Wednesday, October 11, 2023

"പോട്ടെടാ..", "നീ വാടാ...", "വാ, നമുക്ക് പോയി ഒരു ചായ കുടിക്കാം"

രണ്ട് കാര്യത്തിൽ കളവില്ല.

അഥവാ കളവെന്ന് മറ്റുള്ളവർക്ക് തോന്നുന്നത് ചെയ്തും ആ രണ്ട് കാര്യങ്ങളും നേടാം.

ഒന്ന് അറിവ്.

മറ്റൊന്ന് നല്ല സൗഹൃദം.

ഈ ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം തീർച്ചയായും നല്ല സുഹൃത്തുക്കൾ തന്നെയാണ്. 

നല്ല സുഹൃത്തുക്കൾ എന്ന് പറയുമ്പോൾ അതിന് വല്ലാത്ത അർത്ഥതലങ്ങളുണ്ട്. 

ഒരായിരം കല്ലുകൾക്കിടയിൽ വൈരം പോലെ കൃത്യമായും വ്യക്തമാവും നല്ല സുഹൃത്ത് തെളിയും, തെളിഞ്ഞ് നിൽക്കും.

എന്തെല്ലാം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നല്ല സുഹൃത്തുക്കൾ കുറച്ചുണ്ട്, ചിലതുണ്ട്.

നമ്മളെ നമ്മളായിത്തന്നെ കാണുന്ന, അവരുദ്ദേശിക്കുന്ന പോലെ കാണാൻ നിർബന്ധം പിടിക്കാത്ത നല്ല സുഹൃത്തുക്കൾ.

ഒരേ വീട്ടിലും ഒരേ നാട്ടിലും ഒരേ ക്ലാസ്സിലും ഒരേ സ്കൂളുകളിലും ഒരുമിച്ചായിരുന്നത് കൊണ്ട് ആരും പരസ്പരം നല്ല സുഹൃത്തുക്കളാവില്ല, നല്ല സുഹൃത്തുക്കളാവണമെന്നില്ല.

ഏറിയാൽ പരിചയക്കാരാവാം. 

പരസ്പരം ഒരു പുതുമയും ആവശ്യവും തോന്നാത്ത പരിചയക്കാർ. 

തെരഞ്ഞെടുപ്പ് സാധിക്കാത്ത നിസ്സഹായത കൊണ്ട് പരിചയക്കാരായവർ.

മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് കൂടെയായവർ, കൂടെയാവുന്നവർ.

അത്തരം പരിചയക്കാരിൽ അധികവും അസൂയക്കാർ, അസൂയയോടെ. ഉള്ളിൽ വെറുപ്പോടെ നോക്കിക്കാണുന്നവർ. വല്ല വിധേനയും തോറ്റ് കാണാൻ ആഗ്രഹിക്കുന്നവർ.

നല്ല ആത്മാർത്ഥ സൗഹൃദം വീണുകിട്ടുന്നതാണ്. 

അത് വിത്താണ് മുളക്കും, വൃക്ഷമാകും. പരസ്പരം പൂക്കളും പഴങ്ങളും തണലും നൽകും.

പരസ്പരം വെളിച്ചമേകുന്നത്രയാണ് നല്ല ആത്മാർത്ഥ സൗഹൃദം.

സൗഹൃദത്തിന് വേണ്ടി  മാത്രം സ്വയം കത്താൻ, അങ്ങനെ വെളിച്ചമാകാൻ തയ്യാറാവുന്നത് നല്ല സൗഹൃദം.

നല്ല സൗഹൃദം വിലമതിക്കാനാവാത്ത നേട്ടമാണ്. 

നല്ല സൗഹൃദത്തിനെ കച്ചവടത്തിൽ കൂടെക്കൂട്ടരുത്, ലാഭനഷ്ടങ്ങൾക്കിടയിൽ ശ്വാസംമുട്ടിച്ച് നഷ്ടപ്പെടുത്തരുത്.

നല്ല സൗഹൃദം ഇടപാടിൽ കാപട്യമേതും ഇല്ലാത്തവർക്കിടയിൽ സംഭവിക്കുന്നത്. 

നല്ല സൗഹൃദം സുഹൃത്തുക്കളാവാൻ പറ്റുന്ന ചിലർക്കിടയിൽ മാത്രം നടക്കുന്നത്. 

പരസ്പരം വഴികാട്ടികൾ ആവുന്നവർക്കിടയിൽ സംഭവിക്കുന്നത്.

കണക്കില്ലാതെ നൽകാനും നഷ്ടപ്പെടാനും തയ്യാറാവുന്നവർക്കിടയിൽ സംഭവിക്കുന്നത്. 

നല്ല സൗഹൃദം തൊലിയും പഴവും പോലെ, വെള്ളവും പാത്രവും പോലെ. 

പരസ്പരം ഒട്ടി, പരസ്പരം സംരക്ഷിച്ച്, സ്വയം നഷ്ടപ്പെടാൻ തയ്യാറായി.

നല്ല സൗഹൃദം പരസ്പരം അസൂയയോടെ കണക്ക് പറഞ്ഞ്ട ഇപെടുന്നവർക്കിടയിൽ സംഭവിക്കാത്തത്. പകരം പരസ്പരം വളർത്തുന്നത്.

എന്തും പറയാവുന്നിടം നല്ല സുഹൃത്ത്. 

നീ നനഞ്ഞ് കുളിച്ച് കയറുന്ന സ്ഥാനം സുഹൃത്ത്.

നല്ല സൗഹൃദം അടഞ്ഞ മുറിയിൽ കിട്ടുന്ന ജനാല. 

പുറത്തുള്ള ലോകം തരിക മാത്രമല്ല, അടഞ്ഞ മുറിയിലേക്ക് വെളിച്ചവും പുതിയ വായുവും അതെത്തിക്കുകയും ചെയ്യും. 

നല്ല സുഹൃത്തിൻ്റെ ഒരു വാക്ക് മാത്രം മതി, ജീവിതം രക്ഷിക്കാൻ. 

നല്ല സുഹൃത്തിന് മാത്രം പറയാനാവുന്ന ചില വാക്കുകളുണ്ട്. ഉള്ളരിഞ്ഞ്, ഉള്ളുതോട്ട് പറയുന്ന ചില വാക്കുകൾ

ആത്മഹത്യയിൽ നിന്ന് വരെ രക്ഷപ്പെടുത്താൻ ഉതകുന്ന വാക്കുകൾ. 

"പോട്ടെടാ", 

"നീ വാടാ...", 

"വാ, നമുക്ക് പോയി ഒരു ചായ കുടിക്കാം" 

എന്നിങ്ങനെ പറയുന്ന നല്ല സുഹൃത്തിൻ്റെ വെറുതേ എന്ന് തോന്നുന്ന ചില്ലറ വാക്കുകൾ. 

വല്ലാത്ത ഭാരം തൂങ്ങുന്ന വാക്കുകൾ. 

ഗീതയും ഖുർആനും ബൈബിളും തോറ്റുപോകുന്ന വാക്കുകൾ. 

യഥാർത്ഥ സുഹൃത്തിൻ്റെ വാക്കുകൾ. 

ജീവൻ്റെ വിലയുള്ള വാക്കുകൾ. 

നല്ല സുഹൃത്തിന് മാത്രം പറയാൻ സാധിക്കുന്ന വാക്കുകൾ. 

*******

അതേ...

ഈയുള്ളവൻ്റെ ജീവിതം തന്നെ ചില നല്ല സുഹൃത്തുക്കളുടെതാണ്.


No comments: