വരുന്നു, പോകുന്നു എന്നും ജീവിതത്തിന് അർത്ഥം നൽകാമോ?
ഇല്ല.
കാല്പനികമായും, കവിതക്ക് വേണ്ടിയും വിശ്വാസത്തിന് വേണ്ടിയും അല്ലാതെ അങ്ങനെയൊരർത്ഥം ജീവിതത്തിന് നൽകിക്കൂട.
എന്തുകൊണ്ട്?
ആരും അവരായ് വരുന്നുമില്ല, ആരും അവരായ് പോകുന്നുമില്ല എന്നത് കൊണ്ട്.
എല്ലാവരും ഒരുപോലെ ആയിത്തീരുന്നു, എല്ലാവരും ഒരുപോലെ ഇല്ലാതാവുന്നു, എല്ലാവരും ഒരുപോലെ ഇല്ലാതായി പലതാവുന്നു എന്നത് കൊണ്ട്.
ആദ്യമേ ഉണ്ടായിരുന്ന ആരും വന്നതല്ല ജീവിതം എന്നത് കൊണ്ട്.
ശേഷം ബാക്കിയാവാൻ വേണ്ടി തീരുമാനിച്ച് ആരും പോകുന്നതല്ല മരണം എന്നത് കൊണ്ട്.
വരുന്നതായ ആരും പോകുന്നതായ ആരും യഥാർത്ഥത്തിൽ ആദ്യമേ ഇല്ല, ശേഷവും ഇല്ല എന്നത് കൊണ്ട്.
എന്തുകൊണ്ട് വരുന്നതായ ആരും പോകുന്നതായ ആരും യഥാർത്ഥത്തിൽ ഇല്ല?
ജനിക്കുന്നതിന് മുൻപ് ഇല്ലായിരുന്നു, മരണത്തിന് ശേഷം ഉണ്ടാവുകയും ഇല്ല എന്നതിനാൽ.
എങ്കിൽ ജീവിക്കുമ്പോഴുള്ള ഞാൻ?
തലച്ചോർ അപ്പപ്പോൾ ഉണ്ടാക്കിയത്, ഉണ്ടാക്കുന്നത്.
തലച്ചോർ സാധിക്കും പോലെ ഉണ്ടാക്കി ഉണ്ടാവുന്ന തോന്നൽ മാത്രം ഞാനും എൻ്റേതും.
ജീവിക്കുമ്പോൾ തന്നെ മാറിമാറിയുണ്ടായ ഞാൻ മാത്രം.
ജനിച്ച്, വളർന്ന്, വലുതായി, വൃദ്ധനായി മരിക്കുന്നതിനിടയിൽ മാറിമാറിയായ ഞാൻ മാത്രം.
എവിടെനിന്നോ വന്ന ഞാനും എവിടേക്കോ പോകുന്ന ഞാനും ഇല്ല.
എങ്കിൽ പിന്നെങ്ങിനെ വരുന്നു, പോകുന്നു എന്ന് ജീവിതത്തിന് അർത്ഥം വരും?
വരില്ല.
No comments:
Post a Comment