Saturday, October 14, 2023

നാം പിശാചുക്കളാവുന്നുവോ?

നാമറിയാതെ നാം പിശാചുക്കൾ ആവുന്നുവോ? 

പള്ളിയിലും അമ്പലത്തിലും ചർച്ചിലും പോകുന്നു, പ്രാർത്ഥിക്കുന്നു, ആരാധനകൾ ചെയ്യുന്നു എന്നത് പിശാചുക്കളാവാതിരിക്കാൻ ന്യായമല്ല.

പള്ളിയിലും അമ്പലത്തിലും ചർച്ചിലും പോയും പ്രാർത്ഥിച്ചും ആരാധനകൾ ചെയ്തും തന്നെ ഏതൊരാൾക്കും പിശാചാവാം. 

******

അതുകൊണ്ട് തന്നെ പ്രാർത്ഥനകളുടെ വല്ലാത്ത ബഹളം കേൾക്കുന്നു. 

സാധിക്കുമെന്നിരിക്കെയും നാം ചെയ്യാത്തതും നൽകാത്തതും, പിന്നെ നാം പറയുന്നതിനും ചെയ്യുന്നതിനും വിപരീതമായ കാര്യങ്ങൾ ദൈവം ചെയ്യാനും നൽകാനും നാം നടത്തുന്ന അല്പത്തത്തിൻ്റെ, നമ്മുടെ പിശുക്കിനെയും കാപട്യത്തെയും മറച്ചുപിടിക്കുന്ന പ്രാർത്ഥന.

നമുക്ക് ചെയ്യാൻ പേടിയുള്ള ക്രൂരതകൾ, അല്ലെങ്കിൽ നാം ഉദ്ദേശിക്കുന്ന, എന്നാൽ പലത് കൊണ്ടും നമുക്ക് ചെയ്യാൻ സാധിക്കാത്ത ക്രൂരതകൾ, ദൈവം ചെയ്യാൻ വേണ്ടി നാം ദൈവത്തോട് പ്രാർത്ഥിക്കുന്നു. ക്രൂരത നിറഞ്ഞ, പ്രാർത്ഥനാവേളയിൽ പോലും നിർമലരാവാൻ തയ്യാറില്ലാത്ത പ്രാർത്ഥന.

വിശ്വാസ വ്യത്യാസം ഒന്നുകൊണ്ട് മാത്രം നമ്മുടെ ശത്രുക്കൾ എന്ന് നാം ഏകപക്ഷീയമായി കണക്കാക്കുന്നവരെ നശിപ്പിക്കാൻ നമുക്ക് സാധിക്കാത്തത് കൊണ്ട് നാമത് ദൈവത്തോട് ചെയതുതരാൻ പ്രാർത്ഥിക്കുന്നു. എത്ര കപടമായ പ്രാർത്ഥന?

എന്നിട്ടോ? 

പുറമേ നമ്മൾ സമാധാനവാദികളും സഹിഷ്ണുതാവാദികളും മതേതരവാദികളും ഒക്കെയാവുന്നു.

കുഞ്ഞുങ്ങളായാലും മറ്റാരായാലും മരിച്ചുവീഴുന്നത് ദൈവം സ്വയം കാണില്ല, അറിയില്ല എന്നത് പോലെയാകുന്നു നമ്മുടെ പ്രാർത്ഥന.

ആരൊക്കെയോ പ്രാർത്ഥിച്ച് കേൾപ്പിച്ച് തന്നെ ദൈവം സംഗതി അറിയേണ്ടതുണ്ട്, കാണേണ്ടതുണ്ട് എന്ന് പറയുന്നത് പോലുളള പ്രാർത്ഥന.

സ്വയം പരിഹരിക്കാനറിയാത്ത ദൈവത്തിന് മറ്റാരൊക്കെയോ പരിഹാരം ഉണർത്തിക്കൊടുക്കണം എന്ന് തോന്നിപ്പിക്കുന്ന പ്രാർത്ഥന.

*******

എപ്പോഴും പിശാചിനെ കുറിച്ച് സംസാരിക്കുന്ന നമ്മൾ,

എപ്പോഴും പിശാചിനെ പേടിക്കുന്ന നമ്മൾ,

എപ്പോഴും പിശാചിനെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കുന്ന നമ്മൾ,

അതേ നമ്മൾ അറിയാതെ സ്വയം പിശാചുക്കൾ ആയി മാറിയോ, മാറുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കണം, പരിശോധിക്കണം.

അതറിയാൻ എന്താണ് പിശാച്, എങ്ങിനെയാണ് പിശാച് പിശാചായത് എന്നറിയണം. 

പിശാചിനെ കുറിച്ച് പറയുന്ന ഖുർആൻ വെച്ച് തന്നെ നമുക്കത് വേണമെങ്കിൽ പറയാം.

എങ്ങിനെയാണ്, എന്തെല്ലാം വിശേഷണങ്ങൾ വെച്ചാണ് നാം എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന, പേടിക്കുന്ന, പേടിപ്പിക്കുന്ന പിശാചിനെ വ്യംഗ്യമായി ഖുർആൻ നിർവ്വചിച്ചത്? 

നമുക്കത് നോക്കാം.

ആ വിശേഷണങ്ങൾ ഒക്കെയും അറിയാതെയോ അറിഞ്ഞോ നമുക്ക് (മുസ്‌ലിംകൾക്കും അതുപോലെ മറ്റേതൊരു സമുദായത്തിനും) ബാധകമായോ, ബാധകമാകുന്നുണ്ടോ എന്നത് നാം പരിശോധിക്കണം. 

പ്രത്യേകിച്ചും ഉത്തമ-മധ്യമ സമുദായം എന്ന അവകാശവാദം നടത്തുന്ന ഒരു സമുദായം എന്ന നിലക്ക് കൂടി.

1. പിശാച് എന്നാൽ നിരാശൻ, നിരാശപ്പെട്ടവൻ എന്നർത്ഥം. 

ഇബ്‌ലീസ് എന്നതിൻ്റെ നേരെ അറബിഭാഷാ വാക്കർത്ഥം നിരാശൻ, നിരാശപ്പെട്ടവൻ എന്ന്.

മറ്റൊരർഥത്തിൽ പറഞാൽ നിരാശ ആരെയും പിശാചാക്കും എന്നർത്ഥം.

നിരാശ ആരെയും പൈശാചിക ചിന്തയിലേക്കും പ്രവൃത്തിയിലേക്കും കൊണ്ടുചെന്നെത്തിക്കും, നിരാശപ്പെട്ടവൻ ഫലത്തിൽ പിശാചിനെ പോലെയാവും എന്നർത്ഥം.

പിശാചിന് വേണ്ടി മറ്റെവിടെയും നോക്കേണ്ടതില്ല; പകരം ഓരോ നിരാശനിലേക്കും നിരാശപ്പെട്ടവനിലക്കും പോയി നോക്കിയാൽ മതി എന്നർത്ഥം. 

പിശാചിനുണ്ടെന്ന് നാം കരുതുന്ന ഗുണ വിശേഷണങ്ങൾ നിരാശപ്പെട്ട ഏതൊരുത്തനിലും സമൂഹത്തിലും ഉണ്ടാവും എന്നർത്ഥം.

പിശാചിനെ നേരിട്ട് കാണാൻ ഓരോ നിരാശരായ, നിരാശപ്പെട്ടവരായ സമൂഹത്തിലേക്കും നോക്കിയാൽ മതി എന്നർത്ഥം. 

പിശാചിനെ നേരിട്ട് കാണാൻ ഓരോ തീവ്രവാദവും ഭീകരവാദവും നടത്തുന്ന വ്യക്തിയിലേക്കും സമൂഹത്തിലേക്കും നോക്കിയാൽ മതി എന്നർത്ഥം.

നിരാശനും നിരാശപ്പെട്ടവനും പൈശാചികമെന്ന് നാം കരുതുന്ന തീവ്രവാദത്തിലേക്കും ഭീകരവാദത്തിലെക്കും പുണ്യമെന്ന് കരുതിത്തന്നെ ചെന്നെത്തും എന്നർത്ഥം.

ഒരുപക്ഷേ, നിരാശയിലാണ്ട മുസ്ലിംസമുദായം ലോകാടിസ്ഥാനത്തിൽ തന്നെ ഇവ്വിധം പല കോലത്തിൽ പൈശാചികത പൂകുന്നുവോ എന്നൊരു സംശയം.

*******

ആദമെന്ന മനുഷ്യൻ്റെ വളർച്ചയിലും ഉയർച്ചയിലും നിരാശപ്പെട്ടവൻ പിശാചായി. 

അല്ലാതെ, നാം നമ്മുടെ നിർവ്വചനം വെച്ച് കാണുന്ന ഒരു തെറ്റും കുറ്റവും പാപവും ബഹുദൈവത്തവും ദൈവനിഷേധവും ഒന്നും നടത്തിയിട്ടില്ല പിശാച് പിശാചായത്. ഖുറാൻ വെച്ച് പറഞാൽ പോലും. 

എങ്ങിനെ എല്ലാ നല്ല കാര്യങ്ങളിൾ ചെയ്തും ആരാധനകളും പ്രാർത്ഥനകളും പ്രജീർത്തനങ്ങളും മാത്രം ചെയ്തും തന്നെയായിരുന്നിട്ടും പിശാച് പിശാചായി 

പറയാം.

2. നിരാശനിൽ അസൂയ ഉണ്ടാവുന്നു. 

നിരാശയാണ് അസൂയയുടെ ഉറവിടം, കാരണം. 

അസൂയയാണ് നല്ലൊരു മാലാഖയെ പിശാചാക്കി മാറ്റിയത്. 

നിരാശ ഉണ്ടാക്കിയ അസൂയ. 

അറിവുള്ള മനുഷ്യനോട് മാലാഖക്ക് തോന്നിയ നിരാശയിൽ നിന്നുളള അസൂയ. 

അറിവുള്ള മനുഷ്യൻ്റെ ഉയർച്ചയിലും വളർച്ചയിലും തോന്നിയ അസൂയ. 

മുസ്ലിം സമൂഹം ഇന്നും ആ അസൂയയിൽ തന്നെയോ? 

ആരോടുള്ള അസൂയ?

പഠിച്ചുയർന്ന, വളർന്ന യൂറോപ്യൻ അമേരിക്കൻ സമൂഹത്തോട് തോന്നുന്ന അസൂയ. അത്തരം സമൂഹത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന അസൂയ.

അതുകൊണ്ടുള്ള എതിർപ്പ്, ധിക്കാരം. 

പിശാച് ആദമിനോട് കാണിച്ചത് പോലെ തന്നെ. 

അങ്ങനെ  സ്വയമറിയാതെ പിശാച് ആവുക.

നിരാശ അസൂയ ഉണ്ടാക്കി.

അസൂയ പിന്നെ എന്തുണ്ടാക്കും, എന്ത് ചെയ്യിപ്പിക്കും?

2. അസൂയ നിഷേധിപ്പിക്കും. 

ഏതൊരു ആളോടും സമൂഹത്തോടും അസൂയ വെക്കുന്നുവോ ആ ആളും വിഭാഗവും ചെയ്യുന്ന എല്ലാറ്റിനെയും അസൂയ ചെറുതായി കാണിക്കും, 

അങ്ങനെ എങ്ങനെയെങ്കിലും അതിനെ നിഷേധിപ്പിക്കും അസൂയ. 

തങ്ങളുടെ സ്വന്തം മേൽക്കോയ്മയെ മുൻപിൽ വെച്ചുതന്നെ, മുകളിൽ വെച്ചുതന്നെ അസൂയ അത് ചെയ്യിപ്പിക്കും. 

മാലാഖ തന്നെയായിരുന്ന പിശാച് ചെയ്തതും അത് തന്നെയാണ്. 

ഇപ്പോൾ നമ്മൾ വ്യക്തികളായും വിശ്വാസിസമൂഹമായും ചെയ്യുന്ന അതേ കാര്യം.

ആദാമിനോടുള്ള അസൂയയെ ഉള്ളിലോളിപ്പിച്ച് ആദാമിൻ്റെ അറിവിനെ നിഷേധിക്കുക, അതിനെ ചെറുതായി കാണിക്കുക.

പിശാച് ആകയാൽ ചെയ്തു എന്ന് പറയുന്ന തെറ്റ് ആദാമിൻ്റെ അറിവിനെ നിഷേധിക്കുക എന്നതാണ്.

അറിവിനെ നിഷേധിക്കുന്നതോടെ മാത്രമാണ് (അതോടെ അത് കാരണം മാത്രമായുണ്ടായ ധിക്കാരവും അഹങ്കാരവും കൈമുതലാക്കിയ മാലാഖ (അതുവരെ മാലാഖയായിരുന്നവൻ)) പിശാചായി മാറിയത്. 

ഏറെക്കുറെ പഴയതിൽ കുരുങ്ങി നിൽക്കുന്ന മുസ്ലിംസമുദായത്തിന് ലോകാടിസ്ഥാനത്തിൽ സംഭവിക്കുന്നത് തന്നെ

എന്നിട്ടോ?

3. ആദാമിൻ്റെ അറിവ് കൊണ്ടുള്ള മേൽക്കോയ്മ അംഗീകരിക്കാതെ തിരിക്കുക. യൂറോപ്പിൻ്റെയുംയും അമേരിക്കയുടെയും അറിവ് കൊണ്ടുള്ള മേൽക്കോയ്മ അംഗീകരിക്കാൻ മുസ്ലിംസമുദായം ലോകാദിസ്ഥാനത്തിൽ മടിക്കുന്ന അതേ സംഗതി.

ആദാമിൻ്റെ അറിവിൻ്റെ മുൻപിൽ മുട്ട്മടക്കാതിരിക്കുക. സാഷ്ടാംഗം നമിച്ച് കീഴടങ്ങാതിരിക്കുക.  മുസ്ലിം സമുദായവും മൊത്തത്തിൽ മനുഷ്യരിൽ ഭൂരിപക്ഷവും ചെയ്യുന്നത്. പ്രത്യേകിച്ചും വിശ്വാസികളായ ഭൂരിപക്ഷവും ചെയ്യുന്നത്. 

അറിവിന് മുൻപിൽ സമസ്ത പ്രാപഞ്ചിക ചാലക ശക്തികളും മുട്ട് മടക്കും, മുട്ട് മടക്കണം. പക്ഷേ നാമത് ചെയ്യില്ല. 

എന്നത് മനുഷ്യൻ ഘട്ടം ഘട്ടമായി തെളിയിച്ചു കൊണ്ടിരിക്കുന്നത്. നമ്മളും. എന്താര് കണ്ടെത്തിയാലും അംഗീകരിക്കാതെ, ഉൾക്കൊള്ളാതെ.

അതംഗീകരിക്കാതിരിക്കാൻ പ്രാപഞ്ചിക ചാലക ശക്തി തന്നെയായ ഒരു മാലാഖ ശ്രമിച്ചു, ആ ശ്രമം ആ മാലാഖയെ പിശാചാക്കി.

4. നിരാശപ്പെട്ടവൻ, അങ്ങനെ അസൂയ മൂത്തവൻ, ആ അസൂയയും നിരാശയും മറച്ചു വെച്ച്, അപ്പുറത്തെ നന്മകളെ നിഷേധിച്ച് പിന്നെ ചെയ്യുന്നത് എന്താവും?

സ്വയം മെച്ചപ്പെട്ടവരാണെന്ന്, നല്ലവരാണെന്ന് പറഞ്ഞ് അഹങ്കരിക്കുക. മുസ്ലിം സമുദായം ലോകാടിസ്ഥാനത്തിൽ ചെയ്യുന്നത്. എന്തൊക്കെയോ വ്യാഖ്യാനങ്ങൾ പഴയതിന് ഉണ്ടാക്കിക്കൊണ്ട് 

ഒരുപക്ഷേ, ഓരോ വിശ്വാസി സമൂഹത്തിനും, ഒപ്പം ഏകസത്യാവാദവും അവസാനവാദം പറയുന്ന മുസ്ലിം സമൂഹത്തിനും പറ്റുന്ന അതേ കാര്യം. 

പിശാചായ മാലാഖയിലും സംഭവിച്ചത് അത് തന്നെ. 

അവൻ അഹങ്കരിച്ചു. 

അഹങ്കാരം അവനെ പിശാചാക്കി.

5. അഹങ്കാരം മൂത്താൽ പിന്നെന്താണ് സംഭവിക്കുക?

മറ്റാര് എന്ത് ചെയ്താലും നിഷേധിക്കുക, 

മറ്റാരുടെ എന്ത് നല്ല തീരുമാനങ്ങളെയും ധിക്കരിക്കുക. 

പിശാച് ചെയ്തത് തന്നെ. പിശാച് പിശാചായി തീർന്ന അതേ സംഗതി തന്നെ, രീതി തന്നെ നമ്മളും നിത്യേന നടപ്പാക്കുന്നു.


ലോകം നേടിക്കൊണ്ടിരിക്കുന്നതും മാറ്റി മാറ്റി ക്കൊണ്ടിരിക്കുന്ന തും അറിവ്.

നാം പരമാവധി വേണ്ടെന്ന് വെക്കുന്നതും, എല്ലാം നമ്മുടെ അടുക്കൽ ആദ്യമേ ഉണ്ടെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുന്നതും അതേ അറിവ്. 

നമ്മുടെ വിശ്വാസങ്ങളെ കീറിമുറിച്ചുകളയുമെന്ന് പേടിക്കുന്ന അറിവ്.

നിഷേധിച്ച് ധിക്കരിച്ച് മാലാഖയെ പിശാചാക്കിയ അതേ അറിവ്. 

അതേ അറിവിൻ്റെ നിഷേധം. 

അറിവിൻ്റെ മുൻപിൽ മുട്ടുമടക്കാൻ തോന്നാത്ത, വിശ്വാസം തോന്നിപ്പിക്കുന്ന, വിനയം എന്ന് തോന്നിപ്പിക്കുന്ന അഹങ്കാരം, ധിക്കാരം.

No comments: