Wednesday, November 27, 2024

സനാതനം, സനാതനം എന്ന് നാം നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടല്ലോ? എന്താണ് സനാതനം?

സനാതനം എന്നാൽ എവിടെയും ഇല്ലാത്തതും ഇവിടെ മാത്രമുളളതുമായ എന്തെങ്കിലുമാണോ? 

സനാതനം, സനാതനം എന്ന് നാം നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടല്ലോ?

എന്താണത്? 

എന്താണ് സനാതനം?

നമുക്ക് മാത്രമായുള്ള എന്തെങ്കിലുമാണോ സനാതനം?

നമ്മുടെ നാട്ടിൽ നടന്ന, ഇപ്പോഴും നമ്മുടെ നാട്ടിൽ പലയിടത്തും തിരുത്താതെ നടന്നുകൊണ്ടിരിക്കുന്ന ഒരന്തവും കുന്തവും മനുഷ്യത്വവും ഇല്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉച്ചനീചത്വങ്ങളുമാണോ സനാതനം, സനാതനധർമ്മം?

നമുക്ക് മാത്രമായതിനെ, നമ്മുടെ നാട്ടിൽ മാത്രമുള്ളതിനെ സനാതനം, സനാതനധർമ്മം എന്ന് പറയാമോ?

സനാതനത്തിന് സ്ഥലകാല ബന്ധമുണ്ടോ, അതിർത്തികളുണ്ടോ?

സനാതനത്തിന് സ്വദേശവും വിദേശവും ഉണ്ടോ, സ്വദേശിയും വിദേശിയും എന്നുണ്ടോ?

സ്വദേശിക്കോ വിദേശിക്കോ മറ്റാർക്കെങ്കിലും നശിപ്പിക്കാനാവുന്നതിനെ സനാതനം എന്ന് വിളിക്കാമോ?

സനാതനം സനാതനം തന്നെയെങ്കിൽ ഏതെങ്കിലും സ്വദേശിക്കോ വിദേശിക്കോ മറ്റാർക്കെങ്കിലും നശിപ്പിക്കാൻ സാധിക്കുമോ?

നാശത്തിനതീതമായതും നശിക്കാത്തതും മാത്രമല്ലേ സനാതനം? 

സാർവത്രികവും സാർവകാലികവും സാർവ്വലൗകികവും സാർവ്വജനീനവും ആയത് മാത്രമല്ലേ സനാതനം, സനാതനധർമ്മം?

സാർവത്രികവും സാർവ്വലൗകികവും സാർവകാലികവും സാർവ്വജനീനവും അല്ലാത്തതിനെ സനാതനം, സനാതനധർമ്മം എന്ന് പറയാമോ?

സാർവത്രികവും സാർവകാലികവും സാർവ്വലൗകികവും സാർവ്വജനീനവുമായ സനാതനത്തെ നമ്മുടേത് മാത്രമായ സാംസ്കാരിക പാരമ്പര്യമായി ഉയർത്തിക്കാട്ടുന്നതിൽ എന്തർത്ഥമാണുള്ളത്? 

സാർവത്രികവും സാർവകാലികവും സാർവ്വലൗകികവും സാർവ്വജനീനവുമായ സനാതനത്തെ നമ്മുടേത് മാത്രമാക്കുകയെന്നാൽ സനാതനത്തെ സനാതനമല്ലാതാക്കുക, ചുരുക്കുക എന്നല്ലേ അർത്ഥം വരിക?

പ്രകൃതിയെയും പ്രകൃതിസത്യത്തെയും തീവ്രദേശീയത ചാലിച്ച് നമ്മുടേത് മാത്രമാക്കുന്ന തെറ്റല്ലേ അത്?

അതിർവരമ്പുകൾ മാത്രം ന്യായമായ, സങ്കുചിതമായ രാഷ്ട്രവുമായും സങ്കുചിത ദേശീയതയുമായി സനാതനത്തിന് എന്ത് ബന്ധം?

സനാതനത്തിന് തീർത്തും കടകവിരുദ്ധമായ സംഗതി മാത്രമല്ലേ സങ്കുചിത രാഷ്ട്ര, ദേശീയ സങ്കല്പം?

ഇനി നമ്മുടെ സനാതനത്തിന്, നമ്മൾ നമ്മുടേത് മാത്രമായി ഉയർത്തിക്കാട്ടുന്ന വേറിട്ട് നിൽക്കുന്ന സനാതനത്തിന്, ലോകത്തെവിടെയും ഇല്ലാത്ത, ലോകത്തെവിടെയൂം ഇല്ലെന്ന് വരുത്തേണ്ട പ്രത്യേകമായ വല്ല നിർവ്വചനവുമുണ്ടോ?

നമ്മുടെ സനാതനത്തിന്, നമ്മൾ നമ്മുടേത് മാത്രമായി ഉയർത്തിക്കാട്ടുന്ന വേറിട്ട് നിൽക്കുന്ന സനാതനത്തിന്, വല്ല കൃത്യതയും വ്യക്തതയുമുണ്ടോ? 

അല്ലെങ്കിൽ വെറുതേ കാടടച്ച് വെടിവെക്കും പോലെ വെറും വെറുതേ സനാതനം, സനാതനം എന്ന് പറയുക മാത്രമോ? 

നാക്കിൽ ആരോ ഇട്ടുതന്ന വാക്ക് മാത്രമായി സനാതനം, സനാതനം എന്ന് നാം വെറുതേ ഉരുവിടുക മാത്രമാണോ?

വെറുതേ പറഞ്ഞ് പറഞ്ഞ് അവ്യക്തമായ ഒന്നിനെ, കളവ് പറഞ്ഞ്, പറഞ്ഞ് കളവിനെ സത്യമാക്കും പോലെ, ഇല്ലാത്ത എന്തോ ഉണ്ടെന്ന് വരുത്തി, പിന്നെ ആ ഇല്ലാത്തതിനെ വ്യക്തമായുളള എന്തോ പോലെ ആക്കുകയാണോ നാം?

അല്ലെങ്കിൽ കൃത്യമായും നിർവ്വചിച്ച്, നിശ്ചയിച്ചുപറയാൻ നമുക്ക് സാധിക്കണം?

എന്താണ്, എന്തല്ല സനാതനം എന്ന്.

വെറുതേ കിട്ടിയ വാക്ക് വെറുതേ അനുകരിച്ച് ഉച്ചരിക്കുകയാവരുത് സനാതനം എന്നത്. 

അങ്ങനെ എന്തെന്നറിയാതെ വെറും അവകാശവാദവും വീമ്പും ആക്കുകയാവരുത് സനാതനം.

എല്ലാത്തിനും പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്കൾ ആവരുത് ഇവിടത്തെ സനാതനക്കാരായ നമ്മൾ.

യഥാർത്ഥത്തിൽ ഒന്നിനും കഴിയാത്ത, ഒന്നിനും പിതൃത്വം സിദ്ധിക്കാനാവാത്ത എട്ടുകാലി മമ്മൂഞ്ഞ്കൾ ആവരുത് സനാതനക്കാരായ നമ്മൾ.

സനാതനം എന്നാൽ എവിടെയും ഇല്ലാത്തതും ഇവിടെ മാത്രമുളളതുമായ എന്തെങ്കിലുമായിക്കൂട.

എവിടെയും എപ്പോഴും ഇല്ലാത്തതാണെങ്കിൽ പിന്നെങ്ങിനെ അത് സനാതനമാകും? 

ലോകത്തെവിടെയുമില്ലാത്ത, ഇവിടെ മാത്രമുളള എന്ത് നന്മയും ധർമ്മവും സംസ്കാരവും ആണ് അല്ലെങ്കിലും ഉള്ളത്?

ശരിക്കും സത്യത്തിനും നന്മക്കും ധർമ്മത്തിനും സാർവത്രിക, സാർവകാലിക, സാർവ്വജനീന മാനവും സ്വീകാര്യതയും ഉണ്ട്, ഉണ്ടാവണം.

അല്ലാതെ ഉളള, നമ്മുടേത് മാത്രമായ സനാതന ധർമ്മ സംഗതികൾ ഒന്നെണ്ണിപ്പറയാമോ? 

ലോകത്തെല്ലായിടത്തും ഉള്ളതിൻ്റെ അട്ടിപ്പേർ നാം എട്ടുകാലി മമ്മൂഞ്ഞ്കളായി ഏറ്റെടുക്കയാണോ വേണ്ടത്?

വെറും ഉള്ളൂപൊള്ളയായ, ബലൂൺ പോലുളള വാക്കും അവകാശവാദവും മാത്രമായിക്കൂടല്ലോ സനാതനം എന്ന വാക്കും അവകാശവാദവും?

No comments: