നല്ല സുഹൃത്തിനെ കിട്ടുക വളരേ പ്രയാസം, വളരെ വിരളം.
കാഴ്ചയിൽ പലരും സുഹൃത്തുക്കളാവും.
പക്ഷേ, ഏറെയും പതിര്.
പരിചയക്കാരും നാട്ടുകാരും കുടുംബക്കാരും മാത്രമവർ
ജീവിക്കുമ്പോഴും ജീവിക്കാനും കൂടെയില്ലാത്തവർ.
സൽക്കാരത്തിനും വിവാഹച്ചടങ്ങിനും ജന്മദിനാഘോഷങ്ങൾക്കും മരിച്ചാലും വരാൻ സാധ്യതയുള്ള പരിചയക്കാരും നാട്ടുകാരും കുടുംബക്കാരും മാത്രമവർ.
പക്ഷെ, അടുത്ത് ചെല്ലുംതോറും ഇല്ലാതാവുന്ന ആകാശം പോലെ മാത്രമവരധികവും.
യഥാർത്ഥത്തിൽ ഇല്ലാതെ.
എന്നാൽ ഏറെയുണ്ടെന്ന് തോന്നിപ്പിക്കുന്ന ആകാശം.
നല്ല സുഹൃത്ത് പുതിയ വെളിച്ചവും വായുവും പുറംകാഴ്ചയും കൊണ്ടുവന്ന് തരുന്ന ജനാലകൾ.
ആ ജനാലകൾ, ഉള്ളതാണ്, ഉള്ളവയാണ്.
ആ ജനാലകൾ തുറവിയാണ്. പുതിയ ലോകങ്ങളിലേക്കുള്ള വഴികളെ ഗർഭംധരിച്ചാണ്.
ആവശ്യമുള്ളപ്പോൾ തുറക്കാം, അടക്കാം.
നല്ല സുഹൃത്ത് എന്ന ജനൽപാളിക്ക് നീ എങ്ങിനെ പെരുമാറിയാലും, അടച്ചാലും തുറന്നാലും, പരിഭവമുണ്ടാവില്ല.
എന്നാലോ, വേണ്ടപ്പോഴൊക്കെ പുതിയ ലോകവും ആകാശവും കാണിച്ചുതരും നല്ല സുഹൃത്ത്.
ആരുമില്ല എന്നാവുമ്പോൾ, എല്ലാവരും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുമ്പോൾ തോളത്ത് തട്ടി "പോട്ടെടോ, ഇതൊക്കെ എന്ത്" എന്ന് പറയുന്നവൻ സുഹൃത്ത്.
കുടുങ്ങിയ ഇടത്ത് തുറസ്സായ പരിഹാരഹമാവും സുഹൃത്ത്.
പരിഹാരത്തിലേക്ക് നിന്നെ നയിക്കും സുഹൃത്ത്.
മരണമുനയിൽ നിന്നും ജീവനെ രക്ഷിക്കുന്നവൻ സുഹൃത്ത്.
വേരായും കൊമ്പായും മാറും സുഹൃത്ത്.
എവിടുന്ന് കിട്ടിയാലും, മറ്റാരുടേതായാലും, മോഷ്ടിച്ചെടുക്കാവുന്ന ഏകസംഗതി സൗഹൃദം, സുഹൃത്ത്.
എന്തും പറയാവുന്ന ഇടം സുഹൃത്ത്.
അതിർവരമ്പുകൾ ഇല്ലാത്ത ഇടം സുഹൃത്ത്.
നാട്യങ്ങൾ ആവശ്യമില്ലാത്ത ഒരേയൊരിടം സുഹൃത്ത്.
No comments:
Post a Comment