Tuesday, November 12, 2024

അറിയില്ല. ചരിത്രത്തിലെ ആരെ കുറിച്ചും ഒന്നും അറിയില്ല.

അറിയില്ല. 

ചരിത്രത്തിലെ ആരെ കുറിച്ചും ഒന്നും അറിയില്ല. ഒന്നും തീർത്തു പറയാൻ അറിയില്ല.

ഏറെക്കുറെ എല്ലാം ദൂരെ നിന്ന് കണ്ടുകൊണ്ടുള്ള വെറും അവകാശവാദങ്ങൾ പോലെ മാത്രം.

ദൂരേ നിന്ന് നാം കാണുമ്പോഴുള്ള ചന്ദ്രൻ അല്ലല്ലോ യഥാർത്ഥത്തിലെ ചന്ദ്രൻ.

നാം കാണുന്നത് 

നമുക്ക് സാധിക്കുന്ന, 

നമുക്ക് കാണാൻ സൗകര്യവും സൗന്ദര്യവും ഉളള 

ചന്ദ്രൻ മാത്രം. 

അങ്ങനെയൊരു ചന്ദ്രൻ ചന്ദ്രനിൽ എവിടെയും നിലകൊള്ളുന്നില്ല.

സംഭാവാനന്തരം ഉണ്ടായ വ്യാഖ്യാനങ്ങൾ വെച്ചുള്ള ബുദ്ധനെയും യേശുവിനെയും മുഹമ്മതിനെയും ഗാന്ധിയെയും മാത്രം നമുക്കറിയാം. 

സംഭവത്തോടൊപ്പം (അവരോടൊപ്പം നടന്നു) കണ്ടറിഞ്ഞ ഗാന്ധിയെയും മുഹമ്മതിനേയും യേശുവിനെയും ബുദ്ധനയും നമുക്കറിയില്ല.  

നമുക്കെന്നല്ല നമ്മളിപ്പോൾ അറിയുന്ന ഗാന്ധിയെയും മുഹമ്മതിനേയും യേശുവിനെയും ബുദ്ധനേയും ബുദ്ധനും ഗാന്ധിയും മുഹമ്മതും യേശുവും പോലും അറിഞ്ഞിട്ടുണ്ടാവില്ല, അവരങ്ങനെയാവാനും അവരങ്ങനെയാവുമെന്നും നടന്ന വഴികളിൽ അവരും ഉദ്ദേശിച്ചിട്ടും ഊഹിച്ചിട്ടും അറിഞ്ഞിട്ടും ഉണ്ടാവില്ല.

കൂടെ നടന്നറിയുന്ന നമ്മളും, സ്വയം നടന്നപ്പോൾ അറിഞ്ഞ അവരും ഇല്ല.

നടക്കുമ്പോൾ ഇങ്ങനെയൊക്കെ ആവുമെന്നറിഞ്ഞ് നടന്നവരായി ആരും ഇല്ല.

നടക്കുന്നതിന് മുൻപ് ഇങ്ങനെയൊക്കെ ആവും ആവണം എന്ന് നിശ്ചയിച്ചറിഞ്ഞ് പദ്ധതിയിട്ടു നടന്നായവരും ഇല്ല.

എന്തൊക്കെയോ ആയി.

ആയത് പോലെയും ആവുന്നത് പോലെയുമൊക്കെ ആയി.

എങ്ങനെയൊക്കെയോ മനസ്സിലാക്കപ്പെട്ടു.

അത്രമാത്രം.

*********

ആരെ കുറിച്ചും ദൂരേ നിന്ന് അഭിപ്രായം പറയാൻ സാധിക്കില്ല എന്ന് മാത്രം.

കാരണം, അവർ അവരായിരുന്നപ്പോൾ യഥാർത്ഥത്തിൽ എന്ത് കരുതി, ചിന്തിച്ചു, അനുഭവിച്ചു, എത്രത്തോളം തെരഞ്ഞെടുപ്പോടെയായിരുന്നു, അല്ലെങ്കിൽ നിസ്സഹായമായിട്ടായിരുന്നു അവരായത്, ചെയ്തത്, പറഞ്ഞത് എന്ന് ഇപ്പോൾ ഇവിടെ വെച്ച് പറയുകയും വിലയിരുത്തുകയും സാധ്യമല്ല, അത് നീതിയാവില്ല.

No comments: