Sunday, August 18, 2024

ബംഗ്ലാദേശ്: ഇന്ത്യയുടെ വിദേശനയം പരാജയപ്പെടുന്നത് കൂടിയാണ്.

ഇന്ത്യയുടെ വിദേശനയം അമ്പേ പരാജയപ്പെടുന്നത് കൂടിയാണ് ബംഗ്ലാദേശ് തരുന്ന സൂചനയും പാഠവും. 

നമ്മേക്കുറിച്ച് നമുക്കിടയിലും നമ്മുടെ നാട്ടിനുള്ളിലും നമ്മൾ വീമ്പിളക്കുന്നത് മാത്രം മിച്ചം. ബാക്കി മുഴുവൻ നഷ്ടം. 

ഇന്ത്യൻ വിദേശനയം അയൽരാജ്യങ്ങളെ കൂടെനിർത്താൻ പര്യാപ്തമാവുന്നില്ല എന്നത് മാത്രമല്ല, പകരം അയൽ രാജ്യങ്ങളെ മുഴുവൻ ഇന്ത്യയിൽ നിന്ന് കൂടുതൽ അകറ്റി ശത്രുക്കളാക്കാൻ കൂടുതൽ പര്യാപ്തമാവുകയും ചെയ്യുന്നു.

അതുവഴി നമ്മൾ ചൈനക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യുന്നു. 

ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശും പാക്കിസ്ഥാനും ഒക്കെ നമ്മളിൽ നിന്നും ദിനേനയെന്നോണം അകന്നകന്നു പോയി ഇപ്പോൾ ഏറെക്കുറെ ചൈനയുടെ വഴിയിലാണ്. നമ്മൾ തന്നെയും ചൈനയുടെ മുൻപിൽ മുട്ട് മടക്കിയും പലതും പുറത്ത് പറയാനാവാത്തവിധം (നമ്മുടെ ഒന്നും മനസ്സിലാകാത്ത നാട്ടുകാരുടെ മുൻപിൽ വീമ്പ് പറഞ്ഞ് വയറ് നിറച്ച്) നഷ്ടപ്പെട്ട് കൊണ്ടുമാണ്.

മേമ്പൊടിക്ക് വെറുതേ "വസുധൈവ കുടുംബകം* എന്നും "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നുമൊക്കെ നമ്മൾ നമ്മളെ സുഖിപ്പിക്കാൻ മാത്രം നാം പുട്ടിനു തേങ്ങ എന്ന പോലെ ഉരുവിട്ടുകൊണ്ടിരിക്കുമെങ്കിലും സംഗതി നമ്മൾ വെറുപ്പും വിദ്വേഷവും മാത്രം ഉത്പാദിപ്പിച്ച്, ഇരുട്ട് കൊണ്ട് ഓട്ടയടച്ചും പുകമറ ഉണ്ടാക്കിയും നഷ്ടത്തിൻ്റെ വഴിയിൽ മുന്നേറുകയാണ്.

ഇന്ത്യയുടെ ഉള്ളിൽ പോലും വെറുപ്പും വിഭജനവും മാത്രം നടത്തുന്ന നമ്മുടെ വൃത്തികെട്ട അധികാരരാഷ്ട്രീയം ഫലത്തിൽ ഉള്ളിലും പുറത്തും വിപരീതഫലങ്ങൾ മാത്രം നമുക്ക് ഉണ്ടാക്കിത്തരുന്നു. 

നമ്മുടെ ഇത്തരം വെറുപ്പും വിഭജനവും മാത്രം നടത്തുന്ന വൃത്തികെട്ട അധികാരരാഷ്ട്രീയം ഒരു പ്രതിപ്രവർത്തനം പോലെ അയൽരാജ്യങ്ങളെയും വൃത്തികെടുത്തുന്നു.

അവരെയും പ്രതികരണപരമായി അത് കൂടുതൽ തീവ്രവാദവൽക്കരിക്കുന്നു..

ഇന്ത്യക്ക് ഇന്ത്യയുടെ ഉളളിൽ തന്നെ ഇന്ത്യക്കാരായ ജനങ്ങളിൽ നിന്ന് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് , ഇന്ത്യക്കാരുടെ മനസ്സിൽ ഭീതിയും സംശയവും വെറുപ്പും വിഭജനവും ഉണ്ടാക്കിയ നാം പൂക്കിപ്പറയുന്ന് ഉഗ്രദേശീയതയുടെ, ഇന്ത്യക്കാരിൽ ഒരു വലിയ വിഭാഗത്തെ രാജ്യദ്രോഹികളെ പോലെ കാണുന്ന ഈ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയമാണ് ഇന്ത്യൻ വിദേശ നയത്തിൻ്റെയും മുനയൊടിച്ചത്.

സ്വന്തം ജനങ്ങളെ തന്നെ തമ്മിൽ വെറുപ്പിക്കുകയും തമ്മിൽ തല്ലിക്കുകയും ചെയ്യുന്ന വൃത്തികെട്ട ആഭ്യന്തരരാഷ്ട്രീയം കളിക്കുന്ന ഒരു ഭരണകൂടത്തിന് എങ്ങിനെ ഒരു നല്ല വിദേശനയം സാധിക്കും, എങ്ങിനെ നല്ല അയൽവാസികളെ ഉണ്ടാക്കാനും ഒരുമിപ്പിച്ച് കൊണ്ടുനടക്കാനും സാധിക്കും, എങ്ങിനെ അയൽ രാജ്യങ്ങളെ സ്നേഹിക്കാൻ സാധിക്കും?

********

ജാതിസമ്പ്രദായം മാത്രമേ ഇന്ത്യയിൽ ഒരു മതമായി നിലനിന്നിരുന്നിട്ടുള്ളൂ, ഇപ്പോഴും നിലനിൽക്കുന്നുള്ളൂ. 

ജാതി എന്ന മതം ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് നിർത്തി, ഇന്ത്യയെ ആർക്കും വന്ന് ആക്രമിച്ച് കീഴടക്കാൻ പരുവത്തിലാക്കി. 

ഇപ്പിപ്പോൾ ഇസ്ലാംവിരുദ്ധത വെച്ച് ഇസ്ലാം പോലെ തന്നെയുള്ള ഒരു മതമായി മാറ്റാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട് എന്ന് മാത്രം.

No comments: