Saturday, August 24, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഞെട്ടുന്നുണ്ടോ, ഞെട്ടാൻ മാത്രമുണ്ടോ? ഇല്ല

ഹേമ കമ്മിറ്റി റിപ്പോർട്ട്: യഥാർത്ഥത്തിൽ ആരെങ്കിലും ഞെട്ടുന്നുണ്ടോ, ഞെട്ടാൻ മാത്രമുണ്ടോ? 

ഇല്ല. 

ആരും ഞെട്ടാൻ മാത്രം ഒന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല. 

ആരും ഞെട്ടുന്നില്ല എന്ന് തന്നെയാണ് ഈയുള്ളവൻ്റെ ശക്തമായ നിരീക്ഷണം?

എന്തുകൊണ്ടില്ല?

എന്തുകൊണ്ട് ഇങ്ങനെ പറയുന്നു?

ഇപ്പോഴെന്നല്ല എപ്പോഴും എവിടെയും ഇതൊക്കെ നടക്കുന്നുണ്ട് എന്ന് ആദ്യമേ എല്ലാവർക്കും  അറിയാമെന്നതിനാൽ, ഉറപ്പുള്ളതിനാൽ. 

അങ്ങനെ നടക്കുന്നതിൽ ഒരുതരം അസ്വാഭാവികതയും ഇല്ലെന്ന് സാമാന്യബോധവും യുക്തിയും പ്രകൃതിപരതയെ മനസ്സിലാക്കുന്നത് വെച്ച് എല്ലാവർക്കും മനസ്സിലാക്കാം എന്നതിനാൽ. 

അക്രമത്തെയും അനീതിയെയും കണ്ടില്ലെന്ന് നടിക്കാതെ തന്നെ, ലഘൂകരിച്ച് കാണാതെ തന്നെയാണ് ഞെട്ടാതിരിക്കുന്നത്.

സ്ത്രീ പുരുഷന്മാർ പരസ്പരം ആകർഷിക്കുക, പ്രാപിക്കുക തീർത്തും സ്വാഭാവികം പ്രകൃതിപരം എന്നതിനാൽ.

സ്ത്രീ പുരുഷന്മാർ പരസ്പരം ആകർഷിക്കാതെയിരിക്കുകയാണ്, പ്രാപിക്കാതെയുമിരിക്കുകയാണ് തീർത്തും അസ്വാഭാവികം പ്രകൃതിവിരുദ്ധം എന്നതിനാൽ.

ഓരോരുവനും ഓരോരുത്തിയും സുന്ദരനും സുന്ദരിയും ആയി ആവുന്നത്ര ഒരുങ്ങുന്നത് ലൈംഗികമായി പാകമാണെന്നും വിത്ത് വിതറാനും വിത്ത് സ്വീകരിക്കാനും പാകമാണെന്നു ധ്വനിപ്പിക്കാൻ തന്നെയാണ്.

അപ്പുറത്തുള്ളത് സുന്ദരിയോ സുന്ദരനോ ആണെങ്കിൽ ലൈംഗികതാൽപര്യം വരുന്നില്ലെങ്കിലാണ് ഒരാളിൽ തകരാറ് സംശയിക്കേണ്ടത്. 

ലൈംഗികതാൽപര്യം വരുന്നില്ലെന്ന് പറയുന്നതാണ് കളവ്. 

അങ്ങനെ ലൈംഗികതാൽപര്യം വരുന്നില്ലെന്ന് പറയുന്നവൻ കളവ് പറയുകയാണ്. 

അല്ലെങ്കിൽ അയാൾ കാര്യമായ ചികിത്സക്ക് വിധേയനാകേണ്ടിയിരിക്കുന്നു. 

കൂടെ എപ്പോഴും ഉള്ള ഭാര്യയോടും ഭർത്താവിനോടും ലൈംഗികത തോന്നുന്നുണ്ടെങ്കിൽ പിന്നെ ഒരാൾക്ക് ന്യായമായ സൗന്ദര്യമുള്ള ഏത് സ്ത്രീയോടും പുരുഷനോടും തോന്നും. എന്നല്ല, ഭാര്യ അല്ലാത്തവരോടും ഭർത്തവല്ലാത്തവരോടും ആദ്യം തോന്നും. ഇതൊരു പകൽവെളിച്ചം എല്ലാവരും വ്യക്തമായി അറിയുന്ന കാര്യം.

പലരും പലതിനും മുതിരാത്തത് താല്പര്യമില്ലാത്തത് കൊണ്ടോ ധാർമ്മികബോധം കൊണ്ടോ അല്ല, പകരം എപ്പോഴെങ്കിലും ചോദ്യം ചെയ്യപ്പെടും, ഉത്തരവാദപ്പെടേണ്ടി വരും എന്ന ബോധം കൊണ്ടും അതിലെ ദൂരവ്യാപക പ്രത്യാഘാതം ഓർത്തിട്ടും ചുറ്റിപാടിനെ ഭയന്നിട്ടും മാത്രമാണ്.

എന്നിരിക്കെ, ഹേമ കമ്മറ്റി റിപ്പോർട്ട് വന്നപ്പോൾ മാത്രം പൊതുമധ്യത്തിൽ കാണുന്ന ഞെട്ടലും ചീറ്റലും മറ്റുമൊക്കെ എന്താണ്?

വളരെ കൃത്രിമമായത്. വെറും അഭിനയം, കാപട്യം. 

സ്വകാര്യതയിൽ കാണിക്കുന്ന മര്യാദരാഹിത്യവും സദാചാരവിരുദ്ധതയും അധാർമ്മികതയും വേറെ പൊതുമധ്യത്തൽ അഭിനയിച്ച് വരുത്തുന്ന മര്യാദയും സദാചാരവും ധാർമ്മികതയും വേറെ എന്നതിനാൽ.

ലൈംഗിക, സാമ്പത്തിക, അധികാര കാര്യത്തിൽ ഓരോരുത്തരും അവനവൻ്റെ നിസ്സഹായതയേയും പേടിയെയും കഴിവുകേടിനെയും അസൂയയയെയും വലിയ ആദർശമാക്കി, നിലപാടാക്കി പൊതുമാധ്യത്തിൽ അവതരിപ്പിക്കുന്നു, ഞെട്ടലാക്കി മാറ്റുന്നു എന്നതിനാൽ.

കൃത്രിമമായത് മാത്രം കണ്ടും കേട്ടും പറഞ്ഞും ചെയ്തും ജീവിതമാക്കി ശീലിച്ച മനുഷ്യർ സ്വാഭാവികമായതും പ്രകൃതിപരമായതും കണ്ടാലും കേട്ടാലും ഞെട്ടുന്നു എന്നും മാത്രം.

കൃത്രിമമായി ഉണ്ടാക്കിയെടുത്ത കൃത്രിമ പ്ളാൻേറഷനുകളും തോട്ടങ്ങളും കണ്ട് വളർന്ന് ശീലിച്ചവർ സ്വാഭാവികവും പ്രകൃതിപരവും അരാജകവുമായി വളരുന്ന കാട് കണ്ടാൽ ഞെട്ടുന്നത് പോലെ മാത്രം. 

Frozen chicken മാത്രം കണ്ട് വിദേശത്ത് വളർന്ന കുട്ടിയുടെ കഥപോലെ തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. നാട്ടിലെ ജീവനുള്ള ഓടിനടക്കുന്ന കോഴികളെ കാണുമ്പോൾ "അമ്മേ ഇതാ നടക്കുന്ന കോഴികൾ" എന്ന് പറഞ്ഞമ്പരന്ന് ഞെട്ടുന്ന കൊച്ചു കുട്ടിയെ പോലെ. അത്രക്ക് തീർത്തും അസംബന്ധമായ ഞെട്ടൽ.

കാരണം മറ്റൊന്നുമല്ല. 

പ്രകൃതിപരത സ്വാഭാവികതയിലാണ്. 

സ്വാഭാവികത പ്രകൃതിപരതയിലുമാണ്.

സ്വാഭാവികതയും പ്രകൃതിപരതയും  യഥാർത്ഥത്തിൽ അരാജകമാണ്, 

അരാജകം, സ്വാഭാവികത, പ്രകൃതിപരം എന്നത് അഭിനയങ്ങളും കൃത്രിമത്വവും ഇല്ലാത്തത്. 

ആചാരവും രാജകവും നിയന്ത്രണവും കൃത്രിമമാണ് അസ്വാഭാവികമാണ്. 

മനുഷ്യസമൂഹത്തെ ഇത്രയും വളർത്തിയതും വ്യവസ്ഥിതിയും നിയമവും ഉണ്ടായതും ഉണ്ടാക്കിയതും നിലനിർത്തുന്നതും ഈ തീർത്തും കൃത്രിമമായ ആചാരങ്ങളും രാജകത്വവും നിയന്ത്രണങ്ങളുമാണ്.

സ്വാഭാവികതയും പ്രകൃതിപരതയും തന്നെയായ അരാജകത്വം കാണുമ്പോൾ മനുഷ്യൻ ഞെട്ടണം എന്ന് വരുത്തിയതും, ഞെട്ടുന്ന, പ്രതികരിക്കുന്ന കോലത്തിൽ മനുഷ്യനെ ആക്കിയതും, മനുഷ്യനെ വല്ലാതെ സ്വാധീനിച്ച, കൃത്രിമരും കപടരും അഭിനയിക്കുന്നവരും ആവാൻ നിർബന്ധിച്ച കുട്ടിക്കാലത്തെ പഠിപ്പിച്ചു കിട്ടിയ മനുഷ്യൻ്റെ തന്നെ വ്യവസ്ഥിതിയാണ്, മതമാണ്, മതപുരോഹിതരാണ്, മതപാഠങ്ങളാണ്, സദാചാരമെന്ന് സൽപ്പേരിട്ട അസംബന്ധങ്ങളാണ്. 

സ്വാഭാവികതയും പ്രകൃതിപരതയും പാപമാണ് തെറ്റാണ് എന്ന് പഠിപ്പിച്ച, പരിശീലിപ്പിച്ച മനുഷ്യൻ്റെ തന്നെ വ്യവസ്ഥിതി, സദാചാരം, മതം, പാഠം.

********

എങ്കിൽ സിനിമാ രംഗത്ത് നടക്കുന്നു എന്ന് പറയുന്നത് ഒരപവാദമല്ല. 

എല്ലാ രംഗത്തും വ്യത്യസ്തമായ കോലത്തിൽ അവ നടക്കുന്നു. 

അതിൽ ലൈംഗികത മാത്രം നമ്മൾ എടുത്തുപറയുന്നു. 

എന്തുകൊണ്ട്?

ഏറ്റവും കൂടുതൽ നിഷേധിക്കപ്പെടുന്നത് നമ്മെ ഏറ്റവും അധികം വേട്ടയാടുന്നു എന്നതിനാൽ.

*********

ചില ചെറിയ ഉദാഹരണങ്ങൾ പറയാം. 

സത്യസന്ധൻ രാഷ്ട്രീയത്തിൽ വളരില്ല. 

അടിമുടി വെട്ടിയും കുത്തിയും അക്രമം നടത്തി മുന്നോട്ട് പോയവൻ മാത്രം, കൂട്ടിക്കൊടുക്കുന്നവനും പലതും കണ്ടില്ലെന്ന് നടിക്കുന്നവനും മാത്രം രാഷ്ട്രീയത്തിൽ തഴച്ചു വളരുന്നു. 

എന്തുകൊണ്ട്? 

വളർത്തുന്നവർക്ക് പ്രത്യുപകാരം കിട്ടില്ല എന്നത് കൊണ്ട്. 

ഇത് പല കോലത്തിൽ സിനിമാ രംഗത്തിനും ബാധകം.

ഒരൊറ്റ പ്രസാധകനും ഒരു പുതിയ എഴുത്തുകാരന് അവരുടെ വലിയ മാർക്കറ്റ് കൊടുക്കില്ല. 

ഒരു എഴുത്തുകാരനെയും ഒരു പ്രസാധകനും എഴുത്തുകാരൻ്റെ കഴിവും സിദ്ധിയും കണ്ട് മാത്രം എഴുത്തുകാരനായി വളർത്തില്ല. 

കാലാകാലമായി അവരുടെ ശ്രമവും സമ്പത്തും ചിലവഴിച്ച് ഉണ്ടാക്കിയെടുത്ത മാർക്കറ്റും വായനക്കാരും പ്രശസ്തിയും ഒരു പ്രസാധകനും ഒരു പുതിയ എഴുത്തുകാരൻ്റെ രചനകൾ മാത്രം നേരെചൊവ്വേ നോക്കി വിലയിരുത്തി പ്രസിദ്ധീകരിച്ച് കൊടുക്കില്ല (സർഗാത്മകതയും ഉള്ളടക്കവും കൊണ്ട് വളരെ നല്ലതും ലോകോത്തരവും തന്നെയാണെങ്കിലും). അവർക്കതിന് തക്കതായ പ്രത്യുപകാരം കിട്ടണം. 

അതിനാൽ തന്നെ പുതിയതെന്ന് അവർ കരുതുന്ന എഴുത്തുകാരൻ്റെ എത്രയെല്ലാം വ്യത്യസ്തമായ നല്ല രചനകളെയും അത്തരം പ്രസാധകർ ഒന്ന് തിഞ്ഞുപോലും നോക്കാതെ തിരസ്‌കരിക്കുന്നു, എന്ന് മാത്രമല്ല, ഒന്ന് വായിച്ചു നോക്കുക പോലും ചെയ്യാതെ. 

കുറ്റം പറയാൻ സാധിക്കില്ല. ആർക്ക് സാധിക്കും, ആർക്ക് മനസ്സ് വരും എല്ലാം വായിച്ചുനോക്കാൻ?

എന്തുകൊണ്ട്?

അവർക്ക് നേട്ടമുള്ള പരിപാടിക്ക് മാത്രമേ അവർ നിൽക്കൂ. 

ഒരു നേട്ടവും ഇല്ലാത്ത പരിപാടിക്ക് ആരും അവരുടെ ഊർജവും കഴിവും സമ്പത്തും ചിലവഴിച്ച് നിന്നുകൊടുക്കില്ല (അത്രക്ക് വലിയ സൗഹൃദം ഇല്ലെങ്കിൽ, എല്ലാം നഷ്ടപ്പെട്ടുകൊണ്ടും നൽകുന്നത് സൗഹൃദം മാത്രം).

എഴുത്തുകാരന് അവൻ്റേതായ മാർക്കറ്റും പ്രശസ്തിയും വായനക്കാരും ഒരേറെ നിലവിൽ അവൻ്റെ കൈവശം ഇല്ലെങ്കിൽ ആരും അവനെ ഗൗനിക്കില്ല. 

അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ, ഒരു കൊടുക്കൽ വാങ്ങൽ അടിസ്ഥാനത്തിൽ, ഏത് ചപ്പും ചവറും അത്തരം പ്രസാധകർ ആവർത്തിച്ച് പ്രസിദ്ധീകരിക്കുകയുള്ളൂ.

ഇത് തന്നെയാണ് സംവിധായകരും നിർമ്മാതാക്കളും സിനിമാരംഗത്ത് വേറെ കോലത്തിൽ ചെയ്യുന്നത്. 

പ്രത്യുപകാരം കിട്ടാതെ ആരെയും ആരും അവരുടെ കഴിവ് കണ്ട് അംഗീകരിച്ച് വളർത്തുകയില്ല. 

അവരുടെ പണവും കഴിവും അധികാരവും ഉപയോഗിച്ച് മറ്റുള്ളവരെ വളർത്തിക്കൊടുക്കാൻ മാത്രം ആത്മാർഥതയും സത്യസന്ധതയൂം ഒന്നും ആരും ആരോടും കാണിക്കില്ല. 

അങ്ങനെ വരുമ്പോൾ, അത് സുന്ദരികളായ നടികളിൽ നിന്നാവുമ്പോൾ, അവർ ആഗ്രഹിക്കുന്നതും നേടുന്നതും നടികൾ കൊടുക്കുന്നതും കൊടുക്കാൻ തയ്യാറാവുന്നതും അവർക്ക് സാധിക്കുന്നത് മാത്രമായിരിക്കും. 

തീർത്തും പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ മാത്രം.

തീർത്തും പ്രകൃതിപരമായതും സ്വാഭാവികമായതും മാത്രം.

ഇത് നടക്കുക സ്വാഭാവികം. 

തീർത്തും സ്വഭാവികായ ഈ കൊടുക്കൽ വാങ്ങൽ നടക്കാതിരിക്കുന്നുവെങ്കിൽ മാത്രമാണ് നമ്മൾ ഞെട്ടേണ്ടത്. അല്ലാതെ നടക്കുമ്പോഴല്ല.

പലപ്പോഴും ഇത്തരം കൊടുക്കൽ വാങ്ങലുകൾ പരസ്പര ധാരണയോടെ നടന്നിട്ടും ഉദ്ദിഷ്ടനേട്ടം കിട്ടാതെ പരാജയപ്പെടുമ്പോൾ മാത്രം നടക്കുന്നതാണ് ഇരവാദവും പീഢനവാദവും, 

അല്ലെങ്കിൽ ഇങ്ങനെയുള്ള കൊടുക്കൽ വാങ്ങൽ നൽകിയത് വെച്ച് വളർന്ന് പന്തലിച്ച് മുന്നോട്ട് പോകും എല്ലാവരും. 

കണ്ണടച്ച് പാൽ കുടിക്കുന്ന പൂച്ചയെ പോലെ. 

താൻ കണ്ണടച്ചത് കൊണ്ട് താൻ ഇരുട്ടിലാണ്, തന്നെ ആരും കാണുന്നില്ലെന്ന പൂച്ചയുടെ ഉത്തമബോധ്യം വെച്ച്.

******

ഒരാണും പെണ്ണും ഒറ്റക്കായാൽ അവർക്കിടയിൽ പിശാചുണ്ടാവും എന്ന് പണ്ടൊരു പ്രവാചകൻ പറഞ്ഞു. 

ആ പ്രവാചകൻ പറഞ്ഞതിലെ പിശാച് എന്ന വാക്കിനെ സ്വാഭാവികത, അരാജകത്വം എന്നൊക്കെയാക്കി മാറ്റിയാൽ സംഗതി എക്കാലത്തും നമ്മൾ മനസ്സിലാക്കുന്ന കാര്യമായി. 

ഒരാണും പെണ്ണും ഒറ്റക്കായാൽ അവർക്കിടയിൽ അവർക്കിടയിൽ സമൂഹം സദാചാരം എന്നീ പേടികൾ ഇല്ലെങ്കിൽ, മറ്റൊരു തടസ്സവും ഇല്ലെങ്കിൽ അരാജകത്വം എന്ന് നാം പേരിട്ട് വിളിക്കുന്ന ലൈംഗികത ഒരളവോളം വാഴും എന്നർത്ഥം.

സ്വാഭാവികതയുടെ ചിറക് മുറിച്ച് നിയന്ത്രിച്ച് അഭിനയിച്ച് കഴിയുന്നതിനെ നമ്മൾ സംസ്കാരം, പക്വത, മതം, സദാചാരം എന്നൊക്കെ പേരിട്ട് വിളിച്ചു. 

അതിനാൽ തന്നെ കൂടുതൽ സംസ്കാരവും പക്വതയും ഉള്ള ആൾ കൂടുതൽ സ്വാഭാവികതയെ തടഞ്ഞുനിർത്തി നിയന്ത്രിച്ച് അഭിനയിച്ച് ജീവിക്കുന്നവനാകും. 

പ്രകൃതിപരമായത് ഒളിച്ചുവെക്കുന്നതിനെ നാം സംസ്കാരം എന്ന് പേര് വിളിച്ചു. 

ചിറക് മുറിച്ച് പറക്കാതിരിക്കുന്നതിനെ നാം വലിയ കാര്യമായി കണ്ടു. 

എന്നാലോ അങ്ങിങ്ങ് ചിറക് വീണ്ടും മുളക്കുന്നു. 

അങ്ങിങ്ങ് സ്വാഭാവികമായതും പ്രകൃതിപരമായതും ഒളിഞ്ഞും തെളിഞ്ഞും തികട്ടിവരുന്നു .

******

No comments: