Saturday, November 30, 2024

സനാതനധർമ്മം ആരുടെയെങ്കിലും മാത്രമാണോ?

സനാതനമെന്ന് പറയാൻ മാത്രം ഇന്ത്യയിൽ എല്ലായിടത്തും ഒന്നും ഒരുപോലെ സ്ഥിരമായി നിലകൊണ്ടില്ല. 

ഇന്ത്യ തന്നെയും നിലകൊണ്ടില്ല. 

ലോകത്തെല്ലായിടത്തും ശരിതെറ്റുകളെ കുറിച്ച ധാരണ നിലനിന്നിരുന്നു.

പല നാട്ടുരാജ്യങ്ങളായി നിന്ന, 

ഇപ്പോൾ നമ്മൾ ഇന്ത്യെയെന്ന് പറയുന്ന 

ഈ വലിയ പ്രദേശത്തും 

അങ്ങനെ ശരിതെറ്റുകളെ കുറിച്ച ധാരണ നിലനിന്നിരുന്നു എന്ന് മാത്രം പറയാം. 

********

അല്ലാതെ, സനാതനധർമ്മം ഇങ്ങനെ അങ്ങനെ എന്നൊക്കെ ആര്, എവിടെ പറഞ്ഞുവെച്ചു...???

വെറും സങ്കല്പം മാത്രമാണ് സനാതനധർമ്മം. 

പ്രയോഗത്തിൽ കൃത്യമായി അങ്ങനെയൊന്നില്ല. 

പ്രയോഗത്തിലുള്ളത് ലോകത്തെല്ലായിടത്തും ഉളളത് പോലെ, എല്ലായിടത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ധർമ്മസങ്കല്പം മാത്രം. ശരി തെറ്റുകൾ മാത്രം. 

സങ്കല്പം മാത്രമായതിൽ എന്തും കെട്ടിയേല്പിച്ച് പറയാം. 

ഇവിടെ നടക്കുന്നത് അത് മാത്രം.

ഇനി സനാതനധർമ്മം എന്തോ ആണെന്ന വാദമുണ്ടെങ്കിൽ ആ അറിവ് ഇങ്ങോട്ട് പറഞ്ഞുതരിക. 

സർവ്വലോകത്തെയും ഉൾകൊള്ളേണ്ടതാണല്ലോ സനാതനധർമ്മം?

സനാതനധർമ്മം അങ്ങനെ ആരുടെയെങ്കിലും ആണോ?

സനാതനധർമ്മം സ്വന്തം വകയിലുള്ള സ്വത്ത് പോലുണ്ട് പലരുടെയും മറുപടികൾ കാണുമ്പോൾ.

സനാതനധർമ്മം സർവ്വരുടെയും സർവ്വകാലത്തിൻ്റെയും അല്ലേ?

എങ്കിൽ, ഉത്തരം മുട്ടുമ്പോൾ ചൂടാവുകയും കൊഞ്ഞനം കാട്ടുകയും അല്ലല്ലോ വേണ്ടത്?

യുക്തിയും വിവേകവും കാട്ടാനും പ്രയോഗിക്കാനും ഉള്ളതല്ലേ?

*********

സനാതനം വെറുമൊരരവകാശവാദം മാത്രം. 

ആർക്കും നടത്താവുന്ന ഒരവകാശവാദം. 

സനാതനം എന്ന വാക്ക് തന്നെ ഉപയോഗിച്ചായാലും അല്ലെങ്കിലും എല്ലാ മതങ്ങളും ആ അവകാശവാദം നടത്തുന്നു. 

ഇസ്‌ലാമും നടത്തുന്നു. 

ഇസ്‌ലാം എന്നാൽ സമർപ്പണം എന്നർത്ഥം. 

പ്രാപഞ്ചികതക്കുള്ള സമർപ്പണം ജിവിതം. 

ആ സമർപ്പണം സനാതനമായത്. 

ഇത്രയേ ഉള്ളൂ അവകാശവാദങ്ങളുടെ രീതി.

*********

അറിയില്ല എന്ന അറിവ് തന്നെയാണ് ഈയുള്ളവൻ്റെ എളിയ അറിവ്.

സനാതനധർമ്മത്തെ കുറിച്ച് കുറേ നിറംപിടിപ്പിച്ച അവകാശവാദങ്ങൾക്കപ്പുറം വസ്തുനിഷ്ഠമായി ഒന്നും ഉള്ളതായി അറിയില്ല. 

ഒരുതരം എട്ടുകാലി മമ്മൂഞ്ഞ് വർത്തമാനങ്ങൾ മാത്രമുണ്ട് സനാതന ത്തിൻ്റെ പേരിൽ ഇവിടെ. 

എല്ലാ മതക്കാരും ചെയ്യുന്നത് പോലെ, എല്ലാം നമ്മളിലുണ്ട്, എല്ലാത്തിനും പരിഹാരം നമ്മുടേത് എന്ന വികലമായ, അല്പബുദ്ധിയിലുള്ള വാദം.

അങ്ങനെ സനാതനധർമ്മം എന്നത് വല്ല നിലക്കും ഇവിടെ മാത്രം ഉള്ളതാണെങ്കിൽ, 

അത് കൃത്യമായും പഠിച്ച ആളാണ് നിങ്ങളും നിങ്ങളും എങ്കിൽ, നിങ്ങൾക്കറിയുന്ന റഫറൻസ് ഗ്രന്ഥങ്ങളും വേദങ്ങളും ഉദ്ധരിച്ച് സംസാരിക്കുക എന്താണ് സനാതനമെന്ന്, എവിടെയാണ് സനാതനത്തെ കൃത്യമായും വ്യക്തമായും നിർവ്വചിച്ചിരിക്കുന്നതെന്ന് 

എത്രയും കേൾക്കാൻ തയ്യാർ.

അറിയില്ല എന്നറിയുമ്പോഴാണല്ലോ അന്വേഷിക്കാനും അറിയാനും തുടങ്ങുന്നത്.

എല്ലാം അറിയാമെന്ന്, സാധാരണ മതവിശ്വാസികൾ എല്ലാറ്റിനും അവസാനം വെച്ച് കരുതും പോലെ, കരുതിയും പറഞ്ഞുമിരുന്നാൽ അന്വേഷണവും അറിവും നിൽക്കും. 

വളർച്ച മുരടിക്കും. 

മുന്നോട്ട് പോകില്ല. 

പകരം അസഹിഷ്ണുതയും തീവ്രവാദവും വളരും. 

ഏറെക്കുറെ മതവിശ്വാസിസമൂഹങ്ങൾ നിറഞ്ഞ രാജ്യങ്ങളിലും ഇപ്പോൾ ഇന്ത്യയിലും നടക്കുന്നത് നടക്കും.

സ്വന്തം ഇടങ്ങളിൽ ഒതുങ്ങിനിൽക്കുന്ന വെറും വീമ്പുപറച്ചിലും വീരവാദവും തീവ്രവാദവും അതിനുവേണ്ട കുറേ കളവുകളും വെറുപ്പും സങ്കുചിതത്വവും അസഹിഷ്ണുതയും വളരും.

അഭിപ്രായങ്ങൾ പറയുന്നവരെ കുറിച്ച് വ്യക്തിപരമായി സംസാരിക്കുക എന്നത് വിഷയം സംസാരിക്കുന്നതിന് പകരമാവില്ല. മറുപടി നൽകലാവില്ല.

വ്യക്തിപരമായി സംസാരവും ആക്ഷേപവും അധിക്ഷേപവും പലപ്പോഴും വിഷയത്തിൽ ഒന്നും കൃത്യമായി സംസാരിക്കാനാവാതെ തോൽക്കുമ്പോൾ സംഭവിക്കുന്നതാണ്.

സനാതന വിഷയത്തിൽ ഗർവ്വ് നടിച്ച് കുറേ കാടടക്കി വെടിവെക്കുന്നത് പോലുളള സങ്കല്പങളും അഭിപ്രായങ്ങളും മാത്രമല്ലാതെ, ആധാരമാക്കേണ്ട ഏതെങ്കിലും വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുകളോ ഗ്രന്ഥങ്ങളോ ഉള്ളതായി അറിയില്ല.

******** 

ഈ വിഷയം ഇങ്ങനെ പറയാൻ കുറച്ചല്ലാത്ത ഉളുപ്പു വേണം.

എന്താണാവോ ഉളുപ്പിൻ്റെ വിഷയം ഇവിടെ വന്നത്?

ഇക്കാര്യത്തിൽ ഉളുപ്പിൻറെ ആവശ്യം എന്താണാവോ?

സനാതനധർമ്മവും സനാതനധർമ്മത്തെ കുറിച്ച് പറയുന്നതും അത്രക്ക് ഉളുപ്പുകെട്ട സംഗതിയാണോ?

Friday, November 29, 2024

മാറ്റമാണോ സനാതനധർമ്മം?

എന്താണ് സനാതനധർമ്മം? 

പഴയകാലങ്ങളിലെ തെറ്റുകൾ മാറിമാറിവന്നതോ? 

അതല്ലേൽ മാറിമാറിവന്നതിനു മുൻപ് ഉണ്ടായിരുന്ന അന്തവും കുന്തവും ഇല്ലാതിരുന്ന ഒരുകുറേ സംഗതികളോ? 

സ്ഥിരമായി നിലനിൽക്കുന്ന ഒന്നല്ലേ സനാതനം? 

അങ്ങനെ പറഞ്ഞുവരുമ്പോൾ, സ്ഥിരമായി മാറ്റമില്ലാതെ നിലനിൽക്കുന്നത് മാറ്റം മാത്രമല്ലേ? 

മാർക്സ് പറഞ്ഞ, മാറ്റമില്ലാതെ നിലനിൽക്കുന്ന ഒരേയൊരു സംഗതിയായ മാറ്റമാണോ സനാതനധർമ്മം?

********

സനാതനം സ്ഥിരമായ, തുടർച്ചയായ മാറ്റമാണെങ്കിൽ, 

സനാതനധർമ്മം സ്ഥിരമായ, തുടർച്ചയായ മാറ്റമാണെങ്കിൽ, 

നമ്മുടേത് മാത്രമെന്ന് പറയാൻ മാത്രമുള്ള എന്താണ് ആ സനാതനത്തിലുള്ളത്, ആ സനാതനധർമ്മത്തിലുള്ളത്? 

അങ്ങനെയുള്ള മാറ്റമെന്ന സനാതനത്തെ, സനാതനധർമ്മത്തെ പിന്നെ ഭാരതീയമെന്നും വിദേശീയമെന്നും പറയാനില്ലല്ലോ?

സനാതനം എന്നത് ഭാരതീയവും വിദേശീയവും അല്ലെങ്കിൽ, 

സനാതനമെന്നത് സ്വയം നശിച്ചും മാറിയും സാധിക്കുന്ന വളർച്ച മാത്രമാണെങ്കിൽ, 

സനാതനമെന്നത് മാറ്റമാണെങ്കിൽ, വളർച്ചയാണെങ്കിൽ, 

സനാതനമെന്നത് വളർച്ചക്ക് വേണ്ട നാശവും നാശത്തിന് വേണ്ട വളർച്ചയും ആണെങ്കിൽ 

പിന്നെ, നാശം തന്നെ വളർച്ചയായ, വളർച്ച തന്നെ നാശമായ  ആ സനാതനത്തെ ആർക്കും ഒന്നിനും നശിപ്പിക്കാനും വളർത്താനും കഴിയില്ലല്ലോ? 

എങ്കിൽ, ആരൊക്കെയോ എന്തൊക്കെയോ സനാതനധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആക്രോഷിക്കുന്നവർ വെറും കളവ് മാത്രം പറഞ്ഞുപ്രചരിപ്പിക്കുന്നവർ മാത്രമല്ലേ?

സനാതനധർമ്മത്തെ നശിപ്പിക്കാനുള്ള ഏത്  ശ്രമത്തെയും ശക്തിയുക്തം ബലംപ്രയോഗിച്ച് പ്രതിരോധിക്കേണ്ടതുണ്ട് എന്ന് പറയുന്നതിൻ്റെ യുക്തി എന്താണ്? 

അങ്ങനെ പറയുന്നവർ എന്തോ തെറ്റിദ്ധാരണകൾ മാത്രം ഉണ്ടാക്കി വിതരണം ചെയ്ത് കലാപങ്ങളും അക്രമങ്ങളും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നവർ മാത്രമല്ലേ?

എന്തെല്ലാം നശിച്ചാലും നിലനിൽക്കുന്നത് മാത്രമല്ലേ സനാതനം?

Thursday, November 28, 2024

ജീവിതത്തിൻ്റെ മാനേജ്‌മെൻ്റാണ് യഥാർത്ഥ ഹയർ മാനേജ്മെൻ്റ്

ജീവിതത്തിൻ്റെ മാനേജ്‌മെൻ്റാണ് യഥാർത്ഥ ഹയർ മാനേജ്മെൻ്റ്. 

ഞാൻ പഠിച്ചതും നീ പഠിച്ചതും മുഴുവൻ മൊത്തമായ ജീവിതത്തിനുള്ളതാണ്. മുഴുവൻ മനുഷ്യർക്കും വേണ്ടതാണ്, വേണ്ടിയാണ്.

ഞാൻ ചെയ്തതും ചെയ്യുന്നതും, നീ ചെയ്തതും ചെയ്യുന്നതും മുഴുവൻ മൊത്തമായ ജീവിതത്തിനുള്ളതാണ്. സർവ്വ മനുഷ്യർക്കും വേണ്ടതാണ്, വേണ്ടിയാണ്.

ആ മൊത്തമായ ജീവിതത്തെ (നിങ്ങളുടേത് മാത്രമല്ലാത്ത ജീവിതത്തെ) നിങ്ങൾ ദൈവമെന്ന് വിളിച്ചാലും ശരി, പ്രകൃതിയെന്ന് വിളിച്ചാലും ശരി. 

ആ മൊത്തമായ ജീവിതത്തെ നിങ്ങൾ പദാർത്ഥമെന്നോ  ആത്മാവെന്നോ ഊർജ്ജമെന്നോ ബോധമെന്നോ വിളിച്ചാലും ശരി.

ജീവിതം എങ്ങനെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നു? 

ഓരോരുത്തർക്കും അവരുടെ മക്കൾ സ്പെഷ്യലാണെന്ന് തോന്നിപ്പിച്ചുകൊണ്ട്. 

മക്കളുടെ കാര്യത്തിൽ ഓരോരുവനിലും കുറ്റബോധത്തെ ഉണ്ടാക്കിക്കൊണ്ട്.

ആ കുറ്റബോധത്തെ ഉത്തരവാദിത്തമാക്കി മാറ്റിക്കൊണ്ട്. 

ഓരോരുത്തരെക്കൊണ്ടും അവനവന് വേണ്ടി എന്ന് തോന്നിപ്പിച്ചു കൊണ്ട് പറ്റുന്നതെല്ലാം ചെയ്യിപ്പിച്ചുകൊണ്ട്. 

ഫലത്തിൽ അവയെല്ലാം മറ്റുള്ളവർക്കും സർവ്വതിനും വേണ്ടതാക്കി മാറ്റുക. 

അങ്ങനെ, ആരൊക്കെയോ അവർക്ക് വേണ്ടിയെന്ന് കരുതി വെച്ചുവളർത്തിയ തെങ്ങ് നിനക്ക് തേങ്ങ തരുന്നതാകുന്നു

അങ്ങനെ, എവിടെയോ ആരോ കൃഷി ചെയ്തുണ്ടാവുന്ന അരി ഇവിടെ നിന്നെ തീൻമേശയിലെത്തുന്നു. 

പിന്നെയും ഒരുപടി പേർ അതിനിടയിൽ തനിക്ക് വേണ്ടി മാത്രമായി താൻ ചെയ്യുന്ന ജോലികൾ ചെയ്തതിൻ്റെ ഫലമായി.

Wednesday, November 27, 2024

സനാതനം, സനാതനം എന്ന് നാം നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടല്ലോ? എന്താണ് സനാതനം?

സനാതനം എന്നാൽ എവിടെയും ഇല്ലാത്തതും ഇവിടെ മാത്രമുളളതുമായ എന്തെങ്കിലുമാണോ? 

സനാതനം, സനാതനം എന്ന് നാം നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടല്ലോ?

എന്താണത്? 

എന്താണ് സനാതനം?

നമുക്ക് മാത്രമായുള്ള എന്തെങ്കിലുമാണോ സനാതനം?

നമ്മുടെ നാട്ടിൽ നടന്ന, ഇപ്പോഴും നമ്മുടെ നാട്ടിൽ പലയിടത്തും തിരുത്താതെ നടന്നുകൊണ്ടിരിക്കുന്ന ഒരന്തവും കുന്തവും മനുഷ്യത്വവും ഇല്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉച്ചനീചത്വങ്ങളുമാണോ സനാതനം, സനാതനധർമ്മം?

നമുക്ക് മാത്രമായതിനെ, നമ്മുടെ നാട്ടിൽ മാത്രമുള്ളതിനെ സനാതനം, സനാതനധർമ്മം എന്ന് പറയാമോ?

സനാതനത്തിന് സ്ഥലകാല ബന്ധമുണ്ടോ, അതിർത്തികളുണ്ടോ?

സനാതനത്തിന് സ്വദേശവും വിദേശവും ഉണ്ടോ, സ്വദേശിയും വിദേശിയും എന്നുണ്ടോ?

സ്വദേശിക്കോ വിദേശിക്കോ മറ്റാർക്കെങ്കിലും നശിപ്പിക്കാനാവുന്നതിനെ സനാതനം എന്ന് വിളിക്കാമോ?

സനാതനം സനാതനം തന്നെയെങ്കിൽ ഏതെങ്കിലും സ്വദേശിക്കോ വിദേശിക്കോ മറ്റാർക്കെങ്കിലും നശിപ്പിക്കാൻ സാധിക്കുമോ?

നാശത്തിനതീതമായതും നശിക്കാത്തതും മാത്രമല്ലേ സനാതനം? 

സാർവത്രികവും സാർവകാലികവും സാർവ്വലൗകികവും സാർവ്വജനീനവും ആയത് മാത്രമല്ലേ സനാതനം, സനാതനധർമ്മം?

സാർവത്രികവും സാർവ്വലൗകികവും സാർവകാലികവും സാർവ്വജനീനവും അല്ലാത്തതിനെ സനാതനം, സനാതനധർമ്മം എന്ന് പറയാമോ?

സാർവത്രികവും സാർവകാലികവും സാർവ്വലൗകികവും സാർവ്വജനീനവുമായ സനാതനത്തെ നമ്മുടേത് മാത്രമായ സാംസ്കാരിക പാരമ്പര്യമായി ഉയർത്തിക്കാട്ടുന്നതിൽ എന്തർത്ഥമാണുള്ളത്? 

സാർവത്രികവും സാർവകാലികവും സാർവ്വലൗകികവും സാർവ്വജനീനവുമായ സനാതനത്തെ നമ്മുടേത് മാത്രമാക്കുകയെന്നാൽ സനാതനത്തെ സനാതനമല്ലാതാക്കുക, ചുരുക്കുക എന്നല്ലേ അർത്ഥം വരിക?

പ്രകൃതിയെയും പ്രകൃതിസത്യത്തെയും തീവ്രദേശീയത ചാലിച്ച് നമ്മുടേത് മാത്രമാക്കുന്ന തെറ്റല്ലേ അത്?

അതിർവരമ്പുകൾ മാത്രം ന്യായമായ, സങ്കുചിതമായ രാഷ്ട്രവുമായും സങ്കുചിത ദേശീയതയുമായി സനാതനത്തിന് എന്ത് ബന്ധം?

സനാതനത്തിന് തീർത്തും കടകവിരുദ്ധമായ സംഗതി മാത്രമല്ലേ സങ്കുചിത രാഷ്ട്ര, ദേശീയ സങ്കല്പം?

ഇനി നമ്മുടെ സനാതനത്തിന്, നമ്മൾ നമ്മുടേത് മാത്രമായി ഉയർത്തിക്കാട്ടുന്ന വേറിട്ട് നിൽക്കുന്ന സനാതനത്തിന്, ലോകത്തെവിടെയും ഇല്ലാത്ത, ലോകത്തെവിടെയൂം ഇല്ലെന്ന് വരുത്തേണ്ട പ്രത്യേകമായ വല്ല നിർവ്വചനവുമുണ്ടോ?

നമ്മുടെ സനാതനത്തിന്, നമ്മൾ നമ്മുടേത് മാത്രമായി ഉയർത്തിക്കാട്ടുന്ന വേറിട്ട് നിൽക്കുന്ന സനാതനത്തിന്, വല്ല കൃത്യതയും വ്യക്തതയുമുണ്ടോ? 

അല്ലെങ്കിൽ വെറുതേ കാടടച്ച് വെടിവെക്കും പോലെ വെറും വെറുതേ സനാതനം, സനാതനം എന്ന് പറയുക മാത്രമോ? 

നാക്കിൽ ആരോ ഇട്ടുതന്ന വാക്ക് മാത്രമായി സനാതനം, സനാതനം എന്ന് നാം വെറുതേ ഉരുവിടുക മാത്രമാണോ?

വെറുതേ പറഞ്ഞ് പറഞ്ഞ് അവ്യക്തമായ ഒന്നിനെ, കളവ് പറഞ്ഞ്, പറഞ്ഞ് കളവിനെ സത്യമാക്കും പോലെ, ഇല്ലാത്ത എന്തോ ഉണ്ടെന്ന് വരുത്തി, പിന്നെ ആ ഇല്ലാത്തതിനെ വ്യക്തമായുളള എന്തോ പോലെ ആക്കുകയാണോ നാം?

അല്ലെങ്കിൽ കൃത്യമായും നിർവ്വചിച്ച്, നിശ്ചയിച്ചുപറയാൻ നമുക്ക് സാധിക്കണം?

എന്താണ്, എന്തല്ല സനാതനം എന്ന്.

വെറുതേ കിട്ടിയ വാക്ക് വെറുതേ അനുകരിച്ച് ഉച്ചരിക്കുകയാവരുത് സനാതനം എന്നത്. 

അങ്ങനെ എന്തെന്നറിയാതെ വെറും അവകാശവാദവും വീമ്പും ആക്കുകയാവരുത് സനാതനം.

എല്ലാത്തിനും പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്കൾ ആവരുത് ഇവിടത്തെ സനാതനക്കാരായ നമ്മൾ.

യഥാർത്ഥത്തിൽ ഒന്നിനും കഴിയാത്ത, ഒന്നിനും പിതൃത്വം സിദ്ധിക്കാനാവാത്ത എട്ടുകാലി മമ്മൂഞ്ഞ്കൾ ആവരുത് സനാതനക്കാരായ നമ്മൾ.

സനാതനം എന്നാൽ എവിടെയും ഇല്ലാത്തതും ഇവിടെ മാത്രമുളളതുമായ എന്തെങ്കിലുമായിക്കൂട.

എവിടെയും എപ്പോഴും ഇല്ലാത്തതാണെങ്കിൽ പിന്നെങ്ങിനെ അത് സനാതനമാകും? 

ലോകത്തെവിടെയുമില്ലാത്ത, ഇവിടെ മാത്രമുളള എന്ത് നന്മയും ധർമ്മവും സംസ്കാരവും ആണ് അല്ലെങ്കിലും ഉള്ളത്?

ശരിക്കും സത്യത്തിനും നന്മക്കും ധർമ്മത്തിനും സാർവത്രിക, സാർവകാലിക, സാർവ്വജനീന മാനവും സ്വീകാര്യതയും ഉണ്ട്, ഉണ്ടാവണം.

അല്ലാതെ ഉളള, നമ്മുടേത് മാത്രമായ സനാതന ധർമ്മ സംഗതികൾ ഒന്നെണ്ണിപ്പറയാമോ? 

ലോകത്തെല്ലായിടത്തും ഉള്ളതിൻ്റെ അട്ടിപ്പേർ നാം എട്ടുകാലി മമ്മൂഞ്ഞ്കളായി ഏറ്റെടുക്കയാണോ വേണ്ടത്?

വെറും ഉള്ളൂപൊള്ളയായ, ബലൂൺ പോലുളള വാക്കും അവകാശവാദവും മാത്രമായിക്കൂടല്ലോ സനാതനം എന്ന വാക്കും അവകാശവാദവും?

Monday, November 25, 2024

മുജ്ജന്മ-കർമ്മഫല വിശ്വാസം കൊണ്ടുനടക്കുന്നവർ ഒന്നും ചെയ്യില്ല.

സ്വാർത്ഥത കൊണ്ടാണോ മനുഷ്യത്വം കൊണ്ടാണോ നിസ്വാർത്ഥത കൊണ്ടാണോ എന്നതൊക്കെ വിട്ടേക്കുക.

സ്വർഗത്തിന് വേണ്ടി ചെയ്യുന്നത് സ്വാർത്ഥതയാണ് എന്നതും വിട്ടേക്കുക.

പക്ഷേ, ഒരു കാര്യമുറപ്പ്.

സ്വർഗ്ഗത്തിന് വേണ്ടി ദാനധർമ്മവും പരോപകാരവും ചെയ്യുന്നവർ, മതപരമായ കല്പനകൾ ഉള്ളത് കൊണ്ട് ചെയ്യുന്നവർ, ജിവിതം ഓരോരുത്തനും അവനുള്ള പരീക്ഷയാണ് എന്ന് വിശ്വസിക്കുന്നവർ, അങ്ങനെയെങ്കിലും അതുകൊണ്ടെങ്കിലും നന്മകൾ ചെയ്യും. ദാനധർമ്മങ്ങളും പരോപകാരവും ചെയ്യും.

മറിച്ചുള്ള , മുജ്ജന്മ-കർമ്മഫല വിശ്വാസം കൊണ്ടുനടക്കുന്നവർ ഒന്നും ചെയ്യില്ല. 

കാരണം, ദൈവം ഒരാളെ അയാളുടെ മുജ്ജന്മത്തിലെ തെറ്റുകുറ്റങ്ങൾ കാരണം ശിക്ഷിക്കുകയാണ് എന്ന് വിശ്വസിക്കുന്ന മറ്റൊരാൾ എങ്ങിനെ അയാളെ സഹായിക്കും? 

ദൈവം ശിക്ഷിക്കുന്ന ആളെ രക്ഷിക്കാൻ ശ്രമിക്കുകയെന്നാൽ, സഹായിക്കുകയെന്നാൽ ദൈവിക നടപടികളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്നു, തടയാൻ ശ്രമിക്കുന്നു എന്ന അർത്ഥം വരും. 

അതിനാൽ തന്നെ, മുജ്ജന്മ-കർമ്മഫല വിശ്വാസം കൊണ്ടുണ്ടാക്കുന്നവൻ ആരെയും സഹായിക്കില്ല, രക്ഷിക്കില്ല, 

മുജ്ജന്മ-കർമ്മഫല വിശ്വാസം കൊണ്ടുണ്ടാക്കുന്നവൻ്റെ വിശ്വാസമനുസരിച്ച് ആരെയും രക്ഷിക്കേണ്ടതും സഹായിക്കേണ്ടതും ഇല്ല.

മറിച്ചുള്ളവ കുറേ കഥകളും പേരുകളും മാത്രം. പേരുകളും കഥകളും കുറെയുണ്ടാവാം. കാല്പനികമായി എന്തും പറയാം. ഒന്നും ഒരു കൃത്യതയും നിർവചനവും നിശ്ചയവും നിഷ്‌കർഷയും നിർദേശവും ഇല്ലാതെ. 

കുറേ കാല്പനിക കഥകളും കഥാപാത്രങ്ങളും അവരുടെ പേരുകളും അവയ്ക്ക് നാം വേണ്ടിയും വേണ്ടാതെയും കൊടുക്കുന്ന കുറേ ന്യായങ്ങളും ന്യായീകരണങ്ങളും മാത്രം ബാക്കിയാവും വണ്ണം.

നിർബന്ധമായും അനുസരിച്ചേ തീരൂ, അനുധാവനം ചെയ്തേ തീരൂ എന്ന നിഷ്കർഷയും നിർദേശവും ഇല്ലെങ്കിൽ ആരും ഒന്നും ചെയ്യുമെന്ന് ഉറപ്പിച്ചുകൂട. 

ഒന്നിലും വിശ്വസിക്കാത്തവരുടെ കാര്യത്തിലും ആരും ഒന്നും ചെയ്യുമെന്ന് ഉറപ്പിച്ചുകൂട.

നിസ്വാർത്ഥതയും മനുഷ്യത്വവും മനുഷ്യസ്നേഹവും ഒക്കെ ഉണ്ടാവുമെങ്കിൽ എല്ലാവരിലും ഒരുപോലെ ഉണ്ടാകാവുന്നത് മാത്രം. ഉണ്ടാവില്ലെങ്കിൽ ആരിലും ഒരുപോലെ ഉണ്ടാവാത്തത്. ബാക്കി മുഴുവൻ അവകാശവാദങ്ങൾ മാത്രമായി നിലകൊള്ളുന്നത്. 

മുജ്ജന്മ - കർമ്മഫല വിശ്വാസം ഒരാളെ ഫലത്തിൽ ദാനധർമ്മങ്ങളുടെയും പരോപകാരങ്ങളുടെയും കാര്യത്തിൽ നിസ്സംഗനാക്കും.

നല്ല സുഹൃത്തിനെ കിട്ടുക വളരേ പ്രയാസം, വളരെ വിരളം.

നല്ല സുഹൃത്തിനെ കിട്ടുക വളരേ പ്രയാസം, വളരെ വിരളം. 

കാഴ്ചയിൽ പലരും സുഹൃത്തുക്കളാവും.

പക്ഷേ, ഏറെയും പതിര്.

പരിചയക്കാരും നാട്ടുകാരും കുടുംബക്കാരും മാത്രമവർ

ജീവിക്കുമ്പോഴും ജീവിക്കാനും കൂടെയില്ലാത്തവർ.

സൽക്കാരത്തിനും വിവാഹച്ചടങ്ങിനും ജന്മദിനാഘോഷങ്ങൾക്കും മരിച്ചാലും വരാൻ സാധ്യതയുള്ള പരിചയക്കാരും നാട്ടുകാരും കുടുംബക്കാരും മാത്രമവർ.

പക്ഷെ, അടുത്ത് ചെല്ലുംതോറും ഇല്ലാതാവുന്ന ആകാശം പോലെ മാത്രമവരധികവും. 

യഥാർത്ഥത്തിൽ ഇല്ലാതെ. 

എന്നാൽ ഏറെയുണ്ടെന്ന് തോന്നിപ്പിക്കുന്ന ആകാശം.

നല്ല സുഹൃത്ത് പുതിയ വെളിച്ചവും വായുവും പുറംകാഴ്ചയും കൊണ്ടുവന്ന് തരുന്ന ജനാലകൾ. 

ആ ജനാലകൾ, ഉള്ളതാണ്, ഉള്ളവയാണ്. 

ആ ജനാലകൾ തുറവിയാണ്. പുതിയ ലോകങ്ങളിലേക്കുള്ള വഴികളെ ഗർഭംധരിച്ചാണ്.

ആവശ്യമുള്ളപ്പോൾ തുറക്കാം, അടക്കാം. 

നല്ല സുഹൃത്ത് എന്ന ജനൽപാളിക്ക് നീ എങ്ങിനെ പെരുമാറിയാലും, അടച്ചാലും തുറന്നാലും, പരിഭവമുണ്ടാവില്ല. 

എന്നാലോ, വേണ്ടപ്പോഴൊക്കെ പുതിയ ലോകവും ആകാശവും കാണിച്ചുതരും നല്ല സുഹൃത്ത്. 

ആരുമില്ല എന്നാവുമ്പോൾ, എല്ലാവരും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുമ്പോൾ തോളത്ത് തട്ടി "പോട്ടെടോ, ഇതൊക്കെ എന്ത്" എന്ന് പറയുന്നവൻ സുഹൃത്ത്. 

കുടുങ്ങിയ ഇടത്ത് തുറസ്സായ പരിഹാരഹമാവും സുഹൃത്ത്. 

പരിഹാരത്തിലേക്ക് നിന്നെ നയിക്കും സുഹൃത്ത്.

മരണമുനയിൽ നിന്നും ജീവനെ രക്ഷിക്കുന്നവൻ സുഹൃത്ത്. 

വേരായും കൊമ്പായും മാറും സുഹൃത്ത്. 

എവിടുന്ന് കിട്ടിയാലും, മറ്റാരുടേതായാലും, മോഷ്ടിച്ചെടുക്കാവുന്ന ഏകസംഗതി സൗഹൃദം, സുഹൃത്ത്.

എന്തും പറയാവുന്ന ഇടം സുഹൃത്ത്. 

അതിർവരമ്പുകൾ ഇല്ലാത്ത ഇടം സുഹൃത്ത്.

നാട്യങ്ങൾ ആവശ്യമില്ലാത്ത  ഒരേയൊരിടം സുഹൃത്ത്.

Saturday, November 23, 2024

തലച്ചോറാണോ ആത്മാവ്? അതോ, ജീവനാണോ ആത്മാവ്?

തലച്ചോറാണോ ആത്മാവ്? 

അതോ, ജീവനാണോ ആത്മാവ്?

അതുമല്ല, ഉണ്ട് എന്നതാണോ, ഉൺമയാണോ ആത്മാവ്?

മതവിശ്വാസസികൾ പറയുന്നത് കേൾക്കുമ്പോൾ തലച്ചോറാണ് ആത്മാവ് എന്ന് തോന്നിപ്പോകും.

അല്ലെങ്കിൽ പിന്നെ എന്തിനാണ് തലച്ചോർ കൊണ്ട് മനുഷ്യനുണ്ടായ, മനുഷ്യനുണ്ടാവുന്ന വ്യത്യസ്തമായ ഗുണവിശങ്ങളും പുരോഗതികളും ചൂണ്ടിക്കാണിച്ച് മനുഷ്യനൻ വ്യത്യസ്തനാണ്, മനുഷ്യൻ്റെ ആ വ്യത്യാസം (തലച്ചോറിൻ്റെ വ്യത്യാസം കൊണ്ടാണെന്നത് മറന്ന്) ആത്മാവ് ഉള്ളത് കൊണ്ടാണെന്ന് മതവിശ്വാസികൾ പറയാൻ ശ്രമിക്കുന്നത്?

ആത്മാവ് തലച്ചോറല്ല, പകരം ജീവനാണെങ്കിൽ, ഉണ്ട് എന്നതാണെങ്കിൽ, ഉൺമയാണെങ്കിൽ മനുഷ്യന് മാത്രമാണോ ആത്മാവ്?

ജീവിക്കുന്ന, നിലനിൽക്കുന്ന, ഉളള, ഉണ്ടെന്ന് വരുന്ന എല്ലാവർക്കും എല്ലാറ്റിനും ആത്മാവ് ഉണ്ട് എന്നതല്ലേ ശരിയാവുക? 

അഥവാ, ഉളള എല്ലാം ആത്മാവ് എന്നല്ലേ അർത്ഥം വരിക, വരേണ്ടത്?

മതവിശ്വാസികൾ ധ്വനിപ്പിക്കും പോലെ തലച്ചോറാണ് ആത്മാവെങ്കിൽ 

മനുഷ്യന് മാത്രമല്ലല്ലോ തലച്ചോറുള്ളത്? 

വ്യത്യസ്തമായ അളവിലും കോലത്തിലും എല്ലാ ജീവികളിലും ഏറിയും കുറഞ്ഞുമുണ്ടല്ലോ തലച്ചോർ? 

വ്യത്യസ്തമായി തലച്ചോർ. 

അവരവരുടെ ജീവിതാവശ്യങ്ങൾ പോലെ വേണ്ട തലച്ചോർ. 

പറയാമെങ്കിൽ, അകപ്പെട്ട മാനത്തിനനുസരിച്ച് എന്ന് പറയാനാവും വിധം വേണ്ട തലച്ചോർ.

കുറച്ചുയർന്ന, കൂടുതൽ വളർന്ന, വ്യത്യസ്തമായ തലച്ചോർ ഉണ്ടെന്നതാണോ മനുഷ്യന് മാത്രം ആത്മാവുണ്ടെന്ന് മതവിശ്വാസികൾ പറയുന്നതിന് ന്യായം? 

ആ തലച്ചോറാണല്ലോ, മതവിശ്വാസികളെക്കൊണ്ട് മനുഷ്യന് മാത്രം ആത്മാവ് ഉണ്ടെന്ന് പറയിപ്പിക്കും വിധം, മനുഷ്യനെ വ്യത്യസ്തമായ സിദ്ധികളോടെ വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും സാധിപ്പിക്കുന്നത്?

മതവിശ്വാസികൾ ധ്വനിപ്പിക്കും പോലെ തലച്ചോറാണ് ആത്മാവെങ്കിൽ എല്ലാ ജീവികൾക്കും വ്യത്യസ്തമായ കോലത്തിൽ ആത്മാവ് ഉണ്ടെന്ന് പറയേണ്ടി വരും.

ആത്മാവ് ആത്മാവ് തന്നെയെങ്കിൽ, ദൈവം ദൈവം തന്നെയെങ്കിൽ വ്യത്യസ്തമായിക്കൂട താനും. 

വ്യത്യസ്തമായ തലച്ചോർ ഉള്ളതിനാൽ മനുഷ്യന് വ്യത്യസ്തമായ ഗുണവിശേഷങ്ങളുണ്ട്. 

വ്യത്യസ്തമായ തലച്ചോർ ഉള്ളതിനാൽ ഒട്ടനവധി നേട്ടങ്ങൾ മനുഷ്യൻ ഉണ്ടാക്കിയിട്ടുണ്ട്, ഉണ്ടാക്കുന്നുണ്ട്. 

വ്യത്യസ്തമായ തലച്ചോർ ഉള്ളതിനാൽ സ്കൂളും  കോളേജും റോഡും ബസും വിമാനവും ഇൻ്റർനെറ്റും ഫെയ്സ്ബുക്കും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയിട്ടുണ്ട്

മനുഷ്യൻ സ്കൂളും കോളേജും റോഡും ബസും വിമാനവും ഇൻ്റർനെറ്റും ഫെയ്സ്ബുക്കും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണോ മനുഷ്യന് മാത്രം ആത്മാവ് ഉണ്ടെന്ന് പറയാൻ മനുഷ്യന്, അഥവാ മതവിശ്വാസിക്ക് ന്യായം?

തലച്ചോർ വെറും കാലാകമായ വളർച്ചക്കാനുസരിച്ച്, ശാരീരികമായി പരിണമിച്ച് ഉണ്ടായത് മാത്രം. 

അതനുസരിച്ച് തന്നെ മേൽപറഞ്ഞവയൊക്കെ ഘട്ടംഘട്ടമായി മനുഷ്യൻ വളർത്തി ഉണ്ടാക്കിയത്

തലച്ചോർ അതാത് സമയത്തെ 

രസതന്ത്രങ്ങളെ ആശ്രയിച്ച് മാത്രം വ്യത്യസ്തമാകുന്നത്.

ആത്മാവ് ആത്മാവ് തന്നെയെങ്കിൽ തലച്ചോർ പോലെ കൂടാത്തതും കുറയാത്തതും.

ആത്മാവ് ആത്മാവ് തന്നെയെങ്കിൽ തലച്ചോർ പോലെ വളരാത്തതും തളരാത്തതും 

ആത്മാവ് ആത്മാവ് തന്നെയെങ്കിൽ തലച്ചോർ പോലെ ആരെയും ഒന്നിനെയും ആശ്രയിക്കാത്തത്. 

ആത്മാവ് ആത്മാവ് തന്നെയെങ്കിൽ തലച്ചോർ പോലെ രസതന്ത്രങ്ങൾ കൊണ്ടല്ലാത്തത്.

ദൈവം തന്നെയായ, ദൈവത്തിൻ്റെ അംശമായ 

ആത്മാവും ദൈവവും ഗുണവിശേഷങ്ങൾ ഉള്ളതല്ലല്ലോ? ഗുണവിശേഷങ്ങൾ ഉണ്ടാവാൻ പാടുള്ളതല്ലല്ലോ? 

(ദൈവത്തിന് അംശം, ഭാഗം എന്നതൊന്നുമില്ല. അങ്ങനെ ദൈവത്തിൻ്റെ അംശം ഭാഗം എന്ന് ആത്മാവിനെ കുറിച്ച് പറയുന്നത് തന്നെ അബദ്ധമാണ്).

മനുഷ്യന് കുറേ ഗുണവിശേഷങ്ങൾ ഉള്ളത് കൊണ്ടല്ലല്ലോ ആത്മാവ് ഉണ്ടെന്ന് പറയേണ്ടതും പറയേണ്ടി വരേണ്ടതും?

ബഹുമാനം സ്വാഭാവിക പ്രതികരണമാണ്.

ബഹുമാനം സ്വാഭാവിക പ്രതികരണമാണ്, സ്വാഭാവിക പ്രതികരണമായിരിക്കണം.

അതുകൊണ്ട് തന്നെ കിട്ടുന്ന ബഹുമാനത്തോടൊപ്പം ഉത്തരവാദിത്തവും കടന്നുവരുന്നു.

അഥവാ, നൽകുന്ന, കിട്ടുന്ന ബഹുമാനം ഒരാളെ ഉത്തരവാദി കൂടിയാക്കുന്നു. 

ഉത്തവാദിത്തമാകാത്ത ബഹുമാനം ബഹുമാനമല്ല. 

ബഹുമാനം: ഓരോന്നിൻ്റെയും വിലയും ഗുണവും വിശേഷണവും അറിഞ്ഞാലും അറിയുമ്പോഴും ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണം മാത്രം.

ബഹുമാനം: ഓരോന്നും ഓരോ ആളും അവരർഹിക്കുന്നത് പോലെ പെരുമാറി നൽകിപ്പോകുന്നത്. 

ബഹുമാനം പേടിയല്ല, പേടി കൊണ്ടാവരുത്. ആടിന് സിംഹത്തോട് തോന്നുന്നതല്ല ബഹുമാനം.

ബഹുമാനം തെറ്റിദ്ധാരണയല്ല, തെറ്റിദ്ധാരണ കൊണ്ടാവരുത്. 

ബഹുമാനം: വിധേയത്വമല്ല, വിധേയത്വമാകരുത്, വിധേയത്വം കൊണ്ടാവരുത്. അടിമക്ക് ഉടമയോട് തോന്നുന്നതല്ല ബഹുമാനം.

ബഹുമാനം: പരസ്പരമാണ്, പരസ്പരമാകണം; 

ബഹുമാനം: ഏകപക്ഷീയമല്ല. ഏകപക്ഷീയമാകരുത്.

ബഹുമാനം: ഒരുതരം കൊടുക്കൽ വാങ്ങൽ തന്നെയാണ്, കൊടുക്കൽ വാങ്ങൽ തന്നെയാവണം.

അതുകൊണ്ട് തന്നെ, ബഹുമാനം: ഇങ്ങോട്ടില്ലേൽ അങ്ങോട്ടും വേണ്ട. 

ബഹുമാനമായിത്തീരുന്നത്: ശരിയായ ആവശ്യവും അറിവും സ്വാധീനവും ആയിരിക്കണം. 

ബഹുമാനം: പച്ചമാങ്ങയോടുമുണ്ട്. 

എങ്ങിനെ?

പച്ചമാങ്ങയുടെ പുളി അറിയാം.

പച്ചമാങ്ങയുടെ അനുഭവിക്കുന്നു.

പുളി അറിയാം, അനുഭവിക്കുന്നു എന്നതുകൊണ്ട് വായയയിൽ വെള്ളമൂറും.  

സ്വാഭാവിക ബഹുമാനം.

സ്വാഭാവിക പ്രതികരണപരമായ ബഹുമാനം

Wednesday, November 20, 2024

ഹിന്ദുവിന് ദാനധർമ്മം നടത്തുക മതപരമായ കൽപനയല്ല.

ഹിന്ദുവിന് ദാനധർമ്മം നടത്തലും പരോപകാരം ചെയ്യലും മതപരമായ കൽപനയല്ല, ഹിന്ദുവിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും ഇല്ല, പുണ്യം നൽകുന്ന കാര്യങ്ങളല്ല. 

ഏറിയാൽ ബ്രാഹ്മണന് വേണ്ടി മാത്രം ദാനധർമ്മം നടത്താനും പരോപകാരം ചെയ്യാനും അങ്ങിങ്ങ് കാണുന്ന ചില സൂചനകളും കല്പനകളും മാത്രമല്ലാതെ ഹിന്ദുവിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും ദാനധർമ്മവും പരോപകാരവും ഇല്ല.

എന്നുവെച്ചാൽ, ദാനധർമ്മവും പാരോപകാരവും ഹിന്ദുവിശ്വാസ പ്രകാരം ഒരു നല്ല ഹിന്ദുവാകാനുള്ള പുണ്യപ്രവൃത്തികൾ അല്ല.

എന്തുകൊണ്ടല്ല?

ഒന്നാമതായി ഹിന്ദുവിന് ഒരു കാര്യത്തിലും വ്യക്തമായും നിർവ്വചിക്കപ്പെട്ട, കൃത്യമായും നിശ്ചയിക്കപ്പെട്ട ഹിന്ദുവിശ്വാസ, അനുഷ്ഠാന  ക്രമം ഇല്ല.

എന്നാലോ, പൊതുവെ പറഞ്ഞുകേൾക്കുന്ന ഹിന്ദുവിശ്വാസ പ്രകാരം ഏതൊരാളുടെയും കഷ്ടപ്പാടും ദുരിതവും രോഗവും അവരുടെ മുജ്ജന്മ പാപം കൊണ്ടാണ്, കർമ്മഫലം കൊണ്ടാണ്. 

ഹിന്ദുവിശ്വാസ പ്രകാരം എല്ലാ ഓരോ ജന്മവും ആ ജനിച്ച ആളുടെ മുജ്ജന്മ കർമ്മഫലത്തെ സൂചിപ്പിക്കുന്നത് മാത്രം.

ഈ മുജ്ജന്മ-കർമഫല വിശ്വാസം ഫലത്തിൽ നല്ലവനായ ഒരു ശരാശരി ഹിന്ദുവിനെ പരോപകാരത്തിൽ നിന്നും ദാനധർമ്മങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.

മുജ്ജന്മ-കർമഫല വിശ്വാസം ഒരു ശരാശരി ഹിന്ദുവിനെ പാവങ്ങളെയും ദുരിതവും രോഗവും പേറുന്നവരെയും (അത് പിഞ്ചുകുഞ്ഞുങ്ങൾ ആണെങ്കിൽ പോലും) സഹായിക്കേണ്ടതില്ല എന്ന നിലപാടിൽ കൊണ്ടുചെന്നെത്തിക്കുന്നു.

എങ്ങിനെ?

ദുരിതവും രോഗവും പേറുന്നവർ അവരുടെ ശിക്ഷ അനുഭവിക്കുകയാണ്, അതിൽ ആരും ഇടപെടുക വേണ്ട എന്ന നിലപാട് മുജ്ജന്മ-കർമഫല വിശ്വാസം ഓരോ ഹിന്ദുവിലും ഉണ്ടാക്കുന്നു.

ആരുടെ ശിക്ഷയെയും വെറുതേ നോക്കിനിൽക്കുക മാത്രമല്ലാതെ കുറച്ചുകൊടുക്കേണ്ടതില്ല എന്ന ക്രൂരവിനോദ മനസ്സും ഓരോ ഹിന്ദുവിലും അവരറിയാതെ തന്നെ കുടിയേറിക്കിടക്കാൻ ഈ മുജ്ജന്മ-കർമഫല വിശ്വാസം സഹായിക്കുന്നു. 

ദൈവം ഒരാളെ ശിക്ഷിക്കുകയാണ് എന്ന് വിശ്വസിക്കുന്ന മറ്റൊരാൾ എങ്ങിനെ അയാളെ സഹായിക്കും? 

ദൈവം ശിക്ഷിക്കുന്ന ആളെ രക്ഷിക്കാൻ ശ്രമിക്കുകയെന്നാൽ, സഹായിക്കുകയെന്നാൽ ദൈവിക നടപടികളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്നു, തടയാൻ ശ്രമിക്കുന്നു എന്ന അർത്ഥം വരും.

അതിനാൽ തന്നെ, മുജ്ജന്മ, കർമ്മഫല വിശ്വാസം കൊണ്ടുണ്ടാക്കുന്നവൻ ആരെയും സഹായിക്കില്ല, രക്ഷിക്കില്ല, അവൻ്റെ വിശ്വാസമനുസരിച്ച് ആരെയും രക്ഷിക്കേണ്ടതും സഹായിക്കേണ്ടതും ഇല്ല.

അതിനാൽ തന്നെ, വിശ്വാസപരമായി ഹിന്ദുവായ ആരും തൻ്റെ ഹിന്ദുവിശ്വാസത്തിൻ്റെ ഭാഗമായി,  ഹിന്ദുവിശ്വാസം നൽകുന്ന പ്രേരണ കൊണ്ട് ആരെയും ഒട്ടും സഹായിക്കാത്ത, സഹായിക്കേണ്ടതില്ല എന്ന് തോന്നുന്ന മനസ്ഥിതിയിൽ എത്തുന്നു. 

അങ്ങനെയുള്ള മനസ്ഥിതി, ദാനധർമ്മംവും പരോപകാരവും നടത്തേണ്ടതില്ലാത്ത മനസ്ഥിതി, മുജ്ജന്മ-കർമ്മഫല വിശ്വാസം എല്ലാ ഹിന്ദുക്കളിലും പൊതുവിലുണ്ടാക്കുന്നു.

ഇത് പൊതുവെ ഹിന്ദുക്കളെ ഹിന്ദുവിശ്വാസി എന്ന നിലക്ക് ദാനധർമ്മവും പരോപകാരവും ചെയ്യുന്നത് കുറഞ്ഞവരാക്കുന്നു, ദാനധർമ്മവും പരോപകാരവും നടത്തേണ്ടതില്ല എന്ന നിലപാടിലെത്തിക്കുന്നു.

പോരാത്തതിന്, ഒരു വേദവും ഉപനിഷത്തും പുരാണവും ഹിന്ദുവിന് ദാനധർമ്മവും പരോപകാരവും നടത്താനുള്ള കല്പനകൾ നൽകുന്നില്ല, ദാനധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, സെമിറ്റിക് മതങ്ങൾ നൽകുന്നത് പോലെ ദാനധർമ്മങ്ങൾക്ക് പാരത്രികതയിൽ പ്രതിഫലം വാഗ്ദാനം ചെയ്യുന്നില്ല ഒരു ഹിന്ദു വേദവും ഉപനിഷത്തും പുരാണവും.

ഹിന്ദുവാണെങ്കിൽ കൃത്യമായും നിർബന്ധമായും ഒരു വേദത്തെയും ഉപനിഷത്തിനെയും പുരാണത്തെയും വായിച്ചനുസരിച്ച് പിന്തുടരുന്നുമില്ല. 

അങ്ങനെ ഏതെങ്കിലും വേദമോ ഉപനിഷത്തോ പുരാണമോ വായിച്ചനുസരിച്ച് പിന്തുടരുക ഹിന്ദുവാകാൻ ആർക്കും നിർബന്ധവും  നിബന്ധനയും അല്ല.

അനുസരിക്കപ്പെടേണ്ട അനുധാവനം ചെയ്യപ്പെടേണ്ട കല്പനയും നിർദ്ദേശവും ഹിന്ദുവിന് ഇല്ല.

ഫലത്തിൽ ഹിന്ദു ദാനധർമ്മങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ പൂർണമായും സങ്കുചിതനും സ്വാർത്ഥനുമായി സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം മാത്രം മുറുകെപ്പിടിച്ച് നടക്കുന്നവനായി മാറുന്നു.

Tuesday, November 19, 2024

മതവിശ്വാസികൾ ആരെയൊക്കെയാണ് സഹായിക്കുക? യഥാർത്ഥത്തിൽ ആരും ആരെയും സഹായിക്കുന്നില്ല.

മതവിശ്വാസികൾ ആരെയൊക്കെയാണ് സഹായിക്കുക? 

യഥാർത്ഥത്തിൽ മതവിശ്വാസികൾ ആരെയും സഹായിക്കില്ല. 

മതവിശ്വാസികൾ ആരും ആരെയും സഹായിക്കുന്നില്ല.

**********

എന്നുമാത്രമല്ല, ആരും ആരെയും യഥാർത്ഥത്തിൽ സഹായിക്കുന്നില്ല. 

എല്ലാവരും സഹായിക്കുന്നത് അവരവരെ മാത്രം. അവരവരുടെ ബോധ്യങ്ങളെ മാത്രം. വിശ്വാസികൾ വിശ്വാസത്തെ മാത്രം.

എന്തുകൊണ്ടിങ്ങനെ?

തലച്ചോർ എല്ലാവരെയും നിയന്ത്രിക്കുന്നു, തലച്ചോറിനെ ആരും നിയന്ത്രിക്കുന്നില്ല എന്നത് കൊണ്ട്.

ആരെങ്കിലും ആരെയെങ്കിലും യഥാർത്ഥത്തിൽ സഹായിക്കുമോ?

ഇല്ല.

പിന്നെ ആരെങ്കിലും ആർക്കെങ്കിലും എന്തെങ്കിലും സ്വമേധയാ നൽകി സഹായിക്കുന്നുവെന്ന് തോന്നുന്നത്, പറയുന്നത്?

അവർ അവരെ മാത്രം സഹായിക്കുന്നതിനെ.

അവരുടെ കുറ്റബോധപ്പെടുന്ന മനസ്സിനെ മാത്രം സഹായിക്കുന്നതിനെ.

അവർക്ക് തന്നെ ആശ്വാസം കിട്ടാൻ വേണ്ടി.

അവർക്കവരെയും ചുറ്റുപാടിനെയും ബോധ്യപ്പെടുത്താൻ വേണ്ടി.

അവർക്ക് സ്വയം ബോധ്യപ്പെടാൻ വേണ്ടി.

തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് കുറ്റബോധം കൊണ്ടും അല്ലാതെയും തോന്നുന്ന അവരുടെ മക്കളെ മാത്രം അവർ സഹായിക്കുന്നു. കണക്കില്ലാതെ.

അതും കഴിഞ്ഞാൽ അവരുടെ ഭാര്യയെ.

പിന്നെയും അവർ ആരെയെങ്കിലും സഹായിക്കുമെങ്കിൽ അവരുടെ ജ്വേഷ്ടൻമാരെയും അനുജന്മാരെയും. 

പക്ഷേ, ജ്വേഷ്ടൻമാരെയും അനുജന്മാരെയും സഹായിക്കുന്നത് ഒരു പരിധിവരെ മാത്രം. കണക്കിട്ട്, കണക്ക് വെച്ച് മാത്രം.

ബാക്കിയുള്ളവരെ ആരെയെങ്കിലും സഹായിക്കുന്നുവെങ്കിൽ, അതവരുടെ വിശ്വാസത്തെ സഹായിക്കാൻ മാത്രം. 

സ്വർഗ്ഗം കൊതിച്ചും നരകം പേടിച്ചും.

അപ്പോഴും ആരെയൊക്കെ സഹായിക്കും?

ഒന്നുകിൽ അവരുടെ വിശ്വാസത്തോട് ഒത്തുപോകുന്നവരെ. 

അല്ലെങ്കിൽ സ്വന്തം വിശ്വാസത്തെ ബലപ്പെടുത്തുന്നതിൻ്റെ ഭാഗമായി. 

ചുരുങ്ങിയത് അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാത്തവരെ.

വിശ്വാസത്തെ ചോദ്യം ചെയ്യുന്നവർക്ക് ദുരിതവും ദുരന്തവും രോഗവും കഷ്ടപ്പാടും വന്നാൽ അവരേന്ത് ചെയ്യും, പറയും?

അത് തങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യുന്നതിന് ദൈവം നൽകിയ ശിക്ഷയാണെന്നവർ പറയും, 

ക്രൂരവിനോദം പോലെ ഉളളിൽ ആശ്വസിക്കും. 

സ്വന്തം വിശ്വാസത്തെ ആ വകയിലും ബലപ്പെടുത്തും.

ഇതേ ദുരിതവും ദുരന്തവും രോഗവും കഷ്ടപ്പാടും തങ്ങളുടേത് പോലുള്ള വിശ്വാസികൾക്ക് വന്നാൽ: 

ദൈവം നൽകിയ പരീക്ഷണം മാത്രമാണെന്നവർ പറയും.

വിശ്വാസത്തെ ആ വകയിലും ബലപ്പെടുത്തും.

മതവിശ്വാസികൾ (അതിൽ പ്രത്യേകിച്ചും മുസ്ലിംകൾ) പൊതുവെ സഹായിക്കുന്നവരും ഉദാരരും ആണെന്ന് തോന്നും. 

ഒരളവോളം ശരിയാണ്. 

സ്വർഗ്ഗ നരക വിശ്വാസവും ചിന്തയും മതകൽപനകളും അവരെ സഹായിക്കുന്നവരും ഉദാരരും ആക്കുന്നുണ്ട്. 

ഒരളവോളം.

പക്ഷേ മതവിശ്വാസികൾ (പ്രത്യേകിച്ചും മുസ്ലിംകളും ക്രിസ്ത്യാനികളും), ശരിക്കും വിശ്വാസികൾ തന്നെയെങ്കിൽ, ആരോടൊക്കെയാണ് ഉദാരരാവുക? ആരെയൊക്കെയാണ് സഹായിക്കുക?

മതവിശ്വാസികൾ (പ്രത്യേകിച്ചും മുസ്ലിംകളും ക്രിസ്ത്യാനികളും) ആരെയൊക്കെയാണ് എന്തെങ്കിലും നൽകി സഹായിക്കുക?

ഒന്നുകിൽ തങ്ങളുടെ മതവിശ്വാസത്തെ ചോദ്യം ചെയ്യാത്ത, തങ്ങളുമായി ഒത്തുപോകുന്ന പക്കാവിശ്വാസികളെ. 

അല്ലെങ്കിൽ പൂർണമായും തങ്ങളുടേതല്ലാത്ത മതവിശ്വാസികളെ. 

എന്തുകൊണ്ട് തങ്ങളുടേതല്ലാത്ത മതവിശ്വാസികളെ സഹായിക്കുന്നു?

അഭിനയിക്കുന്നതിൻ്റെ ഭാഗമായി.

തങ്ങളുടെ മതത്തിലേക്ക് അവരേയും ആകർഷിക്കുന്നതിൻ്റെയും ആകർഷിക്കാൻ വേണ്ട പ്രബോധനപ്രവർത്തനത്തിൻ്റെയും ഭാഗമായി. 

മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അവർക്ക് കൽപിക്കപ്പെട്ട നിർബന്ധദാനത്തിൽ (സക്കാത്തിൽ) പോലും എട്ടിൽ ഒരംശം തങ്ങളുടെ മതത്തിലേക്ക് വരാൻ തയ്യാറാവുന്നവർക്കായി മാറ്റിവെക്കാൻ നിർദ്ദേശം ഉള്ളതിൻ്റെ സ്വാധീനഫലമായി. 

ഏറ്റവും പുണ്യമേറിയതും പരലോകത്ത് ഏറ്റവും പ്രതിഫലം കിട്ടുന്നതുമായ കാര്യം ആരെയെങ്കിലും മതംമാറ്റി കൊണ്ടുവരുന്നതാകയാൽ. 

സ്വർഗ്ഗം നേടുകയെന്ന സ്വാർത്ഥത വെച്ചുകൊണ്ട്. 

ഇന്ത്യയിലാവുമ്പോൾ ഇങ്ങനെ മറ്റുമതസ്ഥരെ സഹായിക്കുന്നതിൽ വേറൊരു തലവും കൂടിയുണ്ട്. 

മതേതരത്വം അഭിനയിക്കുന്നതിൻ്റെ ഭാഗമായി. 

എന്നാൽ, ചിന്തിച്ചും ന്യായം പറഞ്ഞും തങ്ങളുടെ സ്വന്തം മതത്തേയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്നവരെ അവർ സഹായിക്കുമോ?

ഇല്ല.

മതവിശ്വാസം വിശ്വാസികൾ കണക്കാക്കും പോലെ കൊണ്ടുനടക്കാത്ത, തങ്ങളുടേത് പോലെ പേരുള്ള, തങ്ങൾക്കിടയിലെ തന്നെ ആളുകളെ അവർ സഹായിക്കുമോ? 

പറ്റുമെങ്കിൽ അത്തരക്കാരെ അവർ തിരിഞ്ഞുനോക്കില്ല, സഹായിക്കില്ല.

അത്തരം തങ്ങൾക്കിടയിലെ വ്യത്യസ്ത ചിന്താഗതിക്കാരോട് അവർ ഉദാരമായി പെരുമാറില്ല. 

അത്തരം തങ്ങൾക്കിടയിലെ വ്യത്യസ്ത ചിന്താഗതിക്കാരോട് ഒരുതരം സഹായവും ഉദാരതയും അവർ കാണിക്കില്ല. 

അതിലവർക്ക് അശേഷം കുറ്റബോധം തോന്നുകയും ഇല്ല.

പറ്റുമെങ്കിൽ, അത്തരം തങ്ങൾക്കിടയിലെ വ്യത്യസ്ത ചിന്താഗതിക്കാർക്ക് രോഗമോ പ്രയാസമോ വന്നാൽ അവരെ തങ്ങളുടെ വിശ്വാസം ചോദ്യം ചെയ്തതിന് ദൈവം ശിക്ഷിക്കുന്നു എന്ന ന്യായം ഉണ്ടാക്കുകയും ചെയ്യും. 

മുർതദ്ദിനെ (വിശ്വാസം വെടിയുന്നവനെ) വധിക്കുകയാണ് വേണ്ടതെന്ന ഇസ്‌ലാമികവിധി ഇങ്ങനെ സഹായിക്കാതിരിക്കാൻ കാരണമാകുന്നുമുണ്ടാവാം.

ഇതിന് അപവാദങ്ങൾ ഉണ്ട്. 

ചില വിശ്വാസികൾ മതം ആവശ്യപ്പെടുന്നത് പോലുള്ള മതം പിന്തുടരുന്നവരല്ലാത്തത് കൊണ്ട് അപവാദങ്ങൾ ഉണ്ട്. ...

മണിപ്പൂർ: ഇന്ത്യ മുഴുവൻ പടർത്താൻപോകുന്ന നല്ലദിനങ്ങളുടെ ഒരു ലഘുചിത്രം.

മണിപ്പൂർ: 

ശരിയാണ്. 

മെയ്ത്തി കൂക്കി വിഭാഗങ്ങൾക്കിടയിൽ കാലാകാലമായുള്ള ചേരിപ്പോരാണ് തുടരുന്നത്. 

പക്ഷേ, ഇങ്ങനെ പല വിഭാഗങ്ങൾക്കിടയിൽ ചേരിപ്പോരുണ്ടാക്കി മാത്രം അധികാരം നേടി നിലനിർത്തുന്നവർ, 

ഇനിയങ്ങോട്ടും അധികാരക്കൊതി നടപ്പാക്കാൻ പലവിഭാഗങ്ങൾക്കിടയിൽ ചേരിപ്പോരുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, 

അവർ പാഠംപഠിക്കുന്നില്ലെന്നും 

പകരം ഇന്ത്യയെ മുഴുവൻ മണിപ്പൂർ പോലെയാക്കുമെന്നും കരുതേണ്ടിവരും.

******

മണിപ്പൂർ: 

കളവിൻ്റെയും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയവും പ്രത്യേശാസ്ത്രവും മാത്രം കൈമുതലാക്കിയവർ, 

ശേഷം അവർക്ക് പോലും നിയന്ത്രണം ഇല്ലാതാകുംവിധം, 

ഇന്ത്യ മുഴുവൻ പടർത്താൻപോകുന്ന നല്ലദിനങ്ങളുടെ ഒരു ലഘുചിത്രം.

Monday, November 18, 2024

വേദന തോന്നും. പക്ഷേ, പ്രകൃതി അങ്ങനെയാണ്.

വേദന തോന്നും. പക്ഷേ, പ്രകൃതി അങ്ങനെയാണ്.

ശക്തൻ്റെ കൂടെ മാത്രം.

അശക്തൻ്റെയും ദുർബലൻ്റെയും കൂടെ തീരെയും ഇല്ലാതെ, നിൽക്കാതെ പ്രകൃതി.

അർഹതയുള്ളതിനെ മാത്രം, ശക്തനെ മാത്രം സംരക്ഷിച്ച് പോറ്റിവളർത്തിക്കൊണ്ട് പ്രകൃതി. 

ഉണങ്ങിയ ഇലകളും കെട്ട പഴങ്ങളും അങ്ങനെ ഉണങ്ങിയും കെട്ടും തന്നെ പോകും. ഒട്ടും ശ്രദ്ധിക്കപ്പെടാതെ, പരിലാളിക്കപ്പെടാതെ.

ദുർബലനെയും അശക്തനെയും (ആ നിലക്ക് അർഹതയില്ലാത്തതിനെ എന്ന് നമുക്ക് പൊതുവെ പറയാവുന്നതിനെ) കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് പറ്റേയങ്ങ് അവഗണിച്ചുകൊണ്ട് പ്രകൃതി.

ഇത് പറയാൻ കാരണമുണ്ട്.

ഈയിടെ ഇവിടെ ഒരു നായ പ്രസവിച്ചു. 

കുട്ടികൾ ആറ്. 

ആദ്യ രണ്ട് മൂന്ന് ദിവസങ്ങൾ അമ്മച്ചി നായ ആറ് കുട്ടികളെയും ഒരുപോലെ മുലയൂട്ടി സംരക്ഷിക്കുന്നതായി കണ്ടു.

പക്ഷേ, രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞതും അതിൽ രണ്ടെണ്ണത്തിനെ ആ അമ്മച്ചി നായ സ്വയം എടുത്തുമാറ്റി അകറ്റിനിർത്തി. 

പീന്നീട് എടുത്തുമാറ്റി അകറ്റിനിർത്തിയ ആ രണ്ട് കുഞ്ഞുനായ്ക്കളുടെ കരച്ചിലും വിശപ്പും ദാഹവും ഒന്നും ശ്രദ്ധിക്കാതെ, ഒട്ടും മുലയൂട്ടാതെ ആ അമ്മച്ചി നായ.  

ആ രണ്ടെണ്ണത്തിനെയും പൂർണമായും അവഗണിച്ചു ആ അമ്മച്ചി നായ. 

ഒരു കൂസലുമില്ലാതെ, തീരെയും പരിഗണിക്കാതെ.

ഇതിങ്ങനെ കണ്ടപ്പോൾ ആദ്യമൊന്ന് പകച്ചു, അസ്വസ്ഥപ്പെട്ടു ഈയുള്ളവൻ. 

മുൻപൊരിക്കലും ഇങ്ങനെയൊരു സംഗതി നിരീക്ഷിച്ചറിഞ്ഞിരുന്നില്ല. 

അമ്മ കുഞ്ഞുങ്ങളുടെ കരച്ചിലും ദാഹവും വിശപ്പും ഇങ്ങനെയും ഒരു കൂസലുമില്ലാതെ അവഗണിക്കുന്നത് മുൻപൊരിക്കലും കണ്ടിരുന്നില്ല.

സംഗതി വേറെ നിലക്ക് അന്വേഷിച്ചപ്പോൾ മാത്രമാണ് ആദ്യമായി ആ സംഗതി മനസ്സിലായത്. 

അതൊരു പ്രകൃതി സത്യമായ അവഗണനയും ശ്രദ്ധിക്കായ്കയും കൂടിയാണെന്ന് മനസ്സിലായത്. 

പ്രസവിച്ച മക്കളിൽ ആരോഗ്യമില്ലാത്തതിനെ, അതിജീവിക്കാൻ സാധ്യതയില്ലാത്തതിനെ, ദുർബലമായവയെ, ഫലത്തിൽ അതിജീവിക്കാൻ അർഹതയില്ലാത്തവയെ, അശക്തമായവയെ അമ്മച്ചി നായ്ക്കൾ തെരഞ്ഞുപിടിച്ച് ഒഴിവാക്കുമെന്ന്. 

ബാക്കിയുള്ള ശക്തമായവയെയും ആരോഗ്യമുള്ളവയെയും അതിജീവിക്കാൻ കൂടുതൽ സാധ്യതയുള്ളവയേയും മാത്രം ആവത് ശ്രദ്ധിക്കും, മുലയൂട്ടും, സംരക്ഷിക്കും. 

ഒരുപക്ഷേ ബാക്കിയുള്ള ശക്തമായവയെയും ആരോഗ്യമുള്ളവയെയും അതിജീവിക്കാൻ കൂടുതൽ സാധ്യതയുള്ളവയേയും മാത്രം  കൂടുതൽ ശ്രദ്ധിക്കാൻ, സംരക്ഷിക്കാൻ വേണ്ടിത്തന്നെ ഇങ്ങനെ ചെയ്യും.

ഒരുതരം കുറ്റബോധവും സംഘർഷവും ഇല്ലാതെ, തോന്നാതെ തന്നെ ഇത് നായ്ക്കൾ ചെയ്യുന്നു, ഇതുതന്നെ പ്രകൃതിയും ഉടനീളം ചെയ്യുന്നു. 

അർഹതയുള്ളതിന് മാത്രം അതിജീവനം സാധിക്കുംവിധം ശ്രദ്ധയും സംരക്ഷണവും ഒരുക്കിക്കൊണ്ട്.

പ്രകൃതിക്ക് അങ്ങനെയുള്ള കുറ്റബോധമെന്നതും സംഘർഷമെന്നതുമില്ലെന്ന സത്യം പ്രഖ്യാപിക്കും പോലെ ഈ അമ്മച്ചി നായയും.

നായ പോലും അതിജീവിക്കാൻ ശേഷിയുള്ള തിനെയും ഇല്ലാത്തതിനെയും എങ്ങനെ ഇങ്ങിനെ കൃത്യമായി വകതിരിച്ച് കണ്ടെത്തി നടപ്പാക്കുന്നു എന്നത് മാത്രം മനസ്സിലാവുന്നില്ല. 

എത്ര ക്രൂരമായാണ് എന്ന് നമുക്ക് തോന്നുംവിധം എത്ര എളുപ്പത്തിൽ ദുർബലമായവയെ അവഗണിക്കുന്നു, അതിജീവിക്കാൻ സാധ്യതയുള്ളതിനെ മാത്രം സ്വയം കണ്ടെത്തി  ശ്രമിച്ച് ശ്രക്ഷിക്കുന്നു ഈ അമ്മച്ചി നായയും. 

സ്വന്തം ചോര, നൊന്ത് പെറ്റത് എന്നതൊന്നും പ്രശ്‌നമാകാതെ

അപ്പോഴും ഒന്നറിയണം: 

മനുഷ്യൻ മാത്രം മേൽപറഞ്ഞ പ്രകൃതിക്ക് വിരുദ്ധമായി എന്ന് തോന്നിപ്പിക്കും വിധം, മനുഷ്യൻ്റേതായ ഒരു പ്രകൃതിയെ കണ്ടെത്തി, മനുഷ്യൻ്റെതായ വേറേതന്നെ പ്രകൃതത്തെ വരച്ചും നിർവ്വചിച്ചും ഉണ്ടാക്കി, സ്‌നേഹവും കരുണയും സഹതാപവും അനുതാപവും അനുകമ്പയും പറഞ്ഞുണ്ടാക്കിയും സംഘടിപ്പിച്ചും, അശക്തനെയും ദുർബലനെയും പിന്തുണച്ചും സംരക്ഷിച്ചും നിർത്തുന്നു. 

എന്തിനെന്നില്ലാതെ.

മനുഷ്യരിലെ അമ്മമാരാണെങ്കിൽ, നേർവിപരീതം എന്നപോലെ. 

മക്കളിൽ ഏറ്റം ദുർബലനെ കൂടുതൽ ശ്രദ്ധിക്കും, പരിഗണിക്കും, ശുശ്രൂഷിക്കും.

എന്താണിങ്ങനെ, എന്ത് പറയണം ഇക്കാര്യത്തിൽ എന്ന് മാത്രം മനസ്സിലാവുന്നില്ല.

പ്രകൃതിയും ജീവിതവും അങ്ങനെയുമാണ്. ഒന്നും മനസ്സിലാവാതെ, ഒന്നും മനസ്സിലാക്കിത്തരാതെ.

Saturday, November 16, 2024

ഇല്ലെന്ന് പറയാൻ എളുപ്പം. ഒരു തെറ്റുമില്ല.

ഇല്ലെന്ന് പറയാൻ എളുപ്പം. 

ഉണ്ടെന്ന് മനസ്സിലാകുന്നില്ലെങ്കിൽ, ഉണ്ടെന്ന് തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇല്ലെന്ന് പറയാം. 

ഒരു തെറ്റുമില്ല.

നമ്മളുള്ള, നമ്മളകപ്പെട്ട നമ്മുടെ മാനത്തിനും പ്രതലത്തിനും ബാധകമായ സംഗതികളും കാര്യങ്ങളും മാത്രമേ നമ്മെ സംബന്ധിച്ചേടത്തോളം ഉള്ളൂ, ഉള്ളതാവൂ, സാമാന്യേന ബാധകമാകൂ.. 

അതല്ലെങ്കിൽ ഇല്ലാത്തത്.

അങ്ങനെയുള്ള കാര്യവും സംഗതിയും ഇല്ലെന്ന് പറയുന്നതും മനസ്സിലാക്കുന്നതും തെറ്റെന്ന് പറഞ്ഞുകൂട.

വീണ്ടും മറ്റൊരു കോലത്തിൽ പറഞ്ഞാൽ: നമ്മുടെ പഞ്ചിന്ദ്രിയങ്ങൾക്ക് അനുഭവഭേദ്യമാകുന്നതും നമ്മുടെ തലച്ചോറിന് അറിയാനാവുന്നതും മാത്രമേ നമ്മെ സംബന്ധിച്ചേടത്തോളം ഉള്ളൂ, ഉള്ളതാവൂ, ബാധകമാകൂ.

നമ്മളുള്ള, നമ്മളകപ്പെട്ട നമ്മുടെ മാനത്തിനപ്പുറമുള്ളത് നമ്മെ  സംബന്ധിച്ചേടത്തോളം ഇല്ലാത്തത്, ബാധകമാകാത്തത്.

നമ്മുടെ പഞ്ചിന്ദ്രിയങ്ങൾക്ക് അനുഭവഭേദ്യമാകാത്തതും നമ്മുടെ തലച്ചോറിന് അറിയാനാവാത്തതും നമ്മെ സംബന്ധിച്ചേടത്തോളം ഇല്ലാത്തത്, ബാധകമാകാത്തത്.

അതുകൊണ്ട് തന്നെ പഞ്ചിന്ദ്രിയങ്ങൾക്ക് അനുഭവഭേദ്യമാകാത്തതും നമ്മുടെ തലച്ചോറിന് അറിയാനാവാത്തതും, നമ്മളുള്ള, നമ്മളകപ്പെട്ട നമ്മുടെ മാനത്തിനും പ്രതലത്തിനും ബാധകമാകാത്തതുമായ സംഗതികളും കാര്യങ്ങളും ഉണ്ടെന്ന് പറയുക യഥാർത്ഥത്തിൽ എളുപ്പമല്ല, ബാധ്യതയല്ല. 

വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിൻ്റെ ഭാഗമായി യാന്ത്രികമായും അനുകരിച്ചും വെറും വെറുതെ ഉണ്ടെന്ന് പറയുന്ന രീതിയല്ല ഉണ്ടെന്ന് പറയാൻ വേണ്ടത്.

പ്രത്യേകിച്ചും നമ്മളുള്ള, നമ്മളകപ്പെട്ട നമ്മുടെ മാനത്തിനപ്പുറമുള്ളതും നമ്മുടെ പഞ്ചിന്ദ്രിയങ്ങൾക്ക് അനുഭവഭേദ്യമാകാത്തതും  ഉണ്ടെന്ന് പറയുക എളുപ്പമല്ല.

കാരണം, അറിയാനും അനുഭവിക്കാനും വേണ്ടി നമ്മൾ ഉണ്ടാക്കുന്ന എല്ലാ ഉപാധികളും അളവുകോലുകളും നമ്മളുള്ള, നമ്മളകപ്പെട്ട നമ്മുടെ മാനത്തിൻ്റെ പരിമിതകൾ പേറുന്നത് മാത്രം...

Thursday, November 14, 2024

അംഗീകാരം ദുർബലപ്പെടുത്തും. അംഗീകാരം ശക്തിയാണെന്നത് തെറ്റിദ്ധാരണ.

കാമപൂരണം ഒരുനിലക്കും സാധിക്കാതെ വരുമ്പോൾ, കാമം നിസ്സഹായതയിൽ ചെന്നെത്തി നൽക്കുന്നതിനെ, പരാജയപ്പെടുന്നതിനെ, കൂമ്പടിയുന്നതിനെ ദിവ്യപ്രണയം എന്ന് വിളിച്ച് സമാധാനിക്കുന്നു. 

പരാജയവും നിസ്സഹായതയും ഉണ്ടാക്കുന്ന അലങ്കാരവും കാല്പനികതയും മാത്രമാണ് ദിവ്യമെന്ന അവകാശവാദം.

*******

അംഗീകാരം ദുർബലപ്പെടുത്തും. 

അംഗീകാരം ശക്തിയാണെന്നത് തെറ്റിദ്ധാരണ മാത്രം. 

അംഗീകാരം നേടേണ്ടിയും തേടേണ്ടിയും വരുന്നത് അശക്തനും ദുർബ്ബലനും ആവുന്നത് കൊണ്ട്. 

അംഗീകാരമില്ലാതെ ജീവിക്കുന്നത്രയും ജീവിക്കാനാവുന്നത്രയും നീ കരുത്തുത്തുള്ളവൻ, സ്വതന്ത്രൻ. 

അംഗീകാരത്തെ ആശ്രയിച്ചാൽ അതേ അംഗീകാരത്തിന് വേണ്ടി വിധേയപ്പെടേണ്ടിയും വരും.

*******

ആരെ കുറിച്ചും ദൂരേ നിന്ന് അഭിപ്രായം പറയാൻ സാധിക്കില്ല. 

കാരണം, അവർ യഥാർത്ഥത്തിൽ എന്ത് കരുതി, ചിന്തിച്ചു, അനുഭവിച്ചു, എത്രത്തോളം തെരഞ്ഞെടുപ്പോടെയായിരുന്നു അല്ലെങ്കിൽ നിസ്സഹായമായിട്ടായിരുന്നു അവരപ്പോൾ  ചെയ്തത്, പറഞ്ഞത് എന്ന് ഇപ്പോൾ ഇവിടെ വെച്ച് പറയുകയും വിലയിരുത്തുകയും നീതിയാവില്ല.

********

ധ്യാനമോ? 

അഹങ്കാരം ഇല്ലാതാക്കാനോ? 

എന്തിന് ധ്യാനം? 

അഹങ്കാരത്തെ വളർത്തുന്നു ധ്യാനം എന്ന പേരിൽ നടത്തുന്ന എല്ലാ ഘോഷ്ടികളും. 

അഹങ്കാരം തകർക്കാൻ മക്കളെ വളർത്തുന്നതിനേക്കാൾ വലിയ ധ്യാനമേത്?

********

അറുപതും അറുപത്തഞ്ചും എഴുപതും ഒക്കെ കഴിഞ്ഞാൽ പിന്നെ ജീവിക്കുന്നത് ശാരീരിക ആസ്വാദനത്തിന് വേണ്ടി പോലുമല്ല. 

അതിജീവനത്തിന് വേണ്ടി മാത്രം. വെറുതെ അങ്ങനെയങ്ങായി നിലകൊള്ളുക.

ഏറിയാൽ അഹങ്കാരത്തെ പരിപോഷിപ്പിക്കാൻ സാധിക്കുമോ എന്നത് മാത്രം ഒരു സാധ്യത.

********

വലിയ കുറ്റവാളികളാണ് സമൂഹത്തിലെ വലിയ മാന്യന്മാർ. 

ചെയ്യുന്നത് കുറ്റമാണെന്ന് അവർക്ക് തോന്നില്ല. 

എത്ര വലിയ കുറ്റത്തെയും വളരെ ലാഘവബുദ്ധിയോടെ കാണും. 

എല്ലാ കുറ്റങ്ങളും ചെയ്തുകൊണ്ടും ഏറ്റവും മാന്യമായി പെരുമാറും.

********

ജീവിക്കാനുള്ള പണി എത്രയാണ്. 

എല്ലാ പണികളും ഒന്നെങ്ങിനെയെങ്കിലും ജീവിക്കാൻ. 

അതിനുമാത്രം ഈ ജീവിതമുണ്ടോ, 

അതിനുമാത്രം ഈ ജീവിതത്തിന്  അർത്ഥമുണ്ടോ? 

ഒന്നുകിൽ ഈ ജീവിതം വേണ്ടെന്ന് വെച്ച് അവസാനിപ്പിക്കാൻ സാധിക്കണം. 

പക്ഷേ അതിന് മാത്രം ആർക്കും ധൈര്യവും ഉറപ്പും കിട്ടുന്നില്ല. 

അല്ലെങ്കിൽ എല്ലാം സഹിച്ചും പൊറുത്തും വേദനിച്ചും അങ്ങ് ജീവിക്കാൻ ശ്രമിക്കണം. 

അതാണ് ഇവിടെ നടക്കുന്നത്.

********

ആര് നന്നായി ജീവിച്ചു, ജീവിക്കുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ. 

നന്നായി ജീവിച്ചുവെന്ന്, ജീവിക്കുന്നുവെന്ന് ആർക്ക് തോന്നിയോ, തോന്നുന്നുവോ, ആർക്ക് അക്കാര്യത്തിൽ അക്കരപ്പച്ച തോന്നുന്നില്ലയോ, അവർ നന്നായി ജീവിച്ചു, ജീവിക്കുന്നു. 

അല്ലാത്തൊരു അളവുകോലും ആര് നന്നായി ജീവിച്ചു, ജീവിക്കുന്നുവെന്നതിനില്ല.

********

ഏതെങ്കിലും ഒരു പ്രവൃത്തിയോ സംഗതിയോ ആളോ മാത്രമായി ദിവ്യമല്ല, 

ദൈവികമല്ല. ഒന്നുകിൽ എല്ലാം ഒരുപോലെ (എല്ലാ പ്രവൃത്തിയും സംഗതിയും) ദിവ്യം, ദൈവികം. 

അല്ലെങ്കിൽ ഒന്നും ദിവ്യമല്ല, ദൈവികമല്ല.

Wednesday, November 13, 2024

ജനാധിപത്യത്തിൻ്റെ ഗതികേട് ഒന്നോർത്തുനോക്കൂ.

നമ്മുടെ ജനാധിപത്യത്തിൻ്റെ ഗതികേട് ഒന്നോർത്തുനോക്കൂ. 

സംഹാരികൾ സംരക്ഷകർ എന്ന് വരുന്നു. 

കളവും തരികിടകളും ക്രൂരതകളും ഏറെക്കുറെ രാജ്യദ്രോഹവും ചെയ്യാതെ ഒരാൾക്കും വളരാനും ഉയരാനും ഭരണാധികാരിയാവാനും സാധിക്കില്ല എന്നും വരുന്നു.

*******

മഹാത്മാഗാന്ധി സത്യവും അഹിംസയും മുറുകിപ്പിടിച്ച് ഒരുമിപ്പിച്ച ഒരു രാജ്യത്തെ കളവും ഹിംസയും കൊണ്ട് വെറുപ്പിച്ച് വിഭജിക്കുന്നു പുതിയകാല രാഷ്ട്രീയനേതൃത്വവും ഭരണാധികാരികളും.

*******

തെമ്മാടികളും മനസ്സാക്ഷി നഷ്ടപ്പെട്ടവരും മാത്രം രാഷ്ട്രീയനേതാക്കളാവുന്നു. 

അവർ ജീവിക്കുന്നത് പാവം ജനങ്ങൾക്ക് നികുതിഭാരം കൂട്ടി, അതേ പാവം ജനങ്ങളുടെ ചിലവിൽ. 

അവർ മരിക്കുന്നതോ? 

അതേ പാവം ജനങ്ങളുടെ ജീവിതവും ഉപജീവനവും മുടക്കുംവിധം നാട് മുടക്കിക്കൊണ്ട്, ഹർത്താലും ബന്ദും അടിച്ചേൽപ്പിച്ചു കൊണ്ട്...

പ്രണയിക്കുക എന്നാൽ ഇണചേരാൻ പറ്റിയതിനെയും ഗർഭം ഉണ്ടാക്കാൻ പറ്റിയവരെയും തെരഞ്ഞെടുക്കൽ തന്നെയാണ്.

ദിവ്യപ്രണയം എന്നതൊക്കെ വെറും വെറുതെയുള്ള പറച്ചിൽ.

പിന്നെ, ജീവിതത്തെ ദൈവമെന്നും ദിവ്യമെന്നും കണക്കാക്കിയാൽ ജീവിതം ജീവിതത്തിന് വേണ്ടി ഉണ്ടാക്കുന്ന ഏത് പ്രവൃത്തിയും പ്രണയവും ദിവ്യമായി, ദൈവികമായി.

********

ജീവിതമേ ഉളളൂ.

ഞാനും നീയും എന്നതില്ല.

ജീവിതത്തിന് വേണ്ടി ജിവിതം ഉണ്ടാക്കുന്ന ബോധമായ ഞാനും നീയും എന്നതേയുള്ളൂ..

ആ നിലക്ക് ജിവിതം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഏക പൊരുൾ മക്കളാണ്, മക്കളിലൂടെയാണ്. 

ജീവിതത്തിൻ്റെ പൊരുൾ എന്നാൽ വേറേതന്നെയായ ഞാനും നീയും എന്നതോ എനിക്കും നിനക്കും വേറേതന്നെയുളള പൊരുൾ എന്നോ അർത്ഥമില്ല. 

ജീവിതത്തിന് വേണ്ടി, ജീവിതത്തിൻ്റെ മുന്നോഗമനത്തിനു വേണ്ടി ജീവിതം ഉണ്ടാക്കുന്ന വികാരമാണ് കാമം, പ്രണയം എന്നതൊക്കെ. 

അതിൽ പിന്നെ കാമത്തിലൂടെയും പ്രണയത്തിലൂടെയും കുട്ടികൾ ഉണ്ടാവുക എന്നതും. 

കുട്ടികൾ ഉണ്ടാവാതിരിക്കുക, വേണ്ടെന്ന് വെക്കുക എന്നത് ഇക്കാര്യത്തിൽ അപവാദമാണ്. 

വേണ്ടെന്ന് പ്രണയിക്കുന്നവർ തീരുമാനിച്ചതാണെങ്കിലും ജീവിതത്തിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അപവാദമാണ്, 

ജീവതം ജീവിതത്തിന് വേണ്ടി ഉദ്ദേശിക്കാത്തതാണ് മക്കൾ വേണ്ടെന്നത്. 

കാരണം ജീവതം തുടരുന്നത് മക്കളിലൂടെയാണ്.

പ്രണയിക്കുക എന്നാൽ തനിക്ക് ഇണചേരാൻ പറ്റിയതിനെയും തന്നിൽ ഗർഭം ഉണ്ടാക്കാൻ പറ്റിയവരെയും തെരഞ്ഞെടുക്കൽ തന്നെയാണ്. 

പ്രണയിക്കുമ്പോൾ മറിച്ചുള്ള എന്തെല്ലാം വേഷംകെട്ടുകളും അവകാശവാദങ്ങളും അഭിനയങ്ങളും നടത്തിയാലും അതങ്ങനെ തന്നെയാണ്.

Tuesday, November 12, 2024

അറിയില്ല. ചരിത്രത്തിലെ ആരെ കുറിച്ചും ഒന്നും അറിയില്ല.

അറിയില്ല. 

ചരിത്രത്തിലെ ആരെ കുറിച്ചും ഒന്നും അറിയില്ല. ഒന്നും തീർത്തു പറയാൻ അറിയില്ല.

ഏറെക്കുറെ എല്ലാം ദൂരെ നിന്ന് കണ്ടുകൊണ്ടുള്ള വെറും അവകാശവാദങ്ങൾ പോലെ മാത്രം.

ദൂരേ നിന്ന് നാം കാണുമ്പോഴുള്ള ചന്ദ്രൻ അല്ലല്ലോ യഥാർത്ഥത്തിലെ ചന്ദ്രൻ.

നാം കാണുന്നത് 

നമുക്ക് സാധിക്കുന്ന, 

നമുക്ക് കാണാൻ സൗകര്യവും സൗന്ദര്യവും ഉളള 

ചന്ദ്രൻ മാത്രം. 

അങ്ങനെയൊരു ചന്ദ്രൻ ചന്ദ്രനിൽ എവിടെയും നിലകൊള്ളുന്നില്ല.

സംഭാവാനന്തരം ഉണ്ടായ വ്യാഖ്യാനങ്ങൾ വെച്ചുള്ള ബുദ്ധനെയും യേശുവിനെയും മുഹമ്മതിനെയും ഗാന്ധിയെയും മാത്രം നമുക്കറിയാം. 

സംഭവത്തോടൊപ്പം (അവരോടൊപ്പം നടന്നു) കണ്ടറിഞ്ഞ ഗാന്ധിയെയും മുഹമ്മതിനേയും യേശുവിനെയും ബുദ്ധനയും നമുക്കറിയില്ല.  

നമുക്കെന്നല്ല നമ്മളിപ്പോൾ അറിയുന്ന ഗാന്ധിയെയും മുഹമ്മതിനേയും യേശുവിനെയും ബുദ്ധനേയും ബുദ്ധനും ഗാന്ധിയും മുഹമ്മതും യേശുവും പോലും അറിഞ്ഞിട്ടുണ്ടാവില്ല, അവരങ്ങനെയാവാനും അവരങ്ങനെയാവുമെന്നും നടന്ന വഴികളിൽ അവരും ഉദ്ദേശിച്ചിട്ടും ഊഹിച്ചിട്ടും അറിഞ്ഞിട്ടും ഉണ്ടാവില്ല.

കൂടെ നടന്നറിയുന്ന നമ്മളും, സ്വയം നടന്നപ്പോൾ അറിഞ്ഞ അവരും ഇല്ല.

നടക്കുമ്പോൾ ഇങ്ങനെയൊക്കെ ആവുമെന്നറിഞ്ഞ് നടന്നവരായി ആരും ഇല്ല.

നടക്കുന്നതിന് മുൻപ് ഇങ്ങനെയൊക്കെ ആവും ആവണം എന്ന് നിശ്ചയിച്ചറിഞ്ഞ് പദ്ധതിയിട്ടു നടന്നായവരും ഇല്ല.

എന്തൊക്കെയോ ആയി.

ആയത് പോലെയും ആവുന്നത് പോലെയുമൊക്കെ ആയി.

എങ്ങനെയൊക്കെയോ മനസ്സിലാക്കപ്പെട്ടു.

അത്രമാത്രം.

*********

ആരെ കുറിച്ചും ദൂരേ നിന്ന് അഭിപ്രായം പറയാൻ സാധിക്കില്ല എന്ന് മാത്രം.

കാരണം, അവർ അവരായിരുന്നപ്പോൾ യഥാർത്ഥത്തിൽ എന്ത് കരുതി, ചിന്തിച്ചു, അനുഭവിച്ചു, എത്രത്തോളം തെരഞ്ഞെടുപ്പോടെയായിരുന്നു, അല്ലെങ്കിൽ നിസ്സഹായമായിട്ടായിരുന്നു അവരായത്, ചെയ്തത്, പറഞ്ഞത് എന്ന് ഇപ്പോൾ ഇവിടെ വെച്ച് പറയുകയും വിലയിരുത്തുകയും സാധ്യമല്ല, അത് നീതിയാവില്ല.

അപ്രസക്തനാവാൻ തയ്യാറാണോ? സ്വാതന്ത്ര്യം നേടും

അപ്രസക്തനാവാൻ തയ്യാറാണോ? 

സ്വാതന്ത്ര്യം നേടും, ചോദ്യംചെയ്യപ്പെടാതിരിക്കും. 

പ്രസക്തി തേടുന്നത്രയും നേടുന്നത്രയും സ്വാതന്ത്ര്യം നഷ്ടമാകും, ചോദ്യംചെയ്യപ്പെടും. 

നിങൾ നേടുന്ന പ്രസക്തിയോടോടൊപ്പം തടവറയുടെയും ചോദ്യംചെയ്യലിൻ്റേയും ഭിത്തികളും മുനകളുമുണ്ട്.

*******

ജീവിച്ചത്രയാണ് ലാഭം, അല്ലാതെ ജോലി ചെയ്തത്രയല്ല. 

ജോലിയുടെ വലുപ്പത്തിൽ അഭിമാനിക്കേണ്ടിവരുന്നവൻ അടിമ. 

ജീവിക്കാൻ വേണ്ടി ചെയ്യേണ്ടിവരുന്നതാണ് ജോലി. 

വലുപ്പം ജോലിക്കല്ല: ജീവിതത്തിനാണ്. 

അഭിമാനിക്കേണ്ടത് ജീവിക്കുന്ന ജീവിതത്തിൻ്റെ വലുപ്പത്തിൽ. 

ജീവിതത്തിന് വേണ്ടി ജോലി; ജോലിക്ക് വേണ്ടി ജീവിതം എന്നതല്ല. 


എന്ത് ധ്യാനം, എന്ത് യോഗ? എന്തിന് ധ്യാനം, എന്തിന് യോഗ?

ധ്യാനമോ? യോഗയോ?

എന്ത് ധ്യാനം, എന്ത് യോഗ? 

എന്തിന് ധ്യാനം, എന്തിന് യോഗ? 

അഹങ്കാരം ഇല്ലാതാക്കാനോ? 

പ്രാപഞ്ചികതയും അതിൻ്റെ വലുപ്പവും മാത്രം, താൻ നിസ്സാരം, താൻ ഇല്ലാത്തത് എന്നറിയുമ്പോൾ അഹങ്കാരം ഇല്ലാതായി, അഹങ്കാരം ഇല്ലാതാവും.

അതല്ല, ധ്യാനവും യോഗയും താൻ പ്രാപഞ്ചികതയോളം പ്രാപഞ്ചികത തന്നെയായി വളരാനോ?

ഞാൻ തന്നെ പ്രാപഞ്ചികത മുഴുവനും, പ്രാപഞ്ചിക തയിൽ മുഴുവൻ ഞാൻ നിറഞ്ഞിരിക്കുന്നു എന്നറിയുമ്പോൾ അഹങ്കാരം വലുതായി. 

അങ്ങനെയങ്ങനെ വലുതായി വലുതായി അഹങ്കാരം ഇല്ലാതാവുമോ? 

അറിയില്ല. 

അഹങ്കാരം ഇല്ലാതാവുന്നു എന്ന അവകാശവാദം മാത്രം എങ്ങനെയായാലും ബാക്കി.

അഹങ്കാരം അതിജീവനകലയിലെ ഏറ്റവും വലിയ ആയുധം, പരിച. 

അഹങ്കാരം ജിവിതം ജീവിക്കാൻ വേണ്ടി കണ്ടെത്തുന്ന മൂർച്ഛ, ദിശ.

സ്വന്തം പ്രസക്തി തേടാനും സ്ഥാപിക്കാനും ഉളള ജീവിതത്തിൻ്റെ ശ്രമം തന്നെ അഹങ്കാരം. 

ധ്യാനം, യോഗ എന്ന പേരിൽ നടത്തുന്ന എല്ലാ അനുഷ്ഠാന ഘോഷ്ടികളും ഫലത്തിൽ അഹങ്കാരത്തെ വാനോളം വളർത്തുന്നു. 

നശിപ്പിക്കുന്നു എന്ന പേരിൽ അഹങ്കാരം വളർത്തുക. 

മുളകിന് പഞ്ചസാര എന്ന് പേരിടുക മാത്രം.

അഹങ്കാരം ഒന്നുകൂടി വലുതാക്കിയും വലുതാക്കാനും വേണ്ടി ധ്യാനവും യോഗയും അനുഷ്ഠാനപരമായി നടത്തി ഒന്നുകൂടി പറയും "അഹം ബ്രഹ്മാസ്മി", "തത്വമസി", "അനൽ ഹഖ്" എന്നൊക്കെ. 

"അഹം ബ്രഹ്മാസ്മി", "തത്വമസി", "അനൽ ഹഖ്" എന്നൊക്കെ പറയുമ്പോഴും നടക്കുന്നത് സ്വന്തം പ്രസക്തി തേടാനും സ്ഥാപിക്കാനും ഉളള ശ്രമം തന്നെ.

എന്നാൽ ഒന്ന് പറയട്ടെ....

ഏറ്റവും വലിയ ധ്യാനം, യോഗ മക്കളെ വളർത്തുക തന്നെ. 

മക്കളെ വളർത്തുന്നത് തന്നെ അഹങ്കാരം തകർക്കുന്ന ഏറ്റവും വലിയ ധ്യാനം, യോഗ. 

ഒപ്പം മക്കളെ വളർത്തുന്നത് തന്നെ അഹങ്കാരം വളർത്തുന്ന ഏറ്റവും വലിയ ധ്യാനം, യോഗ. 

മക്കളെ വളർത്തുന്നത് തന്നെ സ്വന്തം പ്രസക്തി തേടാനും സ്ഥാപിക്കാനും ഉളള ശ്രമം, ധ്യാനം, യോഗ.

അതേസമയം, അഹങ്കാരം തകർക്കാനും വളർത്താനും മക്കളെ വളർത്തുന്നതിനേക്കാൾ വലിയ ധ്യാനമില്ല, യോഗയില്ല, ശ്രമമില്ല. 

മക്കളിൽ തൻ്റെ അഹങ്കാരത്തെ നീട്ടിവലിക്കുന്നില്ലെങ്കിൽ, നിഴലിട്ടുകാണുന്നില്ലെങ്കിൽ അഹങ്കാരം തകരും. ധ്യാനവും യോഗയും ശ്രമവും ഫലപ്രാപ്തി നേടും.

മക്കളിൽ തൻ്റെ അഹങ്കാരത്തെ നീട്ടിവലിക്കുന്നുവെങ്കിൽ, നിഴലിട്ടുകാണുന്നുവെങ്കിൽ അഹങ്കാരം വളരും. അപ്പോഴും ധ്യാനവും യോഗയും ശ്രമവും ഫലപ്രാപ്തി നേടും.

രണ്ട് നിലക്കും ഏറ്റവും നല്ല ധ്യാനം, യോഗ, ശ്രമം മക്കളെ വളർത്തുക.

മക്കളെ വളർത്താനുള്ള ശ്രമവും യോഗയും ധ്യാനവും ബാക്കിയെല്ലാ ശ്രമങ്ങളെയും യോഗകളേയും ധ്യാനങ്ങളെയും ചെറുതാക്കുന്നു, ഇല്ലായ്മ ചെയ്യുന്നു.

Monday, November 11, 2024

ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഏക പൊരുൾ, ആകയാലുള്ള പൊരുൾ.

ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഏക പൊരുൾ, ആകയാലുള്ള പൊരുൾ മക്കൾ മാത്രം. 

മക്കൾ വളരുക, മക്കളെ വളർത്തുക, സംരക്ഷിക്കുക, മക്കളെ സംരക്ഷിക്കാനും വളർത്താനും ജീവിപ്പിക്കാനും എങ്ങനേയും ഏതറ്റം വരെയും പോയി ജീവിക്കുക. 

നോക്കൂ, മനുഷ്യരായാലും നായ്ക്കളായാലും പൂച്ചയായാലും പക്ഷിയായാലും എല്ലാം ഇങ്ങനെ തന്നെ. ഒരുപോലെ. ഒരേയൊരു ലക്ഷ്യം. ഒരേയൊരർത്ഥം. മക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോയി ജീവിക്കുക. 

എന്നുവെച്ചാൽ, ജിവിതം ജീവിതത്തിന് വേണ്ടി, ജീവിതത്തെ വളർത്താനും സംരക്ഷിക്കാനും വേണ്ടി ജീവിക്കപ്പെടുക എന്ന പൊരുൾ.

ഇതല്ലാതെ, ഇങ്ങനെയല്ലാതെ പിന്നെങ്ങിനെ ജിവിതം?

ഇതല്ലാതെ, ഇങ്ങനെയല്ലാതെ പിന്നെന്തർത്ഥം, ലക്ഷ്യം, ഉദ്ദേശം, ഉറപ്പ് ജീവിതത്തിന്? 

ഇങ്ങനെയല്ലാത്ത, നിത്യജീവിതത്തിൽ നടപ്പിലായ, നടപ്പിലാകുന്ന എന്തെങ്കിലും ഉദ്ദേശവും അർത്ഥവും ലക്ഷ്യവും ഉറപ്പും ജീവിതത്തിന് ആരെങ്കിലും എപ്പോഴെങ്കിലും ബോധ്യപ്പെടും വിധം പറഞ്ഞുതന്നുവോ? 

മലമുകളിൽനിന്നുള്ള സങ്കല്പങ്ങളും വാചകക്കാസർത്തുകളും താഴവാരത്തെ ജീവിതയാഥാർത്ഥ്യങ്ങളുമായി ഒത്തുപോകണമല്ലോ?


Friday, November 8, 2024

എന്താണ് കുറ്റം, കുറ്റബോധം, കലഹം, അധികാരം.

കുറ്റം, കുറ്റബോധം, കലഹം, അധികാരം.

കുറ്റബോധം പിന്നെ കലഹവും അധികാരവും ആയി മാറുമോ?

മാറും.

യഥാർത്ഥത്തിൽ കുറ്റബോധം മാത്രമാണ് കലഹമായി മാറുന്നത്.

ഓരോ കലഹവും വ്യത്യസ്തമായ രീതികളിലുള്ള അധികാരം സ്ഥാപിക്കൽ കൂടിയാണ്.

അതുകൊണ്ട് തന്നെ, ഫലത്തിൽ കുറ്റബോധം കലാഹമായി പിന്നെ അധികാരം സ്ഥാപിക്കലായി മാറും. 

നിന്നെ നിശ്ശബ്ദനാക്കും. 

സ്വസ്ഥമായി പോകണമെങ്കിൽ കേൾക്കുക, അനുസരിക്കുക എന്ന അവസ്ഥ വരുത്തും

എങ്ങിനെ?

കുറ്റബോധത്തെയും, കുറ്റബോധം തന്നെ കലഹവും അധികാരവും ആയി മാറുന്നതിനെയും കുറിച്ച്  സംസാരിക്കണമെങ്കിൽ, അതിന് മുൻപ് കുറ്റമെന്നാൽ എന്തെന്ന് മനസ്സിലാക്കണം.

ആദ്യം തന്നെ പറയട്ടെ, ചെയ്തത്, അല്ലെങ്കിൽ ചെയ്യാത്തത് കുറ്റമെന്ന് ഒരാൾക്ക് തോന്നുമെങ്കിൽ മാത്രമേ അയാൾക്ക് കുറ്റമുളളൂ, അയാളിൽ കുറ്റബോധത്തിൻ്റെ പ്രശ്നം ഉദിക്കുന്നുളളൂ.

സമൂഹഭാഷയിലെ പെരുംകുറ്റവാളികൾ ഉണ്ടാവുന്നത് ആ വഴിയിൽ കൂടിയാണ്. ചെയ്യുന്നത് കുറ്റമാണെന്ന് അവർക്ക് തോന്നില്ല. എത്ര വലിയ കുറ്റത്തെയും വളരെ ലഘൂകരിച്ച് ലാഘവബുദ്ധിയോടെ കാണും 

ചെയ്തത്, അല്ലെങ്കിൽ ചെയ്യാത്തത് കുറ്റമെന്ന് തോന്നാത്ത ആൾക്ക് കുറ്റമില്ല, അയാളിൽ കുറ്റബോധത്തിൻ്റെ പ്രശ്നം ഉദിക്കുന്നില്ല, 

അതിനാൽ ചെയ്തത്, അല്ലെങ്കിൽ ചെയ്യാത്തത് കുറ്റമെന്ന് തോന്നാത്ത ആൾക്ക് അത് ന്യായീകരിച്ചുകൊണ്ട് കലഹിക്കേണ്ടിയും ആ കലഹത്തെ വെച്ച് അധികാരം സ്ഥാപിക്കേണ്ടിയും വരില്ല.

എങ്കിൽ, എന്താണ് കുറ്റം?

ചെയ്യേണ്ടത് എന്ന് അയാൾ കണക്കാക്കുന്നത് ചെയ്യാത്തത്, അല്ലെങ്കിൽ എങ്ങിനെയോ ചെയ്യാതെപോകുന്നത്.

ചുറ്റുപാട് അയാളിൽ നിന്ന്, അയാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട്, അയാൾ തന്നെ കരുതുന്ന കോലത്തിൽ, ബഹുമാനം നിലനിൽക്കാൻ, പ്രതീക്ഷിക്കുന്നത് ചെയ്യാത്തത്, അല്ലെങ്കിൽ എങ്ങിനെയോ ചെയ്യാതെ പോകുന്നത്. 

അതാണ് കുറ്റമായി തീരുന്നത്.

ചെയ്യേണ്ടതെന്ന് അയാൾക്ക് യഥാർത്ഥത്തിൽ ഉള്ളിൻ്റെയുള്ളിൽ തോന്നിയെങ്കിൽ മാത്രം, അത് ചെയ്തിട്ടില്ലെങ്കിൽ, അല്ലെങ്കിൽ ചെയ്യാതെ പോയെങ്കിൽ മാത്രം അയാൾക്കത്  കുറ്റം.

ചെയ്യേണ്ടാത്തത് ചെയ്യുന്നതും ചെയ്തുപോകുന്നതും കുറ്റം.

ചുറ്റുപാട് അയാളിൽ നിന്ന്, അയാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട്, അയാൾ തന്നെ കരുതുന്ന കോലത്തിൽ, ബഹുമാനം നിലനിൽക്കാൻ, ചെയ്യരുതെന്ന് പ്രതീക്ഷിക്കുന്നത് ചെയ്യുന്നത്, അല്ലെങ്കിൽ എങ്ങിനെയോ ചെയ്തുപോകുന്നത്. 

ചെയ്യേണ്ടാത്തതെന്ന് അയാൾക്ക് യഥാർത്ഥത്തിൽ ഉള്ളിൻ്റെയുള്ളിൽ തോന്നിയെങ്കിൽ മാത്രം, അത് ചെയ്തെങ്കിൽ, അല്ലെങ്കിൽ ചെയ്തുപോയെങ്കിൽ മാത്രം അയാൾക്കത് കുറ്റം.

അങ്ങനെ ചെയ്യേണ്ടത് ചെയ്യാതിരുന്ന, ചെയ്യേണ്ടാത്തത് ചെയ്ത ആൾക്ക്  ചെയ്തുപോയത് കൊണ്ടും ചെയ്യാതെപോയതുകൊണ്ടും ഉണ്ടാകുന്ന തോന്നലാണ് കുറ്റബോധം.

എന്തുകൊണ്ട് കുറ്റബോധം ഉണ്ടാവുന്നു?

അയാൾ അയാളെത്തന്നെ ചോദ്യം ചെയ്തുപോകുന്നത് കൊണ്ട്.

സ്വയം ആക്ഷേപിക്കുന്ന മനസ്സ് ഉള്ളത് കൊണ്ട്.

മനസ്സാക്ഷി ഉള്ളത് കൊണ്ട്.

ഉത്തരവാദിത്തബോധം അവശേഷിക്കുന്നത് കൊണ്ട്.

എങ്കിൽ, ഈ കുറ്റബോധം എങ്ങിനെ കലഹമായി മാറും.

ചെയ്തുപോയതിൻ്റെയോ ചെയ്യാതെ പോയതിൻ്റെയോ കുറ്റബോധം ഉള്ളിലൊളിപ്പിക്കും, മറച്ചുപിടിക്കും.

എന്നിട്ടോ?

ചെയ്തുപോയതോ ചെയ്യതെപോയതോ ആയ കാര്യം പുറമേ സമ്മതിക്കാതിരിക്കും, 

കുറ്റം പുറത്ത് സമ്മതിക്കാതിരിക്കും.

അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ  സംഭവിക്കുന്നത് കലഹം.

കുറ്റത്തിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും മറഞ്ഞുനിൽക്കാനുള്ള, ഒളിച്ചോടാനുള്ള ചെപ്പടി വിദ്യയാണ് മറനീക്കി, വേഷംകെട്ടി കലഹമായി, ന്യായീകരണവും വിശദീകരണവുമായി വരുന്നത്. അധികാരം സ്ഥാപിക്കലായി മാറുന്നത്.

ചെയ്തുപോയതിൻ്റെയും ചെയ്യാതെപോയതിൻ്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത് കലഹം.

ചെയ്തതോ ചെയ്യാത്തതോ ആയ കുറ്റത്തെ തൊട്ട് അവരുടെ കുറ്റബോധത്തിലേക്ക് നിങൾ വിരൽചൂണ്ടുന്നത്രയും, നിങൾ വിരൽ ചൂണ്ടുന്നുവെന്ന് അവർക്ക് തോന്നുന്നത്രയും, തോന്നുന്നിടത്തോളവും അവർ കലഹിച്ചു കൊണ്ടിരിക്കും. 

കലഹത്തെ അവർ, അവരുടെ ന്യായം തെറ്റുമ്പോൾ, അവർക്ക് ന്യയം നഷ്ടപ്പെടുന്നു എന്ന് കാണുമ്പോൾ, സ്വയം അവരയവർ ഭീഷണിയായാക്കി മാറ്റി, പിന്നെ അതുവെച്ച് അധികാരം സ്ഥാപിക്കലാക്കി മാറ്റിക്കൊണ്ടിരിക്കും.

എല്ലാ കലഹവും ഫലത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് വരുത്താൻ ഉദ്ദേശിച്ചുള്ളത്.

എല്ലാ കലഹവും ഫലത്തിൽ താൻ ശരി മാത്രം ചെയ്തുവെന്ന് വരുത്തി വിജയിക്കാനുള്ളത്. 

എല്ലാ കലഹവും ഫലത്തിൽ അധികാരം സ്ഥാപിക്കാനുള്ളതാണ്.

എല്ലാ കലഹവും ഫലത്തിൽ താൻ ചോദ്യംചെയ്യപ്പെടരുത് എന്ന് വരുത്തിത്തീർക്കാനുള്ളത്. 

അതുകൊണ്ട് തന്നെ കുറ്റം, കുറ്റബോധം, കലഹം, അധികാര സ്ഥാപിക്കൽ.

Wednesday, November 6, 2024

സംവരണം: ഒന്നും നേടാതെ മുസ്‌ലിംകൾ. അർഹമായതും നിഷേധിക്കപ്പെട്ട് പേട്ടടി വാങ്ങുന്നു: മുസ്‌ലിംലീഗ് ഒരു ബാധ്യതയോ?

സംവരണം കൊണ്ട് ഇന്ത്യയിലോ ഇങ്ങ് കേരളത്തിലോ പോലും മുസ്ലിംകൾ എന്തെങ്കിലും കൂടുതലായി നേടിയിട്ടുണ്ടോ, അനുഭവിക്കുന്നുണ്ടോ?

ഇല്ല.

ഇന്ത്യയിലോ ഇങ്ങ് കേരളത്തിലോ മുസ്ലിംകൾക്ക് അർഹതയുള്ളതോ ആനുപാതികമായതോ പോലും കിട്ടിയിട്ടുണ്ടോ? 

ഇല്ല. 

അർഹതയുള്ളതിൻ്റെയും ആനുപാതികമായതിൻ്റെയും പകുതി പോലും മുസ്ലിംകൾ ഇന്ത്യയിൽ എവിടെയെങ്കിലും നേടിയിട്ടുണ്ടോ?

ഇല്ല.

എന്നിട്ടും എന്തുകൊണ്ട് പ്രീണനത്തിൻ്റെയും അവിഹിതമായി എന്തോ അധികം നേടിയതിൻ്റെയൂം പഴി മുസ്‌ലിംകൾക്ക് നേരേ വരുന്നു? 

എന്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയം പോലും മുസ്‌ലിംകളെ അങ്ങനെ പഴി പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം മതി അധികാരം നേടാമെന്ന നിലയിൽ വരുന്നു?

എന്തുകൊണ്ട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഇപ്പോൾ ഇവിടെ ചോദിക്കണം?

മതേതര ജനാധിപത്യ രാജ്യത്ത് ഒരു സംഗതിക്കും ഒരു രംഗത്തേക്കും നിയമനത്തിന്  പരിഗണിക്കുമ്പോൾ ആരുടെയും മതവും സമുദായവും പേരും നോക്കേണ്ടി വരരുത്. യഥാർത്ഥത്തിൽ ജാതിയും മതവും ചോദിക്കാൻ തന്നെ പാടില്ല.

പിന്നെന്താണ് മതേതര ജനാധിപത്യ രാജ്യത്ത് ജീവിച്ചുകൊണ്ട് മതം വിഷയമാക്കി, മാനദണ്ഡമാക്കി ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന ചോദ്യമുണ്ടാവും.

മതേതര ജനാധിപത്യ രാജ്യത്ത് മതവും സമുദായവും പേരും മാനദണ്ഡമാക്കി ഒരു കാര്യവും നിശ്ചയിക്കേണ്ടി വരരുത്. ശരിയാണ്.

പക്ഷെ, ഇന്ത്യയിൽ ആകമാനം നോക്കിയാലും ഇങ്ങേയറ്റം നാം എല്ലാ കാര്യത്തിലും വല്ലാതെ ഊറ്റംകൊള്ളുന്ന കേരളത്തിൽ വരെയും സംഗതി അങ്ങിനെയല്ല. 

പ്രത്യേകിച്ചും മുസ്‌ലിംകളുടെ കാര്യത്തിൽ അങ്ങനെയല്ല. 

എന്തോ കൂടുതൽ മുസ്‌ലിംകൾക്ക് നൽകുന്നു, എന്തോ കൂടുതൽ മുസ്ലിംകൾ അനുഭവിക്കുന്നു എന്ന് എല്ലാവരും പറയുന്നു, വരുത്തുന്നു. 

എന്നാലോ ഏറ്റവും കുറവ് മാത്രം എല്ലാവരും മുസ്‌ലിംകൾക്ക് നൽകുന്നു, ഏറ്റവും കുറവ് മാത്രം മുസ്ലിംകൾ അനുഭവിക്കുന്നു.

പുറത്ത് പറയാതെ, എന്നാൽ കൃത്യമായി വർഗ്ഗീയത നടപ്പാക്കപ്പെടുന്നു. പ്രത്യേകിച്ചും മുസ്‌ലിംവിരുദ്ധ വർഗ്ഗീയത നടപ്പാക്കപ്പെടുന്നു. 

എന്നിട്ടോ? 

വർഗ്ഗീയതയും തൊട്ടുകൂടായ്മയും ആരോപിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും മുഴുവൻ മുസ്‌ലിംകളുടെ മേലും മുസ്‌ലിംകൾക്കെതിരെയും.

മുസ്‌ലിം പേര് ഒരയോഗ്യത എന്ന് വരുംവണ്ണം ഇന്ത്യയിൽ മൊത്തവും, പിന്നെ ഇങ്ങ് കേരളത്തിൽ വരെയും എന്തൊക്കെയോ പ്രത്യക്ഷമായും പരോക്ഷമായും സംഭവിച്ചിരിക്കുന്നു.

മുസ്‌ലിംകൾക്ക് മാത്രമാണ് ഇന്ത്യയുടെ മതേതരസങ്കല്പത്തെ ചോദ്യം ചെയ്യുംവിധവും മതത്തേയും സ്വസമുദായത്തെയും പേരിൽ സൂക്ഷിക്കുംവിധവും ഇന്ത്യയിൽ ഒരു രാഷ്ടീയപാർട്ടിയുള്ളത്,  മുസ്‌ലിംലീഗ് ഉള്ളത് എന്നത് കൊണ്ടുമാവുമോ ഇത്?

എന്നത് കൊണ്ട് കൂടിയാണോ ഇങ്ങനെയൊരു മുസ്‌ലിംവിരുദ്ധ മനസ്സ് ഏതോനിലക്ക് നാടൊട്ടുക്കും സംഭവിച്ചത്?

ബാക്കി ആരെല്ലാം എങ്ങനെയെല്ലാം വർഗീയതയും ചേരിതിരിവും മതപരമായ കുത്തിത്തിരിപ്പും ഉള്ളിലും പുറത്തും കളിച്ചാലും അവർക്കാർക്കും അവരുടെ മതത്തേയും സമുദായത്തെയും സൂചിപ്പിക്കും വിധം ഒരു രാഷ്ട്രീയപാർട്ടി ഇന്ത്യയിലോ കേരളത്തിലോ ഇല്ല. 

മുസ്‌ലിംലീഗാണെങ്കിലോ ഇന്ത്യയെ വിഭജിക്കാൻ നേതൃത്വം നൽകിയ, പാക്കിസ്ഥാൻ ആവശ്യപ്പെട്ട് ഇന്ത്യയെ വിഭജിച്ച അതേ പാർട്ടിയുടെ അതേ പേരും പതാകയും സൂക്ഷിക്കുകയും ചെയ്യുന്നു. വിരോധാഭാസം പോലെ. ഉളുപ്പില്ലാതെ.

എട്ടുകാലി മമ്മൂഞ്ഞ് പോലെയാണ് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം മുസ്‌ലിംലീഗ് എന്ന് തോന്നിപ്പോകും. 

മുസ്‌ലിംകൾക്ക് ന്യായമായും ജനാധിപത്യപരമായി എവിടെയും വകവെച്ച് കിട്ടുന്നത് പോലും കിട്ടാതെ, എന്നാൽ എങ്ങിനെയൊക്കെയോ എന്തൊക്കെയോ കിട്ടിയത് മുഴുവൻ സ്വന്തം നേട്ടമായി അവകാശപ്പെടുന്ന മുസ്ലീംലീഗ് എന്ന എട്ടുകാലി മമ്മൂഞ്ഞ്.

യഥാർത്ഥത്തിൽ മുസ്‌ലിംകൾക്ക് മതേതരമായും ആനുപാതികമായും ജനാധിപത്യപരമായും ഇന്ത്യയിൽ (കേരളത്തിൽ പോലും) കിട്ടേണ്ട പല അവകാശങ്ങൾക്കും സംഗതികൾക്കും വിഘാതവും തടസ്സവും ആവുക മാത്രമാണോ ഈ മുസ്‌ലിം ലീഗ്?

ഒന്ന് നോക്കൂ.

കേരളത്തിലാണല്ലോ, അതും മലബാറിൽ മാത്രം, മുസ്‌ലിംലീഗ് കാര്യമായും അതിൻ്റെ സാന്നിധ്യം കാണിക്കുന്നത്?

അതേ കേരളം തന്നെയാണല്ലോ മുസ്‌ലിം പ്രീണനത്തിന് മകുടോദാഹരണമായി അങ്ങ് യുപിയും കേന്ദ്രവും ഭരിക്കുന്നവർ ഇലക്ഷൻ പ്രചാരണ വേളയിലും അല്ലാതെയും കാണിക്കുന്നതും പ്രചരിപ്പിക്കുന്നതും?

കേരളത്തിൽ ആകെ മൊത്തം ലോക്സഭാ സീറ്റുകൾ 20.

26 ശതമാനമുള്ള മുസ്‌ലിംകൾക്ക് മുസ്‌ലിം പേരിൽ ആകെയാലുള്ളത് വെറും മൂന്ന് എംപിമാർ. 

ഒരുകാലത്തും കേരളത്തിൽ ഇതിൽ കൂടുതൽ പ്രാതിനിധ്യം മുസ്ലിംകൾക്ക് മുസ്‌ലിം പേരിൽ  കിട്ടിയിട്ടില്ല.

ഇന്ത്യയിൽ ആകമാനം എന്ന പോലെ കേരളത്തിലും മുസ്‌ലിം പേരുള്ള സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ എല്ലാ മതേതരപാർട്ടികളും മടിക്കുന്നു, അറക്കുന്നു. 

കേരളത്തിൽ (ഒന്നിനും കൊള്ളാത്ത) മുസ്‌ലിംലീഗുണ്ടല്ലോ മുസ്‌ലിംകൾക്ക് എന്ന ന്യായം ന്യായമായും മുസ്‌ലിംകൾക്ക് ആനുപാതികമായി പോലും അവകാശപ്പെട്ടത് നൽകാതിരിക്കാൻ വരെ മതേതരപാർട്ടികൾ ന്യായമാക്കുന്നു.

എന്നാൽ 18 ശതമാനമുളള ക്രിസ്ത്യാനികൾക്ക് ഇവിടെ കേരളത്തിൽ അഞ്ച് എംപിമാരുണ്ട്. 

ഇടതുപക്ഷം നിർത്തിയ ഒരുകുറെ ക്രിസ്ത്യാൻ സ്ഥാനാർഥികൾ കൂടി മറ്റ് പ്രദേശങ്ങളിൽ നിന്ന് ജയിച്ചിരുന്നുവെങ്കിൽ ക്രിസ്ത്യൻ ലോക്സഭാ പ്രാതിനിധ്യ അനുപാതം ഇനിയും എത്രയോ കൂടുമായിരുന്നു.

മുസ്‌ലിം പേരുള്ള എംഎൽഎമാരും ക്രിസ്ത്യൻ പേരുള്ള എംഎൽഎമാരെക്കാൾ എണ്ണത്തിൽ തുലോം കുറവ്. 

കേരളത്തിൻ്റെ ഏത് രംഗത്തും മുസ്ലിംകൾ ക്രിസ്ത്യാനികളെക്കാളും മറ്റേത് സമുദായത്തേക്കാളും വളരെ പിറകിലാണ്. 

ഉദ്യോഗസ്ഥ മേഖലയിൽ ജനസംഖ്യയിൽ 26 ശതമാനമുള്ള മുസ്ലീംകളുടെ പ്രാതിനിധ്യം പതിമൂന്ന് ശതമാനത്തിലും താഴെയാണ്. 

ജനസംഖ്യയിൽ വെറും 18 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം 20 ശതമാനത്തിനും മുകളിലാണ് എന്നതും മറ്റ് സമുദായങ്ങളൊന്നും പിറകിലല്ല എന്നതും ഇതുമായി തട്ടിച്ച് കൂട്ടിവായിക്കണം.

എന്നിട്ടും എപ്പോഴും അടികിട്ടുന്നതും പ്രീണനം എന്ന പഴിയും എന്തോ കൂടുതൽ അവിഹിതമായി നേടുന്നു, അനുഭവിക്കുന്നു എന്ന ആരോപണവും കേൾക്കേണ്ടി വരുന്നതും മുസ്ലിം എന്ന ചെണ്ടക്ക് തന്നെ. 

മുസ്ലിംകൾ കാലാകാലമായി എന്തോ അവിഹിതമായി നേടിയെടുത്തത് പോലെ.

ഇന്ത്യയിൽ ഒരിടത്തും ഒരുകാലത്തും ആനുപാതികമായും സംവരണപ്രാകാരവും അർഹതയുള്ളത്ര പോലും കിട്ടാതെ അടികൊള്ളുന്ന ചെണ്ടയായി എപ്പോഴും മുസ്ലിംകൾ.

ആനുപാതികമായി മുസ്‌ലിംകൾക്ക് (ഇങ്ങ് ഏറ്റവും മുസ്‌ലിം പ്രീണനം നടക്കുന്നു എന്ന് അങ്ങ് ഉത്തരേന്ത്യയിൽ വരെ കേന്ദ്രം ഭരിക്കുന്ന പാർട്ടി കുപ്രചരണം നടത്തി കൊട്ടിഘോഷിക്കുന്ന) കേരളത്തിൽ പോലും കിട്ടുന്ന പ്രാതിനിധ്യം തുലോം കുറവ്. 

ഏത് രംഗത്തും ഇന്ത്യയിൽ ആകെമൊത്തമുള്ള മുസ്‌ലിംകളുടെ ആനുപാതികപ്രാതിനിധ്യത്തിൻ്റെ കുറവിൻ്റെ കാര്യം പറയുകയേ വേണ്ട. 

അടികൊള്ളാൻ ചെണ്ട എന്ന നിലക്ക് മുസ്ലിംകളും കൂലിവാങ്ങാൻ ബാക്കി എല്ലാവരും എന്ന നിലക്കും ഇന്ത്യയിലും കേരളത്തിലും കാര്യങ്ങൾ. 

ക്രിസ്ത്യാനികൾക്കും മറ്റേതൊരു വിഭാഗത്തിനും ഇങ്ങ് കേരളത്തിലും ഇന്ത്യയുടെ മറ്റേത് ഭാഗത്തും കിട്ടുന്നത് ആനുപാതികമായി കൂടുതൽ.  

സർക്കാർ ഉദ്യോഗതലത്തിലും മറ്റേതൊരു പൊതുമേഖലാ രംഗത്തും ഇതിങ്ങനെ തന്നെ.

ഏത് സർക്കാർ രേഖകളും കണക്കുകളും എടുത്തു പരിശോധിച്ച് നോക്കിയാൽ ഇക്കാര്യം മനസ്സിലാവുകയും ചെയ്യും. 

പക്ഷെ മുസ്‌ലിംകളെ കരുവാക്കി വെറുപ്പും വിഭജനവും വിതരണം ചെയ്യുന്നവർ കളവ് മാത്രം പറയും. അവർ രേഖകളും കണക്കുകളും വസ്തുതകളും പറയില്ല.

വർഗ്ഗീയത സ്വയം നടപ്പാക്കിക്കൊണ്ട് അവർ വർഗ്ഗീയതയുടെ പരിവേഷവും തൊഴിയും ഒപ്പം അമിതമായി പ്രീണിപ്പിക്കപ്പെടുന്നു, അവിഹിതമായി എന്തോ കൂടുതലായി അനുഭവിക്കുന്നു എന്ന പഴിയും നൽകുന്നത് മുസ്ലിംകൾക്ക്. 

പ്രീണനം എപ്പോഴും മുസ്ലിംകളോട് എന്ന നിലക്ക് ദുഷ്പ്രചരണം നടത്തി ഇന്ത്യയിൽ അധികാരം നേടാം, ഉറപ്പിക്കാം എന്ന് വരെ ഇവിടത്തെ മുഖ്യാധാരാപാർട്ടി തെളിയിച്ചിരിക്കുന്നു. 

മുസ്ലിംകളോടുള്ള വെറുപ്പും അസൂയയും മാത്രം മതി ഒരു രാഷ്ട്രീയപാർട്ടിക്ക് ഇന്ത്യയിൽ വേരൂന്നാനും വളരാനും ഇന്ത്യ ഭരിക്കാനുമുള്ള ന്യായവും ആദർശവും പ്രത്യേശാസ്ത്രവും എന്ന് വരെ വന്നിരിക്കുന്നു.

എന്തോ അവിഹിതമായി അനുഭവിക്കുന്നത് മുസ്ലിംകൾ ആണെന്ന നിലക്കാണ് സ്വയം എല്ലാം അവിഹിതമായി അനുഭവിച്ചുകൊണ്ട് (ബിജെപിയും) ക്രിസ്ത്യാനികളും ഉയർന്ന ജാതിക്കാരും ഇന്ത്യ മുഴുക്കെയും പറഞ്ഞുപരത്തുന്നത്. 

മുസ്‌ലിംകൾക്കാണെങ്കിൽ അതെങ്ങിനെ പ്രതിരോധിക്കണം എന്നറിയുകയും ഇല്ല.

എന്താണ് കാരണം? 

മുസ്‌ലിംകൾക്ക് മാത്രം മതത്തിൻ്റെ പേരിലുള്ള ഒരു പാർട്ടി ഇങ്ങ് കേരളത്തിലുണ്ട് എന്നതാണോ?

അറിയില്ല. 

പക്ഷേ, കേരളത്തിലെങ്കിലും കാര്യങ്ങൾ അങ്ങനെയാണ്.

മുസ്‌ലിം സ്ഥാനാർഥികൾ ജയിക്കുന്നത് മുസ്‌ലിംലീഗ് എന്ന മുസ്‌ലിം വർഗ്ഗീയ സമുദായിക പേരും വിശേഷണവും ഉള്ള ഒരു പാർട്ടിയുടെ പേരിലും ബാനറിലും മാത്രം. 

മുസ്‌ലിം ലീഗ് എന്ന പേരിൽ ഒരു പാർട്ടി ഉള്ളത് കൊണ്ട് മുസ്ലിംകൾ കാര്യമായി മറ്റ് പാർട്ടികളിൽ ഇല്ലാതായി എന്ന് പറയാമോ? അറിയില്ല, പക്ഷെ ശരിയല്ല.

മുസ്‌ലിം ലീഗ് എന്ന പേരിൽ ഒരു പാർട്ടി ഉള്ളത് കൊണ്ട് മറ്റു പാർട്ടികൾ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പോലും മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തുന്നതും മത്സരിപ്പിക്കുന്നതും തുലോം കുറയുകയും ചെയ്തു. 

മുസ്ലിംകൾ അവരുടെ പൊതുവെയുള്ള മതേതര സ്വഭാവവും മനസ്സും കാരണം അവർക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളിൽ ആരെയും എത് മതവിഭാഗം സ്ഥാനാർഥികളെയും ജയിപ്പിക്കുന്നു. 

കാസർകോടായാലും കണ്ണൂരായാലും കോഴിക്കോടായാലും വടകരയായാലും (ഷാഫി പറമ്പിലിനെ ഇപ്പോൾ ജയിപ്പിച്ചത് മാറ്റിനിറുത്തിയാൽ) എല്ലാ കാലത്തും ജയിപ്പിച്ചത് അങ്ങനെയാണ്. ആരെയും ഏത് മതവിഭാഗത്തെയും.

മുൻപ് E K നായനാരെ തലശ്ശേരിയും A K ആൻ്റണിയെ തിരൂരും വിജയിപ്പിച്ചത് പോലെ. വടകരയിൽ കെ പി ഉണ്ണികൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനും കാലാകാലമായി ജയിച്ചിരുന്നത് പോലെ.

പക്ഷേ ഒരൊറ്റ ക്രിസ്ത്യൻ ഹിന്ദു ഭൂരിപക്ഷ മേഖലയിലും (ഭൂരിപക്ഷം വേണ്ട അത്യാവശ്യം ഹിന്ദു ക്രിസ്ത്യൻ സാന്നിധ്യമുള്ള മേഖലകളിൽ തന്നെ) ക്രിസ്ത്യാനിയും ഹിന്ദുവും അല്ലാത്ത ഒരൊറ്റ ആളും കേരളത്തിൽ സ്ഥാനാർത്ഥി ആവില്ല, വിജയിക്കില്ല. ചുരുങ്ങിയത് ഒരു മുസ്ലിം സ്ഥാനാർത്ഥി ഒരിക്കലും ഉണ്ടായിട്ടില്ല, ജയിച്ചിട്ടില്ല. 

ക്രിസ്ത്യാനിയും ഹിന്ദുവും അല്ലാത്ത ഒരു സ്ഥാനാർത്ഥിയേയും ഒരൊറ്റ മുന്നണിയും പരീക്ഷിക്കുകയും ഇല്ല അത്തരം ക്രിസ്ത്യൻ ,ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ (ഭൂരിപക്ഷം വേണ്ട അത്യാവശ്യം സാന്നിധ്യമുള്ള മേഖലകളിൽ പോലും). 

എന്നിട്ടും വർഗ്ഗീയതയുടെ ആരോപണവും അവിഹിതമായി എന്തോ കൂടുതൽ അനുഭവിക്കുന്ന പഴിയും ക്രിസ്ത്യാനികൾക്കും ഹിന്ദുവിനും നേരെ ഇല്ല. 

കാരണം എന്താണ്? 

മുസ്‌ലിം ലീഗ് എന്ന പേരിലുള്ള ഒരു പാർട്ടി മാത്രം. ചുരുങ്ങിയത് കേരളത്തിൽ. ഇന്ത്യയിൽ ആകമാനം അത് പാക്കിസ്ഥാൻ്റെ പേരിലും.

ഏറ്റവും നന്നായി വർഗ്ഗീയത കളിക്കുന്ന, മതത്തിൻ്റെ പേരിൽ സംഘടിച്ച് പുരോഹിതന്മാരെ മുൻപിൽ വെച്ച് വിലപേശുന്ന ക്രിസ്ത്യാനിയുടെ ഉള്ളുതറച്ച വർഗ്ഗീയത ആരും മനസ്സിലാക്കാതെ പോകുന്നു,  എടുത്തു പറയാതെ പോകുന്നു. ഇങ്ങ് കേരളത്തിൽ വരെ.

മതങ്ങൾക്കിടയിലെ തുലനങ്ങൾക്കിടയിൽ ആശയതലത്തിലെ സ്വന്തം പാപ്പരത്തം കാരണം സ്വയം മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും മുൻപിൽ തോറ്റുനിൽക്കുന്ന ക്രിസ്ത്യാനി മുസ്ലിവിരോധം മൂത്തുകയറി സംഘടിച്ച്, ഹിന്ദുവർഗ്ഗീയതയെ വരെ പിന്തുണച്ച് വളർത്തുന്നു എന്ന് വന്നിരിക്കുന്നു…

Monday, November 4, 2024

കർമ്മഫലം: ഉള്ളതും, ഉണ്ടാവുന്നതും, ഉണ്ടായതും ഉണ്ടാക്കിയ എല്ലാ മാറ്റങ്ങളും

പെണ്ണിനെ പെണ്ണാക്കുന്ന ഒന്നും യഥാർത്ഥത്തിൽ ഒരു പെണ്ണിനും ഇഷ്ടമല്ല. 

ആണിനെ ആണാക്കുന്ന ഒന്നും യഥാർത്ഥത്തിൽ ഒരാണിനും ഇഷ്ടമല്ല. 

അതിനാൽ ആവുന്നത്ര മറച്ചുവെക്കുന്നു. 

എന്നിട്ടും ആ ഇഷ്ടമല്ലാത്തതും മറച്ചുവെക്കുന്നതും വെച്ച് തന്നെ പരസ്പരം ആകർഷിക്കുന്നു. 

മറച്ചുവെച്ചത് സൗന്ദര്യമാക്കി ആകർഷിക്കുന്നു.

*******

കർമ്മഫലം? 

ഞാനും നീയും ഉള്ള, 

എന്നിലേക്കും നിന്നിലേക്കും നീളുന്ന, 

നമ്മളിലേക്ക് തന്നെ തിരിച്ചുവരുന്ന

കർമ്മഫലമില്ല. 

കാരണം, 

നമ്മളില്ല. 

ഞാനും നീയും ഇല്ലാത്ത 

ജീവിതമായിത്തീരുന്ന, 

തുടർച്ചയായ ജീവിതത്തിൽ നിഴലിടുന്ന 

കർമ്മഫലം മാത്രം. 

ആ നിലക്ക് എല്ലാം കർമ്മഫലം തന്നെ. 

ഉള്ളതും, ഉണ്ടാവുന്നതും, ഉണ്ടായതും,  

പിന്നെ ഉണ്ടാക്കിയ എല്ലാ മാറ്റങ്ങളും 

കർമ്മഫലം തന്നെ.

ഇന്നിവൾക്ക് 44 വർഷങ്ങൾ തികയുന്ന പിറന്ന നാൾ..

ഇന്ന് 

ഇവൾ പിറന്ന നാൾ.


ഞാനും നീയും 

അവശേഷിക്കാത്ത ലോകത്ത്

പിറന്നവളുടെ പിറന്ന നാൾ.


ഞാനും നീയുമാകാൻ മാത്രം

ജനിച്ചവർക്കിടയിൽ 

ജനിച്ചവളുടെ പിറന്ന നാൾ.


ഇല്ലാത്ത ഞാനും നീയുമായി,  

ഇല്ലാത്ത ഞാനും നീയും മാത്രമായ ജീവിതമായി 

മോട്ടിട്ട് ജനിച്ചിട്ടിവൾക്ക് 

ഇന്ന് 44 വർഷങ്ങൾ തികയുന്ന 

പിറന്ന നാൾ.


പേടിയാണ്, 

പേടിയുണ്ടാക്കുന്ന 

ശ്രദ്ധയും പ്രതിരോധവുമാണ് 

ജീവിതമെന്ന് 

വരച്ചുകാട്ടിത്തന്ന

ഇവളുടെ ജീവിതത്തിന്

ഇന്നേക്ക് 44 വയസ്സ് പ്രായം. 


നിശ്ചയങ്ങളും നിർവചനങ്ങളും 

ഏറെ ഉണ്ടാക്കുന്ന ജീവിതത്തിന്

സ്വയം ഒരു നിശ്ചയവും നിർവചനവും 

ഇല്ലെന്നാണയിട്ട് പറഞ്ഞ 

44 വർഷങ്ങൾക്കും 

സാക്ഷിയായി നിന്നവൾ 

ഇന്ന് തികച്ചത് 44 വയസ്സ്.


ആരൊക്കെയോ 

നിശ്ചയിച്ചത് വെച്ച്

ആരുടെയൊക്കെയോ 

ബോധ്യതകൾക്ക് വേണ്ടി 

ജീവിച്ചവസാനം 

ആരുമില്ലാതെ 

ആർക്കുമല്ലാതെ പോകുന്നു 

ജിവിതമെന്ന് 

ഉറച്ചുപറഞ്ഞ 44 വർഷങ്ങളും

ഇവൾ തീർത്തുജീവിച്ചു. 


ഒരുറപ്പുമില്ലാതെ 

ഒരറിവുമില്ലാതെ 

നടക്കുന്ന ശ്വാസോച്ഛാസം,

ഒരുറപ്പുമില്ലാത്ത 

ജനനം, ജീവതം, മരണം.

ഒരുറപ്പുമില്ലാത്ത മാലോകർ.


അത്തരം കുറേ 

ഉറപ്പില്ലായ്മകൾക്കിടയിലും ഇവൾ പൂർത്തിയാക്കി

44 വർഷങ്ങൾ.

Friday, November 1, 2024

വെറും വെറുതെ പറയുന്നത്: സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത്.

അതേ 


വെറും വെറുതെ പറയുന്ന കുറെ കാര്യങ്ങളുണ്ട്. ഒന്നുമറിയാതെ ഒട്ടും ബോധ്യപ്പെടാതെ പറയുന്ന കാര്യങ്ങൾ.


അതിലൊന്നാണ് സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത്.


യഥാർത്ഥത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത് ശരിയാണോ?


ശരിയല്ല.


ഒരുനിലക്കും ശരിയല്ല.


ആപേക്ഷികതയിലും ആത്യന്തികതയിലും അങ്ങനെ പറയുന്നത് ശരിയല്ല.


മുഴുത്വത്തിലും അല്പത്തിലും ശരിയല്ല.


പൂർണതയിലും അപൂർണതയിലും ശരിയല്ല.


താൽകാലികതയിലും നിത്യതയിലും ശരിയല്ല 


എന്തുകൊണ്ട് ശരിയല്ല?


എന്തുകൊണ്ട് എല്ലാ അർത്ഥത്തിലും ശരിയല്ല.


കാരണം, ആപേക്ഷികതയിലും അല്പത്തിലും അപൂർണതയിലും താൽകാലികതയിലും സംഗതിയുണ്ട്, കാര്യമുണ്ട്, രണ്ടുണ്ട്, ഞാനും നീയും നമ്മളും നമ്മളല്ലാത്തതും ഉണ്ട്, വികാരമുണ്ട്, ശരിയും തെറ്റുമുണ്ട്, വേദനയും സന്തോഷവും ഉണ്ട്. 


അതുകൊണ്ട് തന്നെ ആപേക്ഷികതയിലും അല്പത്തിലും അപൂർണതയിലും താൽകാലികതയിലും വെച്ച് പറഞ്ഞാൽ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത് ശരിയല്ല. മറിച്ച് പറയേണ്ടി വരും. ഉള്ളതും തോന്നുന്നതും വെച്ച് പറയും, പറയേണ്ടി വരും. ഇല്ലാത്തതും തോന്നാത്തതും വെച്ച് എന്തെങ്കിലും പറയാൻ സാധിക്കില്ല..


എന്നിട്ടും പലരും സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത്?


വെറും വെറുതെ പറയുന്നത്. 


ഇല്ലാത്തതും തോന്നാത്തതും വെച്ച് പറയുന്നത്. 


ഉള്ളതും തോന്നുന്നതും പറയാത്തത്.


സ്വന്തം ബോധ്യതക്കെതിരെ ഒരുതരം ബോധ്യതയും ഇല്ലാതെ പറയുന്നത്.


വെറുതെ അനുകരിച്ച് പറയുന്നത്.


കാല്പനികമായി മാത്രം പറൗന്നത്.


മറ്റാരോ പറഞ്ഞത് സ്വന്തം നാവിലിട്ട് പറയുന്നത്.


എന്നാൽ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത് വേറെ ഏതെങ്കിലും നിലക്ക് ശരിയാണോ?


അല്ല.


ആത്യന്തികതയിലും മുഴുത്വത്തിലും പൂർണതയിലും നിത്യതയിലും വെച്ച് പറഞ്ഞാലും സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത് ശരിയല്ല.


എന്തുകൊണ്ടല്ല?


കാരണം ആത്യന്തികതയിലും മുഴുത്വത്തിലും പൂർണതയിലും നിത്യതയിലും സംഗതി എന്നതില്ല, കാര്യം എന്നതില്ല, രണ്ടില്ല, രണ്ടില്ലാത്തത് കൊണ്ട് ഒന്ന് പോലുമില്ല, ഒന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയില്ല, ഞാനും നീയും ഇല്ല, നമ്മളും നമ്മളല്ലാത്തതും ഇല്ല , വികാരമെന്നതില്ല, ശരിയും തെറ്റുമെന്നതില്ല, വേദനയും സന്തോഷവും എന്നതില്ല.


അതുകൊണ്ട് തന്നെ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്ന, പറയേണ്ടി വരുന്ന അവസ്ഥയില്ല, കാര്യമില്ല.


എന്നിട്ടും പലരും സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത്?


വെറും വെറുതെ പറയുന്നത്. 


ഇല്ലാത്തതും തോന്നാത്തതും വെച്ച് പറയുന്നത്. 


ഉള്ളതും തോന്നുന്നതും പറയാത്തത്.


സ്വന്തം ബോധ്യതക്കെതിരെ ഒരുതരം ബോധ്യതയും ഇല്ലാതെ പറയുന്നത്.


വെറുതെ അനുകരിച്ച് പറയുന്നത്.


കാല്പനികമായി മാത്രം പറൗന്നത്.


മറ്റാരോ പറഞ്ഞത് സ്വന്തം നാവിലിട്ട് പറയുന്നത്.