കാമപൂരണം ഒരുനിലക്കും സാധിക്കാതെ വരുമ്പോൾ, കാമം നിസ്സഹായതയിൽ ചെന്നെത്തി നൽക്കുന്നതിനെ, പരാജയപ്പെടുന്നതിനെ, കൂമ്പടിയുന്നതിനെ ദിവ്യപ്രണയം എന്ന് വിളിച്ച് സമാധാനിക്കുന്നു.
പരാജയവും നിസ്സഹായതയും ഉണ്ടാക്കുന്ന അലങ്കാരവും കാല്പനികതയും മാത്രമാണ് ദിവ്യമെന്ന അവകാശവാദം.
*******
അംഗീകാരം ദുർബലപ്പെടുത്തും.
അംഗീകാരം ശക്തിയാണെന്നത് തെറ്റിദ്ധാരണ മാത്രം.
അംഗീകാരം നേടേണ്ടിയും തേടേണ്ടിയും വരുന്നത് അശക്തനും ദുർബ്ബലനും ആവുന്നത് കൊണ്ട്.
അംഗീകാരമില്ലാതെ ജീവിക്കുന്നത്രയും ജീവിക്കാനാവുന്നത്രയും നീ കരുത്തുത്തുള്ളവൻ, സ്വതന്ത്രൻ.
അംഗീകാരത്തെ ആശ്രയിച്ചാൽ അതേ അംഗീകാരത്തിന് വേണ്ടി വിധേയപ്പെടേണ്ടിയും വരും.
*******
ആരെ കുറിച്ചും ദൂരേ നിന്ന് അഭിപ്രായം പറയാൻ സാധിക്കില്ല.
കാരണം, അവർ യഥാർത്ഥത്തിൽ എന്ത് കരുതി, ചിന്തിച്ചു, അനുഭവിച്ചു, എത്രത്തോളം തെരഞ്ഞെടുപ്പോടെയായിരുന്നു അല്ലെങ്കിൽ നിസ്സഹായമായിട്ടായിരുന്നു അവരപ്പോൾ ചെയ്തത്, പറഞ്ഞത് എന്ന് ഇപ്പോൾ ഇവിടെ വെച്ച് പറയുകയും വിലയിരുത്തുകയും നീതിയാവില്ല.
********
ധ്യാനമോ?
അഹങ്കാരം ഇല്ലാതാക്കാനോ?
എന്തിന് ധ്യാനം?
അഹങ്കാരത്തെ വളർത്തുന്നു ധ്യാനം എന്ന പേരിൽ നടത്തുന്ന എല്ലാ ഘോഷ്ടികളും.
അഹങ്കാരം തകർക്കാൻ മക്കളെ വളർത്തുന്നതിനേക്കാൾ വലിയ ധ്യാനമേത്?
********
അറുപതും അറുപത്തഞ്ചും എഴുപതും ഒക്കെ കഴിഞ്ഞാൽ പിന്നെ ജീവിക്കുന്നത് ശാരീരിക ആസ്വാദനത്തിന് വേണ്ടി പോലുമല്ല.
അതിജീവനത്തിന് വേണ്ടി മാത്രം. വെറുതെ അങ്ങനെയങ്ങായി നിലകൊള്ളുക.
ഏറിയാൽ അഹങ്കാരത്തെ പരിപോഷിപ്പിക്കാൻ സാധിക്കുമോ എന്നത് മാത്രം ഒരു സാധ്യത.
********
വലിയ കുറ്റവാളികളാണ് സമൂഹത്തിലെ വലിയ മാന്യന്മാർ.
ചെയ്യുന്നത് കുറ്റമാണെന്ന് അവർക്ക് തോന്നില്ല.
എത്ര വലിയ കുറ്റത്തെയും വളരെ ലാഘവബുദ്ധിയോടെ കാണും.
എല്ലാ കുറ്റങ്ങളും ചെയ്തുകൊണ്ടും ഏറ്റവും മാന്യമായി പെരുമാറും.
********
ജീവിക്കാനുള്ള പണി എത്രയാണ്.
എല്ലാ പണികളും ഒന്നെങ്ങിനെയെങ്കിലും ജീവിക്കാൻ.
അതിനുമാത്രം ഈ ജീവിതമുണ്ടോ,
അതിനുമാത്രം ഈ ജീവിതത്തിന് അർത്ഥമുണ്ടോ?
ഒന്നുകിൽ ഈ ജീവിതം വേണ്ടെന്ന് വെച്ച് അവസാനിപ്പിക്കാൻ സാധിക്കണം.
പക്ഷേ അതിന് മാത്രം ആർക്കും ധൈര്യവും ഉറപ്പും കിട്ടുന്നില്ല.
അല്ലെങ്കിൽ എല്ലാം സഹിച്ചും പൊറുത്തും വേദനിച്ചും അങ്ങ് ജീവിക്കാൻ ശ്രമിക്കണം.
അതാണ് ഇവിടെ നടക്കുന്നത്.
********
ആര് നന്നായി ജീവിച്ചു, ജീവിക്കുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ.
നന്നായി ജീവിച്ചുവെന്ന്, ജീവിക്കുന്നുവെന്ന് ആർക്ക് തോന്നിയോ, തോന്നുന്നുവോ, ആർക്ക് അക്കാര്യത്തിൽ അക്കരപ്പച്ച തോന്നുന്നില്ലയോ, അവർ നന്നായി ജീവിച്ചു, ജീവിക്കുന്നു.
അല്ലാത്തൊരു അളവുകോലും ആര് നന്നായി ജീവിച്ചു, ജീവിക്കുന്നുവെന്നതിനില്ല.
********
ഏതെങ്കിലും ഒരു പ്രവൃത്തിയോ സംഗതിയോ ആളോ മാത്രമായി ദിവ്യമല്ല,
ദൈവികമല്ല. ഒന്നുകിൽ എല്ലാം ഒരുപോലെ (എല്ലാ പ്രവൃത്തിയും സംഗതിയും) ദിവ്യം, ദൈവികം.
അല്ലെങ്കിൽ ഒന്നും ദിവ്യമല്ല, ദൈവികമല്ല.
No comments:
Post a Comment