Friday, November 8, 2024

എന്താണ് കുറ്റം, കുറ്റബോധം, കലഹം, അധികാരം.

കുറ്റം, കുറ്റബോധം, കലഹം, അധികാരം.

കുറ്റബോധം പിന്നെ കലഹവും അധികാരവും ആയി മാറുമോ?

മാറും.

യഥാർത്ഥത്തിൽ കുറ്റബോധം മാത്രമാണ് കലഹമായി മാറുന്നത്.

ഓരോ കലഹവും വ്യത്യസ്തമായ രീതികളിലുള്ള അധികാരം സ്ഥാപിക്കൽ കൂടിയാണ്.

അതുകൊണ്ട് തന്നെ, ഫലത്തിൽ കുറ്റബോധം കലാഹമായി പിന്നെ അധികാരം സ്ഥാപിക്കലായി മാറും. 

നിന്നെ നിശ്ശബ്ദനാക്കും. 

സ്വസ്ഥമായി പോകണമെങ്കിൽ കേൾക്കുക, അനുസരിക്കുക എന്ന അവസ്ഥ വരുത്തും

എങ്ങിനെ?

കുറ്റബോധത്തെയും, കുറ്റബോധം തന്നെ കലഹവും അധികാരവും ആയി മാറുന്നതിനെയും കുറിച്ച്  സംസാരിക്കണമെങ്കിൽ, അതിന് മുൻപ് കുറ്റമെന്നാൽ എന്തെന്ന് മനസ്സിലാക്കണം.

ആദ്യം തന്നെ പറയട്ടെ, ചെയ്തത്, അല്ലെങ്കിൽ ചെയ്യാത്തത് കുറ്റമെന്ന് ഒരാൾക്ക് തോന്നുമെങ്കിൽ മാത്രമേ അയാൾക്ക് കുറ്റമുളളൂ, അയാളിൽ കുറ്റബോധത്തിൻ്റെ പ്രശ്നം ഉദിക്കുന്നുളളൂ.

സമൂഹഭാഷയിലെ പെരുംകുറ്റവാളികൾ ഉണ്ടാവുന്നത് ആ വഴിയിൽ കൂടിയാണ്. ചെയ്യുന്നത് കുറ്റമാണെന്ന് അവർക്ക് തോന്നില്ല. എത്ര വലിയ കുറ്റത്തെയും വളരെ ലഘൂകരിച്ച് ലാഘവബുദ്ധിയോടെ കാണും 

ചെയ്തത്, അല്ലെങ്കിൽ ചെയ്യാത്തത് കുറ്റമെന്ന് തോന്നാത്ത ആൾക്ക് കുറ്റമില്ല, അയാളിൽ കുറ്റബോധത്തിൻ്റെ പ്രശ്നം ഉദിക്കുന്നില്ല, 

അതിനാൽ ചെയ്തത്, അല്ലെങ്കിൽ ചെയ്യാത്തത് കുറ്റമെന്ന് തോന്നാത്ത ആൾക്ക് അത് ന്യായീകരിച്ചുകൊണ്ട് കലഹിക്കേണ്ടിയും ആ കലഹത്തെ വെച്ച് അധികാരം സ്ഥാപിക്കേണ്ടിയും വരില്ല.

എങ്കിൽ, എന്താണ് കുറ്റം?

ചെയ്യേണ്ടത് എന്ന് അയാൾ കണക്കാക്കുന്നത് ചെയ്യാത്തത്, അല്ലെങ്കിൽ എങ്ങിനെയോ ചെയ്യാതെപോകുന്നത്.

ചുറ്റുപാട് അയാളിൽ നിന്ന്, അയാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട്, അയാൾ തന്നെ കരുതുന്ന കോലത്തിൽ, ബഹുമാനം നിലനിൽക്കാൻ, പ്രതീക്ഷിക്കുന്നത് ചെയ്യാത്തത്, അല്ലെങ്കിൽ എങ്ങിനെയോ ചെയ്യാതെ പോകുന്നത്. 

അതാണ് കുറ്റമായി തീരുന്നത്.

ചെയ്യേണ്ടതെന്ന് അയാൾക്ക് യഥാർത്ഥത്തിൽ ഉള്ളിൻ്റെയുള്ളിൽ തോന്നിയെങ്കിൽ മാത്രം, അത് ചെയ്തിട്ടില്ലെങ്കിൽ, അല്ലെങ്കിൽ ചെയ്യാതെ പോയെങ്കിൽ മാത്രം അയാൾക്കത്  കുറ്റം.

ചെയ്യേണ്ടാത്തത് ചെയ്യുന്നതും ചെയ്തുപോകുന്നതും കുറ്റം.

ചുറ്റുപാട് അയാളിൽ നിന്ന്, അയാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട്, അയാൾ തന്നെ കരുതുന്ന കോലത്തിൽ, ബഹുമാനം നിലനിൽക്കാൻ, ചെയ്യരുതെന്ന് പ്രതീക്ഷിക്കുന്നത് ചെയ്യുന്നത്, അല്ലെങ്കിൽ എങ്ങിനെയോ ചെയ്തുപോകുന്നത്. 

ചെയ്യേണ്ടാത്തതെന്ന് അയാൾക്ക് യഥാർത്ഥത്തിൽ ഉള്ളിൻ്റെയുള്ളിൽ തോന്നിയെങ്കിൽ മാത്രം, അത് ചെയ്തെങ്കിൽ, അല്ലെങ്കിൽ ചെയ്തുപോയെങ്കിൽ മാത്രം അയാൾക്കത് കുറ്റം.

അങ്ങനെ ചെയ്യേണ്ടത് ചെയ്യാതിരുന്ന, ചെയ്യേണ്ടാത്തത് ചെയ്ത ആൾക്ക്  ചെയ്തുപോയത് കൊണ്ടും ചെയ്യാതെപോയതുകൊണ്ടും ഉണ്ടാകുന്ന തോന്നലാണ് കുറ്റബോധം.

എന്തുകൊണ്ട് കുറ്റബോധം ഉണ്ടാവുന്നു?

അയാൾ അയാളെത്തന്നെ ചോദ്യം ചെയ്തുപോകുന്നത് കൊണ്ട്.

സ്വയം ആക്ഷേപിക്കുന്ന മനസ്സ് ഉള്ളത് കൊണ്ട്.

മനസ്സാക്ഷി ഉള്ളത് കൊണ്ട്.

ഉത്തരവാദിത്തബോധം അവശേഷിക്കുന്നത് കൊണ്ട്.

എങ്കിൽ, ഈ കുറ്റബോധം എങ്ങിനെ കലഹമായി മാറും.

ചെയ്തുപോയതിൻ്റെയോ ചെയ്യാതെ പോയതിൻ്റെയോ കുറ്റബോധം ഉള്ളിലൊളിപ്പിക്കും, മറച്ചുപിടിക്കും.

എന്നിട്ടോ?

ചെയ്തുപോയതോ ചെയ്യതെപോയതോ ആയ കാര്യം പുറമേ സമ്മതിക്കാതിരിക്കും, 

കുറ്റം പുറത്ത് സമ്മതിക്കാതിരിക്കും.

അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ  സംഭവിക്കുന്നത് കലഹം.

കുറ്റത്തിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും മറഞ്ഞുനിൽക്കാനുള്ള, ഒളിച്ചോടാനുള്ള ചെപ്പടി വിദ്യയാണ് മറനീക്കി, വേഷംകെട്ടി കലഹമായി, ന്യായീകരണവും വിശദീകരണവുമായി വരുന്നത്. അധികാരം സ്ഥാപിക്കലായി മാറുന്നത്.

ചെയ്തുപോയതിൻ്റെയും ചെയ്യാതെപോയതിൻ്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത് കലഹം.

ചെയ്തതോ ചെയ്യാത്തതോ ആയ കുറ്റത്തെ തൊട്ട് അവരുടെ കുറ്റബോധത്തിലേക്ക് നിങൾ വിരൽചൂണ്ടുന്നത്രയും, നിങൾ വിരൽ ചൂണ്ടുന്നുവെന്ന് അവർക്ക് തോന്നുന്നത്രയും, തോന്നുന്നിടത്തോളവും അവർ കലഹിച്ചു കൊണ്ടിരിക്കും. 

കലഹത്തെ അവർ, അവരുടെ ന്യായം തെറ്റുമ്പോൾ, അവർക്ക് ന്യയം നഷ്ടപ്പെടുന്നു എന്ന് കാണുമ്പോൾ, സ്വയം അവരയവർ ഭീഷണിയായാക്കി മാറ്റി, പിന്നെ അതുവെച്ച് അധികാരം സ്ഥാപിക്കലാക്കി മാറ്റിക്കൊണ്ടിരിക്കും.

എല്ലാ കലഹവും ഫലത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് വരുത്താൻ ഉദ്ദേശിച്ചുള്ളത്.

എല്ലാ കലഹവും ഫലത്തിൽ താൻ ശരി മാത്രം ചെയ്തുവെന്ന് വരുത്തി വിജയിക്കാനുള്ളത്. 

എല്ലാ കലഹവും ഫലത്തിൽ അധികാരം സ്ഥാപിക്കാനുള്ളതാണ്.

എല്ലാ കലഹവും ഫലത്തിൽ താൻ ചോദ്യംചെയ്യപ്പെടരുത് എന്ന് വരുത്തിത്തീർക്കാനുള്ളത്. 

അതുകൊണ്ട് തന്നെ കുറ്റം, കുറ്റബോധം, കലഹം, അധികാര സ്ഥാപിക്കൽ.

No comments: