Monday, December 30, 2024

മോഹൻ ഭാഗവത്തും ആർഎസ്എസും വരെ കുറച്ചൊക്കെ പേടിച്ചുതുടങ്ങിയോ?

കൊത്തിക്കൊത്തി മുറത്തിൽ കൊത്തും എന്നായപ്പോൾ മോഹൻ ഭാഗവത്തും ആർഎസ്എസും കുറച്ചൊക്കെ പേടിച്ചുതുടങ്ങിയോ?

തങ്ങൾ ഇക്കാലമത്രയും തങ്ങളുടെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കി ഉപയോഗിച്ചത് തങ്ങൾക്കെതിരെ വരുമെന്ന് തുടങ്ങിയപ്പോൾ മോഹൻ ഭാഗവത്തും ആർഎസ്എസും കുറച്ചൊക്കെ സങ്കോചപ്പെടുന്നുവോ? 

പ്രത്യേകിച്ചും സ്വന്തം അധികാര - സ്ഥാപന - സ്ഥാപിത - നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിഘ്‌നം സംഭവിക്കുമെന്ന് വരുമ്പോൾ മോഹൻ ഭാഗവത്തും ആർഎസ്എസും സ്വന്തം സൃഷ്ടികളെയും സംശയിച്ചുതുടങ്ങിയോ?

അധികാരവും സ്ഥാപനവും നിലനിർത്താനും നിലനിർത്തലുമാണല്ലോ ഉണ്ടാക്കിയെടുത്ത കളവിൻ്റെയും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും കലാപങ്ങളുടെയും ഒക്കെ ആകെമൊത്തമുള്ള മുഖ്യലക്ഷ്യങ്ങൾ, കർമ്മപരിപാടികൾ.

അധികാരം നേടാനും നിലനിർത്താനും വേണ്ടി തങ്ങൾ തുറന്നുവിട്ട വിഷപ്പാമ്പുകളും തേളുകളും തങ്ങൾ വിചാരിച്ചാലും ഇനി കൂട്ടിലേക്ക് തിരിച്ചുപോകില്ല, തങ്ങൾ ഇറക്കിയ വിഷത്തെ ഇനി തങ്ങൾക്കും തിരിച്ചെടുക്കാൻ സാധിക്കില്ല എന്ന അവസ്ഥ ആർഎസ്എസ്സിനും മോഹൻ ഭാഗവത്തിനും മുൻപിൽ സംജാതമാകുന്നുണ്ടോ?

അതുകൊണ്ടാണോ ആർഎസ്എസിനും ഭഗവത്തിനും ചിലതൊക്കെ ഈയടുത്തായി അമ്പലം - പള്ളി വിഷയം ഉയർത്തി സ്വയം നേതാക്കളായേക്കാവുന്ന സ്വന്തം സ്വാമിമാർക്കും സന്യാസിമാർക്കും പുരോഹിതന്മാർക്കും ഗുരുക്കന്മാർക്കും എതിരെ സൂചിപ്പിക്കേണ്ടിയും പറയേണ്ടിയും വന്നത്? 

ആർഎസ്എസും മോഹൻ ഭാഗവത്തും എന്ന തലയുള്ളപ്പോൾ വാലാട്ടരുത് എന്ന പെരുന്തച്ചൻ മനസ്സോടെ, സ്വരത്തോടെ.

ആർഎസ്എസും മോഹൻ ഭാഗവത്തും അങ്ങനെ അപ്പറയുന്നത്തിലും സൂചിപ്പിക്കുന്നതിലും വരെ അൽപവും സത്യസന്ധത പ്രതീക്ഷിച്ചുകൂടെങ്കിലും ചിലത് സംശയിച്ചുപോവുകയാണ്, ചോദിച്ചുപോവുകയാണ്.

തുറന്നുവിട്ട വിഷപ്പാമ്പുകളും തേളുകളും സ്വയം തന്നെ നേതാക്കളാവുന്ന, അമ്മയെക്കാൾ വലിയ കുട്ടിയാവുന്ന അവസ്ഥ ആർഎസ്എസിനെയും ഭഗവത്തിനെയും അല്പമൊക്കെ ഭയപ്പെടുത്തുന്നുവോ? 

ജനങ്ങളുടെ മേൽ തീർത്ത നികുതിഭാരത്തിൻ്റെയും വിലവർദ്ധനവിൻ്റെയും നുണകളുടെയും വിഭജനത്തിൻ്റെയും സിംഹാസനത്തിലാണല്ലോ ഇപ്പോൾ. 

ആ സിംഹാസനവും അതിൻ്റെ സുഖഭോഗങ്ങളും സുരക്ഷിതത്വവും സൂക്ഷിക്കാൻ ചിലതൊക്കെ ഇപ്പോൾ ഭയപ്പെട്ടേ തീരൂ എന്ന് വരുന്നോ ആർഎസ്എസിനും ഭഗവത്തിനും?

നിക്ഷിപ്ത താൽപര്യങ്ങൾ ലക്ഷ്യമിട്ട് തുറന്നുവിട്ട വിഷപ്പാമ്പുകളും തേളുകളും തുറന്നുവിട്ട തങ്ങളെ തന്നെയും കൊന്നില്ലാതാക്കുന്നത്ര വളർന്നുവരുമെന്ന് ഇപ്പോഴവർ നേര് നേരിട്ടറിഞ്ഞ് പേടിക്കുന്നുവോ?

എല്ലാ വിപ്ലവങ്ങളും അങ്ങനെയല്ലെങ്കിലും, ചില വിപ്ലവങ്ങൾ അങ്ങനെ മാത്രമാണ്. 

വിപ്ലവം വിപ്ലവത്തെ തന്നെ കൊന്നുതിന്നും. 

ഭഗവത്തും ആർഎസ്എസും എവിടെയും ഒരു വിപ്ലവവും ഉണ്ടാക്കിയിട്ടില്ല. 

എങ്കിലും കളവിൻ്റെയും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെ പിന്തിരിപ്പൻ കോട്ടാരമെങ്കിലും ഇവിടെ ഒന്നുമറിയാത്ത പാവം അൽപന്മാരുടെ ഇടയിൽ എന്തോ വലിയൊരു വിപ്ലാവമായി മാറിയിട്ടുണ്ടല്ലോ. 

അന്യൻ്റെ നിലനില്പിലും വളർച്ചയിലും അസൂയയും വെറുപ്പും തോന്നുന്ന ക്രൂരവിനോദമനസ്സ് ഉണ്ടായതാണല്ലോ ഇവിടത്തെ ഏറ്റവും വലിയ വിപ്ലവം.

അത്തരം വിപ്ലവങ്ങളുടെ പേരുകേട്ട കരുത്തും ശക്തിയും തന്നെ ആ വിപ്ലവത്തെ തൊട്ടുടനെ കൊന്നുതിന്നുന്നതും ആ നാടിനെ മുഴുവൻ നശിപ്പിക്കും വിധം ആഭ്യന്തരകലാപങ്ങളുടെയും ആത്മനാശത്തിൻ്റെയും കെണിയിൽ വീഴ്ത്തുന്നതും അങ്ങനെയാണ്.

തങ്ങളുടെ ശത്രുക്കളെ വേദനിപ്പിക്കാനും കൊല്ലാനും തൽക്കാലം തങ്ങളെ സഹായിച്ച അതേ വിഷപ്പാമ്പുകളും തേളുകളും തങ്ങളെ തന്നെ, തങ്ങളുടെ തന്നെ ദീർഘദൂര ലക്ഷ്യങ്ങളെ തന്നെ തിരിച്ചുകുത്തിയേക്കാമെന്ന് മുൻകൂട്ടി കാണാൻ സാധിക്കാതെ പോയ മോഹൻ ഭാഗവത്തും ആർഎസ്എസും ഇപ്പോൾ തുടങ്ങിയോ?

വെറുപ്പിനും ശത്രുതക്കും അങ്ങനെയൊരു കഥയുണ്ട്, ഗതിയുണ്ട് എന്നവർ തിരിച്ചറിഞ്ഞുതുടങ്ങിയോ. 

വെറുപ്പും ശത്രുതയും ആർക്കെതിരെയും തിരിയും. ആരെയും ഇരയാക്കും. ഇന്ന് ഞാൻ, നാളെ നീ എന്ന് മാത്രം.

തൽക്കാലം ആർക്കെങ്കിലും അനുകൂലം എന്ന് വന്നേക്കും. അന്ധമായി.

പക്ഷെ, കുറച്ച് കഴിഞ്ഞാൽ അതേ വെറുപ്പും ശത്രുതയും തൽക്കാലം അനുകൂലമായി സുഖഭോഗം അനുഭവിച്ചവർക്കെതിരെയും വരും. അന്ധമായിത്തന്നെ. 

ഇന്ന് നിൻ്റെ ശത്രുവിനെതിരെ നിനക്കുപയോഗപ്പെട്ട അതേ വെറുപ്പും ശത്രുതയും നാളെ നിന്നെ ശത്രുവാക്കി നിനക്കെതിരെയും ഉപയോഗപ്പെട്ട് വരും.

ദുഷ്‌പ്രവണതകളും ദുർവ്വികാരങ്ങളും തന്നെയായ വിഷപ്പാമ്പുകളും തേളുകളും അങ്ങനെയാണ്. 

അവയ്ക്ക് പ്രത്യേകമായ കണ്ണും കാതും ഹൃദയവും ബുദ്ധിയും ലക്ഷ്യവും ഇല്ല. 

ആര്, എങ്ങിനെ ഉപയോഗിക്കുന്നുവോ അങ്ങനെ അതനുസരിച്ച് അതാത് കാലത്ത് അത് പണിയെടുക്കും. 

വെറും ചട്ടുകങ്ങളും കത്തിയും പോലെ. 

ഉള്ളി മുറിക്കാം, ആളെ കൊല്ലാം. 

ആരെയും നിങ്ങളെയും കൊല്ലാം.

ഉപയോഗിക്കുന്ന കൈകൾ അതിൻ്റെ ഉപയോഗം നിശ്ചയിക്കും. 

ആർക്കെതിരെ എപ്പോഴെന്നത് അപ്പപ്പോൾ നിശ്ചയിക്കപ്പെടും.

തുറന്നുവിട്ടവർ ആരാണ് എന്നതോ,  ആരെയൊക്കെയാണ് കുത്തേണ്ടതും വേദനിപ്പിക്കേണ്ടതും എന്നതോ ഒന്നും അവയ്ക്കറിയില്ല, അറിയേണ്ടതില്ല. 

********

പിന്നാമ്പുറം: നമ്മൾ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന് ചെയ്യുന്ന എല്ലാ തെറ്റുകളും ക്രൂരതകളും കുതന്ത്രങ്ങളും രാജ്യസ്‌നേഹം. 

നമുക്കെതിരെ ആര്, എന്ത്, എങ്ങിനെ ചെയ്യുന്നതും രാജ്യദ്രോഹം. 

നമ്മെ ചോദ്യം ചെയ്യുന്നത് തന്നെ രാജ്യദ്രോഹം.

No comments: