അറിയായ്കയെ
അറിയായ്‌കയായി മനസ്സിലാക്കി
അറിയില്ലെന്നറിയുന്ന,
അറിയില്ലെന്ന് പറയുന്ന
അറിവേ എനിക്കുള്ളൂ.
അതിനെ നിങൾ
വിവരക്കേടെന്ന് വിളിച്ചാലും
ബോധോദയമെന്ന് വിളിച്ചാലും
ഒരു വ്യത്യാസവുമില്ല.
******
മരിക്കും.
ഉറപ്പാണ്.
എന്നാലും മരിക്കാൻ തയ്യാറല്ല,
പേടിയാണ്.
ഒരു കുന്തവും ജീവിതത്തിലില്ല.
എന്നാലും ജീവിക്കാൻ തന്നെയാണ് ത്വര.
വെറുതേ തിന്നും ഉറങ്ങിയും
ജോലി ചെയ്തും വിസാർജിച്ചും
വാശിപിടിച്ച് ജീവിക്കുക തന്നെ.
******
കടൽക്കരയിൽ മണൽ കൊണ്ട്
പണിയുന്ന വീട് പോലെ
എന്തെല്ലാം വേഷങ്ങളും വ്യക്തിത്വങ്ങളും
നാം ഉണ്ടാക്കി, ഉണ്ടാക്കാൻ ശ്രമിച്ചു.
എല്ലാം തിരമാലകൾ വിഴുങ്ങിക്കൊണ്ടുപോയി.
കടലും തിരമാലകളും കരയും
അപ്പടി ബാക്കി.
ജീവിതമായ്.
*****
വിശ്വാസവും നിഷേധവും
യുക്തിക്ക് ബോധ്യപ്പെടാത്തത് കൊണ്ട്.
ബോധ്യപ്പെടുന്നില്ലെന്നത്
ഇല്ലെന്നതിനും ഉണ്ടെന്നതിനും ന്യായമല്ല.
ബോധ്യപ്പെടാത്തത്
വിശ്വസിക്കേണ്ടതില്ല എന്ന് മാത്രം.
ഇല്ലെന്നും ഉണ്ടാവില്ലെന്നും അർത്ഥമുള്ളത് കൊണ്ടല്ല.
മനസ്സിലാവില്ലെന്ന് മനസ്സിലാക്കുന്ന ആത്യന്തികൻ
ആ ഒരു ന്യായവും ഒഴികഴിവും
വിശ്വാസത്തിനും അവിശ്വാസത്തിനും
ഒരുപോലെ നൽകും.
******
എന്നെ ഞാനെന്ന് വിളിക്കാനുള്ള അധികാരവും അറിവും വ്യക്തതയും എനിക്കില്ല.
എന്നിട്ടാണോ നിന്നെ നീയെന്ന് വിളിക്കാനുള്ള അധികാരവും വിവരവും വ്യക്തതയും എനിക്കുണ്ടാവുന്നത്?
No comments:
Post a Comment