറഞ്ഞ, ചൊല്ലിയാൽ പുണ്യമുണ്ടെന്ന് പറയപ്പെട്ട മന്ത്രവാചകമാണോ "ജയ് ശ്രീരാം".

അല്ല. 

ഹിന്ദുമതവും വിശ്വാസവുമായി വല്ല ബന്ധവുമുണ്ടോ "ജയ് ശ്രീരാം" എന്ന മുദ്രാവാക്യത്തിന്?

ഉള്ളതായി അറിവില്ല.

ഹിന്ദുമതം എന്ന പേരും പ്രയോഗവും തന്നെ ഏതെങ്കിലും വേദത്തിലോ പുരാണത്തിലോ ഉപനിഷത്തിലോ ഉണ്ടോ?

ഇല്ല.

ഹിന്ദുക്കൾ എന്നത് തന്നെയുണ്ടോ?

ഇല്ല.

പിന്നെ ഇവിടെ ഉണ്ടെന്ന് പറയുന്ന ഹിന്ദുക്കൾക്ക് ഹിന്ദുക്കൾ എന്ന് പേര് വന്നത്?

ഒരു കാര്യവും ഇല്ലാതെ. 

മുസ്ലിമും ക്രിസ്ത്യാനിയും മറ്റ് മതസ്ഥരും അല്ലാതിരുന്ന കുറേ വ്യത്യസ്ത വിശ്വാസങ്ങൾ ഉള്ള, അല്ലെങ്കിൽ ഒരു വിശ്വാസവും കൃത്യമായി ഇല്ലാത്ത ഒരേകുറേ കൂട്ടങ്ങളെ ഈയടുത്ത് മാത്രം വിളിച്ച പേര് ഹിന്ദു, ഹിന്ദുക്കൾ.

*******

ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ മറ്റേതൊരു വിശ്വാസവും പോലെ ഒരു വിശ്വാസമല്ലേ? 

വിശ്വാസത്തെ അതിൻ്റെ വഴിക്ക് വിട്ടാൽ പോരേ?

നല്ല ചോദ്യമാണ്.

ശരിയാണ് അതൊരു വിശ്വാസമാണ്. 

വിശ്വാസത്തിൻ്റെ വഴിക്ക് വിട്ടാൽ മതി.

പക്ഷെ വെറും കഥയെന്നതും വിശ്വാസമെന്നതും വിട്ട്, കഥാപാത്രത്തിന് യഥാർത്ഥത്തിൽ തന്നെ ജന്മസ്ഥലം ഉണ്ടെന്ന് വരെ പറയുമ്പോൾ വിഷയം വേറെയാണ്?

ആ അടിസ്ഥാനത്തിൽ, വിശ്വാസം മാത്രം ആകേണ്ടിയിരുന്ന കഥാപാത്രത്തിന് സ്വത്തവകാശവും മറ്റും ഉണ്ടെന്ന് വരെ പറയുമ്പോഴും വിഷയം വേറെയാണ്. 

ആ ഒരു സ്വത്തവകാശത്തിന് വേണ്ടി (മറ്റാരുടെയോ സ്വത്ത് വേണം എന്ന്) കോടതിയെയും നിയമത്തെയും സമീപിച്ച്, നാട്ടിൽ മുഴുവൻ ഭീഷണി മുഴക്കി, അത് തന്നെ രാഷ്ടീയമാക്കുമ്പോൾ വിഷയം വേറെയാണ്. 

സ്വന്തമായി അവനവൻ അവനവൻ്റെ വിശ്വാസത്തിന് വേണ്ടി, അവനവൻ്റെ സമ്പത്ത് കൊണ്ട് സ്വത്ത് വാങ്ങുന്നതും അമ്പലമോ പള്ളിയോ കനീസയോ നിർമ്മിച്ചുകൊടുക്കുന്നതും പോലെ നിസ്സാരമല്ല ഈ കാര്യങ്ങൾ.

അത്തരമൊരു രാഷ്ട്രീയം വെച്ച് മാത്രം രാജ്യവും രാഷ്ട്രഭരണവും ആയി സംഗതികൾ മുഴുവൻ വഷളാവുമ്പോൾ "കിലുക്കം" സിനിമയിൽ "രേവതി" ഒരു കഥാപാത്രമായി പറഞ്ഞത് പോലെ "അങ്കമാലിയിലെ രാജാവിൻ്റെ മകളെ"ന്നതും ശരിയാണെന്ന് വരും. 

"അങ്കമാലിയിലെ രാജാവിൻ്റെ മകളെ"ന്നതും നിയമപരമായി അംഗീകരിച്ചുകൊടുത്തു കൊണ്ട് കോടതിയിൽ നിയപരമായി അവകാശങ്ങൾ സ്ഥാപിച്ചുകൊടുക്കേണ്ടി വരും. 

"അങ്കമാലിയിലെ രാജാവിൻ്റെ മകളെ"ന്നത് വെച്ചും കലാപങ്ങൾ അഴിച്ചുവിട്ട് രാഷ്ട്രീയം പറയേണ്ടി വരും, രാജ്യഭരണം നേടിക്കൊടുക്കേണ്ടി വരും

"അങ്കമാലിയിലെ രാജാവിൻ്റെ മകളെ"ന്നത് നിഷേധിക്കുന്നവർക്കാണ് രേവതിക്കല്ല വട്ടെന്നും പറയേണ്ടി വരും.

1 comment:

Anonymous said...

കാലകാരണ ബന്ധമില്ലാത്ത കുറെ മിത്തുകൾ
ജീവിതത്തെ ബാധിച്ചു തുടങ്ങിയതിനാൽ പുതിയ തലമുറ അവ ഉപേക്ഷിച്ച് പോവുകയാണ്.