സുഹൃത്തുക്കളോട് പറയാനുള്ളത് നന്ദിയല്ല.
സുഹൃത്തുക്കൾക്ക് നന്ദി പറയാൻ ആവശ്യപ്പെട്ടാലും പറയില്ല.
സുഹൃത്തുക്കൾക്ക് നന്ദി പറയാത്തത് ഒരു ഗുണമായി എടുത്തുപറയണം.
ഒരുപക്ഷേ എവിടെയെങ്കിലും എപ്പോഴെങ്കിലും മാത്രം നന്ദി പറയുന്നതിനെ ചോദ്യം ചെയ്യണം.
********
കാരണം, സൗഹൃദത്തിൽ നന്ദി പറയേണ്ടതുണ്ടെങ്കിൽ:
അത് സൗഹൃദത്തോടാണ്.
സുഹൃത്തുക്കളായ ആരോടെങ്കിലുമല്ല.
അതെപ്പോഴുമാണ്,
അത് ഓരോ നിമിഷവുമാണ്.
എപ്പോഴെങ്കിലുമല്ല.
അത് പ്രത്യേക സ്ഥാനവും സമയവും ഇല്ലാതെയാണ്.
അത് ആർക്കെങ്കിലും എന്തിനെങ്കിലും മാത്രമായല്ലാതെയാണ്.
ഒരു വകതിരിവും പ്രത്യേകതയും ഒന്നിനും ആർക്കും നൽകാതെ.
പ്രത്യേകത സൗഹൃദത്തിന് മാത്രം തന്നെയല്ലാതെ.
*******
എന്തുകൊണ്ട് പല സൗഹൃദ കൂടിച്ചേരലുകളിലും ഈയുള്ളവൻ നന്ദി പറഞ്ഞില്ല.
എനിക്ക് എന്നോട് നന്ദി പറയാൻ സാധിക്കില്ല, പറയേണ്ടതില്ല എന്നതിനാൽ.
സൗഹൃദം എന്നിലെ ഞാനാണ്, എന്നിലെ എന്നെപ്പോലെയാണ് എന്നതിനാൽ.
നന്ദി വെറും വെറുതേയും പറയാം എന്നതിനാൽ.
നല്ല കുറെ വാക്കുകൾ നല്ല കുറെ പ്രവൃത്തികളാവില്ല.
നല്ല നൂറായിരം വാക്കുകൾ ഒരേയൊരു നല്ല പ്രവൃത്തിക്ക് പോലും പകരമാവില്ല.
പ്രവൃത്തിക്ക് പകരം പ്രവൃത്തി മാത്രം.
സൗഹൃദത്തിന് പകരം സൗഹൃദം മാത്രം.
സൗഹൃദം പരസ്പരമുള്ള പ്രവൃത്തികളാണ്. പ്രവർത്തിക്കാത്ത വാക്കുകളല്ല സൗഹൃദം.
നന്ദി വെറുമൊരു പറഞ്ഞുതീർക്കലാണ്.
നന്ദി പറച്ചിൽ പലപ്പോഴും വെറും വെറുതേയുളള ചടങ്ങാണ്, ഉപചാരമാണ്.
ഉപചാരവും ചടങ്ങും പലപ്പോഴും കൃത്രിമമാണ്, യാന്ത്രികമാണ്.
നന്ദി അക്കൗണ്ട് ക്ലോസ് ചെയ്യലാണ്, കണക്ക് തീർക്കലാണ്, തീർത്തെന്ന് വരുത്തലാണ്.
സൗഹൃദത്തിൽ അക്കൗണ്ട് തുറന്നേയിരിക്കണം, സൗഹൃദത്തിൽ കണക്ക് തീരാതെയാണ്. എക്കൗണ്ട് ക്ലോസ് ചെയ്യലില്ല.
സൗഹൃദത്തിൽ, അല്ലെങ്കിലും, ആര് ആരോട് ആർക്ക് നന്ദി പറയാൻ?
സൗഹൃദത്തിൽ നന്ദി എല്ലാവരും എല്ലാവരോടും തന്നെയാണ്. എല്ലാവരും എല്ലാവർക്കും തന്നെയാണ്.
സൗഹൃദത്തിൽ നന്ദി ആരോടെങ്കിലുമായി മാത്രമില്ല.
നന്ദി പറയേണ്ടി വരുന്നുവെങ്കിൽ, നന്ദി പ്രതീക്ഷിക്കുന്നുവെങ്കിൽ സൗഹൃദം സൗഹൃദം പോലുമല്ലെന്നാവും.
എല്ലാവരോടും എല്ലാവർക്കുമായാണ് സൗഹൃദത്തിൽ കടപ്പാട്.
സൗഹൃദത്തോടാണ് സൗഹൃദത്തിൽ കടപ്പാട്, നന്ദി.
അതുകൊണ്ട് തന്നെ സൗഹൃദത്തിൽ നന്ദി എന്ന വാക്കില്ല.
പകരം സൗഹൃദത്തിൽ സൗഹൃദം മാത്രം.
വെറും വെറുതെ വിട്ടഭാഗം പൂരിപ്പിക്കുന്ന സൗഹൃദം മാത്രം നന്ദി.
സൗഹൃദം തന്നെയാണ് സൗഹൃദത്തിലെ നന്ദി.
സൗഹൃദം ആഗ്രഹിക്കുകയും നേടുകയും സൂക്ഷിക്കുകയുമാണ് സൗഹൃദത്തിൽ നന്ദി
അല്ലാത്ത ഏതൊരു നന്ദി പറച്ചിലും ഫോർമലാണ്., സൗഹൃദമല്ല.
********
Formality വരുന്നിടത്ത് spirituality അപ്രത്യക്ഷമാകും.
Formality വരുന്നിടത്ത് സൗഹൃദം വറ്റിവരളും.
Formality വരുന്നിടത്ത് ഒറിജിനാലിറ്റിയും സ്വാഭാവികതയും (spontaneityയും) നഷ്ടമാവും.
Formality വരുന്നിടത്ത് സൗഹൃദം ഒഴുക്കില്ലാത്ത വെറും ദുർഗന്ധം വമിക്കുന്ന, കെട്ടിക്കിടക്കുന്ന ജലാശയമാകും.
ഫോർമാലിറ്റി രൂപത്തിലാണ്, രൂപം കൊണ്ടാണ്, രൂപം (form) സൂക്ഷിക്കാനാണ്.
സൗഹൃദം ഉണ്ടാവുന്നത് ഉള്ള രൂപവും ഭാവവും നഷ്ടപ്പെടുത്താനാണ്, നഷ്ടപ്പെടുമ്പോഴാണ്.
അതുകൊണ്ട് കൂടിയാണ് സൗഹൃദം എന്തും തുറന്നു പറയാനാവുന്ന ഇടമാകുന്നത്.
അതുകൊണ്ടാണ് സൗഹൃദം കെട്ടഴിക്കുന്ന, കെട്ടഴിയുന്ന, ഭാരിമിറക്കുന്ന, ഭാരമിറങ്ങുന്ന ഇടമാകുന്നത്.
Formality വന്നാൽ അഭിനയവും കൃത്രിമത്വവും കാപട്യവും സ്ഥാനം നേടും. ഭാരം കൂടും. കാര്യങ്ങൾ ബാധ്യത പോലെയാകും.
Formality വന്നാൽ സ്ഥാനമാനങ്ങളും അധികാരവും സമ്പത്തും വലുതാകും.
Formality വന്നാൽ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും സമ്പത്തിനും ആയിരിക്കും സൗഹൃദമെന്ന പേരിൽ നമ്മൾ നന്ദി പറയുക.
ഫോർമാലിറ്റിയിൽ formനാണ് (രൂപത്തിനാണ്) പ്രാധാന്യം.
ഫോമാലിറ്റിയിൽ ബാഹ്യമായ കാഴ്ചക്കാണ് പ്രാധാന്യം.
ഫോമാലിറ്റിയിൽ സ്‌പിരിറ്റിനും സൗൾനും സ്ഥാനമില്ല.
ഫോം ദ്രവിക്കാനുള്ളതാണ്, നഷ്ടപ്പെടുന്നതാണ്.
അതിനാൽ ഫോമാലിറ്റിയും യഥാർത്ഥത്തിൽ കാലത്തിൽ നിലനിൽക്കുന്നതല്ല.
അനുഭവിക്കുമ്പോൾ നഷ്ടപ്പെടാനുള്ളതാണ് ഫോം (രൂപം). അതിനാൽ ഫോർമാലിറ്റിയും.
ശരിക്കും അനുഭവിക്കുമ്പോൾ നാം കണ്ട് വാങ്ങിയ നാരങ്ങയുടെയും മാങ്ങയുടെയും രൂപം നഷ്ടപ്പെടും.
അതുപോലെ ഫോമും ഫോർമലിറ്റിയും ഇല്ലാതാവും. അനിവാര്യത പോലെ.
നിറവും തോലും പാക്കറ്റും കണ്ടാണ് നാം എന്തും വാങ്ങുക, കൈക്കലാക്കുക.
പക്ഷേ, നാം കണ്ട് വാങ്ങിയ നിറവും തോലും പാക്കറ്റും അനുഭവിക്കാൻ തുടങ്ങുന്നതിൻ്റെ ആദ്യഘട്ടത്തിൽ തന്നെ നഷ്ടമാകും, നാം നഷ്ടപ്പെടുത്തും.
അനുഭവിക്കുമ്പോൾ മണവാട്ടിയുടെയും മണവാളൻ്റെയും, അവരെ അവരാക്കിയ വിലപ്പെട്ട വസ്ത്രം നഷ്ടപ്പെടും.
സൗഹൃദത്തിൽ സ്ഥാനത്തിനും മാനത്തിനും അധികാരത്തിനും സ്ഥാനമില്ല.
അത്രക്കെയുള്ളൂ ഫോമും ഫോർമാലിറ്റിയും.
അത്രക്കെയുള്ളൂ നന്ദിയും നന്ദി വാക്കുകളും.
അത്രക്കെയുള്ളൂ ആചാരങ്ങളും ഉപചാരങ്ങളും.
*******
ഒന്നോർത്ത് നോക്കൂ: നമുക്കിടയിലെ നമ്മുടെ ഈ സൗഹൃദം ഉണ്ടായത് എങ്ങിനെയെന്ന്.
ഒന്നും ആവശ്യപ്പെടാതെ.
ഒന്നും പ്രതീക്ഷിക്കാതെ.
അവകാശവാദങ്ങളും അഭിനയങ്ങളും സ്ഥാനങ്ങളും മാനങ്ങളും ഉണ്ടാവുന്നതിനും മുൻപാണ് നമ്മുടെ ഈ സൗഹൃദം ഉണ്ടായത്.
നമ്മൾ ഇന്നത്തെ നമ്മളാവുന്നതിനും മുൻപ്.
പ്രതീക്ഷകളെ ചിറകുകളാക്കിയ കാലത്ത്.
നാട്യങ്ങളില്ലാത്ത അവസ്ഥയിലാണ് നമ്മൾ സുഹൃത്തുക്കളായത്.
നമ്മൾ നമ്മളായിത്തീരുന്ന പ്രക്രിയക്കിടയിലാണ്, പരിണാമത്തിനിടയിലാണ് നമ്മൾ സുഹൃത്തുക്കളായത്.
അതിനാൽത്തന്നെ നമ്മൾ സുഹൃത്തുക്കളായെങ്കിൽ വളരേ ഇൻഫോർമലായാണ് നമ്മൾ സുഹൃത്തുക്കളായത്.
വളരേ കാഷ്വലായാണ് നമ്മൾ സുഹൃത്തുക്കളായത്.
ഇൻഫോർമലും കാഷ്വലും ആവുമ്പോൾ അവിടെ ആവശ്യങ്ങളില്ല, പ്രതീഷകളില്ല, അഭിനയമില്ല, കാപട്യമില്ല, നന്ദി ഇല്ല.
ആവലും ആയിത്തീരലും മാത്രമാണ്.
******
ചിലർ എല്ലാവർക്കുമിടയിൽ, സൗഹൃദത്തിനിടയിലെ പാലമായി വർത്തിക്കും.
അവർ കാരണം എല്ലാവരും ഒരു മറയും ഇല്ലാതെ പരസ്പരം ഇടപെടും, വിനിമയം നടത്തും.
ആ ചിലർ സൗഹൃദത്തിലെ കാറ്റലിസ്റ്റുകളാണ്. ഉൾപ്രേരകങ്ങൾ.
എല്ലാം നഷ്ടപ്പെടാൻ തയ്യാറായി ഒന്നും നഷ്ടപ്പെടാത്തവർ. എല്ലാവർക്കും നേട്ടമുണ്ടാക്കുന്നവർ,
എല്ലാവരെയും ത്വരിതപ്പെടുത്തുന്നവർ
ബന്ധങ്ങളുടെ ശ്വാസോച്ഛ്വാസമാക്കും അവർ പരസ്പരമുള്ള അത്തരം കൂടിച്ചേരലുകളെയും വിനിമയങ്ങളെയും ഇടപെടലുകളെയും.
എല്ലാവരും എല്ലാവർക്കും വേണ്ടി എന്തിനും തയ്യാറാവുന്നത് പോലെയാവും പിന്നെ അത്തരം കൂടിച്ചേരലുകളും വിനിമയങ്ങളും.
വണ്ടി ഇല്ലാത്തവർക്ക് വണ്ടിയും കാലില്ലാത്തവർക്ക് കാലുമാകുന്നത് സൗഹൃദം, പാലം.
പരസ്പരം സ്വന്തമാക്കാനും അടുക്കാനുമുള്ള മത്സരമാകുന്നത് സൗഹൃദം.
ആർക്കും ഒരുതരം excuse ആരോടും പറയാനില്ലാത്തത് സൗഹൃദം.
ഒന്നും ഒരു ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ പാതിരാവിലും കൂടെനിൽക്കാൻ തയ്യാറാവുന്നത് സൗഹൃദം.
അത്തരം സൗഹൃദത്തിൻ്റെ കാര്യത്തിൽ ചിലരെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.
അവരെപ്പോഴും മുന്നിൽ.
ഏറെ വിശദീകരണങ്ങൾ വേണ്ടാതെ, ഇല്ലാതെ മുന്നിൽ.
വേറെ ചിലരെ നമുക്ക് കുറേ കാലങ്ങൾക്ക് ശേഷം സൗഹൃദ കൂടിച്ചേരനിടയിൽ വീണുകിട്ടും.
സൗഹൃദം എല്ലാവർക്കും എല്ലാവരെയും വീണുകിട്ടലാണ് എന്നോർമ്മിപ്പിക്കും പോലെ.
വീണുകിട്ടുമ്പോൾ കിട്ടുന്നേടത്ത് നിന്ന് ആരുടേത് എന്ന് നോക്കാതെ എടുത്ത് കൊണ്ടുപോകേണ്ടതുമാണ് സൗഹൃദം എന്ന് പറയും പോലെ.
മറ്റുചിലർക്ക് സൗഹൃദത്തിൽ നിറഞ്ഞുനിൽക്കാൻ കാരണങ്ങളും ന്യായങ്ങളും വേണ്ട. അവർ സ്വയം തന്നെ നിറഞ്ഞുനിൽക്കുന്ന സംഘാടകരാകും. വിശേഷങ്ങൾ ഏറെ പറയുന്ന, പറയാനുള്ള ആളുകളാകും അവർ.
എന്നാൽ മറ്റുപലരും നല്ല പങ്കാളിത്തമുള്ള കാഴ്ചക്കാരാവാൻ തന്നെ കിണഞ്ഞ് ശ്രമിക്കും. ഗാലറി പണിത്, ആ ഗാലറിയിൽ ഇരുന്ന്.
********
ഇതിനെല്ലാമിടയിൽ ഒന്ന് പറയട്ടെ.
സൗഹൃദം കൂടുന്നിടത്ത് അഭാവം കൊണ്ട് അവിടെത്തന്നെ ഉണ്ടാവുന്ന ചിലരുണ്ട്.
അവർ നാമാരും കാണാത്ത സൗഹൃദത്തിൻ്റെ ആത്മാവ് ഒളിപ്പിച്ചു കൊണ്ടുനടക്കുന്നവരാണ്.
No comments:
Post a Comment