തലച്ചോറാണോ ആത്മാവ്?
അതോ, ജീവനാണോ ആത്മാവ്?
അതുമല്ല, ഉണ്ട് എന്നതാണോ, ഉൺമയാണോ ആത്മാവ്?
മതവിശ്വാസസികൾ പറയുന്നത് കേൾക്കുമ്പോൾ തലച്ചോറാണ് ആത്മാവ് എന്ന് തോന്നിപ്പോകും.
അല്ലെങ്കിൽ പിന്നെ എന്തിനാണ് തലച്ചോർ കൊണ്ട് മനുഷ്യനുണ്ടായ, മനുഷ്യനുണ്ടാവുന്ന വ്യത്യസ്തമായ ഗുണവിശങ്ങളും പുരോഗതികളും ചൂണ്ടിക്കാണിച്ച് മനുഷ്യനൻ വ്യത്യസ്തനാണ്, മനുഷ്യൻ്റെ ആ വ്യത്യാസം (തലച്ചോറിൻ്റെ വ്യത്യാസം കൊണ്ടാണെന്നത് മറന്ന്) ആത്മാവ് ഉള്ളത് കൊണ്ടാണെന്ന് മതവിശ്വാസികൾ പറയാൻ ശ്രമിക്കുന്നത്?
ആത്മാവ് തലച്ചോറല്ല, പകരം ജീവനാണെങ്കിൽ, ഉണ്ട് എന്നതാണെങ്കിൽ, ഉൺമയാണെങ്കിൽ മനുഷ്യന് മാത്രമാണോ ആത്മാവ്?
ജീവിക്കുന്ന, നിലനിൽക്കുന്ന, ഉളള, ഉണ്ടെന്ന് വരുന്ന എല്ലാവർക്കും എല്ലാറ്റിനും ആത്മാവ് ഉണ്ട് എന്നതല്ലേ ശരിയാവുക?
അഥവാ, ഉളള എല്ലാം ആത്മാവ് എന്നല്ലേ അർത്ഥം വരിക, വരേണ്ടത്?
മതവിശ്വാസികൾ ധ്വനിപ്പിക്കും പോലെ തലച്ചോറാണ് ആത്മാവെങ്കിൽ
മനുഷ്യന് മാത്രമല്ലല്ലോ തലച്ചോറുള്ളത്?
വ്യത്യസ്തമായ അളവിലും കോലത്തിലും എല്ലാ ജീവികളിലും ഏറിയും കുറഞ്ഞുമുണ്ടല്ലോ തലച്ചോർ?
വ്യത്യസ്തമായി തലച്ചോർ.
അവരവരുടെ ജീവിതാവശ്യങ്ങൾ പോലെ വേണ്ട തലച്ചോർ.
പറയാമെങ്കിൽ, അകപ്പെട്ട മാനത്തിനനുസരിച്ച് എന്ന് പറയാനാവും വിധം വേണ്ട തലച്ചോർ.
കുറച്ചുയർന്ന, കൂടുതൽ വളർന്ന, വ്യത്യസ്തമായ തലച്ചോർ ഉണ്ടെന്നതാണോ മനുഷ്യന് മാത്രം ആത്മാവുണ്ടെന്ന് മതവിശ്വാസികൾ പറയുന്നതിന് ന്യായം?
ആ തലച്ചോറാണല്ലോ, മതവിശ്വാസികളെക്കൊണ്ട് മനുഷ്യന് മാത്രം ആത്മാവ് ഉണ്ടെന്ന് പറയിപ്പിക്കും വിധം, മനുഷ്യനെ വ്യത്യസ്തമായ സിദ്ധികളോടെ വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും സാധിപ്പിക്കുന്നത്?
മതവിശ്വാസികൾ ധ്വനിപ്പിക്കും പോലെ തലച്ചോറാണ് ആത്മാവെങ്കിൽ എല്ലാ ജീവികൾക്കും വ്യത്യസ്തമായ കോലത്തിൽ ആത്മാവ് ഉണ്ടെന്ന് പറയേണ്ടി വരും.
ആത്മാവ് ആത്മാവ് തന്നെയെങ്കിൽ, ദൈവം ദൈവം തന്നെയെങ്കിൽ വ്യത്യസ്തമായിക്കൂട താനും.
വ്യത്യസ്തമായ തലച്ചോർ ഉള്ളതിനാൽ മനുഷ്യന് വ്യത്യസ്തമായ ഗുണവിശേഷങ്ങളുണ്ട്.
വ്യത്യസ്തമായ തലച്ചോർ ഉള്ളതിനാൽ ഒട്ടനവധി നേട്ടങ്ങൾ മനുഷ്യൻ ഉണ്ടാക്കിയിട്ടുണ്ട്, ഉണ്ടാക്കുന്നുണ്ട്.
വ്യത്യസ്തമായ തലച്ചോർ ഉള്ളതിനാൽ സ്കൂളും കോളേജും റോഡും ബസും വിമാനവും ഇൻ്റർനെറ്റും ഫെയ്സ്ബുക്കും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയിട്ടുണ്ട്
മനുഷ്യൻ സ്കൂളും കോളേജും റോഡും ബസും വിമാനവും ഇൻ്റർനെറ്റും ഫെയ്സ്ബുക്കും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണോ മനുഷ്യന് മാത്രം ആത്മാവ് ഉണ്ടെന്ന് പറയാൻ മനുഷ്യന്, അഥവാ മതവിശ്വാസിക്ക് ന്യായം?
തലച്ചോർ വെറും കാലാകമായ വളർച്ചക്കാനുസരിച്ച്, ശാരീരികമായി പരിണമിച്ച് ഉണ്ടായത് മാത്രം.
അതനുസരിച്ച് തന്നെ മേൽപറഞ്ഞവയൊക്കെ ഘട്ടംഘട്ടമായി മനുഷ്യൻ വളർത്തി ഉണ്ടാക്കിയത്
തലച്ചോർ അതാത് സമയത്തെ
രസതന്ത്രങ്ങളെ ആശ്രയിച്ച് മാത്രം വ്യത്യസ്തമാകുന്നത്.
ആത്മാവ് ആത്മാവ് തന്നെയെങ്കിൽ തലച്ചോർ പോലെ കൂടാത്തതും കുറയാത്തതും.
ആത്മാവ് ആത്മാവ് തന്നെയെങ്കിൽ തലച്ചോർ പോലെ വളരാത്തതും തളരാത്തതും
ആത്മാവ് ആത്മാവ് തന്നെയെങ്കിൽ തലച്ചോർ പോലെ ആരെയും ഒന്നിനെയും ആശ്രയിക്കാത്തത്.
ആത്മാവ് ആത്മാവ് തന്നെയെങ്കിൽ തലച്ചോർ പോലെ രസതന്ത്രങ്ങൾ കൊണ്ടല്ലാത്തത്.
ദൈവം തന്നെയായ, ദൈവത്തിൻ്റെ അംശമായ
ആത്മാവും ദൈവവും ഗുണവിശേഷങ്ങൾ ഉള്ളതല്ലല്ലോ? ഗുണവിശേഷങ്ങൾ ഉണ്ടാവാൻ പാടുള്ളതല്ലല്ലോ?
(ദൈവത്തിന് അംശം, ഭാഗം എന്നതൊന്നുമില്ല. അങ്ങനെ ദൈവത്തിൻ്റെ അംശം ഭാഗം എന്ന് ആത്മാവിനെ കുറിച്ച് പറയുന്നത് തന്നെ അബദ്ധമാണ്).
മനുഷ്യന് കുറേ ഗുണവിശേഷങ്ങൾ ഉള്ളത് കൊണ്ടല്ലല്ലോ ആത്മാവ് ഉണ്ടെന്ന് പറയേണ്ടതും പറയേണ്ടി വരേണ്ടതും?
No comments:
Post a Comment