എന്താണ് സനാതനധർമ്മം?
പഴയകാലങ്ങളിലെ തെറ്റുകൾ മാറിമാറിവന്നതോ?
അതല്ലേൽ മാറിമാറിവന്നതിനു മുൻപ് ഉണ്ടായിരുന്ന അന്തവും കുന്തവും ഇല്ലാതിരുന്ന ഒരുകുറേ സംഗതികളോ?
സ്ഥിരമായി നിലനിൽക്കുന്ന ഒന്നല്ലേ സനാതനം?
അങ്ങനെ പറഞ്ഞുവരുമ്പോൾ, സ്ഥിരമായി മാറ്റമില്ലാതെ നിലനിൽക്കുന്നത് മാറ്റം മാത്രമല്ലേ?
മാർക്സ് പറഞ്ഞ, മാറ്റമില്ലാതെ നിലനിൽക്കുന്ന ഒരേയൊരു സംഗതിയായ മാറ്റമാണോ സനാതനധർമ്മം?
********
സനാതനം സ്ഥിരമായ, തുടർച്ചയായ മാറ്റമാണെങ്കിൽ,
സനാതനധർമ്മം സ്ഥിരമായ, തുടർച്ചയായ മാറ്റമാണെങ്കിൽ,
നമ്മുടേത് മാത്രമെന്ന് പറയാൻ മാത്രമുള്ള എന്താണ് ആ സനാതനത്തിലുള്ളത്, ആ സനാതനധർമ്മത്തിലുള്ളത്?
അങ്ങനെയുള്ള മാറ്റമെന്ന സനാതനത്തെ, സനാതനധർമ്മത്തെ പിന്നെ ഭാരതീയമെന്നും വിദേശീയമെന്നും പറയാനില്ലല്ലോ?
സനാതനം എന്നത് ഭാരതീയവും വിദേശീയവും അല്ലെങ്കിൽ,
സനാതനമെന്നത് സ്വയം നശിച്ചും മാറിയും സാധിക്കുന്ന വളർച്ച മാത്രമാണെങ്കിൽ,
സനാതനമെന്നത് മാറ്റമാണെങ്കിൽ, വളർച്ചയാണെങ്കിൽ,
സനാതനമെന്നത് വളർച്ചക്ക് വേണ്ട നാശവും നാശത്തിന് വേണ്ട വളർച്ചയും ആണെങ്കിൽ
പിന്നെ, നാശം തന്നെ വളർച്ചയായ, വളർച്ച തന്നെ നാശമായ ആ സനാതനത്തെ ആർക്കും ഒന്നിനും നശിപ്പിക്കാനും വളർത്താനും കഴിയില്ലല്ലോ?
എങ്കിൽ, ആരൊക്കെയോ എന്തൊക്കെയോ സനാതനധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആക്രോഷിക്കുന്നവർ വെറും കളവ് മാത്രം പറഞ്ഞുപ്രചരിപ്പിക്കുന്നവർ മാത്രമല്ലേ?
സനാതനധർമ്മത്തെ നശിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ശക്തിയുക്തം ബലംപ്രയോഗിച്ച് പ്രതിരോധിക്കേണ്ടതുണ്ട് എന്ന് പറയുന്നതിൻ്റെ യുക്തി എന്താണ്?
അങ്ങനെ പറയുന്നവർ എന്തോ തെറ്റിദ്ധാരണകൾ മാത്രം ഉണ്ടാക്കി വിതരണം ചെയ്ത് കലാപങ്ങളും അക്രമങ്ങളും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നവർ മാത്രമല്ലേ?
എന്തെല്ലാം നശിച്ചാലും നിലനിൽക്കുന്നത് മാത്രമല്ലേ സനാതനം?
No comments:
Post a Comment