Monday, November 18, 2024

വേദന തോന്നും. പക്ഷേ, പ്രകൃതി അങ്ങനെയാണ്.

വേദന തോന്നും. പക്ഷേ, പ്രകൃതി അങ്ങനെയാണ്.

ശക്തൻ്റെ കൂടെ മാത്രം.

അശക്തൻ്റെയും ദുർബലൻ്റെയും കൂടെ തീരെയും ഇല്ലാതെ, നിൽക്കാതെ പ്രകൃതി.

അർഹതയുള്ളതിനെ മാത്രം, ശക്തനെ മാത്രം സംരക്ഷിച്ച് പോറ്റിവളർത്തിക്കൊണ്ട് പ്രകൃതി. 

ഉണങ്ങിയ ഇലകളും കെട്ട പഴങ്ങളും അങ്ങനെ ഉണങ്ങിയും കെട്ടും തന്നെ പോകും. ഒട്ടും ശ്രദ്ധിക്കപ്പെടാതെ, പരിലാളിക്കപ്പെടാതെ.

ദുർബലനെയും അശക്തനെയും (ആ നിലക്ക് അർഹതയില്ലാത്തതിനെ എന്ന് നമുക്ക് പൊതുവെ പറയാവുന്നതിനെ) കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് പറ്റേയങ്ങ് അവഗണിച്ചുകൊണ്ട് പ്രകൃതി.

ഇത് പറയാൻ കാരണമുണ്ട്.

ഈയിടെ ഇവിടെ ഒരു നായ പ്രസവിച്ചു. 

കുട്ടികൾ ആറ്. 

ആദ്യ രണ്ട് മൂന്ന് ദിവസങ്ങൾ അമ്മച്ചി നായ ആറ് കുട്ടികളെയും ഒരുപോലെ മുലയൂട്ടി സംരക്ഷിക്കുന്നതായി കണ്ടു.

പക്ഷേ, രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞതും അതിൽ രണ്ടെണ്ണത്തിനെ ആ അമ്മച്ചി നായ സ്വയം എടുത്തുമാറ്റി അകറ്റിനിർത്തി. 

പീന്നീട് എടുത്തുമാറ്റി അകറ്റിനിർത്തിയ ആ രണ്ട് കുഞ്ഞുനായ്ക്കളുടെ കരച്ചിലും വിശപ്പും ദാഹവും ഒന്നും ശ്രദ്ധിക്കാതെ, ഒട്ടും മുലയൂട്ടാതെ ആ അമ്മച്ചി നായ.  

ആ രണ്ടെണ്ണത്തിനെയും പൂർണമായും അവഗണിച്ചു ആ അമ്മച്ചി നായ. 

ഒരു കൂസലുമില്ലാതെ, തീരെയും പരിഗണിക്കാതെ.

ഇതിങ്ങനെ കണ്ടപ്പോൾ ആദ്യമൊന്ന് പകച്ചു, അസ്വസ്ഥപ്പെട്ടു ഈയുള്ളവൻ. 

മുൻപൊരിക്കലും ഇങ്ങനെയൊരു സംഗതി നിരീക്ഷിച്ചറിഞ്ഞിരുന്നില്ല. 

അമ്മ കുഞ്ഞുങ്ങളുടെ കരച്ചിലും ദാഹവും വിശപ്പും ഇങ്ങനെയും ഒരു കൂസലുമില്ലാതെ അവഗണിക്കുന്നത് മുൻപൊരിക്കലും കണ്ടിരുന്നില്ല.

സംഗതി വേറെ നിലക്ക് അന്വേഷിച്ചപ്പോൾ മാത്രമാണ് ആദ്യമായി ആ സംഗതി മനസ്സിലായത്. 

അതൊരു പ്രകൃതി സത്യമായ അവഗണനയും ശ്രദ്ധിക്കായ്കയും കൂടിയാണെന്ന് മനസ്സിലായത്. 

പ്രസവിച്ച മക്കളിൽ ആരോഗ്യമില്ലാത്തതിനെ, അതിജീവിക്കാൻ സാധ്യതയില്ലാത്തതിനെ, ദുർബലമായവയെ, ഫലത്തിൽ അതിജീവിക്കാൻ അർഹതയില്ലാത്തവയെ, അശക്തമായവയെ അമ്മച്ചി നായ്ക്കൾ തെരഞ്ഞുപിടിച്ച് ഒഴിവാക്കുമെന്ന്. 

ബാക്കിയുള്ള ശക്തമായവയെയും ആരോഗ്യമുള്ളവയെയും അതിജീവിക്കാൻ കൂടുതൽ സാധ്യതയുള്ളവയേയും മാത്രം ആവത് ശ്രദ്ധിക്കും, മുലയൂട്ടും, സംരക്ഷിക്കും. 

ഒരുപക്ഷേ ബാക്കിയുള്ള ശക്തമായവയെയും ആരോഗ്യമുള്ളവയെയും അതിജീവിക്കാൻ കൂടുതൽ സാധ്യതയുള്ളവയേയും മാത്രം  കൂടുതൽ ശ്രദ്ധിക്കാൻ, സംരക്ഷിക്കാൻ വേണ്ടിത്തന്നെ ഇങ്ങനെ ചെയ്യും.

ഒരുതരം കുറ്റബോധവും സംഘർഷവും ഇല്ലാതെ, തോന്നാതെ തന്നെ ഇത് നായ്ക്കൾ ചെയ്യുന്നു, ഇതുതന്നെ പ്രകൃതിയും ഉടനീളം ചെയ്യുന്നു. 

അർഹതയുള്ളതിന് മാത്രം അതിജീവനം സാധിക്കുംവിധം ശ്രദ്ധയും സംരക്ഷണവും ഒരുക്കിക്കൊണ്ട്.

പ്രകൃതിക്ക് അങ്ങനെയുള്ള കുറ്റബോധമെന്നതും സംഘർഷമെന്നതുമില്ലെന്ന സത്യം പ്രഖ്യാപിക്കും പോലെ ഈ അമ്മച്ചി നായയും.

നായ പോലും അതിജീവിക്കാൻ ശേഷിയുള്ള തിനെയും ഇല്ലാത്തതിനെയും എങ്ങനെ ഇങ്ങിനെ കൃത്യമായി വകതിരിച്ച് കണ്ടെത്തി നടപ്പാക്കുന്നു എന്നത് മാത്രം മനസ്സിലാവുന്നില്ല. 

എത്ര ക്രൂരമായാണ് എന്ന് നമുക്ക് തോന്നുംവിധം എത്ര എളുപ്പത്തിൽ ദുർബലമായവയെ അവഗണിക്കുന്നു, അതിജീവിക്കാൻ സാധ്യതയുള്ളതിനെ മാത്രം സ്വയം കണ്ടെത്തി  ശ്രമിച്ച് ശ്രക്ഷിക്കുന്നു ഈ അമ്മച്ചി നായയും. 

സ്വന്തം ചോര, നൊന്ത് പെറ്റത് എന്നതൊന്നും പ്രശ്‌നമാകാതെ

അപ്പോഴും ഒന്നറിയണം: 

മനുഷ്യൻ മാത്രം മേൽപറഞ്ഞ പ്രകൃതിക്ക് വിരുദ്ധമായി എന്ന് തോന്നിപ്പിക്കും വിധം, മനുഷ്യൻ്റേതായ ഒരു പ്രകൃതിയെ കണ്ടെത്തി, മനുഷ്യൻ്റെതായ വേറേതന്നെ പ്രകൃതത്തെ വരച്ചും നിർവ്വചിച്ചും ഉണ്ടാക്കി, സ്‌നേഹവും കരുണയും സഹതാപവും അനുതാപവും അനുകമ്പയും പറഞ്ഞുണ്ടാക്കിയും സംഘടിപ്പിച്ചും, അശക്തനെയും ദുർബലനെയും പിന്തുണച്ചും സംരക്ഷിച്ചും നിർത്തുന്നു. 

എന്തിനെന്നില്ലാതെ.

മനുഷ്യരിലെ അമ്മമാരാണെങ്കിൽ, നേർവിപരീതം എന്നപോലെ. 

മക്കളിൽ ഏറ്റം ദുർബലനെ കൂടുതൽ ശ്രദ്ധിക്കും, പരിഗണിക്കും, ശുശ്രൂഷിക്കും.

എന്താണിങ്ങനെ, എന്ത് പറയണം ഇക്കാര്യത്തിൽ എന്ന് മാത്രം മനസ്സിലാവുന്നില്ല.

പ്രകൃതിയും ജീവിതവും അങ്ങനെയുമാണ്. ഒന്നും മനസ്സിലാവാതെ, ഒന്നും മനസ്സിലാക്കിത്തരാതെ.

No comments: