Thursday, August 15, 2024

കൊപ്രക്കച്ചവടക്കാരന് എവിടെയും കൊപ്ര തന്നെ വിഷയം.

ശരി ഒന്നുമാത്രമല്ലെന്നത് ഇന്ത്യൻ ചിന്തയും ദർശനവും വിശ്വാസവും കൂടിയാണെന്ന് മനസ്സിലാക്കുക. 

ശരിയും ധർമ്മവും നടപ്പാക്കാൻ സ്വന്തം കുടുംബത്തിനെതിരെയായാലും പ്രതികരിക്കണം എന്നത് ശ്രികൃഷ്ണൻ കാണിച്ചുതന്ന വഴിയും കൂടിയാണെന്നത് നാം മറന്നുപോകരുത്.

*******

കൊപ്രക്കച്ചവടക്കാരന് എവിടെയും കൊപ്ര തന്നെയാവും വിഷയം. 

തെങ്ങിൻ മുകളിലോട്ട് മാത്രമാവും അവന് എപ്പോഴും എവിടെയും നോട്ടം. 

എല്ലായിടത്തും അവന് ഒരേയൊരു കാഴ്ച, 

എല്ലാറ്റിനും അവന് ഒരേയൊരു ദിശ, മുഖം. 

വെറുപ്പും വിഭജനവും ഉണ്ടാക്കുന്നവനും വിതരണം ചെയ്യുന്നവനും അപ്പടി. 

ഇന്ത്യയിൽ അവർക്ക് എവിടെയും എപ്പോഴും പാക്കിസ്ഥാനും മുസ്ലിമും ഇസ്‌ലാമും തന്നെ എപ്പോഴും വിഷയം. 

അവർക്ക് എവിടെയും എപ്പോഴും പാക്കിസ്ഥാനും മുസ്ലിമും ഇസ്‌ലാമും കേന്ദ്രീകരിച്ചും വിരുദ്ധമാക്കിയും മാത്രം വിഷയങ്ങൾ. 

അല്ലാതെ ഒന്നും പറയാനില്ലാതെ അവർ. 

രാജ്യസ്നേഹമെന്നാൽ അയൽരാജ്യങ്ങളെ കുറിച്ച് മോശമായത് ഉള്ളതും ഇല്ലാത്തതും സ്വന്തം രാജ്യത്ത് പറയുക, അതുകൊണ്ട് വയറുനിറക്കുക എന്നതാണ് അവരുടെ രീതി.

കളവ് മാത്രം പടച്ചുണ്ടാക്കി പറയുന്ന അവർക്ക് എവിടെയും എപ്പോഴും എല്ലാം തന്നെ കളവ് പറയാനുള്ള അവസരങ്ങൾ, ന്യായങ്ങൾ.

പെരുംകളവ് അവർക്ക് സത്യം. 

സത്യം അവർക്ക് പെരുംകളവ്.

അവരുടെയും അവരെ ഒരുക്കിയവരുടെയും ഒരു ദുരന്തം ഓർത്തുനോക്കൂ. 

ഉപബോധമനസ്സ് കൊണ്ടാണ് എല്ലാവരും അവരും അടിമപ്പെടുന്നത്. 

അല്ലാതെ ശരീരം കൊണ്ടല്ല ആരും അവരും അടിമപ്പെടുന്നത്.

അവർ ഉപബോധമനസ്സ് കൊണ്ട് അടിമപ്പെട്ടവർ.

ശരിയും തെറ്റും എപ്പോഴും എല്ലാ കാലത്തും എല്ലാ അവസരങ്ങളിലും ഒരേയൊരു പക്ഷത്തല്ല എന്നത് അവർക്ക് ബാധകമല്ല.

ഏത് പക്ഷത്തും എപ്പോഴും കുറച്ചെങ്കിലും ശരിയും തെറ്റും ഉണ്ടാവും.

എന്നതിനാൽ ഈയടുത്ത് നടന്ന ബംഗ്ലാദേശ് ഭരണ വിരുദ്ധ സമര വിഷയം വരെ വേറേതന്നെ രീതിയിൽ ചർച്ച ചെയ്യാൻ ഈയുള്ളവൻ ശ്രമിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ നടന്നത് മുഴുവൻ ശരിയാണ് എന്നത് കൊണ്ടല്ല. ഒരു കുറേ തെറ്റുകൾ ഏത് സമരത്തിലും കലാപത്തിലും അനിയന്ത്രിതമായി നടക്കും എന്നതിനാൽ അവിടെയും നടന്നിട്ടുണ്ട്. ഒരു സംശയവും തർക്കവും ഈയുള്ളവന് അക്കാര്യത്തിൽ ഇല്ല.

പക്ഷെ, മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഇന്ത്യയിൽ ഇന്ത്യൻജനതയുടെ സൗഹാർദ്ദവും ഐക്യവും തകരാതിരിക്കുന്നതിന് എപ്പോഴും മുൻഗണന കൊടുക്കേണ്ടതുണ്ട് എന്ന് ഉള്ളിലുറച്ച് മനസ്സിലാക്കുന്നതിനാൽ.

ഇന്ത്യക്കാരെ ഇന്ത്യക്കാരെ കൊണ്ട് തന്നെ കൊണ്ണുതള്ളിക്കാൻ വെറുപ്പും വിഭജനവും നടത്തരുത് എന്നതിനാൽ.

വർത്തമാനകാലത്തിൽ പഴയകാല വിഴുപ്പുകൾ കൊണ്ടുനിറച്ച് വൃത്തികെടുത്തരുത്, അക്രമാസക്തമാക്കരുതല്ലോ എന്നതിനാൽ.

അത്തരം തെറ്റുകൾ ഇന്ത്യയിൽ വിളിച്ചുപറയാൻ ശ്രമിച്ചിട്ടില്ല. കാരണം അവ ബംഗ്ലാദേശിനുള്ളിൽ തിരുത്തേണ്ട വിഷയങ്ങളാണ്. 

അതിവിടെ നിക്ഷിപ്ത താല്പര്യക്കാർക്ക് അവരുടെ വെറുപ്പും വിഭജനവും നടത്താനുള്ള അജൻഡ നടപ്പാക്കാൻ വേണ്ടി വിളിച്ചു പറയേണ്ടതല്ല. 

അതിവിടെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി അല്ലെങ്കിൽ തന്നെ നിക്ഷിപ്ത താല്പര്യക്കാർ ദുരുപയോഗപ്പെടുത്തുന്നുണ്ട്  എന്നറിയുന്നതിനാൽ

നാം നമുക്ക് വേണ്ടി പറയുന്നതും ഉണ്ടാക്കി പറയുന്നതും ആയിരിക്കില്ലല്ലോ ബംഗ്ലാദേശിൽ അവരുടെ ശരി.

പ്രത്യേകിച്ചും അധികാരം നേടാൻ കളവുകൾ മാത്രം പടച്ചുണ്ടാക്കി പൊലിപ്പിച്ചുവിടുന്ന വാർത്താമാധ്യമങ്ങൾ നമുക്ക് ചുറ്റും ഒരുകുറേ റോന്ത് ചുറ്റുമ്പോൾ.

അധികാരപക്ഷത്ത് മാത്രം നിന്ന്, അധികാരത്തെ ഒരിക്കലും ചോദ്യം ചെയ്യാതെ, അധികാരത്തിന് ഓശാനയും മുഖസ്തുതിയും മാത്രം പാടി, അധികാരത്തിൻ്റെ അപ്പവും വീഞ്ഞും ആസ്വദിച്ച്, ചില കുത്സിതവാർത്തകൾ മാത്രം അത്തരം വാർത്താമാധ്യമങ്ങൾ പുറപ്പെടുവിക്കുമ്പോൾ നമ്മൾ രാജ്യസ്നേഹം വെച്ച് തന്നെ ജാഗരൂകരാവണം. 

കാരണം അവർ ചിതലിനെ പോലെ സംരക്ഷിക്കുന്നു, സ്നേഹിക്കുന്നു എന്ന് വരുത്തി നമ്മെ പൊതിഞ്ഞ് നമ്മെ ഉളളിൽ നിന്നും കാർന്നുതിന്നും. അങ്ങനെ കാർന്നു തിന്നുന്നതിനും അവർ രാജ്യസ്നേഹം എന്ന് പേരിടും. 

അധികാരം എപ്പോഴും രാജ്യസ്നേഹത്തെ നിർവ്വചിക്കുന്നത് അധികാരത്തെ അതിൻ്റെ എന്ത് നേടികേടുകളും ചൂഷണവും സഹിച്ച് പിന്തുണക്കുക, അധികാരത്തിന് ഓശാന പാടുക എന്ന നിലക്കാണ്.

ഇന്ത്യയോടുള്ള സ്നേഹം എന്നാൽ ഇന്ത്യയിലെ നിക്ഷിപ്ത അധികാര താൽപര്യക്കാരോടുള്ള സ്നേഹമല്ല. 

നിക്ഷിപ്ത അധികാര താൽപര്യക്കാരുടെ അണികൾ പറയുന്ന, നടത്തുന്ന എല്ലാ കളവുകളും അപ്പടി സ്വീകരിക്കുക, പ്രചരിപ്പിക്കുക എന്നതല്ല രാജ്യസ്നേഹം.

അയൽ രാജ്യങ്ങളെ കുറിച്ചും സ്വന്തം നാട്ടിലെ തന്ന് ഏതെങ്കിലും ഒരു വിഭാഗത്തെ കുറിച്ചും നിർബന്ധമായും കളവ് പറയുക, വെറുപ്പ് പ്രചരിപ്പിക്കുക എന്നതല്ല രാജ്യസ്നേഹം.

ആര് പറഞ്ഞാലും കളവ് കളവ് തന്നെ.

ആര് നടത്തിയാലും വെറുപ്പ് വെറുപ്പും ശത്രുതയും ശത്രുതയും തന്നെ. 

രാജ്യസ്നേഹം എന്നാൽ നിർബന്ധമായും അയൽവാസികളെ ശത്രുക്കളാക്കുക, വെറുക്കുക എന്നതല്ല. 

അയൽവാസികളെ വെറുക്കലാണ്, അത് കാണിച്ച് മാത്രം അധികാരം നേടുക എന്നതാവരുത് സ്വന്തം നാടിനെ സ്നേഹിക്കുക എന്നാൽ അർത്ഥമെന്ന് വരരുത്, വരുത്തരുത്.

ശരി ആരെങ്കിലും പറയുന്നത് മാത്രമല്ല. 

ഇന്ത്യയിൽ നിന്ന് ഇന്ത്യയുടെ താൽപര്യം വെച്ച് പറയുന്നത് മാത്രമല്ല ലോകത്തേക്ക് മൊത്തം ശരി. 

ഇന്ത്യയിൽ നിന്ന് ഇന്ത്യയുടെ താൽപര്യം വെച്ച് പറയുന്നത് ഇന്ത്യയെ സംരക്ഷിക്കാനുള്ള, ഇന്ത്യയുടെ കാര്യങ്ങളിൽ മറ്റാരും ഇടപെടാതിരിക്കാനുമുള്ളതെങ്കിൽ ഏറിയാൽ അത് നമുക്കുള്ള ശരി. നമ്മുടെ നാട്ടിൽ ശരി.

അപ്പോഴും അപ്പുറത്ത്, അപ്പുറത്തുള്ളവർക്ക്, അവരെ സംരക്ഷിക്കാനും അവരുടെ കാര്യങ്ങളിൽ മറ്റാരും ഇടപെടാതിരിക്കാനും വേറൊരു ശരിയുണ്ട്, ഉണ്ടാവും എന്നത് നാം മറക്കരുത്.

*******

ശരി ഒന്നുമാത്രമല്ലെന്നത് ഇന്ത്യൻ ചിന്തയും ദർശനവും വിശ്വാസവും കൂടിയാണെന്ന് മനസ്സിലാക്കുക. 

ശരിയും ധർമ്മവും നടപ്പാക്കാൻ സ്വന്തം കുടുംബത്തിനെതിരെയായാലും പ്രതികരിക്കണം എന്നത് ശ്രികൃഷ്ണൻ കാണിച്ചുതന്ന വഴിയും കൂടീാണെന്നത് നാം മറന്നുപോകരുത്.

No comments: