Sunday, December 29, 2024

ആരും കാഫിർ അല്ല. എന്തുകൊണ്ട്? ആരും വിശ്വാസിയും അല്ല. എന്തുകൊണ്ട്? അറിയായ്ക നിഷേധമല്ല.

ആരും കാഫിർ അല്ല. 

എന്നല്ല, അവിശ്വാസികൾ എന്ന് പൊതുവെ പറയപ്പെടുന്ന ജനങ്ങളിൽ വരെ 99 ശതമാനവും കാഫിറുകൾ അല്ല. 

ഇന്ത്യയിലെ ഹിന്ദുക്കൾ 99 ശതമാനവും കാഫിറുകൾ അല്ല. 

ലോകത്തെ മുസ്ലിംകൾ അല്ലാത്തവർ മുഴുവൻ  എന്തുകൊണ്ട് കാഫിറുകൾ അല്ല? 

കാഫിർ എന്നാൽ സത്യത്തെയും ദൈവത്തെയും ഒളിച്ചുവെക്കുന്നവൻ, നിഷേധിക്കുന്നവൻ.

നിഷേധിക്കാനും ഒളിച്ചുവെക്കാനും ആദ്യം സത്യത്തെയും ദൈവത്തെയും അവർ അറിയേണ്ടതുണ്ട്.

പക്ഷെ, ആരറിയുന്നു യഥാർത്ഥത്തിൽ സത്യത്തെയും ദൈവത്തെയും?

ആരും വേണ്ടവിധം കേൾക്കുന്നു പോലുമില്ല സത്യത്തെയും ദൈവത്തെയും കുറിച്ച്. 

സത്യത്തെയും ദൈവത്തെയും അറിയുന്ന കോലത്തിൽ അറിയുന്ന കാര്യം പിന്നെയാണ്.

ആ നിലക്ക് വിശ്വാസികളിൽ 99 ശതമാനവും വിശ്വാസികൾ പോലുമല്ല.

ഖുർആൻ തന്നെ പറയുന്നത് ശ്രദ്ധിക്കൂ:

"ആറാബികൾ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. നീ പറയുക: നിങൾ വിശ്വസിച്ചിട്ടില്ല, പകരം നിങൾ (സാമുദായിക) മുസ്ലിംകൾ ആയിരിക്കുന്നു എന്ന് പറയുക: നിങ്ങളുടെ ഹൃദയങ്ങളിലേക്ക് (മനസ്സിലേക്ക്) വിശ്വാസം പ്രവേശിച്ചിട്ടില്ല." (ഖുർആൻ)

വിശ്വാസം എന്ന് നമ്മൾ പൊതുവെ പറയുന്ന കാര്യത്തിന് അറബി ഭാഷയിൽ, അല്ലെങ്കിൽ ഖുർആനിൽ ഉപയോഗിച്ച വാക്ക് ഈമാൻ എന്നതാണ്.

ഈമാൻ എന്നാൽ വിശ്വാസമല്ല. 

ഈമാൻ എന്നാൽ സാധാരണ വിശ്വാസമല്ല. 

ഈമാൻ എന്നാൽ നിർഭയത്വമാണ്. 

തീർത്തും പേടി ഇല്ലാതാവുന്ന അവസ്ഥയാണ്, 

വീടണഞ്ഞ, കൂടണഞ്ഞ അവസ്ഥയാണ് ഈമാൻ

ഈമാൻ എന്നാൽ അഭയം കിട്ടുകയും, അഭയം കിട്ടിയ അവസ്ഥയും ആണ്. 

"വിശന്നപ്പോൾ ഭക്ഷിപ്പിച്ച, പേടിച്ചപ്പോൾ  നിർഭയത്വമേകിയ (വിശ്വാസമല്ല, നിർഭയത്വം നൽകിയ) ഈ ഗേഹത്തിൻ്റെ നാഥനെ, അതിനാൽ നിങൾ (അടിമപ്പെടുക, വണങ്ങുക) ആരാധിക്കുക." (സൂറ: അൽ ഖുറൈഷി, ഖുർആൻ)

കാഫിർ എന്ന അറിഞ്ഞിട്ടും ഒളിച്ചുവെക്കുന്ന, നിഷേധിക്കുന്ന ആളുകൾ പൊതുവെ ഇല്ലെന്നർത്ഥം. 

ഇവിടെ ആരും യഥാർത്ഥത്തിൽ അറിഞ്ഞിട്ടില്ല, 

അതുകൊണ്ട് തന്നെ ആരും ശരിക്കും ദൈവത്തെ അറിഞ്ഞതിന് ശേഷം കരുതിക്കൂട്ടി ഒളിച്ചുവെക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. 

അല്ലെങ്കിലും സാധാരണഗതിയിൽ: 

ദൈവത്തെയും സത്യത്തെയും ശരിക്കും അറിഞ്ഞതിന് ശേഷം ആരെങ്കിലും നിഷേധിക്കുമോ? 

ദൈവത്തെയും സത്യത്തെയും ശരിക്കും അറിഞ്ഞതിനെ ആരെങ്കിലും ഒളിച്ചുവെക്കുമോ?

അങ്ങനെ നിഷേധിക്കാനും ഒളിച്ചുവെക്കാനും മാത്രം ദൈവത്തോടും സത്യത്തോടും അവ്വിധം വെറുപ്പും വിദ്വേഷവും ആർക്ക്, എന്തിന്?

അറിയാത്തത് കൊണ്ട് അറിയില്ലെന്ന് പറയുന്ന അവിശ്വാസി എന്ന നിഷേധി പോലും വിശ്വാസിയാണ്, ചുരുങ്ങിയത് നിഷേധിയല്ല. 

അറിയായ്ക നിഷേധമല്ല.

അറിയായ്ക ഒളിച്ചുവെക്കൽ അല്ല.

അറിയായ്ക കുഫ്ർ അല്ല.

അറിയാത്തവൻ കാഫിറും അല്ല.

ചുരുങ്ങിയത് നിഷേധമെന്ന വിശ്വാസത്തെ വിശ്വസിക്കുന്ന വിശ്വാസിയാണ് ഓരോ നിഷേധിയും.

No comments: