Monday, October 9, 2023

ഫലസ്തീൻ ഇസ്രായേൽ വിഷയം കാണേണ്ടത് വേറെ കോണിലൂടെ

ഫലസ്തീൻ ഇസ്രായേൽ: 

കണ്ടും കേട്ടും പഠിക്കാത്തവൻ കൊണ്ടതിന് ശേഷം മാത്രം എന്തെങ്കിലും പഠിക്കും എന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. അപ്പോഴും അവൻ എന്തെങ്കിലും മാത്രം പഠിക്കും. പലതും തെറ്റായി ആരോപിച്ചും ആക്ഷേപിച്ചും. ഉപകരണത്തെ കുറ്റം പറയുന്ന മോശം ആശാരിയെ പോലെ.

******

എന്തുകൊണ്ടാണ് ഫലസ്തീനികളും അറബ് ലോകവും സാമാന്യയുക്തിയും വിവേകവും വെച്ച് പക്വതയോടെ, സാമാന്യേന സഹിഷ്ണുതയോടെ സംഗതികൾ ഇതുവരെയും മനസ്സിലാക്കാതിരുന്നത്, ചെയ്യാതിരുന്നത്? ഇക്കാര്യത്തിൽ ആദ്യം മുതലേ അതായിരുന്നു വേണ്ടിയിരുന്നത്.

യഥാർഥത്തിൽ തെറ്റിദ്ധാരണകളും മുൻധാരണകളും മാറ്റിവെച്ച് ഒന്ന് മാറിയിരുന്നു ചിന്തിച്ചാൽ മാത്രം കാര്യം മനസ്സിലാക്കാവുന്നതും ചെയ്യാവുന്നതുമാണ്.

അങ്ങനെ ചെയ്യാത്തത് കൊണ്ട് മാത്രം മറ്റുള്ളവർക്കെതിരെ എന്ന് കരുതി അവർ ചെയ്യുന്നത് മുഴുവൻ അവർക്കെതിരെ തന്നെ ചെയ്യുന്നതാകുന്നു. 

സംരക്ഷിക്കുന്നു എന്ന തോന്നലോടെ അവർ ഉള്ളതും നശിപ്പിക്കുന്നു. 

പ്രതിരോധിക്കുന്നു എന്ന് വരുത്തി ഉള്ളതും നശിപ്പിച്ച് സ്വയം കൂടുതൽ ആക്രമണം നേരിടുന്നു. പോരാത്തതിന് എല്ലാ ഭാഗത്ത് നിന്നും ആക്ഷേപങ്ങളും.

അവിടെയാണ്, അങ്ങനെയാണ് 1948ൽ ഏതോ നിലക്ക് യു എൻ മുഖാന്തിരം ഉണ്ടായ ചെറിയ ഇസ്രയേൽ വലുതായത്.  

കണക്കനുസരിച്ച്, ഇസ്രയേലിനോടൊപ്പം തന്നെ ഉണ്ടായിരുന്ന വലിയ ഫലസ്തീൻ ക്രമേണക്ക്രമേണ ചെറുതായി മാറിയതും അങ്ങനെ തന്നെ. 

അനുവദിച്ചു കിട്ടിയ ചെറിയ ഭൂപ്രദേശമായ ഇസ്രയേൽ മുസ്ലിം ലോകവും ഫലസ്തീനികളും കാലാകാലങ്ങളിൽ ഇട്ടുകൊടുത്തുകൊണ്ടിരുന്ന ഓരോരോ കയറിൽ കയറിക്കയറിപ്പിടിച്ച് ബാക്കി ഭാഗങ്ങളും ആക്രമിച്ച് കീഴടക്കി. 

ഫലത്തിൽ ഫലസ്തീൻ ഇല്ലാതാവും വിധം ഇസ്രായേൽ വലുതാവുകയും, ഇസ്രയേൽ വലുതാകും വിധം ഫലസ്തീൻ തീരേ ഇല്ലാതായിപ്പോകുകയും ചെറുതായിത്തീരുകയും ചെയ്യുന്ന അവസ്ഥ അങ്ങുനിന്നിങ്ങോളം ഉണ്ടായി, സംജാതമായി.

ഫലസ്തീൻ്റെ കാര്യത്തിൽ മുസ്ലിംലോകം പ്രതിരോധിക്കാനെന്ന് വിചാരിച്ച് നടത്തിയ ഓരോ നീക്കവും ആക്രമണ രീതിയും ഫലസ്തീന് മാത്രം നഷ്ടമുണ്ടാക്കി. മുസ്‌ലിംകളെ മാത്രം പ്രതിക്കൂട്ടിലാക്കി. 

വൈകാരികത വെച്ചുപുലർത്തി നോക്കുമ്പോൾ ശരിയാണെന്ന് മുസ്ലിം ഭൂരിപക്ഷത്തിന് ഈയടുത്ത കാലത്ത് തോന്നുന്ന ഹമാസ് പോലുള്ള സംഘടനകൾ വരെ ചെയ്യുന്നത് അത് തന്നെ. 

അങ്ങനെ അതാത് കാലങ്ങളിൽ മുസ്‌ലിംകൾ നടത്തിയ തെറ്റായ പ്രതിരോധ രീതികൾ ഇസ്രയേലിന് കൂടുതൽ കൂടുതൽ കടന്നാക്രമിച്ച് ഫലസ്തീനെ കൂടുതൽ കൂടുതൽ ചുരുക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തുകൊണ്ടേയിരുന്നു.

ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സമൂഹത്തിൻ്റെയും തീരുമാനം അംഗീകരിക്കാനുള്ള സഹിഷ്ണുതയും വിശാലതയും കാണിക്കാതിരുന്ന മുസ്ലിംലോകവും ഫലസ്തീനും ഫലത്തിൽ അങ്ങനെ ഫലസ്തീനെ ഒന്നുമല്ലാത്ത ഇന്നത്തെ ഫലസ്തീനാക്കി മാറ്റി.

അവിവേകി ശരി ചെയ്യുന്നു എന്ന് ധരിച്ച് തെറ്റുകൾ മാത്രം ചെയ്യുന്നു. 

അവിവേകി നേട്ടമുണ്ടാക്കുന്നു എന്ന ധാരണ വെച്ച് നഷ്ടങ്ങൾ മാത്രം കൊയ്തുകൂട്ടുന്നു.

വിവേകി ചുറ്റുമുള്ളവർ അബദ്ധം എന്ന് കരുത്തിപ്പോകും വിധം സുബദ്ധം ചെയ്യും. നഷ്ടപ്പെട്ടു, തോറ്റ് കൊടുത്തു, പരാജയപ്പെട്ടു എന്ന് തോന്നിപ്പിക്കും വിധം വിജയിക്കും.

*******

എന്താണ്, എവിടെയാണ് ഫലസ്തീൻ പ്രശ്നത്തിൻ്റെ നാരായ വേരും പരിഹാരവും?

ഈ ചോദ്യത്തിന് സാമാന്യയുക്തി മാത്രം വെച്ച്, ഏവർക്കും മനസ്സിലാവും വിധം വിഷയങ്ങൾ കാണണം, ഉത്തരം നൽകണം. 

വെറും വിശ്വാസവും അതുണ്ടാക്കുന്ന വികാരവും രാഷ്ട്ര രാഷ്ടീയ ആധിപത്യ അധിനിവേശ താൽപര്യവും മാത്രം വെച്ച് അന്ധത പൂകി, ഗൂഢാലോചന സിദ്ധാന്തം ആരോപിച്ച് നോക്കരുത്.

അങ്ങനെ നോക്കിയാൽ വസ്തുതകളും വാസ്തവങ്ങളും മാറിമറിഞ്ഞ് കാണും. ഉത്തരങ്ങൾ മാറും, അവ ചോദ്യങ്ങളാവും. ഒരുb കൊമ്പും ഇല്ലാത്ത മുയലിന് നാല് കൊമ്പുണ്ടെന്ന് വരെ വരും. 

*******

അഭിപ്രായങ്ങൾ ഉണ്ടാക്കുമ്പോഴും പറയുമ്പോഴും നാം ത്രാസിലെ സൂചി പോലെ മദ്ധ്യത്തിൽ നിന്ന് പറയണം. പ്രായോഗികതയും യാഥാർത്ഥ്യബോധവും വെച്ച് കൂടി പറയണം. ഒരു പക്ഷത്തും നിൽക്കാതെ ആവുന്നത്ര ശരിയുടെ പക്ഷത്ത് മാത്രം ചാരി നിന്ന്, താഴ്ന്നുനിന്ന് തന്നെ പറയണം.

അന്ധമായ വിശ്വാസങ്ങളും അതുണ്ടാക്കുന്ന വികലമായ കാഴ്ചകളും വികാരങ്ങളും വെച്ച്, എപ്പോഴും എന്തെങ്കിലും ഗൂഢാലോചന സിദ്ധാന്തങ്ങളിൽ അഭിരമിച്ച്, എല്ലാവരും നമുക്കേതിരെ എന്ന് ധരിച്ച്, ഇല്ലാത്ത ശത്രുവിനെയും പ്രശ്നങ്ങളെയും ഉണ്ടെന്ന് സങ്കല്പിച്ച്, യഥാർത്ഥ പ്രശ്നത്തിൽ നിന്നും അതിനുള്ള സാധ്യമായ പരിഹാരത്തിൽ നിന്നും നാം കുതറിമാറിപ്പോകരുത്.

ജൂതന്മാർ: എല്ലാവരാലും കാലങ്ങളിലൂടെ പീഡിപ്പിക്കപ്പെട്ട സമൂഹം, കാലത്തിലൂടനീളം വംശനാശത്തിന് വിധേയമാക്കപ്പെട്ട വിഭാഗം, സ്വന്തമായ നാടില്ലതെ പോയ സമുദായം, ലോകത്തെ ഏറ്റവും വലിയ ന്യൂനാൽ ന്യൂനപക്ഷം. എന്നിങ്ങനെയുള്ള വിഷയങ്ങൾ മുന്നിൽ കണ്ട് തന്നെ വിഷയങ്ങളെ കാണണം. ജൂതന്മാരെ ആര് അങ്ങനെ ചെയ്തു, ഇത്തരമൊരവസ്ഥയിൽ ആക്കി എന്ന ചോദ്യവും ഉത്തരവും പറഞ്ഞ് തർക്കിക്കാതെ വിഷയത്തെ കുറച്ച് കൂടി മയത്തിലും മാനുഷിക പരിഗണനയോടെയും കാണണം. 

********

അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് മാനുഷികമായി തീരുമാനിച്ചതാണ് ജൂതന്മാരെ അധിവസിപ്പിക്കാൻ ഫലസ്തീനിൽ ഒരു ഭാഗം നൽകുക എന്നതെന്ന സാമാന്യമായ വസ്തുതതയും വാസ്തവവും നാം മനസ്സിലാക്കണം. 

ജൂതന്മാർക്ക് ജറുസലേം ദേശത്ത് കൃത്യമായ വിശ്വാസപരമായ, ബൈബിളും ഖുർആനും ഒരുപോലെ അംഗീകരിക്കുന്ന അവകാശവും ഓർമ്മകളും ഉണ്ടെന്നത് ഓർക്കണം.

ജൂതന്മാർ ഫലസ്തീൻ പ്രദേശത്തിൻ്റെ തന്നെ സംഭാവനയാണ് എന്നത് ഖുർആനും ബൈബിളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് എന്നതും നാം മനസ്സിലാക്കണം.

അതങ്ങനെ തന്നെ നാം മനസ്സിലാക്കാതെ പോകരുത്.

അല്ലാതെ ജൂതന്മാർ ഫലസ്തീനിൽ ആക്രമിച്ച്, അല്ലെങ്കിൽ ആരുമറിയാതെ അതിർത്തികൾ ഭേദിച്ച് ഒളിച്ച് കയറിവന്ന് കുടിയേറി അധിനിവേശം നടത്തിയതല്ല. 

1948ഓടെ അവർ അന്താരാഷ്ട്ര സമൂഹം അറിഞ്ഞ്, അനുവദിച്ച്, സമ്മതിച്ച് തന്നെ അവിടെ വന്നതാണ്.

അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് ഇന്നത്തെ ഇസ്രയേൽ രാജ്യത്തെ ഫലസ്തീനിൽ കൊടുക്കാൻ തീരുമാനിച്ചതിൽ തെറ്റും ശരിയും ഉണ്ടാവാം. പ്രത്യേകിച്ചും ഫലസ്തീൻ എന്തിന് വിലകൊടുക്കണം എന്ന ചോദ്യം ചോദിക്കുന്നവർക്ക്.

അങനെയുള്ള എല്ലാ തെറ്റും ശരിയും മനസ്സിലാക്കി തന്നെയാണ് നാം ആ പ്രശ്നത്തെ കാണേണ്ടതും ആ പ്രശ്‌നത്തോട് പേരുമാറേണ്ടതും ആ പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കേണ്ടതും. 

പ്രശ്നത്തിൻ്റെ നാരായ വേരും പ്രശ്നത്തിനുള്ള പരിഹാരവും തേടേണ്ടത് അങ്ങനെ അവിടെ നോക്കിയാണ്, അവിടെ പോയാണ്.

അന്താരാഷ്ട്ര സമൂഹം ചെയ്തത് തെറ്റാണെങ്കിൽ തിരുത്തേണ്ടത് അന്താരാഷ്ട്ര സമൂഹത്തോട് പറഞ്ഞ് തന്നെയാണ്. അല്ലാതെ, ഇസ്രയേലിലുള്ള പാവങ്ങളായ ജനങ്ങളോട് ഏറ്റുമുട്ടിയിട്ടല്ല, അവർക്കെതിരെ അക്രമം നടത്തിയിട്ടല്ല.

വളവും വെള്ളവും വേരിൽ തന്നെ പോകണം, ശാഖയിൽ പോകരുത്.

എത്ര കാലമായിട്ടും, അങ്ങനെ വേരിൽ നിന്ന് കണ്ട് നേരിടാതെ എത്ര ശാഖയിൽ കിടന്ന് ഏറ്റുമുട്ടിയിട്ടും അക്രമം നടത്തിയിട്ടും ഒരു പരിഹാരം കുറുക്കുവഴിയിൽ നേടാൻ ആർക്കും സാധിക്കുന്നുമില്ല എന്നും മനസ്സിലാക്കണം. കുറേ വേദനിക്കുന്നതും നഷ്ടപ്പെടുന്നതും മാത്രമല്ലാതെ.

അതുകൊണ്ട് തന്നെ, സാധിക്കുമെങ്കിൽ ചെയ്യേണ്ടത് അന്താരാഷ്ട്ര സമൂഹത്തെ കൊണ്ട് അത് തിരുത്താൻ, സാധ്യമായ, ലഭ്യമായ നേരായ വഴിയിൽ ശ്രമിക്കുക എന്നത് മാത്രം തന്നെയാണ്. 

അത് സാധ്യമല്ലെങ്കിൽ, പകരം നടത്തുന്ന, നടത്താൻ ഉദ്ദേശിക്കുന്ന എല്ലാ അക്രമ ആക്രമണ ശ്രമങ്ങളും ഉപേക്ഷിച്ച് സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും വഴി സ്വീകരിക്കുക എന്നതാണ്. അതിഥികളെ പോലെ കണ്ട് സ്വീകരിക്കുന്ന, ഉൾകൊള്ളുന്ന വഴി കൊണ്ടുനടക്കുക എന്നതാണ്.

********

എല്ലാവരും എല്ലായിടത്തും നമ്മളെ ഉൾക്കൊള്ളണം എന്ന് നാം ആഗ്രഹിക്കുന്നില്ലേ? ഉണ്ടെങ്കിൽ നാമും അതേ സംഗതി ചെയ്ത് കാണിക്കണം. വിട്ടുവീഴ്ച ആഗ്രഹിക്കുന്നവൻ സ്വയം തൻ്റെയിടത്തിൽ വിട്ടുവീഴ്ച കാണിക്കണം.

എന്നിരിക്കെ, എന്തുകൊണ്ട് മുസ്ലിം സമൂഹത്തിന് 75 കൊല്ലമായിട്ടും ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ ജൂത വിഭാഗത്തെ അവിടെ ഉൾകൊള്ളാൻ സാധിച്ചില്ല? 

എന്തുകൊണ്ട് തങ്ങളുടെ മൊത്തം ജനസംഖ്യയുടെ നൂറിലൊന്ന് പോലുമില്ലാത്ത ജൂതന്മാരെയും ഇസ്രയേലികളെയും തങ്ങളുടെ ഇടത്തിൽ, അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് എടുത്ത തീരുമാനം എന്ന സ്ഥിതിക്ക് അംഗീകരിച്ച്, ഉൾകൊള്ളാൻ സാധിക്കുന്നില്ല? ചുറ്റുവട്ടത്ത് തങ്ങളുടെ തന്നെ മുപ്പതോളം വിശാലമായ മറ്റ് രാജ്യങ്ങൾ ഉണ്ടായിരിക്കെ പ്രത്യേകിച്ചും. 

ശരിയായിരിക്കാം. ജൂതന്മാരെയും ചരിത്രത്തിൽ എവിടെയും കൊന്നൊടുക്കിയതും ആട്ടിയോടിച്ചതും വംശനാശം നടത്താൻ ശ്രമിച്ചതും മുസ്‌ലിംകൾ അല്ല. 

അതുകൊണ്ട് തന്നെ ജൂതന്മാർക്ക് പ്രായശ്ചിത്തമായി ഭൂമി കൊടുക്കേണ്ടത് മുസ്‌ലിംകൾ അല്ല എന്നത് ന്യായവുമായിരിക്കാം. 

പക്ഷേ, അത്തരം കണക്കുകൾ പറയുന്നതിന് പകരം കുറച്ച് കൂടി വിട്ടുവീഴ്ചയോടെയും വിശാലതയോടെയും ചിന്തിക്കാമായിരുന്നു. പ്രത്യേകിച്ചും അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് തീരുമാനിച്ച് ജൂതന്മാർക്ക് ഒരു ചെറിയ ഇടം പല ന്യായങ്ങകളും സാധ്യതകളും നോക്കി പരിഗണിച്ചതിന് ശേഷം നൽകുമ്പോൾ. 

അങ്ങനെ നൽകിയിട്ട് 75 കൊല്ലങ്ങളായിട്ടും ലോകത്തെ ഏറ്റവും ചെറിയ ന്യനപക്ഷമായ ഒരു വിഭാഗത്തെ ഒരു നിലക്കും ഉൾകൊള്ളാൻ തയ്യാറാവാത്തത് മൂലം കുറേ വേണ്ടാത്ത ദുഷിച്ച പേരും വിശേഷണങ്ങളും മാത്രം വാങ്ങുകയാണ് അറബികളും മുസ്ലിംകളും വെറുതേ ഇക്കാലമത്രയും ചെയ്തത്. 

ചരിത്രമറിയാത്ത പുതിയ കാലത്തെ ഒറ്റക്കാഴ്ചയിൽ കണ്ട് മനസ്സിലാക്കുന്ന വലിയ ജനവിഭാഗത്തിന് മുന്നിൽ ജൂതന്മാരുടെ ശത്രുക്കളാണ് മുസ്‌ലിംകൾ എന്ന് ഇത്തരം നിലപാട് വരുത്തി. 

ചരിത്രത്തിലുടനീളം ജൂതൻമാരെ പീഡിപ്പിച്ചത് മുസ്‌ലിംകളാണ് എന്ന തോന്നൽ ഇതുണ്ടാക്കി. 

അത്തരമൊരു തോന്നലാണ് ഫലത്തിൽ ജൂതന്മാർരെ അവിടെ ഒരുനിലക്കും ഉൾകൊള്ളാൻ തയ്യാറാവാത്ത മുസ്ലിംകളുടെ പ്രകൃതവും പ്രതിരോധവും ലോകമനസ്സിന് മുൻപിൽ ഉണ്ടാക്കിക്കൊടുത്തത്. 

ആദ്യമേ, 1948 മുതൽ തന്നെ വിവേകവും പക്വതയും സ്നേഹവും സഹിഷ്ണുതയും കാണിച്ച് അന്താരാഷ്ട്രസമൂഹം ഒന്നായൊരുമിച്ച് തീരുമാനിച്ചത് പോലെ അവിടെ ഉൾകൊണ്ടിരുന്നുവെങ്കിൽ ജൂതൻമാരുമായി ഒരിക്കലും ശത്രുക്കൾ അല്ലാതെ കഴിഞ്ഞുകൂടാൻ സാധിക്കുമായിരുന്നു. 

അങ്ങനെയായിരുന്നുവെങ്കിൽ ഇസ്രയേൽ ഇക്കണ്ടത് പോലെ ആക്രമിച്ച് വളരില്ലായിരുന്നു. ഇന്ന് ഈ കാണുന്ന ദുരന്തങ്ങളും ദുരിതങ്ങളും സംഘർഷങ്ങളും ഉണ്ടാവില്ലായിരുന്നു. പ്രതിരോധിച്ച് പ്രതിരോധിച്ച് മുസ്‌ലിംകൾ നഷ്ടം മാത്രം നേട്ടമാക്കില്ലായിരുന്നു.

ഒരു ജനതയെ എന്നത്തേയും ശത്രുക്കളാക്കുക വഴി ലോകത്തിന് മുഴുവൻ തീർത്തും തെറ്റായ മാതൃക കാണിച്ച് വെറുപ്പും ശത്രുതയും തെറ്റിദ്ധാരണയും മാത്രം വാങ്ങിവെക്കുകയും ചെയ്തു ഫലത്തിൽ മുസ്ലിംകളും ഫലസ്തീൻ ജനതയും. മാത്രവുമല്ല മറ്റൊരു ജനതയെ, മുസ്‌ലിംകളെ ഏറ്റവും മോശമാക്കി കാണിക്കുകയും ചെയ്തു.

തങ്ങൾ എല്ലായിടത്തും ചോദിച്ച് അവകാശപ്പെട്ട് വാങ്ങുന്ന അതേ സഹിഷ്ണുതയും സ്നേഹവും ഉൽകൊള്ളലും ആദ്യമേ ഇസ്രായേലിനോട് കാണിച്ച് ഉൾകൊണ്ടിരുന്നുവെങ്കിൽ ഇപ്പോൾ ഇതുവരെ നഷ്ടപെട്ടതൊന്നും നഷ്ടപ്പെടുമായിരുന്നില്ല.

*******

1948 മുതൽ ഇതുവരെ ഇസ്രയേലിനെ ഇല്ലാതാക്കാൻ സാധിക്കാത്തത് ഇനിയും അക്രമം കൊണ്ട്  സാധിക്കുമെന്ന് ഹമാസ് പോലുള്ള സംഘടനകൾ കരുതുന്നത് എത്ര വലിയ വിഡ്ഢിത്തമാണ്? 

1967ൽ അങ്ങനെയൊരു കൂട്ടമായ ശ്രമം അറബ് രാഷ്ട്രങ്ങൾ നടത്തി തോറ്റതാണ്. അപ്പോൾ നഷ്ടപ്പെട്ട ഭൂമി പോലും തിരിച്ചുപിടിക്കാൻ തന്നെ മുസ്ലിം അറബ് ലോകത്തിന് ഇതുവരെയും സാധിക്കാത്തത് കാണുന്നില്ലേ? 

1967ൽ നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടാൻ പോലും എത്രമാത്രം കരയേണ്ടിയും പറയേണ്ടിയും വരുന്നു ഇപ്പോൾ അതേ അറബ് ലോകത്തിന്? അന്ന് ഇസ്രയേലിനെ ഒറ്റയടിക്ക് കൂട്ടമായി ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിച്ച അതേ അറബ് മുസ്ലീം സമൂഹത്തിന്?

ഇന്ന് ഹമാസ് ചെയ്യുന്നതും വേറൊരർഥത്തിൽ അത് തന്നെ. അതേ അബദ്ധം തന്നെ. ചോദിച്ചുവാങ്ങുന്ന നഷ്ടങ്ങൾ, തിരിച്ചടികൾ.

അതും ലോക പിന്തുണയുള്ള, അതിബുദ്ധിമാൻമാർ കൂടിയായ മല്ലൻമാരെ വെറുതേ നടുറോഡിൽ ചെന്ന് എല്ലാവരും കാൺകെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തോണ്ടിയും ചൊറിഞ്ഞും അതിനേക്കാൾ പതിന്മടങ്ങ് വലിയ തിരിച്ചടികൾ വാങ്ങിക്കൊണ്ട്. 

എന്നിട്ട് കിടന്ന് കരഞ്ഞും നിലവിളിച്ചും കൊണ്ട്. 

ഇരവാദവും ഗൂഡാലോചന സിദ്ധാന്തവും പറഞ്ഞ്, അതിൽ അഭിരമിച്ചു കൊണ്ട്. 

ഇസ്ലാമോഫോബിയ എന്ന ഒറ്റ വാക്കിൽ എല്ലാറ്റിനും ആശ്വാസം നേടിക്കൊണ്ട്. 

യഥാർഥത്തിൽ തങ്ങൾ എല്ലാറ്റിനെയും എല്ലാവരെയും ഉള്ളിൽ സ്വയം തന്നെ വെറുത്തും പേടിച്ചും ശത്രുക്കളായി കണ്ടുകൊണ്ടുമിരിക്കേ, എല്ലാവർക്കുമെതിരെ മുഴുവൻ സമയവും പ്രാർത്ഥിച്ചുകൊണ്ടിരിക്കെ.

നോക്കിനിൽക്കുന്ന എല്ലാവരുടെയും മനസ്സിൽ ഭീകരവാദികൾ എന്ന അഭിപ്രായം വരിനിറച്ചു കൊണ്ട്, വെറുപ്പ് ചോദിച്ച് വാങ്ങിക്കൊണ്ട്. 

*******

എന്തുകൊണ്ട് മുസ്ലിംകളും അറബികളും മനസ്സിലാക്കുന്നില്ല ബൈബിൾ പ്രകാരവും ഖുർആൻ പ്രകാരവും ജൂതൻമാരും അവരുടെ പ്രവാചകൻമാരും ജീവിച്ച നാട് കൂടി തന്നെയാണ് ഫലസ്തീനും ചുറ്റുപാടുള്ള ഭൂവിഭാഗവും എന്നത്?

ആ നിലക്കും അന്താരാഷ്ട്രസമൂഹം അവർക്ക് വേണ്ടി ആ ഭൂമി നൽകാൻ തീരുമാനിച്ചത് ഒരുവലിയ തെറ്റല്ല എന്നത് സാമാന്യയുക്തി വെച്ച് മനസ്സിലാക്കേണ്ടതല്ലെ? 

ഇപ്പോഴത്തെ ഇസ്രയേലിലെ ജൂതന്മാർ അവിടത്തുകാർ അല്ലല്ലോ, അങ്ങുനിന്നും ഇങ്ങുനിന്നും വന്നവരല്ലെ എന്ന ന്യായമൊന്നും അക്കാര്യത്തിൽ ന്യായമല്ല. അതേ അവർക്ക് സ്വന്തമായ ഒരിടമില്ലാത്ത വിധം അവരെ പീഡിപ്പിച്ച് ചിതറിപ്പിച്ചിരുന്നൂ

സമൂഹം മാറിക്കൊണ്ടിരിക്കും. ജൂതന്മാർ മാത്രമല്ല എല്ലാവരും പഴയ തല്ല. പകകോലത്തിൽ മാറി വന്നവരാണ്

വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെട്ടവരും അറിയപ്പെടുന്നവരും മുഴുവൻ പിന്നെ അവരുടെ ജനിതകവും ചരിത്രവും വേരും നോക്കാതെ ആ ഒരു വിശ്വാസിസമൂഹമായി കണക്കാക്കപ്പെടും, സംഘടിക്കും. 

അതുപോലെ ഇന്നത്തെ ഇസ്രയേലിലെത്തിയ ജൂതൻമാരും. 

മുസ്‌ലിംകൾക്ക് മക്കയും മദീനയും പോലെയാണ്, കൃസ്ത്യാനികൾക്ക് വത്തിക്കാൻ പോലെയാണ്, ഹിന്ദുക്കൾക്ക് കാശിയും കൈലാസവും പോലെയാണ് ജൂതന്മാർക്ക് ജറുസലേം എന്നതും നാം മറന്നുകൂട.

എന്നിരിക്കെ അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് അങ്ങനെയൊരു തീരുമാനം കാലങ്ങളായി പീഡിപ്പിക്കപ്പെട്ട, അന്യവൽക്കരിക്കപ്പെട്ട, അരികുവൽക്കരിക്കപ്പെട്ട, വംശനാശത്തിന് വിധേയരായ ഒരു സമൂഹത്തിന് വേണ്ടി എടുക്കുമ്പോൾ അത് സ്വീകരിക്കുകയും നടപ്പാക്കുകയും അതോടൊപ്പം നിൽക്കുകയുമല്ലേ മുസ്ലിം സമൂഹവും അറബികളും അന്ന് മുതലേ വേണ്ടിയിരുന്നത്, ചെയ്യേണ്ടിയിരുന്നത്?

******

അല്ലാതെ, മുസ്‌ലിംകളെ വെറുക്കുന്ന രാഷ്ട്രീയം ഉള്ളിൽ സൂക്ഷിക്കുന്നത് കൊണ്ട് ഇസ്രയേലിനെ അനുകൂലിക്കുകയല്ല വേണ്ടത്. 

ജൂതന്മാരെ വെറുക്കുന്നു എന്നത് കൊണ്ട് ഫലസ്തീനിനെ അനുകൂലിക്കുകയുമല്ല വേണ്ടത്. 

വിഷയത്തെ തെളിച്ചത്തിൽ വിശദമായറിഞ്ഞ് ശരിയും നൻമയും നീതിയും പുലരാൻ വേണ്ടി മാത്രം നിലപാടെടുക്കണം.


No comments: