Tuesday, October 3, 2023

മിന്നേറ് പോലൊരു പഴമൊഴി.

"വേണോ" എന്ന് ചോദിക്കുന്നവർ, "വേണമെങ്കിൽ പറയണേ" എന്ന് പറയുന്നവർ.....

അറബി ഭാഷയിൽ ഒരു പഴമൊഴിയുണ്ട്.

"മൻ ഷാവറ, മാ അത്വാ"

കാപട്യത്തെ നേർപകുതിയിൽ മുറിച്ച് ഉള്ളും പുറവും കാണിച്ചുതരുന്ന ഈ അറബിക് പഴമൊഴി കേട്ടപ്പോഴേ മനസ്സിൽ തറച്ചിരുന്നു. എപ്പോൾ കേട്ടോ അപ്പോൾ തന്നെ. 

മിന്നേറ് പോലൊരു പഴമൊഴി. 

കണ്ണും കാതും പൊള്ളിച്ച വാക്ക്.

മനുഷ്യബന്ധങ്ങളിലും ഇടപാടുകളിലും നിറഞ്ഞ് നിൽക്കുന്ന കാപട്യം തൊട്ടറിഞ്ഞ് പറഞ്ഞ പഴമൊഴി.

അത്രക്ക് അർത്ഥതലവും ആഴവും ഉൾക്കൊണ്ട പഴമൊഴിയായി പലപ്പോഴായി ഈ വളരേ ചെറിയ പഴമൊഴിയെ മനസ്സിലാക്കിയിരുന്നു. 

ഇപ്പോൾ ആശുപത്രി വരാന്തയിൽ ഒരായിരം ആവശ്യക്കാർ ആരോടും ഒന്നും പറയാതെ വെറും ആവശ്യക്കാരായിത്തന്നെ കഴിഞ്ഞുകൂടുന്നത് കാണുമ്പോൾ പ്രത്യേകിച്ചും ആ പഴമൊഴിക്ക് അർത്ഥവും ഭാരവും കൂടുന്നു.

ഉപചാരങ്ങളുടെയും ആചാരങ്ങളുടെയും വസ്ത്രങ്ങളൊന്നും പോരാത്തവാരായി ആശുപത്രി വരാന്തയിൽ അവർ നിൽക്കുമ്പോൾ. 

രാജാവും യാചകനും ഒരുപോലെയായി.

മതവും മതമില്ലായമയും ഒരുപോലെയായി.

വിശ്വാസവും അവിശ്വാസവും ഒന്നായി.

പ്രവർത്തിക്കാത്തതും പ്രവർത്തിക്കാൻ ഉദ്ദേശിക്കാത്തതും വെറും വെറുതെ സുന്ദരവാക്കുകളിൽ പറയുന്ന പലരെയും പലപ്പോഴായി കണ്ടപ്പോഴും കേട്ടപ്പോഴും ഒക്കെ വേറെയും ഈ ഉള്ളുപൊള്ളിക്കുന്ന പഴമൊഴിയുടെ അർത്ഥം തൊട്ടറിഞ്ഞിരുന്നു.

******

"വേണോ എന്ന് ചോദിക്കുന്നവൻ, എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ എന്ന് പറയുന്നവൻ യഥാർഥത്തിൽ ഒന്നും നൽകില്ല, തരില്ല. 

അവർ ഒന്നും നൽകാനും തരാനും ഉദ്ദേശിക്കുന്നില്ല."

ഇതാണ് മേൽപറഞ്ഞ അറബിക് പഴമൊഴിയുടെ അർത്ഥം.

ആവശ്യക്കാരൻ ചോദിക്കുന്നത് കാത്തുനിൽക്കാതെ,  അവൻ്റെ ആവശ്യം അങ്ങോട്ടറിഞ്ഞ് നൽകുകയും ചെയ്യുകയുമാണ് വേണ്ടത് എന്നർത്ഥം. 

അതിഥിയെ ദൈവവമായി കാണുമ്പോൾ ചെയ്യുന്നത് പോലെ. ചോദിക്കേണ്ടതില്ല. പകരം, പ്രീതിപ്പെടുത്താനുള്ള മുഴുവൻ സ്വയം അങ്ങോട്ട്റിഞ്ഞ് ചെയ്യുക. 

അങ്ങോട്ടറിഞ്ഞ് നൽകുന്നവനും ചെയ്യുന്നവനും മാത്രമേ അഭിനയിക്കുന്നത് പോലെയല്ലാതെ യഥാർഥത്തിൽ എന്തെങ്കിലും ചെയ്യൂ, ചെയ്യുന്നുള്ളൂ എന്നർത്ഥം. 

അങ്ങോട്ടറിഞ്ഞ് നൽകുന്നവനും ചെയ്യുന്നവനും ചെയ്യാനും നൽകാനും വേണ്ട ന്യായം ഒന്നാണെങ്കിൽ ഒന്ന് ഉണ്ടാക്കുന്നു, കണ്ടെത്തുന്നു. അവൻ ചെയ്യാതിരിക്കാനുള്ള ന്യായങ്ങൾ ഒരായിരം ഉണ്ടെങ്കിലും കണ്ടെത്തുന്നില്ല, ഉണ്ടാക്കുന്നില്ല.

അല്ലാതെ, ആവശ്യക്കാരൻ്റെ ആവശ്യം ആവശ്യക്കാരൻ തന്നെ താണുകേണ് പറഞ്ഞ് യാചിച്ച് ഇങ്ങോട്ട് വരട്ടെ എന്ന് കരുതുന്നവൻ നൽകുന്നവനും നൽകാൻ ഉദ്ദേശിക്കുന്നവനുമല്ല എന്നർത്ഥം. 

അവൻ ഏറെക്കുറെ ആവശ്യക്കാരനെ  ഇകഴ്ത്തിക്കെട്ടാൻ കൂടി വേറൊരർഥത്തിൽ കാത്തുനിൽക്കുന്നത് പോലെ.

മറ്റൊരർഥത്തിൽ പറഞാൽ, ആവശ്യക്കാരനെ ചോദിക്കുന്നവനാക്കി, യാചകനാക്കി മാറ്റരുത് എന്നർത്ഥം. 

ആവശ്യക്കാരൻ്റെ അപ്പപ്പോഴുള്ള അവശതയെ മുതലെടുത്ത് അവനെ താഴ്ത്തിക്കെട്ടരുത് എന്നർത്ഥം.

ആവശ്യക്കാരൻ്റെ, അവൻ അവന് വേണ്ടി സൂക്ഷിക്കുന്ന അഭിമാനത്തിനും പ്രതാപത്തിനും കോട്ടംതട്ടിക്കും വിധം അവനെക്കൊണ്ട് ചോദിപ്പിക്കരുത് എന്നർത്ഥം.

ആവശ്യക്കാരൻ വല്ലാതെ ദരിദ്രനാണെന്ന് വരുത്തും വിധം (അവൻ അവന് വേണ്ടി വെച്ച മറയും വസ്ത്രവും അഴിച്ചുകളയും വിധം) വിവസ്ത്രനാക്കരുത് എന്നർത്ഥം.

അവൻ അവന് വേണ്ടി മറച്ചുപിടിക്കുന്നത് നിങ്ങളും അവനുവേണ്ടി മറച്ചുപിടിക്കണം എന്നർത്ഥം.

അവൻ്റെ മാന്യത നിങ്ങളുടെ തന്നെ മാന്യതയാവണം, നിങ്ങളുടെ കൂടി മാന്യതയാവണം എന്നർത്ഥം.

അങ്ങനെ, അവൻ അവന് വേണ്ടി മറച്ചുപിടിക്കുന്നത് മറച്ചുപിടിക്കാൻ സാധിക്കുംവിധമാവണം നിങൾ അവനുമായി അങ്ങോട്ട് ചെന്ന് ഇടപെടുന്നത് എന്നർത്ഥം.

******

അല്ലാതെ, "വേണോ", "എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ" എന്ന് പറയുന്നത് യഥാർഥത്തിൽ ഒന്നും നൽകാനും  ചെയ്യാനും  ഉദ്ദേശിക്കാത്തത് പോലെ. വെറും ഉപചാരം മാത്രം.

അതുകൊണ്ടാണ് "വേണോ", "എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ" എന്ന പറച്ചിൽ പലപ്പോഴും പലരിൽ നിന്നും ഉണ്ടാവുന്നത് തന്നെ. 

പഴത്തിൻ്റെ കളയേണ്ട തൊലി പോലുള്ള പറച്ചിൽ.

********

ശരിയാണ്, ഒന്നുകിൽ നൽകാനും തരാനും മാത്രം കഴിവില്ലാത്തത് കൊണ്ടാവും പലരുടെയും ആ പറച്ചിൽ. 

അതിനവരെ കുറ്റം പറഞ്ഞുകൂടാ.

എന്നിരുന്നാലും, അറിയാതെ ആ പറച്ചിലിൽ പ്രതീക്ഷ വെക്കുന്നവൻ കുടുങ്ങിപ്പോകും. 

ശരിയാണ്, അങ്ങനെ പറയുന്നവർ അവരുടെ കഴിവുകേടിനെ മാന്യമായി മറച്ചുവെക്കുന്നതാവും. 

ചെയ്യണം, നൽകണം എന്നുണ്ടായിട്ടും ഒന്നും നൽകാനും ചെയ്യാനും സാധിക്കാത്ത അവരുടെ തന്നെ നിസ്സഹായതയെ മാന്യമായി മറച്ചുപിടിക്കുന്നതുമാവും അവർ. 

എന്നാലും ആ പറച്ചിലിൽ, സംഗതിയുടെ നിചസ്ഥിതി അറിയാതെ പ്രതീക്ഷവെക്കുന്നവൻ കുടുങ്ങിപ്പോകും.

പിന്നൊരു കൂട്ടർ. 

നൽകാനും ചെയ്യാനും സാധിക്കുമെന്നിരിക്കെ ഒഴികഴിവായി വെറും വെറുതെ,  ഉദ്ദേശിക്കാതെ പറയും : 

"വേണോ", "എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ" എന്ന പറച്ചിൽ.

ശുദ്ധ കാപട്യം.

വെറും ഉപചാരം. 

ശുദ്ധകാപട്യത്തെ മറച്ചുപിടിക്കൽ.

വായുനിറച്ച ബലൂൺ പോലുള്ള വാക്കുകൾ. 

യാഥാർത്ഥ്യത്തിൻ്റെ നേരെ പൊട്ടിത്തകർന്ന് പോകും. 

അവരങ്ങനെ പറയുന്നത്, അല്ലെങ്കിൽ അവർക്കങ്ങനെ പറയേണ്ടിവരുന്നത് യഥാർഥത്തിൽ നൽകാനും ചെയ്യാനും ഉദ്ദേശിക്കാത്തത് കൊണ്ട് മാത്രം. 

അവരങ്ങനെ പറഞ്ഞത് അവർ പോലും മറന്നുപോകും വിധം മാത്രം. 

വെറും വെറുതേ പറയുന്നത് ഈയുള്ളവനായാലും അങ്ങനെ തന്നെ. 

ശുദ്ധ കാപട്യം. 

വെറും ഉപചാരം. 

ശുദ്ധകാപട്യത്തെ മറച്ചുപിടിക്കൽ.

ബലൂണിനെ വൻവൃക്ഷമായി കാണിക്കൽ.

****** 

നൽകുന്നവൻ നൽകും.

ചെയ്യുന്നവൻ ചെയ്യും.

ഇടവും വലവും നോക്കാതെ.

പെരുമ്പറ കൊട്ടാനില്ലാതെ.

പുഴ വെളളം നൽകുന്നത് പോലെ.

ആർക്ക് എന്ന് നോക്കാതെ.

വൃഷങ്ങൾ പഴവും തണലും നൽകുന്നത് പോലെ.

ആർക്ക് എന്ന് നോക്കാതെ.

തന്നെ വെട്ടി നശിപ്പിക്കുന്നവന് വരെ.

പക്ഷേ , മനുഷ്യന് ഇത് ചെയ്യുമ്പോൾ ബോധം ചെലുത്തേണ്ടതുണ്ട്.

അതേ, അവൻ്റെ ബോധമാണ് ഇതിന് പലപ്പോഴും കൃത്രിമമായ ന്യായങ്ങൾ ഉണ്ടാക്കി തടസ്സം സൃഷ്ടിക്കുന്നത്. 

ബോധം ഉണ്ടാക്കുന്ന ആ തടസ്സമാണ് അവനേക്കൊണ്ട് പറയിപ്പിക്കുന്നത് "വേണോ", "എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ" എന്ന പറച്ചിൽ.

********

അല്ലാതെ ആവശ്യമുണ്ടെങ്കിൽ ആവശ്യക്കാരൻ ഒരു യാചകനായി ചെന്ന് ചോദിക്കാനും മറ്റും അവർ ആവശ്യപ്പെടില്ല, ആവശ്യപ്പെട്ട് പറയില്ല.

അങ്ങനെ ആരെങ്കിലും ആവശ്യക്കാരൻ ഒരു യാചകനായി ചെന്ന് ചോദിക്കാനും മറ്റും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യപ്പെട്ട് പറയുന്നുണ്ടെങ്കിലും അവരത് അങ്ങനെ പറയുന്നത് അവരെ സ്വയം തന്നെ തൃപ്തിപ്പെടുത്താൻ മാത്രം, ചെയ്യാതിരിക്കാൻ വേണ്ട ന്യായം കണ്ടെത്താൻ മാത്രം, ആ വഴിയേ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവായിക്കിട്ടുന്ന ആശ്വാസം നേടാൻ മാത്രം 

ഒന്നും ചെയ്യാതെ തന്നെ, ഒന്നും ചെയ്യാൻ ഉദ്ദേശിക്കാതെ തന്നെ എന്തൊക്കെയോ ഉദ്ദേശിച്ചു, ഉദ്ദേശിക്കുന്നു, ചെയ്തു, ചെയ്യുന്നു, ചെയ്യും എന്ന് വരുത്തിത്തീർക്കാൻ.

******

ഇതാണ് ഈ അറബിക് പഴമൊഴിയുടെ നേരർത്ഥം.

അല്ലാതെ എന്തോ എന്തിനോ ചോദിക്കുന്നവർ മുഴുവൻ ചെയ്യില്ല, നൽകില്ല എന്നല്ല.

ആ നിലക്കുള്ള മറ്റുളള നിത്യജീവിതത്തിലെ അനേകം ചോദ്യങ്ങളെ ഉദ്ദേശിക്കുന്നതല്ല ഈ പഴമൊഴി.

വഴി ചോദിക്കുന്നവനും സുഖവിവരം അന്വേഷിക്കുന്നവനും ചോദിക്കുന്നവൻ തന്നെയാണ്. അവൻ തരില്ല, ചെയ്യില്ല എന്നല്ല ഈ പറയുന്നതിനർത്ഥം.

അവരൊന്നും നിങ്ങൾക്ക് ഒന്നും തരേണ്ടവരല്ല, നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യേണ്ടവരല്ല. പ്രത്യേകം അവരുടെ ചോദ്യങ്ങളുടെ സന്ദർഭവും ഉദ്ദേശവും അങ്ങനെയുള്ളതല്ല.

*******

വീട്ടിൽ വന്ന അതിഥിയോട് ചായ വേണോ, ചായ കുടിക്കുന്നോ എന്ന് ചോദിക്കുന്നവർ, അതും പലപ്പോഴും വന്ന അതിഥി ഇറങ്ങിപ്പോകാൻ നേരത്ത് വെറുംവെറുതെ ചായകുടിച്ച് പോകാമായിരുന്നു എന്ന് പറയുന്നവർ എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശിക്കുന്നവരല്ല എന്നതാണ് ഈ പഴമൊഴിയുടെ ആകെ സാരം.

ശരിക്കും കൊടുക്കുന്നവർ എടുക്കും, കൊടുക്കും. തള്ളിക്കൊടുക്കും.

******

അബ്രഹാമിൻ്റെ അതിഥികളുടെ കഥ പറഞ്ഞത് പോലെ. 

അറിയാത്ത രണ്ടാളുകൾ വന്നപ്പോൾ അതിഥികളായി കണക്കാക്കി,  ഉടനെ തന്നെ ഏറ്റവും നല്ല ഭക്ഷണം വിളമ്പി. 

അറിയാത്തവർ ആരുമാകാം. 

അവിശ്വാസി ആവാം, 

ശത്രു ആവാം, 

ചാരനാകാം. 

കള്ളനാകാം 

എന്നിട്ടും അതിഥികളായിക്കണ്ടു, ആരെന്ന് പോലും അറിയുന്നതിനും അറിയാൻ ശ്രമിക്കുന്നതിനും മുൻപ് ഭക്ഷണം വിളമ്പി. 

അവർക്ക് ഭക്ഷണം വേണ്ടതുണ്ടോ എന്ന അന്വേഷിക്കുക പോലും ചെയ്യാതെ ഭക്ഷണം വിളമ്പി. 

അതാണ് കൊടുക്കലും ചെയ്യലും. 

നാം ഉദ്ദേശിക്കുന്നത് നാം ചെയ്യുക. 

അപ്പുറത്ത് ആവശ്യം ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ. 

അപ്പുറത്ത് ആവശ്യമുണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ, ചോദിക്കാൻ നിൽക്കാതെ, ഒഴികഴിവുകൾക്ക് കാത്തുനിൽക്കാതെ തോന്നിയപടി ചെയ്യുക, നൽകുക. നിങ്ങളുടെ ധർമ്മം നിങൾ പൂർത്തിയാക്കുക. പ്രാപഞ്ചികതയുടെ മൊത്തം താളത്തിൽ ധർമ്മം നടക്കുന്നത് ഇങ്ങനെയാണ്.

*******

വിളമ്പിയ ശേഷം അതിഥികൾ ഭക്ഷണം കഴിക്കാത്തത് കണ്ടപ്പോൾ, കാര്യമന്വേഷിച്ചപ്പോൾ മാത്രമാണ് എബ്രഹാമും അറിയുന്നത് വന്ന അതിഥികൾ ഭക്ഷണം കഴിക്കാത്തവരായിരുന്നു എന്ന്, മാലാഖകൾ ആയിരുന്നുവെന്ന്. 

മാലാഖകൾ ആണെന്ന് ന്യായമായും മനസ്സിലാക്കി ഭക്ഷണം വിളമ്പാതിരിക്കാനുള്ള ന്യായത്തിന് വേണ്ടി അവരെ കുറിച്ചന്വേഷിച്ച് ഒഴികഴുവു കണ്ടെത്തിയില്ല എബ്രഹാം എന്നർത്ഥം. 

വന്ന അതിഥികൾ ആര്, എവിടെ നിന്ന് എന്തിന് വന്നു എന്നന്വേഷിക്കുന്നതിന് മുൻപ് ഭക്ഷണം ഒരുക്കാനും വിളമ്പാനും പോകുന്ന അതിഥിസൽക്കാരം, അങ്ങനെ നൽകാനും ചെയ്യാനുമുള്ള മനസ്സ്.

വീട്ടിൽ വന്ന അതിഥി പോകാൻ നോക്കുമ്പോൾ ചായ കുടിച്ച് പോകാമായിരുന്നു എന്ന് പറയുന്നവരുടെ നേർവിപരീതം

******

വീട്ടിൽ വന്ന അതിഥി പോകാൻ നോക്കുമ്പോൾ ചായ കുടിച്ച് പോകാമായിരുന്നു എന്ന് പറയുന്നവർ അത് കൊടുക്കാൻ ഉദ്ദേശിക്കുന്നവരല്ല. 

അവ വെറും ഊതിവലുതാക്കിയ സുന്ദരമായ ബലൂൺ പോലുള്ള വാക്കുകൾ. 

അവ വെയിലിലും മുള്ളിലും കല്ലിലും നിൽക്കാൻ സാധിക്കാത്ത ബലൂണുകൾ.

വേണോ എന്ന് ചോദിച്ചാൽ സാധാരണഗതിയിൽ ഒരതിഥിയും വേണമെന്ന് പറയില്ല എന്നറിഞ്ഞുള്ള വെറും പുറംപൂച്ച് വാക്കുകൾ.

വേണമെങ്കിലും വേണ്ടെന്ന് പറഞ്ഞ് ആ വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള ഭക്ഷണശാലയിൽ നിന്നും ചായ കൂടിക്കുമെങ്കിലും ഭക്ഷണം കഴികുമെങ്കിലും പോലും ചായ വേണോ, ചായ എടുക്കട്ടെ എന്ന് ചോദിച്ചവരോട് അവൻ വേണമെന്ന് പറയില്ല. 

ഈ അതിഥിയുടെ മനശ്ശാസ്ത്രത്തെയാണ് പിശുക്കനായ ആതിഥേയൻ കൊടുക്കുന്നു എന്ന് വരുത്തും വിധം കൊടുക്കാതെ വെറും ഉപചാരം നടത്തി രക്ഷപ്പെടാൻ ഉപയോഗിക്കുന്നത്.

"വേണോ, വേണമെങ്കിൽ ചോദിക്കണേ, പറയണേ" എന്ന പറച്ചിൽ കേട്ടാൽ, അങ്ങനെ കേൾക്കുന്നവൻ തനിക്ക് വേണ്ടി എന്തോ ദൂരത്തുള്ളത് പോലെ കരുതിപ്പോകും. 

പക്ഷേ അത് വെറും തോന്നലാണ്. 

ദൂരേ നിന്നും മരീചിക കാണുന്നത് പോലെയേ ഉള്ളൂ ആ തോന്നൽ.

മരീചിക കണ്ട് തോന്നുന്നത് പോലെ തന്നെയുള്ള തോന്നൽ. 

അടുത്ത് ചെന്ന് ചോദിക്കുമ്പോൾ, നോക്കുമ്പോൾ അറിയാം കാര്യം. 

മരീചിക മാത്രമായിരുന്നു എന്ന്.

നൂറായിരം ഒഴികഴുവുകളുടെ മരീചിക.

******

തരുന്നവർ തരും.

തരാൻ ഉദ്ദേശിക്കുന്നവർ ഉന്തിയും തള്ളിയും തരും.

ചെയ്യുന്നവൻ ചെയ്യാനുള്ള നൂറായിരം ന്യായങ്ങൾ കാണും, ചെയ്യാനും നൽകാനും വേണ്ടി., 

ചെയ്യാതിരിക്കാനുള്ള ഒരു ന്യായത്തെ അവൻ നൂറായിരമാക്കി മാറ്റില്ല. 

അവസ്ഥ മനസ്സിലാക്കി, ചോദിപ്പിക്കാതെ അവൻ ചെയ്യും, തരും.

അപരൻ്റെ ആവശ്യം അവൻ അവൻറെത് പോലെ മനസ്സിലാക്കി ചെയ്യും, തരും.

******

അങ്ങോട്ട് ചെന്ന് ചോദിക്കാൻ പറയുന്നവൻ നിന്നെ യാചകനാക്കാനും യാചകനായി കാണാനും അവതരിപ്പിക്കാനും ശ്രമിക്കുന്നു.

അങ്ങനെ അവൻ്റെ നിന്നെ കേന്ദ്രീകരിച്ചുള്ള ക്രൂരവിനോദ മനസ്സിനെ തൃപ്തിപ്പെടുത്താനും ശ്രമിക്കുന്നു.

No comments: