Saturday, August 17, 2024

മദ്രസകളെ കുറിച്ച തെറ്റിദ്ധാരണകൾക്ക് ഒരു ചെറിയ തിരുത്ത് വേണം.

മദ്റസാവിദ്യാഭ്യാസം സമയനഷ്ടമാണ്, വൃഥാവ്യയമാണ്. 

അതേസമയം മദ്രസകളെ കുറിച്ച് ഒരു ചെറിയ തിരുത്ത് വേണം.

ദുരുദ്ദേശപൂർവ്വം വസ്തുതകളുമായി ഒരു പുലബന്ധവും ഇല്ലാതെ പടച്ചുവിട്ടുണ്ടാക്കുന്ന വിവരം വെച്ചുള്ള തെറ്റിദ്ധാരണകൾക്ക് ഒരു ചെറിയ തിരുത്ത് വേണം. 

മദ്രസകൾ വെറുപ്പും തീവ്രതയും പഠിപ്പിച്ചു വിടുന്ന, ഭീകരത പരിശീലിപ്പിക്കുന്ന ഇടങ്ങളല്ല. 

മദ്രസകൾ തുറന്ന ഇടങ്ങളാണ്.

മദ്രസകൾ ഇരുണ്ട അജണ്ടകൾ നടപ്പാക്കുന്ന ഒളിയിടങ്ങളല്ല. 

എന്തൊക്കെയോ കേട്ടറിഞ്ഞ് പുറമേയുള്ളവർ തെറ്റിദ്ധരിക്കും പോലെ, മദ്റസകൾ വലിയ സ്ഥാപനങ്ങളല്ല. 

മദ്രസകൾ യോഗ്യന്മാരും കഴിവുള്ളവരും കുശാഗ്രബുദ്ധിയുള്ളവരും വലിയ പണ്ഡിതന്മാരും പഠിപ്പിക്കുന്ന ഇടങ്ങളല്ല. 

സമൂഹത്തിലെ ഏറ്റവും അയോഗ്യരും കഴിവില്ലാത്തവരുമാണ് മദ്റസാ അധ്യാപകരും പള്ളിയിലെ ഇമാമുമാരും ആയി മാറുന്നത്. 

പ്രത്യേകിച്ചും പൗരോഹിത്യം ഇസ്ലാമിൻ്റെ ഭാഗമല്ലാത്തത് കൊണ്ട് തന്നെ, ശക്തമായ, വലിയ സ്ഥാപനമായി മാറിയ പൗരോഹിത്യസ്ഥാപനം (പിരമിഡ് പോലെ വളർന്ന് നിൽക്കുന്ന hierarchy സൂക്ഷിക്കുന്ന ചർച്ചും വത്തിക്കാനും പോലെ) മദ്റസകൾക്ക് പിന്നിൽ കരുത്തായും അജൻഡ നിശ്ചയിക്കാനായും ഇല്ല.

പൗരോഹിത്യത്തിൻ്റെ നെറ്റ്‌വർക്കും പിൻബലവും മദ്രസകൾക്കില്ല. 

മദ്രസകൾ വളരെ പ്രാദേശികമായി മാത്രം സാമ്പത്തികവും ആൾബലവും കണ്ടെത്തി സംഘടിപ്പിക്കപ്പെടുന്നു. മുസ്‌ലിം പള്ളികളും ഏറെക്കുറെ ഇങ്ങനെ തന്നെ. അതാതിടങ്ങളിലെ വിശ്വാസികൾ നൽകുന്ന, പിരിച്ചുണ്ടാക്കുന്ന വിഭവങ്ങൾ വെച്ച് മാത്രം.

അറബി ഭാഷ വായിക്കാൻ പഠിപ്പിക്കുക, ഏറിയാൽ ഖുർആൻ അറബിയിൽ വായിക്കാൻ പ്രാപ്തരാക്കുക മാത്രം മദ്രസകൾ ചെയ്യുന്നു. 

ആരും ഒന്നും കാര്യമായി പഠിക്കാതിരിക്കാൻ വേണ്ടി മാത്രം കുട്ടികളുടെ ഏറ്റവും നല്ല സമയം വർഷങ്ങളോളം വൃഥാവ്യയം ചെയ്യുന്ന ഇടങ്ങൾ മാത്രം മദ്രസകൾ.

*******

അവിടവിടെ വിശ്വാസ പ്രചാരണത്തിൻ്റെ ഭാഗമായി പലതും പറഞ്ഞു നടക്കുന്നവരുണ്ട്. 

പക്ഷെ, അതൊക്കെയും മുഴുവനും മദ്റസാ വിദ്യാഭ്യാസത്തിൽ കെട്ടിവെച്ചുകൂടാ... 

ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടാവുന്ന കുറേ വഴികളുണ്ട്. 

കുഞ്ഞുങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടീഷൻ ചെയ്യപ്പെടുന്നു എന്നത് ക്രിസ്ത്യൻ മുസ്‌ലിം സമൂഹങ്ങളിൽ പൊതുവെ നടക്കുന്ന കാര്യങ്ങളാണ്. 

അതിന് മദ്രസയും മുസ്‌ലിംകളുടെ ഇടയിൽ ഒരു പങ്കുവഹിക്കുന്നു എന്ന് മാത്രം. പക്ഷെ തീർത്തും മദ്റസാ കൊണ്ട് മാത്രമല്ല.


No comments: