Saturday, August 10, 2024

ബംഗ്ലാദേശിൻ്റെയും ബംഗ്ലാദേശുകാരുടെയും ഭാഗത്ത് നിന്ന്, അവരായി നിന്ന് ചിന്തിക്കുക

ബംഗ്ലാദേശിൽ നടന്നത് ശരിയായാലും തെറ്റായാലും ഭരണവിരുദ്ധ സമരമാണ്.

ഒരു സമരവും പൂർണ്ണ അച്ചടക്കത്തിൽ  മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതും നിർവ്വചിക്കപ്പെട്ടതും പോലെ എവിടെയും നടന്നിട്ടുണ്ടാവില്ല.  അതിനാൽ ബംഗ്ലാദേശിലെ ഭരണവിരുദ്ധ സമരവും. 

ഏത് സമരവും വിപ്ലവവും പ്രത്യേശാസ്ത്രവും അതിൻ്റെ വളർച്ചയിലും ഉയർച്ചയിലും  തന്നെ പിതാക്കളെയും മക്കളെയും കൊല്ലുമെന്നത് ഫ്രഞ്ച് വിപ്ലവവും റഷ്യൻ വിപ്ലവവും വെച്ച് നമുക്ക് അറിയുന്ന കാര്യവുമാണ്. 

കമ്യൂണിസം അധികാരത്തിൻ്റെ വഴിയിൽ അതിനെ തന്നെ (നക്സലൈറ്റ് വെട്ട എന്ന ഓമനപ്പേരിൽ വരെ) കൊന്നുതിന്നുന്ന ത് നാം കണ്ടതും കാണുന്നതുമാണ്

ബംഗ്ലാദേശ് ഭരണ വിരുദ്ധ സമരത്തിലും നാം അറിഞ്ഞതും അറിയാത്തതുമായ തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും സംഭവിച്ചിട്ടുണ്ടാവും, സംഭവിക്കുന്നുണ്ടാവും.

അത്തരം തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും ബംഗ്ലാദേശിൽ നടന്നില്ലെന്നു പറയലും പറയാതിരിക്കലും അവയെയൊന്നും ന്യായീകരിക്കലും ഇവിടെ, പ്രത്യേകിച്ചും ഇന്ത്യയിൽ ആർക്കും പണിയല്ല, പണിയാവേണ്ടതില്ല. 

അത്തരം തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും എത്രയും കുറയുന്നുവോ അത്രയും നല്ലത് എന്ന് വിചാരിക്കുകയും ആഗ്രഹിക്കുകയും മാത്രം നമുക്ക് ചെയ്യാം.

ബംഗാദേശുകാർക്ക് വേണ്ട ബംഗ്ലാദേശിൻ്റെ രാഷ്ട്രീയമായ ശരിയും തെറ്റും ഇങ്ങ് ഇന്ത്യയിൽ നിന്ന് നമുക്ക് നിശ്ചയിക്കാനും കൽപിക്കാനും സാധിക്കില്ല.

അതേ സമയം ബംഗ്ലാദേശിൽ ഈ ഭരണവിരുദ്ധ സമരത്തിനിടയിൽ നടന്ന അപശ്രുതിയും തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും മാത്രം സന്ദർഭത്തിൽ നിന്നും അടർത്തിയും ഉപ്പും മുളകും തേച്ചും ഇങ്ങ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ദേശം മനസ്സിലാവുന്നില്ല.

അല്ലെങ്കിൽ തന്നെ ബംഗ്ലാദേശിനെക്കാൾ സാമൂഹ്യസൗഹാർദ്ദ അന്തരീക്ഷം വഷളായ, വഷളാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന കുറേ പാർട്ടികളുള്ള ഇന്ത്യയിൽ ബംഗ്ലാദേശിലെ ഈ ഭരണവിരുദ്ധ സമരത്തിനിടയിൽ നടന്ന അപശ്രുതിയും തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും മാത്രം സന്ദർഭത്തിൽ നിന്നും അടത്തിയും ഉപ്പും മുളകും തേച്ചും ഇങ്ങ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത് സദുദ്ദേശപരമാവുമോ? 

ഇല്ല.

ഗുജറാത്തും നെല്ലിയും ബഗൽപൂറും മുസഫർനഗറും മീററ്റും രാമജന്മൂമി ബാബരി മസ്ജിദ് കലാപങ്ങളും ഒട്ടനവധി മനുഷ്യജീവനുകളെ കൊന്നൊടുക്കിയ, രാജ്യത്തിൻ്റെ അധികാരത്തിലേക്കുള്ള വഴിയായ ഇന്ത്യയിൽ ഇങ്ങനെ ഉള്ളതും ഇല്ലാത്തതും പാടിനടക്കുന്നത് വലിയ രാജ്യതാൽപര്യവും റാജ്യസ്‌നേഹവും ആണോ?

ഇനിയല്പം ബംഗ്ലാദേശുംകാരുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് പറയുക. 

കണ്ടതിനും കേട്ടതിനുമൊക്കെ ചോറിങ് കൂറങ്ങ് എന്നാരോപിക്കുന്നത് പല്ലവിയാക്കിയ നമ്മെവെച്ച് തന്നെ ചിന്തിച്ച് പറയുക.  

നമ്മുടെ മുൻഭരണാധികാരിയോ രാഷ്ടീയനേതാവോ പാക്കിസ്ഥാനിലാണ് അഭയംതേടുന്നതെങ്കിൽ അവരെക്കുറിച്ച്  നാമെന്ത് പറയും? 

പാക്കിസ്ഥാൻ ഭരണാധികാരി മുൻഭരണാധികാരിയോ രാഷ്ടീയനേതാവോ ഇന്ത്യയിലാണ് അഭയംതേടുന്നതെങ്കിൽ പാകിസ്ഥാനികളും എന്ത് പറയും? 

എങ്കിൽ, ഇന്ത്യയിൽ അഭയം തേടുന്ന ബംഗ്ലാദേശിൻ്റെ മുൻഭരണാധികാരിയെ കുറിച്ച് ബംഗ്ലാദേശുകാർ എന്ത് പറയണം? 

ഇന്ത്യൻ പാവയും ചാരയും ആയി അവർ ഹസീന വാജിദിനെ ആദ്യമേ മനസ്സിലാക്കിയത് തെറ്റായിരുന്നില്ലെന്നല്ലേ അവരും പറയുക, എന്നല്ലേ അവർക്കും പറയാനാവുക?

ബംഗ്ലാദേശികളുടെ അങ്ങനെയുള്ള സംശയത്തിനും ആരോപണത്തിനും അതടിസ്ഥാനമാക്കിയും അല്ലാതെയും നടത്തുന്ന സമരത്തിനും തീരെ അർഥമില്ലെന്ന് പറയാൻ സാധിക്കുമോ? 

പ്രത്യേകിച്ചും ബംഗ്ലാദേശുകാരായി ബംഗ്ലാദേശിൻ്റെ ഭാഗത്ത് നിന്ന്, അവരുടെ രാജ്യസുരക്ഷയും രാജ്യതാല്പര്യവും രാജ്യസ്നേഹവും വെച്ച് അവർ ചിന്തിക്കുമ്പോൾ.

No comments: