അനേകായിരം കോടി
സംഗതികളും ഘടകങ്ങളും
അൽഭുതകരമാം വിധം
സംഘടിച്ചും പ്രവത്തിച്ചുമാണ്
ഈ ശരീരവും ജീവിതവും എന്നത്
ജീവിതത്തിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നില്ല.
തിന്നും കുടിച്ചും ഉറങ്ങിയും
വിസർജിച്ചും ഇണതേടിയും ഉള്ള
ജീവിതത്തിന് മറ്റൊരർത്ഥം ഉണ്ടാക്കിത്തരുന്നില്ല.
*******
ലോകവും ലോകത്തുള്ളതും
വലിയ വലിയ കാര്യങ്ങളാണ്
എന്നത് കൊണ്ട്
നിൻ്റെ ജീവിതം എങ്ങനെ
അർത്ഥമുള്ളതാവും?
******
ജീവിതം എന്തോ വലിയ സംഗതിയാണെന്ന്
നമ്മൾ വെറുതേ മേനിപറയുകയാണ്.
നഗ്നനായ രാജാവിൻ്റെ
വസ്ത്രത്തിൻ്റെ മേനിപറയും പോലെ.
ചുരുങ്ങിയത് രാജാവിൻ്റെ നഗ്നത
പറയാത്തത് പോലെ.
******
ഇത്രയെല്ലാം കഷ്ടപ്പെട്ട്,
അധ്വാനിച്ച്, വേദനിച്ച് രണ്ടറ്റം മുട്ടിച്ച്
ജീവിക്കേണ്ടിവരുന്ന
ഒന്നിനും കൊള്ളാത്ത ജീവിതം തന്ന
ദൈവത്തിൻ്റെ മുൻപിൽ,
ഉണ്ടെങ്കിൽ ഉള്ള ദൈവത്തിൻ്റെ മുൻപിൽ,
ചുരുങ്ങിയത് മുഴുവൻ മനുഷ്യരും
പ്രതിഷേധിക്കേണ്ടതാണ്.
ഈ ജീവിതം വേണ്ടെന്ന് വെച്ച്
പ്രതിഷേധിക്കേണ്ടതാണ്.
ഓരോ പ്രാർത്ഥനയും
ഫലത്തിൽ
ഒരർത്ഥവുമില്ലാത്ത ജീവിതം
ദുരിതപൂർണമായി
എന്തിനെന്നറിയാതെ
ജീവിക്കുന്നതിൻ്റെ,
ജീവിക്കേണ്ടി വരുന്നതിൻ്റെ
പ്രതിഷേധം തന്നെയാണ്.
കുറ്റവും പോരായ്മയും ചൂണ്ടിക്കാട്ടി
പ്രതിഷേധിച്ച് പറയുക തന്നെയാണ്
പ്രാർത്ഥന.
*******
ബോധോദയം നേടാൻ,
തിരിച്ചറിവ് കിട്ടാൻ
അനേകവർഷങ്ങൾ
കാട്ടിലും മലയിലും മാറിയിരുന്ന്
തപസ്സിരിക്കണമെന്നാര് പറഞ്ഞു?
ആശുപത്രി വരാന്തയിൽ
ഒരു നിമിഷമിരുന്നാൽ മതി.
ബുദ്ധൻ്റേയും കൃഷ്ണൻ്റെയും
യേശുവിൻ്റെയും കാലത്ത്
ആശുപത്രി വരാന്ത ഇല്ലാതെ പോയി.
No comments:
Post a Comment