നിന്നെ നീയെന്ന് വിളിക്കാനുള്ള മടിയും പേടിയുമാണ് എൻ്റെ വിശ്വാസം.
എന്നെ ഞാനെന്ന് വിളിക്കാനുള്ള മടിയും പേടിയുമാണ് എൻ്റെ നിഷേധം.
നീ എനിക്ക് തന്നു, എന്നെ നീ സഹായിച്ചു, അനുഗ്രഹിച്ചു എന്നൊക്കെ പറയാനും കരുതാനും തോന്നുന്നില്ല.
പ്രത്യേകിച്ചും.....,
നീ സ്വതന്ത്രാസ്തിത്വമുള്ള ദൈവമെങ്കിൽ.
നിനക്ക് മാത്രമേ സ്വതന്ത്രാസ്തിത്വമുള്ളൂവെങ്കിൽ,
സ്വതന്ത്രാസ്തിത്വമുള്ള ഞാൻ ഇല്ലെങ്കിൽ,
ഞാൻ തന്നെയായ ഞാൻ ഇല്ലെങ്കിൽ,
ഞാൻ തന്നെ ഉത്തരവാദപ്പെട്ടുണ്ടാക്കിയ ഞാനില്ലെങ്കിൽ....
നീയല്ലാത്ത ഞാൻ വേറെ ഇല്ലെങ്കിൽ,
നീ ഉണ്ടാക്കിയതല്ലാത്ത ഞാൻ ഇല്ലെങ്കിൽ,
ഞാൻ വേറെ തന്നെയായ ഒരസ്തിത്വം ഉണ്ടെന്ന് കരുതാനും.....,
നീ വേറെ തന്നെയായ ഒരസ്തിത്വം ഉണ്ടെന്ന് കരുതാനും......,
അങ്ങനെ നീ എനിക്ക് എന്തോ നൽകുന്നു എന്ന് കരുതാനും....,
സാധിക്കുന്നില്ലെങ്കിൽ.
അതിനാൽ തന്നെ ദൈവമേ നിന്നെ നീയെന്നും അവനെന്നും പറയാൻ പേടി.
"നീയെന്നും" "അവനെന്നും" പറയുമ്പോൾ വേറിട്ടകലെയായി നിൽക്കുന്ന വേറെ വേറെ അസ്തിത്വങ്ങൾ എന്ന് വരുന്നത് പോലെ ഒരു പേടി.
പരസ്പരം അകലെയെന്നർത്ഥം വരുത്തുന്നതിലുള്ള പേടി.
എന്നെ ഞാനെന്ന് വിളിക്കാനും പേടി.
നിന്നിൽ നിന്നും വേറിട്ടകന്ന് നിൽക്കുന്ന, അതിന് മാത്രം വേറിട്ടസ്തിത്വമുള്ള ഞാൻ, ഞാൻ മൂലമുണ്ടായ ഞാൻ ഉണ്ടെന്ന് കരുതാനും പേടി.
No comments:
Post a Comment