Thursday, August 1, 2024

വയനാട് ദുരന്തവും അതുപോലുള്ളതും എന്തുകൊണ്ട് സംഭവിക്കുന്നുവെന്നതിന് തെളിവില്ല

വയനാട് ദുരന്തവും അതുപോലുള്ളതും ലോകമാകെയും എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന് കൃത്യമായ ന്യായവും തെളിവുമില്ല. 

പറയുന്ന ന്യായങ്ങളും തെളിവുകളും ഒക്കെ സംഭവാനന്തരം ഉണ്ടാക്കുന്ന ന്യായങ്ങളും ഊഹാപോഹങ്ങളും മാത്രം. ഒരടിസ്ഥാനവും ഇല്ലാത്തത്. മനുഷ്യനെ കുറ്റപ്പെടുത്തി വെറുതേ കുറ്റബോധം ജനിപ്പിക്കുന്നത്.

കാള പെറ്റു കയറെടുക്കുന്നു എന്നത് പോലുള്ളത് അതിലധികവും. 

യഥാർത്ഥത്തിൽ മനുഷ്യൻ്റെ അതിക്രമങ്ങളെന്ന് നാമിപ്പോൾ ആരോപിക്കുന്ന സംഗതികൾ നടക്കുന്നതിന് മുൻപും ഇത്തരം ദുരന്തങ്ങൾ ചരിത്രത്തിലുടനീളം ഒട്ടനവധി അരങ്ങേറിയിട്ടുണ്ട്. 

അമിതവർഷവും അതുണ്ടാക്കുന്ന ദുരന്തങ്ങളും ചരിത്രാതീതകാലം മുതലേ നടന്നിട്ടുണ്ട്, തുടർന്നിട്ടുണ്ട്. 

പ്രത്യേകിച്ച് ഇന്നാലിന്ന കാരണം എന്ന് കൃത്യമായി പറയാനില്ലാതെ തന്നെ അമിതവർഷവും അതുണ്ടാക്കുന്ന ദുരന്തങ്ങളും ചരിത്രാതീതകാലം മുതലേ നടന്നിട്ടുണ്ട്, തുടർന്നിട്ടുണ്ട്.  . 

തൊട്ടുമുൻപിലുള്ള കാരണമായ ഭൂകമ്പവും അമിതവർഷവും സുനാമിയും കൊടുങ്കാറ്റും എന്നൊക്കെയുള്ള കാരണങ്ങൾ തന്നെയല്ലാതെ മറ്റ് കാരണങ്ങൾ അതിനും പിന്നിലുണ്ടെന്ന് പറയാൻ സാധിക്കാതെ.

ഇപ്പോൾ മനുഷ്യനായിരിക്കുന്നത് പോലെയാവാനേ മനുഷ്യന് അവൻ്റെ പ്രകൃതം വെച്ച് അവൻ നടത്തുന്ന അന്വേഷണവും പുരോഗതിയും വെച്ച് സാധിക്കൂ. 

"ഒരുപക്ഷേ", "അങ്ങനെ ആയിരുന്നെങ്കിൽ" എന്നതൊക്കെയുള്ളത് വെറും വെറുതെയുള്ള തോന്നലുകൾ മാത്രം.

മനുഷ്യൻ കരുതും പോലെ മനുഷ്യൻ വലുതാണോ, പ്രാപഞ്ചികതയുടെ  കേന്ദ്രബിന്ദുവാണോ, പ്രകൃതിക്ക് ബാധിച്ച അർബുദമാണോ, മനുഷ്യനും പ്രകൃതിയുടെ വെറുമൊരു സാധാരണ കോശമാണോ എന്നതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല.

ഇന്നിപ്പോൾ സംഭവിച്ചതിൻ്റെ കുറ്റം മനുഷ്യൻ്റെ തലയിൽ കയറ്റിവെക്കേണ്ടതില്ല. ഇനി സംഭവിക്കാൻ പോകുന്നതിൻ്റെ കുറ്റവും മനുഷ്യൻ്റെ തലയിൽ കയറ്റിവെക്കേണ്ടതില്ല

അങ്ങനെ മനുഷ്യൻ്റെ തലയിൽ കുറ്റം കയറ്റിവെച്ചിട്ട് കാര്യവുമില്ല. 

മനുഷ്യൻ ആയത് പോലെയും ആവുമ്പോലെയും തന്നെയേ മനുഷ്യൻ ആവൂ, മനുഷ്യന് ആവാൻ സാഹിക്കൂ. 

പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യനെ മനുഷ്യൻ ആവേണ്ടത് പോലെ തന്നെയേ പ്രകൃതി ഘട്ടം ഘട്ടമായി ആക്കുന്നുള്ളൂ, ആക്കിയിട്ടുമുള്ളൂ 

ഇന്ന് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മൾക്കറിയാൻ സാധിക്കുന്നുവെന്ന് മാത്രം. 

എന്തുകൊണ്ട്? 

മനുഷ്യൻ വികസിപ്പിച്ചെടുത്ത വിനിമയ സാങ്കേതിക വിദ്യ അത്രയെങ്കിലും ഉള്ളത് കൊണ്ട്. 

മുൻപ് സംഭവിച്ച അതിഭീകര പ്രകൃതിദുരന്തങ്ങൾ ഇത്രയ്ക്ക് വ്യക്തമായും വലുതായും നമുക്കും അക്കാലത്ത് ഉണ്ടായിരുന്നവർക്കും അറിയാൻ സാധിച്ചിട്ടില്ല. 

എന്തുകൊണ്ട്? 

അക്കാലത്തുണ്ടായിരുന്ന മനുഷ്യൻ ഇക്കാലത്തേത് പോലെ ഇത്രക്ക് പുരോഗമിച്ചിട്ടില്ലാതിരുന്നത് കൊണ്ട്. 

അക്കാലത്ത് ഇക്കാലത്തേത്  പോലുള്ള വിനിമയ സാങ്കേതികവിദ്യ ഇല്ലാതിരുന്നത് കൊണ്ട്. 

നമ്മൾ ഇത്രയ്ക്ക് അറിഞ്ഞിട്ടില്ല എന്നത് കൊണ്ട് ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം ഇതുപോലുള്ളതും ഇതിനേക്കാൾ ഭീകരമായതും സംഭവിച്ചിട്ടില്ല എന്നർത്ഥമില്ല. 

നമ്മൾ അറിഞ്ഞിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും മാത്രമേ അർത്ഥമുള്ളൂ.

അറിയാതിരുന്നത് കൊണ്ട് അറിഞ്ഞ ദുരന്തങ്ങളുടെ കുറ്റം ആ അറിവ് ഉണ്ടാക്കിയെടുത്ത മനുഷ്യൻ്റെ തലയിൽ കെട്ടി വെക്കുകയും വേണ്ടതില്ല.

ആകയാൽ ചെയ്യേണ്ടത് ഇത്രമാത്രം.

അപകടമേഖലകൾ എന്ന് മനുഷ്യൻ തന്നെ അന്വേഷിച്ച് പഠിച്ച് കണ്ടെത്തി മനസ്സിലാക്കി വെച്ച പ്രകൃതിലോല പ്രദേശങ്ങളിൽ മനുഷ്യവാസവും നിർമ്മാണവും ജീവിതവും വേണ്ടെന്ന് വെക്കുക. ഇക്കാലത്തെന്നത് പോലെ എക്കാലത്തും അവിടെ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്,  ഉണ്ടാവും എന്നതിനാൽ.

No comments: